ഡൽഹി ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു ജോർജ്ജ്. ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണ്. കാരണം ഒരു രാജ്യത്തിൻ്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ ഭീകരത സംഭവിക്കുക എന്ന് പറഞ്ഞാൽ നാളെ വരാനിരിക്കുന്ന അന്തരീക്ഷമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. പ്രതികരിച്ച കുട്ടികളെ ഉപദ്രവിക്കുക. ഒരു രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവിനെ വരെ പുല്ലുപോലെ എടുത്തുകൊണ്ടു പോകുന്ന അവസ്ഥ, ഇതിനെതിരെ ആദ്യമേ തന്നെ പ്രതികരിച്ചു നമ്മുടെ രാജ്യത്തെ യുവതലമുറയ്ക്ക് കൈയ്യടി നൽകിയെന്ന് ജോജു ജോർജ് വ്യക്തമാക്കി.
ഒരിക്കലും യുവജനപ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല. കാരണം ഈ ഒരു സമരം പ്രതീക്ഷ നൽകുന്നതാണ്. ഇപ്പോഴും നമുക്കിടയിൽ നല്ല കുറെ മനുഷ്യന്മാരുണ്ട് എന്നതിൽ വലിയ സന്തോഷം തോന്നുന്നു. നമ്മൾ എല്ലാം ഒന്നിച്ച് തരണം ചെയ്യുമെന്നും ജോജു ജോർജ്ജ് കൂട്ടിച്ചേർത്തു.
അതേസമയം, സിജെപി ഡൽഹിയിൽ നടത്തുന്ന സമരത്തെ പിന്തുണച്ച നടൻ ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം നടത്തി. നടൻ്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. യുവമോർച്ച പ്രവർത്തകർ വായ് മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. സിജെപി സമരത്തെ അനുകൂലിച്ചുള്ള ടൊവിനോയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.
പ്രതിഷേധം കണക്കിലെടുത്ത് നടൻ്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാർത്ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ പ്രതികരിച്ചിരുന്നു. ഭാവിതലമുറ സംസാരിക്കുമ്പോൾ അതിലെ അടിച്ചമർത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ ടോവിനോ പ്രതികരിച്ചിരുന്നു



