നഴ്സിങ്ങിന്റെ ഉന്നത തലങ്ങളിൽ പരക്കെ അറിയപ്പെടുന്ന മലയാളി നഴ്സ് ഡോ. ആനി ജോർജിനെ അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ ഫെല്ലോ ആയി തെരഞ്ഞെടുത്തു. നഴ്സിംഗ് പ്രൊഫെഷനിലെ ഏറ്റവും ഉന്നതമായ ബഹുമതിയാണിത്. ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ ക്ലിനിക്കൽ പ്രാക്ടീസ്, റീസേർച്ച്, എജുക്കേഷൻ, പോളിസി എന്നീ വിഭാഗങ്ങളിൽ ആരോഗ്യനിലനില്പിനും അതിന്റെ അഭിവൃദ്ധിക്കും വേണ്ടി ഗണ്യവും സുസ്ഥിരവും തെളിവുസഹിതവുമായ നേതൃസംഭാവനകൾ നൽകിയ നഴ്സുമാരാണ് അക്കാദമിയിൽ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഒക്ടോബറിൽ വാഷിംഗ്ടൺ ഡിസി യിൽ നടക്കുന്ന അക്കാദമിയുടെ ഹെൽത് പോളിസി കോൺഫെറെൻസിൽ ആനിയെയും മറ്റു തെരഞ്ഞെടുക്കപ്പെട്ടവരെയും ഫെല്ലോ ആയി നിവേശിപ്പിക്കും. തുടർന്ന് അവരുടെ യോഗ്യതാ പത്രങ്ങളിൽ ഒരു തിളങ്ങുന്ന തൂവൽ പോലെ FAAN എന്നീ അക്ഷരങ്ങളും ചേർക്കപ്പെടും. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകരിക്കപ്പെട്ട ഒരു സമുന്നത നേതാവെന്ന സന്ദേശം ഈ നാലക്ഷരങ്ങൾ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ നിന്നും മറ്റു നാല്പത്തഞ്ചു രാജ്യങ്ങളിൽ നിന്നുമായി ഏതാണ്ട് ഇരുന്നൂറ്റി എഴുപത്തഞ്ചു നേഴ്സ് നേതാക്കളെയാണ് ഈ വര്ഷം തെരഞ്ഞെടുത്തിട്ടുള്ളത്. യൂ എസ് ഡിപാർട്മെന്റ് ഓഫ് വെറ്ററൻസ് അഡ്മിനിസ്ട്രേഷന്റെ നോർത് പോർട്ട് മെഡിക്കൽ സെന്ററിൽ അസ്സോസിയേറ്റ് ഡിറക്റ്റർ ഓഫ് പേഷ്യന്റ് കെയർ ആൻഡ് ചീഫ് നേഴ്സ് എക്സിക്യൂട്ടീവ് ആയി ചുമതല വഹിക്കുകയാണ് ഇപ്പോൾ ലോങ്ങ് ഐലൻഡ് നിവാസിയായ ഡോ. ആനി ജോർജ്. ഒപ്പം ആഡെൽഫൈ യൂണിവേഴ്സിറ്റി, കോളേജ് ഓഫ് നഴ്സിംഗ് ആൻഡ് പബ്ലിക് ഹെൽത്തിൽ ബക്ക്ലി സ്കോളർ ആൻഡ് അഡ്ജൻക്റ്റ് ഡോക്ടറൽ ഫാക്കൽറ്റി ആയി നഴ്സുമാർക്ക് ഉന്നത വിദ്യാഭ്യാloസവും നൽകിവരുന്നു.
