നൽകുന്നതിലെ ധന്യത! (26 കാരി: 8:7-16)
“ഒരാൾക്ക് മനസ്സൊരുക്കം ഉണ്ടെങ്കിൽ, പ്രാപ്തിയില്ലാത്തതു പോലെയല്ല, പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അയാൾക്ക് ദൈവ പ്രസാദം ലഭിക്കും” (വാ.12).
കാര്യവിചാരക ബോധത്തിൽ അടിസ്ഥാനപ്പെട്ട് ഔദാര്യമായി സമ്പത്തു പങ്കുവയ്ക്കുക എന്നതാണ് നൽകുന്നത് സംബന്ധിച്ച് പുതിയ നിയമം മുമ്പോട്ടു വെക്കുന്ന ദർശനം. ദശാംശം കൊടുക്കുന്നത് സംബന്ധിച്ച് പുതിയ നിയമം ഒരു നിർദ്ദേശവും നൽകുന്നില്ല. ദശാംശം പഴയ നിയമതിൽ നൽകപ്പെട്ട മാനദണ്ഡമാണ്.
യരുശലേമിലെ സഭയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരാക്കാനായി താൻ ആരംഭിച്ച ധർമ്മ ശേഖരം സംബന്ധിച്ച് കൊരിന്ത്യ സഭയിലെ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട്, വി. പൗലൊസ് എഴുതുന്ന കാര്യങ്ങളാണ് , ധ്യാന ഭാഗത്ത് നാം കാണുന്നത്. മക്ക ദോന്യ സഭകൾ അനുവർത്തിച്ച “പ്രാപ്തി പോലെയും പ്രാപ്തിക്കു മീതേയും സ്വമേധയായി കൊടുക്കുന്ന മനോഭാവം” (വാ. 4), കൊരിന്ത്യയിലെ വിശ്വാസികൾ മാതൃകയാക്കണം എന്നാണ് അപ്പൊസ്തലൻ സൂചിപ്പിക്കുന്നത്. മക്കദോന്യയിലെ വിശ്വാസികൾ “മുമ്പേ തങ്ങളെത്തന്നെ കർത്താവിനും, പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം തങ്ങൾക്കും ഏല്പിച്ചു” (വാ. 5) എന്ന് അപ്പൊസ്തലൻ അവരെക്കുറിച്ച് എഴുതുന്ന പ്രശംസാ വാചകം ഏറെ ചിന്തനീയമാണ്. ഒരാളുടെ അളത്വം (person) ദൈവത്തിന് സമർപിതമാണെങ്കിൽ, അയാളുടെ മടിശീലയും (purse)സമർപ്പിതമായിരിക്കും എന്നതാണ് യാഥാർത്ഥ്യം!
ദരിദ്രനായ ഒരു മനുഷ്യൻ തന്റെ ദാരിദ്ര്യം മാറ്റിക്കിട്ടാനായി ദൈവത്തോടു പ്രാർത്ഥിക്കുമായിരുന്നു. ദൈവം അയാൾക്ക് പത്ത് ആപ്പിൾ കൊടുത്തിട്ട് അതിൽ മൂന്നെണ്ണം ഭക്ഷിക്കുന്നതിനും, മൂന്നെണ്ണം വിറ്റുകിട്ടുന്ന പണം കൊണ്ട് വ്യാപാരം ചെയ്ത് അഹോവൃത്തി കഴിക്കുന്നതിനും, മൂന്നെണ്ണം വിറ്റു വസ്ത്രങ്ങളും മറ്റു ആവശ്യ വസ്തുക്കളും വാങ്ങുന്നതിനും, പിന്നെയുള്ള ഒന്ന് ദൈവ വേലയ്ക്ക് കൊടുക്കുന്നതിനും ആവശ്യപ്പെട്ടു. ദൈവം ആവശ്യപ്പെട്ടതു പോലെ ഒമ്പതെണ്ണവും അയാൾ പ്രയോജനപ്പെടുത്തി. അതിനു ശേഷം പത്താമത്തേത് അയാൾ കൈയ്യിൽ എടുത്തു. അതു വളരെ നല്ല ആപ്പിൾ ആയിരുന്നതിനാൽ, അയാൾ അതു തിന്നിട്ട് കുരു ദൈവ
ത്തിനു കൊടുത്തു എന്ന രസകരമായ ഒരു കഥ കേട്ടിട്ടുണ്ട്. നമ്മിൽ പലരുടെയും കൊടുക്കുന്നത് സംബന്ധിച്ച മനോഭാവം ഇതു തന്നെയാണോ എന്നു ചിന്തിക്കുന്നതു നല്ലതായിരിക്കും.
“സങ്കടത്തോടെ അരുത്; നിർബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (2 കോരി. 9:7) എന്നാണു ദൈവ വചനം സൂചിപ്പിക്കുന്നത്. പ്രാപ്തി പോലെയും പ്രാപ്തിക്കു മീതേയും ഔദാര്യമായി കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: നല്ല കാര്യങ്ങൾക്കു വേണ്ടി ഏറ്റവും കൂടുതൽ കൊടുക്കുന്നവരാണ് ഏറ്റവും വലയ സമ്പന്നർ!



