സ്കൂൾ തുറന്നിട്ടും അക്കൊല്ലം മഴയെത്തിയില്ല. ഇടവപ്പാതി കഴിഞ്ഞിട്ടും മീനച്ചൂടിന്റെ വരൾച്ച . ദൂരെയെങ്ങോ മഴമേഘങ്ങൾ വാശിപിടിച്ച് അലയുന്നുണ്ടോയെന്നു വെറുതെ നോക്കി.
വിദ്യാലയത്തിലേയ്ക്കു വരാൻ മടിക്കുന്ന കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങുന്ന മുകിലിനെ അനുനയിപ്പിച്ച് കാറ്റമ്മയെങ്ങാനും കൂട്ടിക്കൊണ്ടുവരുന്നുണ്ടോ.
തെളിഞ്ഞ ആകാശം മഞ്ഞവെയിൽപ്പുതപ്പു ചുറ്റി ചിരിച്ചു നിന്നു .
ക്ലാസുമുറിക്കകത്തും നല്ല ചൂടാണ്.
പിറകിലെ ബെഞ്ചിൽ പത്താം ക്ലാസുകാരിയാണെന്നു തോന്നിക്കാത്ത കോളേജു കുമാരിയുമായി സാമ്യമുള്ള ഒരു പെൺകുട്ടി തനിക്കിണങ്ങാത്ത യൂണിഫോം വസ്ത്രത്തിൽ വന്നിരിക്കുന്നുണ്ട്. അവൾ സ്വയം ഒതുങ്ങിക്കൂടിയിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സ്കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽത്തന്നെ അന്തർമുഖിയാണവളെന്നെനിക്കു പിടികിട്ടിയിരുന്നു.
ശാരീരികമായുള്ള വളർച്ച കൗമാരം കഴിഞ്ഞ കുട്ടിയുടേതാണ്. ബൗദ്ധികമായ നിലവാരം അൽപ്പം കുറവാണെന്നത് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തലേ വർഷത്തെ ടീച്ചർ എന്നെ ഏൽപ്പിച്ചിരുന്നു.
ഈ കുട്ടിക്ക് പരീക്ഷ എഴുതാൻ ആളെ വെയ്ക്കണം. അതിനുള്ള നടപടികൾ നേരത്തേ തുടങ്ങണമെന്ന മുന്നറിയിപ്പും എനിക്കു ലഭിച്ചിരുന്നു.
മറ്റു കുട്ടികൾക്കൊപ്പമിരിക്കുമ്പോൾ ശരീരഭാരത്തിന്റെ പേരിൽ അവൾ അപകർഷതാബോധത്താൽ തല കുമ്പിട്ടിരിക്കുന്നത് എനിക്ക് ഒരു വല്ലായ്മയും തോന്നിപ്പിച്ചു. കുട്ടികൾ അങ്ങോട്ടുമിങ്ങോടും തിക്കിയും തള്ളിയും അവളെ അപമാനിക്കുന്നുണ്ടോയെന്നൊരു സന്ദേഹവുമെനിക്കു തോന്നാതിരുന്നില്ല.
സൈഡ് ബെഞ്ചിൽ ആകെ മൂന്നു കുട്ടികളാണിരിക്കുന്നത്.
അമൃത അവിടെ നിന്നെഴുന്നേറ്റു ബാഗുമായി വരു. ഇവിടെ ധാരാളം സ്ഥലമുണ്ട്. ഞാൻ ക്ഷണിച്ചു.
വിടർന്ന മിഴികളിൽ അത്ഭുതഭാവത്തോടെയവൾ ബാഗുമായി എന്നരികിലേക്കുവന്നു.നിഷ്കളങ്കമായിഅല്പംകൊഞ്ചിക്കൊണ്ടവൾ ചോദിച്ചു .
“ടീച്ചറെന്റെ പേരെങ്ങനെ പഠിച്ചു.”
അതു പിന്നെ മക്കളുടെ പേര് അമ്മ പഠിക്കേണ്ടേ? ഞാൻ തിരിച്ചു പറഞ്ഞു.