വെല്ലൂർ നഴ്സിംഗ് സ്കൂളിൽ നിന്ന് നഴ്സിംഗ് പഠിച്ചു സേവനം ചെയ്ത അമ്മയിൽ നിന്നുള്ള പ്രചോദനവുമായി മാംഗ്ളൂർ ഫാ. മുള്ളേഴ്സ് കോളേജിൽ നിന്ന് 1999-ഇൽ നഴ്സിങ്ങിൽ ബാച്ച്ലേഴ്സ് ഡിഗ്രി നേടിഎത്തിയ ആനി അനുഭവിച്ചത് അനുസ്യൂതമായ ഉന്നതിയായിരുന്നു. സ്വന്തം കഴിവുകളുടെയും നഴ്സിംഗ് പ്രൊഫെഷനോടുള്ള തീവ്രമായ പ്രതിബദ്ധതയും അതിന്റെ വളർച്ചയ്ക്കു വേണ്ടിയുള്ള ധൈഷണികവും മൗലികവുമായ നേതൃത്വത്തിന്റെയും നിരന്തരമായ സാക്ഷാൽക്കരണമായിരുന്നു ആനിയിൽ നിന്നുണ്ടായത്.
നോർത് വെൽ ഹെൽത്തിൽ നഴ്സായി ജോലിയാരംഭിച്ചുവെങ്കിലും കുറഞ്ഞൊരു കാലഘട്ടത്തിനുള്ളിൽ അഡൽഫയ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സും ടെർമിനൽ ഡിഗ്രി ആയ പിഎച്ഡി യും എടുത്തു. ടെലെ-ഐസിയൂ നഴ്സുമാരുടെ പ്രവർത്തന മണ്ഡലത്തെയും രോഗികളുടെ രോഗമുക്തിയിലേക്കുള്ള യാത്രയിൽ ടെലി ഐ സി യു നഴ്സുമാരുടെ വിവിധ പങ്കുകളെയും ഭാഗങ്ങളെയും കുറിച്ച് ആനി നടത്തിയ പര്യവേക്ഷണം നഴ്സിങ്ങിന്റെ ചരിത്രത്തിൽ തന്നെ അഭൂതപൂർവ്വമായിരുന്നു. മെഡിസിൻ, നഴ്സിംഗ്, സാമൂഹികാരോഗ്യം എന്നിവയിൽ ആനിയുടെ അസാമാന്യമായ നേട്ടങ്ങളെയും നേതൃത്വത്തെയും അംഗീകരിച്ചുകൊണ്ട് ന്യൂ യോർക്ക് അക്കാദമി ഓഫ് മെഡിസിൻ ആനിയെ അതിന്റെ ഫെല്ലോ ആയി 2021-ഇത് തെരഞ്ഞെടുത്തത് ഗുരുതരമായ ആരോഗ്യപരമായ വെല്ലുവിളികൾക്ക് പോംവഴിയുണ്ടാക്കുന്നതിന് യോജ്യയായതുകൊണ്ടത്രേ.
രണ്ടു ദശാബ്ദങ്ങളിൽ കൂടുതൽ സമ്പന്നമായ നഴ്സിംഗ് നേതൃത്വ സേവനത്തിനിടയിൽ ന്യൂ യോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിലുടനീളം ടെലി -ക്രിട്ടിക്കൽ കെയർ ഗവേഷണം നഴ്സിംഗ് ഗുണനിലവാരം, ആരോഗ്യസ്ഥാപനശൃംഖലാ എന്നിവയിൽ വ്യാപകമായി അറിയപ്പെടുന്ന ഡോ. ജോർജ് ഇപ്പോൾ ലോങ്ങ് ഐലൻഡ് നോർത്പോർട്ടിൽ വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ മെഡിക്കൽ സെന്ററിൽ അസ്സോസിയേറ്റ് ഡിറക്റ്റർ ഓഫ് പേഷ്യന്റ് കെയർ സെർവിസസ് ആൻഡ് ചീഫ് നഴ്സ് എക്സിക്യൂട്ടീവ് ആണ്. അതിനു മുൻപ് അമേരിക്കയിലെ ഏറ്റവും വലിയ മുനിസിപ്പൽ ആരോഗ്യപാലന സ്ഥാപനമായ ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസിൽ കോർപൊറേറ്റ് സീനിയർ ഡിറക്റ്റർ എന്ന നിലയിൽ അതിലെ എല്ലാ ഹോസ്പിറ്റലുകളിലും
