മഥുരയിലെ ~കൃഷ്ണ ജന്മഭൂമി~ -ഷാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് 25-ലേക്ക് മാറ്റി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മഥുര ജില്ലാ കോടതിക്ക് മുമ്പാകെ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, ഇരുവിഭാഗവും സംയുക്തമായി ഉന്നയിച്ച ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.
‘ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം മഥുര ജില്ലാ കോടതിയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇരുവിഭാഗവും സംയുക്തമായി ബോധിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള അടുത്ത ലോക് അദാലത്ത് 2026 ഓഗസ്റ്റ് 21 മുതല്‍ ഓഗസ്റ്റ് 23 വരെയാണ്. അതിനാല്‍, ആവശ്യപ്പെട്ടതുപ്രകാരം കേസ് മാറ്റിവെക്കുന്നു.’
കേസ് പരിഗണിക്കുന്നതിനിടെ, തര്‍ക്കഭൂമിയില്‍ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള യോഗങ്ങളോ, കര്‍സേവയോ, മറ്റ് ചടങ്ങുകളോ നടത്തുന്നതിനായി വ്യക്തികളോ ഗ്രൂപ്പുകളോ പ്രവേശിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ഒരാള്‍ അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷയില്‍ എന്തെങ്കിലും എതിര്‍പ്പുകളുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യാന്‍ കോടതി ഇരുവിഭാഗത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തര്‍ക്കഭൂമിയുടെ അവകാശം വിട്ടുനല്‍കുക, ഷാഹി ഈദ്ഗാഹ് മസ്ജിദ് ഘടന നീക്കം ചെയ്യുക, ക്ഷേത്രം പുനഃസ്ഥാപിക്കുക, സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈന്ദവ സംഘടനകള്‍ 18 സിവില്‍ സ്യൂട്ടുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് ഔറംഗസേബിന്റെ ഭരണകാലത്ത് മുഗള്‍ കാലഘട്ടത്തിലെ ഈ ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം.