“അല്ല അറുപതുപേരുടെ പേരുകളും പഠിച്ചോ ”
ബോർഡിൽഎഴുതിയ കുട്ടികളുടെ എണ്ണത്തിലേയ്ക്കു നോക്കിയവൾ വീണ്ടും ചോദിച്ചു.
ഇല്ലയില്ല. സ്കൂൾ തുറന്നിട്ട് ഒരാഴ്ചയായില്ലല്ലോ പക്ഷേ എനിക്കിഷ്ടപ്പെട്ട പേരുകൾ വേഗം പഠിച്ചു. മറ്റു കുട്ടികൾ കേൾക്കാതെ മന്ത്രിക്കും മട്ടിൽ അവളോടു പറഞ്ഞു.
നാണത്താൽ ചുവന്ന മുഖത്തോടെ അതിലേറെ ആരാധന ഭാവത്തോടെ അവളെന്നെ നോക്കിപുതിയ സ്ഥലത്തു പോയി ഇരുന്നു.
ദിവസങ്ങൾ വേഗം കൊഴിഞ്ഞു വീണു. മഴ മേഘം മടി മറന്ന് സ്കൂൾ മുറ്റത്തെത്തി ആർത്തു രസിച്ചു. ബുദ്ധിപരമായ യാതൊരു കുറവും അവളിൽ ഞാൻ കണ്ടെത്തിയില്ല എന്നാൽ പഠന വൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞു.
എന്റെ പീരിയഡുകളിൽ സന്തോഷത്താൽ വിടർന്ന മുഖത്തോടെ പുഞ്ചിരി തൂകിയിരുന്ന അമൃതയ്ക്ക് ദിനങ്ങൾ കഴിയുന്തോറും മുഖത്തു വല്ലാത്ത വാട്ടം വന്നു തുടങ്ങി.
അവളുടെ നോട്ടുബുക്കുകളിലെ താളുകളിൽ പലതും അപൂർണ്ണവും ഒഴിഞ്ഞതുമായി കണ്ടു. എഴുതാനും വായിക്കാനുമുള്ള വൈകല്യമുണ്ടെങ്കിലും കംമ്പ്യൂട്ടറിലും ചിത്രരചനയിലും അസാമാന്യമായ പാടവവും അവൾ കാണിച്ചു പോന്നു.
അക്ഷരങ്ങളുടെ കൂട്ടികാരിയാക്കാൻ ഞാൻ പല അടവുകൾ പ്രയോഗിച്ചെങ്കിലും വിജയിച്ചില്ല.
കതിരിൽ വളം വെയ്ക്കുന്ന അനുഭവത്തിനപ്പുറം എന്നെ സന്തോഷിപ്പിക്കാനാവാതെ അവളുടെ കണ്ണിൽ നീർ പൊടിയുന്നുണ്ടോ , അവളെ വേദനിപ്പിക്കുന്നുണ്ടോ എന്ന തോന്നൽ എനിക്കും വിഷമം തന്നു തുടങ്ങി.
മുൻക്ലാസുകളിലെപ്പോലെ കേൾവിക്കാരി മാത്രമായി അവളിരുന്നു.
നിർബന്ധിച്ചെഴുതിച്ചിട്ടും കാര്യമില്ലയെന്നെനിക്കു തോന്നി.
ആദ്യ മിഡ് ടേം ടെസ്റ്റിന്റെ മാർക്കറിയാൻ രക്ഷകർത്താക്കൾ വരുന്ന ഒരു ദിവസം. പതിവുപോലെ പ്രോഗ്രസ് കാർഡും ഓരോ കുട്ടികളുടെ പേപ്പർ കെട്ടും ടീച്ചേഴ്സ് ടേബിളിൽ വെച്ച് കസേരയിലിരിക്കുമ്പോൾ അമൃത എന്റെ അരികിലേക്കു വന്നു.
“ടീച്ചറെ എന്റെ വീട്ടിൽ നിന്നാരും വരില്ല. അവർക്കു മാർക്കു കാണാൻ നാണക്കേടാന്ന് ”
അതു പറയുമ്പോഴും നിഷ്കളങ്കതയുടെ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.