അനുബന്ധ സ്ഥാപനങ്ങളിലും നഴ്സിംഗ് സേവനത്തെ ഉത്കൃഷ്ടമാക്കാനും നഴ്സിംഗ് സംബന്ധമായ ഗവേഷണ സംരംഭങ്ങൾക്ക് ബീജാവാപം ചെയ്ത് വിജയകരമായി സ്ഥാപിച്ച കോർപ്പറേഷനിലെ ആയിരക്കണക്കിനു നഴ്സുമാർക്ക് ഉയർച്ചയ്ക്കുള്ള പ്രചോദനം നൽകി. പതിനൊന്നു ഹോസ്പിറ്റലുകൾക്കും പോസ്റ്റ്-അക്യൂട്ട് ഫെസിലിറ്റികൾക്കും ജയിൽ നഴ്സിങ്ങിനും ന്യൂ യോർക്ക് സിറ്റിയുടെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾക്കും വിശിഷ്ടമായ പാത് വേ, ബീക്കൺ, ലാന്റേൺ, പ്രിസം തുടങ്ങിയ വിശിഷ്ട സ്ഥാനങ്ങൾ പദവികൾ നേടിക്കൊടുക്കാൻ ആനിയുടെ നേതൃത്വത്തിന് സാധിച്ചു.
പുതിയ ദിശയിലേക്ക് ജോലിസ്ഥാപനങ്ങളെ നയിക്കുന്നതിൽ വ്യാപൃതയായിരുന്നപ്പോളും അറിവിന്റെ പുതിയ ചക്രവാള സീമകൾ ആനി വികസിപ്പിക്കുകയായിരുന്നു. അമേരിക്കൻ നഴ്സസ് ക്രെഡന്ഷ്യലിംഗ് സെന്റർ നടത്തുന്ന എന്നീ പ്രത്യേക ക്രിട്ടിക്കൽ കെയർ, നഴ്സിംഗ് പ്രൊഫെഷണൽ ഡെവലൊപ്മെൻറ്, നേഴ്സ് എക്സിക്യൂട്ടീവ് ആഡ്വാൻസ്ഡ്, സെർട്ടിഫികേഷനുകളും തന്റെ യോഗ്യതാപത്രങ്ങളിൽ ഉൾപ്പെടുത്തി.
ആരോഗ്യ സേവന മേഖലയിൽ സ്ഥാപനങ്ങളുടെ ഗുണ നിലവാരങ്ങൾ പരിശോധിച്ചു വിശകലനം ചെയ്ത് വിലയിരുത്തുന്ന ഏറ്റവും പ്രമുഖമായ ആഗോള സംഘടനയാണ് പ്രസ് ഗെയ്നി. ഈ സംഘടനയുടെ അംഗീകാരം യൂറോപ്പ്, സിംഗപ്പൂർ, ഇന്ത്യ, മധ്യേഷ്യ, ഭാഗങ്ങളിലും അമേരിക്ക-കാനഡ എന്നിവിടങ്ങളിലും ആയി നാല്പത്തിഒരായിരം ഹോസ്പിറ്റലുകൾ വിശിഷ്ടതയെ വിളിച്ചോതുന്നു. ഈ സംഘടനാ 2023-ഇൽ ഏർപ്പെടുത്തിയ “നാഷണൽ ലീഡർ ഓഫ് ദി year” എന്ന അവാർഡ് ആദ്യമായി നൽകപ്പെട്ടത് ആനിക്കായിരിന്നു. ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസിന്റെ നഴ്സിംഗ് എക്സെൽലേൻസ് അവാർഡ്, സെനറ്റർ കെവിൻ തോമസിന്റെ പ്രൊക്ലമേഷൻ ഓഫ് ഓണർ, ഐനാനിയുടെ എക്സെമ്പ്ലറി പ്രൊഫെഷണൽ റെക്കഗ്നിഷൻ, ഏഷ്യാനെറ് ന്യൂസിന്റെ ഹെൽത്ത്കെയർ എക്സെൽലേൻസ് അവാർഡ് ഫോർ ബെഡ് സൈഡ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ, കേരളം സമാജത്തിന്റെ വുമൺ ഓഫ് എക്സലന്സ് അവാർഡ്, ന്യൂ യോർക്ക് സിറ്റി മാനേജേരിയൽ എംപ്ലോയീസ് അസോസിയേഷന്റെ വുമൺ ഓഫ് എക്സലന്സ് റെക്കഗ്നിഷൻ അവാർഡ്, അഡെൽഫൈ യൂണിവേഴ്സിറ്റി ഫാക്കൽറ്റി റിസേർച് സ്കോളർഷിപ്
