കണ്ണൂർ : സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോയും ഓടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപറേഷൻ തൂഫാന്റെ ഇരിക്കൂർ നിയോജകമണ്ഡലംതല പരിപാടി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോയും ഇനി ഓടരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഓപറേഷൻ തൂഫാനെ തുടർന്ന് ലഹരി കിട്ടാതായതോടെ ചിലർ മാരകരോഗങ്ങൾക്കുള്ള മരുന്ന് വാങ്ങി കുത്തിവെക്കുകയാണ്.
-ഇത് തടയാൻ ഡോക്‌ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. ഓപറേഷൻ തൂഫാനിൽ ഇതുവരെ 70 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയിട്ടുണ്ട്. 7000 പേരെ അറസ്റ്റ് ചെയ്യുകയും 6500ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ലഹരിക്കടിപ്പെട്ട 70 ഓളം പേരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി ഓപറേഷൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നടി എസ്തേർ അനിൽ മുഖ്യാതിഥിയായി. ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, കലക്‌ടർ പി. വിഷ്‌രാജ് എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികളെ ഓപറേഷൻ തൂഫാൻ ബാഡ്‌ജ് അണിയിച്ചു. ശ്രീകണ്ഠപുരം നഗരസഭചെയർപേഴ്സൻ ഇ.വി. രാമകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ഷിജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുലേഖ, നടുവിൽ, ഇരിക്കൂർ, ചെങ്ങളായി, ആലക്കോട്, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ഏരുവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, ജില്ല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.