എനിക്കെന്തോ വല്ലായ്മ തോന്നി. സാരമില്ല. അമൃത അവിടെ പോയി ഇരുന്നോ. ഞാൻ പ്രോഗ്രസ് കാർഡു തന്നുവിടാം. നാളെ ഒപ്പീടിച്ച് കൊണ്ടു വന്നാൽ മതി.
രാവിലത്തെ ക്ലാസു കഴിഞ്ഞ് കുട്ടികളെല്ലാം അൽപ്പം ആകുലതയോടിരിപ്പാണ്.
മാതാപിതാക്കൾ വന്നാൽ മാർക്കറിഞ്ഞുണ്ടാകുന്ന പുകിലുകൾ ഓർത്താകാം ചിലർ തുറന്നു പറഞ്ഞു
“ടീച്ചറേ ഞങ്ങളുടെ കുറ്റമൊന്നും പറഞ്ഞു കൊടുക്കല്ലേ കേട്ടോ. വീട്ടിൽ ചെന്നാൽ ശരിയാക്കും ”
തമാശയായി ഞാൻ പറഞ്ഞു. അവരൊന്നു വരട്ടെ എനിക്കു കുറേ പറയാനുണ്ട്.
മറ്റൊരു കുട്ടിയുടൻ പറഞ്ഞു .
“എനിക്കറിയാം.ടീച്ചറൊന്നും പറയില്ല എന്റെ ചേച്ചികഴിഞ്ഞ കൊല്ലം ടീച്ചറുടെ ക്ലാസിലായിരുന്നു. നമ്മുടെ അമ്മമാരാണ് ടീച്ചറോട് കുറ്റം പറഞ്ഞു കൊടുക്കുന്നത് ”
എല്ലാവരും ചിരിച്ചു നിർത്തിയിട്ടും അമൃതയുടെ ചിരി മാത്രം നിന്നില്ല. വളരെ ആഹ്ലാദത്തോടെ എന്തോ ഓർമിച്ചവൾ രസിച്ചു ചിരിക്കുന്നു.
മാതാപിതാക്കൾ വന്നും പോയുമിരുന്നു. എല്ലാവർക്കും പരാതിയും പരിഭവങ്ങളും മാത്രം. മക്കളുടെ അനുസരണയില്ലായ്മ , ചിലർക്ക് പഠിപ്പിക്കുന്നതു മനസിലാകാത്ത പരാതി എല്ലാം ക്ലാസ് ടീച്ചറെന്ന നിലയിൽ കേട്ടിരുന്നു.
നാലുമണിക്ക് ഈ ഓപ്പൺ ഹൗസ് പരിപാടി നിർത്തേണ്ടതാണ്. മുന്നിലിരിക്കുന്ന ഓരോ മാതാപിതാക്കളും സമയമെടുക്കുന്നതു കൊണ്ട് എന്റെ ക്ലാസിലെ പി.ടി.എ. തീർന്നിട്ടില്ല.
നാലുമണിയോടടുത്തപ്പോൾ ഒരു പൂർവ്വ വിദ്യാർത്ഥിനിയും അമ്മയും ഓടിക്കിതച്ചെത്തി.
ഫുൾ എ പ്ലസ് വാങ്ങി രണ്ടു കൊല്ലം മുമ്പു പോയ അനിതയാണ് എത്തിയത്. ഞാൻ പുഞ്ചിരിച്ചു. എന്നെക്കാണാൻ മാത്രം വന്നതെന്നു കരുതി സംസാരിക്കാൻ സമയമില്ലല്ലോ എന്ന മട്ടിൽ ഞാൻ നോക്കി.
പക്ഷേ അവർ പിറകിലെ സീറ്റിൽ പോയിരുന്നു. മാർക്കറിയാനുള്ള ഊഴത്തിനായി കാത്തിരിക്കുന്നു.
ആരുടെ രക്ഷകർത്താവാണെന്നറിയണമെന്നുണ്ട്. ഞാൻ ചോദിച്ചില്ല.