അവാർഡ് ഫോർ ഇന്റർനാഷണൽ പ്രെസെന്റേഷൻ ഓഫ് ഡിസ്സെർട്ടേഷൻ റിസേർച്, ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷന്റെ നഴ്സിംഗ് ഡോക്ടറൽ സർക്കിൾ ഓഫ് എക്സലന്സ് അവാർഡ്, നഴ്സ് ലീഡർ റെക്കഗ്നിഷൻ അവാർഡ്, കോവിഡ്-19 ഹെൽത്ത്കെയർ ഹീറോ അവാർഡ്, സിഗ്മ തീറ്റ ടൗ ഇന്റർനാഷണൽ ആൽഫാ ഒമേഗ സ്കോളർഷിപ് അവാർഡ്, നഴ്സസ് എജുക്കേഷൻ ഫൻഡ്സ് സ്കോളർ അവാർഡ്, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ പട്രീഷ്യ മക്ഗീ നഴ്സിംഗ് സ്കോളർഷിപ് അവാർഡ് ഫോർ പി എച് ഡി നഴ്സിംഗ്, എന്നിവ ഡോ. ആനി ജോർജിന് ലഭിച്ച ബഹുമതികളുടെ ചെറിയൊരു ഭാഗം മാത്രമാണ്.
തന്റെ അറിവും പരിജ്ഞാനവും ഇപ്പോൾ ആനി ആഗോള നഴ്സിംഗ് പ്രൊഫെഷന്റെ വികാസത്തിനും അഭിവൃദ്ധിക്കും ആരോഗ്യ മേന്മയ്ക്കുമായി പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്നു. സി ജി എഫ് എൻ എസ് ഇന്റർനാഷണൽ എന്നറിയപ്പെട്ടിരുന്ന ട്രൂമെറിറ്റ് സ്ഥാപനത്തിലെ ഗ്ലോബൽ നഴ്സിംഗ് സ്കൂൾ റെക്കഗ്നിഷൻ പ്രോഗ്രാം ടാസ്ക് ഫോർസ് വികസിപ്പിച്ചു സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിച്ചവരിൽ ഒരാളായ ആനി യൂ എസ് എയുടെ പ്രതിനിധി അംഗമായി സംഭാവന ചെയ്യുകയും സെർട്ടിഫൈഡ് ഗ്ലോബൽ നഴ്സ് (റീഹാബിലിറ്റേഷൻ) പരീക്ഷയ്ക്ക് നിലവാരം നിർണ്ണയിക്കുന്ന വിഷയ വിദഗ്ധരുടെ പാനലിലേക്ക് അമേരിക്ക, ഇന്ത്യ, യൂ കെ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് വിഷയ വിദഗ്ധരെ നിയമിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉപദേഷ്ടകയായും സേവനം നൽകിവരുന്നു. ‘കെയർ മാറ്റേഴ്സ് ആർ എൻ പി എൽ എൽ സി’ എന്ന സംരംഭത്തിന്റെ സഹ-സ്ഥാപികയായി പ്രായമാകുന്നവരിൽ വർധിച്ചുവരുന്ന ഡിമെൻഷ്യയെന്ന ക്ലേശാവസ്ഥയെ ഫലപ്രദമായി നേരിടുന്നതിന് ശ്രമിക്കുകയാണ് ആനി.
