Sunday, July 19, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം 22) 'നെഞ്ചിലെ നീറ്റൽ' ✍...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം 22) ‘നെഞ്ചിലെ നീറ്റൽ’ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ .

നെഞ്ചിലെ നീറ്റൽ

ഒറ്റച്ചാട്ടത്തിന് കാടും പടലും വകവയ്ക്കാതെ അവൻ അടയ്ക്കാ മരത്തിന്റെ ചുവട്ടിലെത്തി.

അരണ്ട വെളിച്ചമുണ്ട്. അവൻ കവുങ്ങിൽ കയറാൻ തുടങ്ങി.

ഇടയ്ക്കിടയ്ക്ക് റോഡിലേക്ക് നോക്കി..

‘ഇരുട്ടണേ ‘എന്നും ‘ഇരുട്ടല്ലേ’ എന്നും ഒരേസമയം പ്രാർത്ഥിക്കുന്ന മനസ്.

ഇരുട്ടായില്ലെങ്കിൽ ആളുകൾ കാണും. ഇരുട്ടായാൽ തന്റെ പദ്ധതി നടക്കുകയുമില്ല .
അവന്റെ ദൃഷ്ടി റോഡിൽത്തന്നെയായിരുന്നു.

അടയ്ക്കാക്കുലയിൽ പിടുത്തം കിട്ടി.
ഒരു പ്രകാരത്തിൽ കുല പറിച്ച് താഴെയിടാൻ നോക്കി.

നടക്കുന്നില്ല.

വാക്കത്തി കൊണ്ട് വെട്ടിയാൽ പോലും മുറിച്ചിടാൻ അവന്റെ കൈക്ക് ശക്തിപോരാ

ഇനിയിപ്പോൾ ഓരോന്നായി പറിച്ചെടുക്കുകയേ തരമുള്ളൂ.

അപ്പു ഒരു കൈ കൊണ്ട് കവുങ്ങിൽ ചുറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് അടയ്ക്ക ഓരോന്നായി പിരിച്ചു പറിച്ചെടുക്കാൻ തുടങ്ങി.

അതും വളരെ ശ്രമകരമായിരുന്നു.

ആ മെല്ലിച്ച കുഞ്ഞിവിരലുകൾ വേദനിക്കുന്നതൊന്നും അവൻ കാര്യമാക്കിയില്ല.

ഒരു കൂടോ സഞ്ചിയോ കരുതാത്തതിന്റെ മണ്ടത്തരമോർത്ത് അവൻ വിഷമിച്ചു.

തിടുക്കപ്പെട്ട് താഴെയിറങ്ങി യപ്പോഴേക്കും നന്നായി ഇരുട്ട് വീണിരുന്നു.

നിലത്ത് കണ്ണറിയാൻ വയ്യ.

അവന്റെ ചങ്ക് തകർന്നു.

കണ്ണിൽ ഊറിക്കൂടിയ ചുടുനീര് ഉള്ള കാഴ്ച കൂടി മറക്കുയ്കയായിരുന്നു.

ആ കരിയിലകളിലും ചുള്ളിപ്പടത്തുകളിലും ആ രണ്ടു കുഞ്ഞിക്കൈകൾ പരതിക്കൊണ്ടേയിരുന്നു.

കിട്ടിയതൊക്കെ ഒരു പാളയിൽ പെറുക്കിവെച്ചു.

എണ്ണി നോക്കി ആകെ പത്തുപതിനെട്ടെണ്ണമുണ്ട്.

‘ഇതുകൊണ്ട് എന്തു വാങ്ങാനാണ്’?

 

ഇനിയും പെറുക്കാൻ നിന്നാൽ ഭാസ്കരേട്ടന്റെ കട അടയ്ക്കും.

ഷർട്ടിന്റെ അറ്റം മടക്കി അതിൽ അടയ്ക്ക എടുത്തുവെച്ച് പൊത്തിപ്പിടിച്ചുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു.

ഭാസ്കരൻ ചേട്ടന്റെ മേശപ്പുറത്ത് അടയ്ക്ക വച്ചിട്ട് അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“ചേട്ടാ ഇതിനുള്ള ചായപ്പൊടിയും ഇത്തിരി പഞ്ചസാരയും”.

“ശ്ശെടാ” എന്നു പറഞ്ഞു,തട്ടി താഴ്ത്താൻ തുടങ്ങിയ ചേട്ടൻ ചായപ്പൊടി പൊതിയാനാഞ്ഞു.

“പഞ്ചസാരയ്ക്കൊള്ള പൈസ ഇല്ലല്ലോ “. എന്നു പറഞ്ഞെങ്കിലും തൂക്കാതെ തന്നെ അയാൾ ഒരുപിടി പഞ്ചസാരയും പൊതിഞ്ഞു കൊടുത്തു.

ഭാസ്കരൻ ചേട്ടനെ നന്ദിയോടെ നോക്കിയിട്ട് അവൻ വീട്ടിലേയ്ക്കു നടന്നു .

തന്റെ വിയർത്തു വാടിയ മുഖം അമ്മ കാണാതിരിക്കാനായി അപ്പു അമ്മയുടെ കയ്യിലിരുന്ന വിളക്കിന് അകലെ കൂടി നടന്നു അകത്തു കയറി .

“നീ ഇത്രയും നേരം എവിടായിരുന്നു.”?

” കളിക്കുവായിരുന്നു “.

അവൻ ചായപ്പൊടിയും പഞ്ചസാരയും അമ്മയ്ക്ക് നീട്ടി.

“അയാൾ കടം തന്നോ?”

“ങ്….”

അപ്പു ഒന്നു മൂളി.

“അങ്ങേര് ഇത്തിരി മനുഷ്യപ്പറ്റൊള്ള കൂട്ടത്തിലാ “.

അമ്മ പറഞ്ഞത് അവൻ ശ്രദ്ധിച്ചില്ല.

കുളിക്കാനായി ഷർട്ട് ഊരിയപ്പോഴാണ് കവുങ്ങ് കയറ്റത്തിൽ തന്റെ നെഞ്ചിലെ തൊലി പോയ നീറ്റൽ അവൻ ശരിക്കും അറിഞ്ഞത്.

ഷർട്ടിൽ ആകെ കറുത്ത നിറത്തിലുള്ള പായൽ പിടിച്ചിരിക്കുന്നു.
രണ്ടു ബട്ടണും പോയിട്ടുണ്ട്.

കാലുകൾക്ക് വല്ലാത്ത അവശത പോലെ.

അമ്മ ഒന്നും അറിഞ്ഞിട്ടില്ല.

അവർ ചൂടുള്ള കടും ചായ എടുത്തുവെച്ച്,മകൻ കയറി വരുന്നതും കാത്ത്,ഇരുട്ടിലേയ്ക്ക് കണ്ണും നട്ട്,എന്തോ ചിന്തിച്ചു കൊണ്ടിരുന്നു..

( തുടരും……….)

സോഫിയാമ്മ ജോസ്, വാഴക്കുളം , മുവാറ്റുപുഴ .

RELATED ARTICLES

1 COMMENT

  1. കുട്ടിക്കാലത്തെ പല വികൃതികളും ഓർമ്മ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com