എല്ലാവരും കുട്ടികളുമായി പോയിത്തുടങ്ങി. അമൃത എഴുന്നേറ്റു വന്നു പറഞ്ഞു എന്റെ അമ്മയും ചേച്ചിയുമാണത്.
അനിതയുടെ അനുജത്തിയാണെന്നു ഞാനറിഞ്ഞില്ല.
മുൻപിൽ വന്നിരിക്കുന്നഅമൃതയുടെ കുടുംബത്തോടു ഞാൻ പറഞ്ഞു.
“അവളോടത് പറയേണ്ടെന്നു ഞാൻ പറഞ്ഞിരുന്നു. ” ചെറിയൊരു പുച്ഛഭാവത്തോടെ അനിത പറഞ്ഞു.
അമ്മയും ചേച്ചിയും പരിഹാസഭാവത്തിൽ കാർഡിലെഴുതിയ മാർക്കു നോക്കി കാതിലെന്തോ പരസ്പരം പറയുന്നതും പൊട്ടിച്ചിരിക്കുന്നതും വിളറിയ മുഖത്തോടെ കണ്ട് അമൃത നിന്നു.
അതിലൊന്നും ശ്രദ്ധിക്കാതെ ഞാൻ പേപ്പറുകൾ എടുത്തു കൊടുക്കുമ്പോൾ അമ്മ പറഞ്ഞു
“എനിക്കു കാണണ്ട ടീച്ചറെ. ഇവളെന്താണെഴുതിയിരിക്കുന്നതെന്നു ഊഹിക്കാം. ഞങ്ങളുടെ ഒരു ഗതികേട്”
ഞാൻ പറഞ്ഞു അമൃത എഴുതാനും വായിക്കാനും പിറകിലാണെങ്കിലും കമ്പ്യൂട്ടറിലും വരയിലും ഒക്കെ ഒന്നാമതാണ്.
“ആ ബെസ്റ്റ്.
ടീച്ചർ അവളെ സപ്പോർട്ടു ചെയ്തോ. ഇതു രണ്ടും മാത്രമുള്ളിടത്തു കൊണ്ടു പോയി ചേർക്കാൻ പറ്റുമോ? ബുദ്ധിക്കുറവൊന്നുമല്ല ടീച്ചറെ പഠിക്കാൻ മടിച്ചിയാ”
അനിത കളിയാക്കി പറഞ്ഞു.
“അതെല്ലാം പോകട്ടെ ഭക്ഷണം കഴിക്കുന്നതിനു വല്ല നിയന്ത്രണവുമുണ്ടോ? തടി കണ്ടില്ലേ ! “അമ്മ തുടർന്നു.
ജനിച്ചതും ജീവിക്കുന്നതും തെറ്റായിപ്പോയെന്ന ഭാവത്തിൽ ശിരസു കുനിഞ്ഞു നിൽക്കുന്ന അമൃതയെ കണ്ട് എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളാണ് ജനിക്കുമ്പോൾ ലഭിക്കുന്നത്. അനിതയ്ക്ക് പഠിക്കാനുള്ള കഴിവ് അമൃതയ്ക്ക്
…. ഞാൻ മുഴുവനാക്കുന്നതിനു മുമ്പ് അനിത പറഞ്ഞു
“അവൾക്ക് തിന്നാൻ നല്ല കഴിവാണ്”
വലിയ തമാശ പറഞ്ഞതു പോലെ അമ്മയും അനിതയും പൊട്ടിച്ചിരിച്ചു.
അമൃത ഇതെല്ലാം എപ്പോഴും കേൾക്കുന്നതെന്ന മട്ടിൽ നിർവികാരയായി നിന്നെങ്കിലും ഞാനിതൊക്കെ അറിയുന്നതിൽ ഒരു നാണക്കേടും അവളിൽ മിന്നിമറഞ്ഞു.
എനിക്ക് വന്ന കോപമടക്കി ഞാൻ പറഞ്ഞു. അമൃത സീറ്റിൽ പോയിഇരിക്കു .