വി എ മെഡിക്കൽ സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം കാര്യക്ഷമമായ വിധം നടപ്പാക്കുന്നതിൽ വിഷയവിദഗ്ധ എന്ന നിലയിൽ ആനി നേതൃത്വം നൽകുന്നുണ്ട്.
ചെറുപ്രായത്തിൽ തന്നെ ഇത്രയും നേട്ടങ്ങൾ കൈവരിക്കുകയും ആരോഗ്യമേഖലയുടെ, പ്രത്യേകിച്ച് നഴ്സിങ്ങിന്റെ മുന്നേറ്റത്തിന് ദിക്കുകൾ തെളിക്കുന്ന ആനിയുടെ ഇനിയുള്ള ദൗത്യം എന്താണെന്ന
ചോദ്യത്തിന് മറുപടി ഇതാണ്: “ആരോഗ്യ രംഗത് അനുസ്യൂതം മാറി വരുന്ന സംകീർണ്ണതകളെ അറിഞ്ഞു അവയെ മറികടക്കാൻ തയ്യാറാകുന്നത്തിന് പുതിയ തലമുറയിലെ നഴ്സുമാർക്ക് ശക്തി പകരുന്നതിന് നേതൃത്വം നൽകുക എന്നതിന്റെ നിയോഗമാണ്. ഒപ്പം തന്നെ നഴ്സിങ്ങിന്റെ മികവ് വർധിപ്പിച്ചു മനുഷ്യരുടെ രോഗ ശമനത്തിനും ആരോഗ്യത്തിന്റെ നിലനിൽപ്പിനും നിരന്തരമായി മുന്നേറണം. ആരോഗ്യ പരിരക്ഷയ്ക്കുള്ള നയനിർമ്മാണ രൂപീകരണത്തിലും ആരോഗ്യസ്ഥാപനങ്ങളുടെ തന്ത്രങ്ങളിലും ആരോഗ്യ സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിലും (clinical decision-making) നഴ്സുമാർ സജീവമായി പങ്കെടുക്കണം. നഴ്സിങ്ങിന്റെ പ്രൊഫെഷണൽ ഐഡന്റിറ്റി, വിമര്ശനാല്മക ചിന്ത, നൂതനാൽമകത, തുടർ വിദ്യാഭ്യാസം, എന്നിവ വളർത്തിയെടുക്കുന്നതിലൂടെ ആൽമ വിശ്വാസത്തോടെയും, സമഗ്രതോയോടെ, അനുകമ്പയോടെ നയിക്കാൻ നഴ്സുമാരെ സജ്ജമാക്കാൻ നമുക്ക് കഴിയും. പ്രൊഫഷണൽ ഐഡന്റിറ്റി, വിമർശനാത്മക ചിന്ത, നവീകരണം, ആജീവനാന്ത പഠനം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ, ആത്മവിശ്വാസത്തോടെയും, സമഗ്രതയോടെയും, അനുകമ്പയോടെയും നയിക്കാൻ നഴ്സുമാരെ നമുക്ക് സജ്ജരാക്കാൻ കഴിയും. വേണ്ട വിധത്തിലുള്ള മാർഗ്ഗനിര്ദേശങ്ങൾ, പ്രൊഫെഷനലായ വളർച്ച, ധൈഷണീകമായ ഉത്തേജനം, തെളിവിൽ അധിഷ്ഠിതമായ സുസ്രൂഷ-ചികിത്സാ-പ്രയോഗം എന്നിവയ്ക്ക് പോഷണം നൽകണം. നഴ്സിംഗ് പ്രയോഗത്തിന്റെ പൂർണ്ണ വ്യാപ്തിയെ ഉയർത്തിപ്പിടിക്കാൻ, ഏറ്റവും പുതിയ ടെക്നൊളജികളെ പ്രയോജനപ്പെടുത്തി എല്ലാവര്ക്കും ആരോഗ്യത്തിനുള്ള പ്രവേശനത്തിന് അഭിഭാഷണം നടത്തി, ആവിർഭവിക്കുന്ന ആരോഗ്യ വെല്ലുവിളികളെ ധാർമ്മികമായ നേതൃത്വത്തിലൂടെ, സഹകരണത്തിലൂടെ, ഗവേഷണങ്ങളിലൂടെ നയിക്കാൻ ഭാവിയിലെ നേഴ്സ് ലീഡർമാരെ സജ്ജമാക്കേണ്ടതുണ്ട്. അത് എന്റെയും എന്നെപോലുള്ളവരുടെയും കടപ്പാടും ധർമ്മവുമാണ്.”