രണ്ടു പേരോടുമായി ഞാൻ പറഞ്ഞു കുട്ടിയുടെ ഐ.ക്യു. നിലവാര ടെസ്റ്റിന്റെ പേപ്പർ നിങ്ങളല്ലേ ഇവിടെ ഹാജരാക്കിയത്. പിന്നെ കൂടുതൽ പ്രതീക്ഷിക്കുകയും അവളെ അപമാനിക്കുകയും ചെയ്യുന്നതെന്തിന്?
“അതിനവൾക്കു പരിഹസിച്ചാൽ പോലും മനസിലാകണ്ടേ ടീച്ചർ”
വീണ്ടും അമ്മയും മകളും ചിരി.
ഞാൻ പറഞ്ഞു അവളത്ര പൊട്ടിയൊന്നുമല്ല. കുറച്ചു പഠന വൈകല്യമുണ്ട്. മറ്റെല്ലാക്കാര്യങ്ങളിലും ഒരു കുറവുമില്ലതാനും.
പരിഹസിച്ചവളെ നന്നാക്കാൻ ശ്രമിക്കല്ലേ. എനിക്കു വല്ലാത്ത പ്രയാസം തോന്നുന്നു.
ഇഷ്ടപ്പെടാത്ത വിധത്തിൽ അനിതയും അമ്മയും ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി.
അടുത്ത തവണ അമൃതയുടെ അച്ഛനാണ് പ്രോഗ്രസ് റിപ്പോർട്ടു വാങ്ങാൻ വന്നത്.
അച്ഛനെ പുറത്തു കണ്ടപ്പോഴേ അമൃത ക്ലാസുമുറിയിലിരുന്നു കാട്ടി കൂട്ടിയ അംഗവിക്ഷേപങ്ങൾ കൊണ്ടു തന്നെ മനസിലായി അവൾ അച്ഛനെഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന്.
സംസാരിച്ചപ്പോൾ അവൾ ചെയ്യുന്ന പല നല്ല കാര്യങ്ങൾ അയാൾ എണ്ണിയെണ്ണി പറഞ്ഞു. “കുക്കിംഗ്, ക്ലീനിംഗ് എന്നുവേണ്ട എല്ലാത്തിനും വീട്ടിൽ അവൾ മുൻപന്തിയിലാണ്.
അച്ഛമ്മയായിരുന്നു അവളുടെ കൂട്ടുകാരി. അവളുടെ ഏകാശ്രയമവരായിരുന്നു. അവളെ തയ്ക്കാനും എംബ്രോയ്ഡറി തയ്യലുമൊക്കെ അച്ഛമ്മ പഠിപ്പിച്ചിരുന്നു.
അവർ പെട്ടെന്നു മരിച്ചതോടെ അമൃതയ്ക്ക് ഒന്നിനും താൽപ്പര്യമില്ല .
പിന്നെ പഠന മികവുപുലർത്തുന്ന ചേച്ചിയും അമ്മയും ഇവളെ ഒറ്റപ്പെടുത്തലാണ്. ടീച്ചറോടു ഞാൻ തുറന്നു പറയുന്നതാണ് , ഈ പാവം സ്വന്തം വീട്ടിലെത്തന്നെ അടിമയാണ്. വെളുപ്പിനു ജോലിക്കു പോകുന്ന ഞാൻ രാത്രിയാണ് മടങ്ങിയെത്തുന്നത്”
അയാളുടെ കണ്ണു നിറഞ്ഞു ചുവന്നു.
എന്തായാലും സ്ക്രയ്ബിനെ വെച്ചാണ് പരീക്ഷ എഴുതിപ്പിക്കുന്നത്. കാര്യങ്ങൾ നന്നായി മനസിലാക്കുന്നതു കൊണ്ട് അമൃത പരീക്ഷയ്ക്കു നല്ല മാർക്കോടെ വിജയിക്കും.
പിന്നെ എന്തെങ്കിലും നല്ല അവൾക്കിഷ്ടപ്പെട്ട
കോഴ്സിനു ചേർക്കാം . ഞാനയാളെ ആശ്വസിപ്പിച്ചു.
അപ്പോഴും ചിരിച്ചുകൊണ്ടു നിന്ന അമൃത എന്റെ കണ്ണു നനച്ചു.
പരീക്ഷയൊക്കെ കഴിഞ്ഞ മധ്യവേനലവധി ദിനം സുഹൃത്തിന്റെ മകളുടെ കല്യാണച്ചടങ്ങിലെ ഹോളിൽ വെച്ച് ഞാൻ അമൃതയെ കണ്ടു.
അന്നവൾ കാണിച്ച സ്നേഹപ്രകടനവും ആഹ്ലാദവും കെട്ടിപ്പിടിക്കലുമൊക്കെ കണ്ടു നിന്നവരെ അത്ഭുതപ്പെടുത്തുകയും വികാരാധീനരാക്കുകയും ചെയ്തു.
കുറെ നാൾ കാണാതിരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരാളെ കണ്ടെന്ന മട്ടിലുള്ളആവേശത്തോടെ ഞാനവിടം വിടും വരെ എന്റെ കൂടെ പലവർത്തമാനങ്ങൾ പറഞ്ഞവൾ നടന്നു.
സ്റ്റേജിലെ നൃത്തവും ഗാനവും ഇടകലർന്ന മേളങ്ങളുടെ കോലാഹങ്ങൾക്കിടയിൽ അവൾ പറഞ്ഞത് പലതും എനിക്കു മനസിലായില്ലെങ്കിലും സന്തോഷമായി വർത്തമാനം പറഞ്ഞു പിരിഞ്ഞു പോരുമ്പോൾ എനിക്കെന്തോ സങ്കടത്തിന്റെ ഒരു വീർപ്പുമുട്ടൽ നെഞ്ചിൽ തടഞ്ഞു നിന്നു.
റിസൾട്ടു വന്നപ്പോൾ ഒരുവിധം നല്ല ഗ്രെയ്ഡ് വാങ്ങി അമൃത ജയിച്ചിട്ടുണ്ട്.
മാർക്കുലിസ്റ്റ് വാങ്ങാൻ വന്നപ്പോൾ പാവാടയുടെ പോക്കറ്റിലൊളിപ്പിച്ച മിഠായി എനിക്കു നീട്ടിയവൾ ചിരിച്ചു. ഒരു ഒന്നാം ക്ലാസുകാരിയുടെ നിഷ്കളങ്കതയോടെ .
പ്ലസ് വണ്ണിനു ചേർക്കുന്നുവെന്നു കൂടെ വന്ന അവളുടെ അച്ഛൻ പറഞ്ഞു. അവൾക്ക് എന്നോടുള്ള ഇഷ്ടത്തെക്കുറിച്ചും ഒരു വർഷം അവളെ സ്വന്തം പോലെ ചേർത്തുപിടിച്ചു കരുതിയതിനുമൊക്കെ ഒരുപാടു നന്ദി പറഞ്ഞയാൾ മകളുമായി നടന്നുപോയി.
പിന്നെ ഏറെക്കാലമവളെക്കുറിച്ചറിവില്ലായിരുന്നു.
കുടുംബത്തിലെ കല്യാണാവശ്യത്തിന് ഒരു ബൊട്ടീക്കിൽ വസ്ത്രമന്വേഷിച്ചു ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് സുന്ദരിയായ കടയുടമ ഓടിവന്നു കെട്ടിപ്പിടിച്ചു.
പണ്ട് കല്യാണ ഹാളിൽ കാണിച്ചുകൂട്ടിയ അതേ നിഷ്കളങ്ക സ്നേഹപ്രകടനങ്ങൾ.
അതെ. അത് അമൃതയെന്നു വിശ്വസിക്കാനായില്ല. അത്രയേറെ മാറ്റം.
പ്ലസ്ടു കഴിഞ്ഞ് തയ്യലും ഡിസയിനിംഗും പഠിച്ചു. അറിയപ്പെടുന്നഒരു ബൊട്ടിക്കുടമയായി..