ബി എം സി മെഡിസിൻ ജേർണൽ, അമേരിക്കൻ ജേർണൽ ഓഫ് ക്രിട്ടിക്കൽ കെയർ, ജേർണൽ ഓഫ് നഴ്സിംഗ് റെഗുലേഷൻ, ജേർണൽ ഓഫ് നഴ്സിംഗ് മാനേജ്മന്റ്, നഴ്സിംഗ് ഔട്ടിലൂക്, ജേർണൽ ഓഫ് ഹെൽത് ടെക്നോളജി, മുതലായ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിൽ ആനിയുടെ പതിനൊന്ന് പഠന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്പിലും ഏഷ്യയിലും
നടത്തപ്പെട്ട നാല് അന്തർദേശീയ പ്രൊഫെഷണൽ കോണ്ഫറന്സുകളിലും മറ്റു ദേശീയവും പ്രാദേശീയവുമായ അനേകം കോണ്ഫറന്സുകളിൽ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളും അവതരണങ്ങളും നടത്തിയിട്ടുണ്ട്.
ഭർത്താവ് ജോർജ് ഏലിയാസും മക്കൾ എവിറ്റാ, എലിസയുമായി ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ഡോ. ആനി ജോർജ് പിന്നിട്ടു പോന്ന വഴികളിൽ ജാതി വർഗ്ഗ ദേശഭേദമില്ലാതെ രോഗികളുടെ ആശ്വാസത്തിനായി ശുസ്രൂഷ നൽകി, ന്യൂ യോർക്ക് സിറ്റി ഹോസ്പിറ്റലിൽ നിന്ന് റിട്ടയർ ചെയ്ത അമ്മ ശോശാമ്മയിൽ നിന്ന് ലഭിച്ച പ്രചോദനത്തിനും നഴ്സ് ആകുന്നതിന് പിതാവ് ജോണ് ജോസെഫിന്റെ പിന്തുണയ്ക്കും കടപ്പെടുന്നു.
ആരോഗ്യ പരിപാലന രംഗത്തെ ഉന്നത ശ്രേണിയിൽ, ഇന്ത്യൻ വംശ നഴ്സിംഗ് സമൂഹത്തിലെ, പ്രേത്യേകിച്ച് മലയാളി കമ്മ്യൂണിറ്റിയിലെ, ഒരു യുവ നഴ്സ് സ്വാധീന ശക്തിയായി ശോഭിക്കുന്നത് വളരെ അഭിമാനത്തോടെ മാത്രമേ കാണാനാകൂ. ആനിക്കു മുന്നിൽ ഇനിയും അനേകമനേകം പ്രൊഫെഷണൽ ജീവിതം തുറന്നു കിടക്കുന്നു. നഴ്സുമാർക്കും ആരോഗ്യകാര്യ നേതൃത്വങ്ങൾക്കും നൂതനമായ വഴികൾ തുറക്കാൻ കൂടുതൽ ശക്തി ആനി ജോർജ് എന്ന നഴ്സിന് കഴിയട്ടെ.