ചേച്ചി വിദേശത്താണ്.
അച്ഛനുമമ്മയും തന്നെ ബിസിനസിൽ സഹായിക്കുന്നു എന്നവൾ പറഞ്ഞു.
ഞാനെടുത്ത വസ്ത്രങ്ങൾക്ക് ബില്ലിടാൻ റിസപ്ഷനിസ്റ്റിനെ മാറ്റിവളരെ വേഗത്തിൽ ടൈപ്പു ചെയ്യുമ്പോഴും അമൃതയുടെ കണ്ണ് എന്റെ മുഖത്താണ് ക്ലാസ് റൂമിലെ പഴയ ചിരിയോടെ.
എ.സി.ഷോറൂമിന്റെ പുറത്തേയ്ക്കിറങ്ങുമ്പോൾ മെല്ലെ വിശീയ കാറ്റിന് ചൂടുണ്ട്. അന്ന് ക്ലാസ്മുറിയിലെത്തിയ വരണ്ട കാറ്റു തന്നെ.
പക്ഷേ മേലെ മഴ മേഘങ്ങൾ മിന്നൽത്തൊങ്ങൽ ചാർത്തി ആഹ്ലാദനടനത്തിനായി ഇടിയുടെ മൃദംഗതാളത്തോടെ നൃത്തം ചവിട്ടിത്തുടങ്ങിയിരുന്നു. മനസിലോ മയൂര നൃത്തലാസ്യം. നടക്കുന്തോറും കാറ്റിന് തണുപ്പേറിയും വന്നു.




ഔഷധത്തോളം ഗുണം ചെയ്യുന്ന ചില സ്നേഹഭാഷ്യങ്ങളുണ്ട്.പട്ടുപോകാവുന്ന ചില ചെടികളിൽ പ്രതീക്ഷകളുടെ ചെറു നാമ്പുകൾ മൊട്ടിട്ട് പൂവായ് വിരിഞ്ഞ് പരിമളംപരത്താനോളം കരുതലിൻ്റെ ചേർത്ത് പിടിയ്ക്കലിന്റെ ആ അമൃതവർഷത്തിനാകും…. ഓർമ്മ മുത്തുകളുടെ വായനാനുഭവങ്ങൾ തുടരാനിനിയും സമയമുണ്ടെന്ന് വായനക്കാരിലേയ്ക്കും ഊർജ്ജം നൽകുന്നു….
അധ്യാപിക എന്ന പദത്തിന് സ്നേഹം എന്നു കൂടി അർത്ഥമുണ്ട് എന്ന് തോന്നുവിതമുള്ള എഴുത്ത്
മധുരാമൃതവർഷ നൂലിഴകളിലൂടെ, തന്റെ അധ്യാപന അനുഭവക്കുറിപ്പ് വായനക്കാർക്ക് നല്ലൊരു വായാനാനുഭവം നൽകി, കുട്ടികളെ അവരുടെ കഴിവുകൾ മനസ്സിലാക്കി പ്രോത്സാഹനം നൽകി ഉയർത്തുക. അത് അവരുടെ ജീവിത വിജയത്തിന് കാരണമാവുക, ആസ്നേഹം മറക്കാതെ എപ്പോൾ കണ്ടാലും ബഹുമാനത്തോടെ ടീച്ചർക്ക് തിരിച്ചു നൽകുക….. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്❤️❤️❤️
Good luck 👍
ചില വായനകൾ നെഞ്ചിൽ കൊണ്ടു മുറിവേൽപ്പിക്കും, അമൃതയുടെ കഥയും അങ്ങനെ ഒന്നായി മാറി. ഒരധ്യാപികയുടെ കരുതൽ അതെത്രമാത്രം ചില ജീവിതങ്ങളെ പാകപ്പെടുത്തുമെന്ന് സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ താങ്ക താങ്കളുടെ മനസ്സും എഴുത്തും കാണാതെ പോകാൻ വയ്യ. ഭാവുകങ്ങൾ❤️❤️