സ്നേഹത്തിന്റെ വറ്റാത്ത ഉറവ.ഒരു കുഞ്ഞിന്റെ ജനനം മുതൽ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും തണലായി നിൽക്കുന്ന കാവൽമാലാഖയാണ് അമ്മ.അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും മനോഹരവും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമായ ഒന്നാണ് അമ്മയുടെ സാരിത്തുമ്പ്. അത് കേവലം നൂലുകൾ നെയ്തെടുത്ത ഒരു വസ്ത്രഭാഗമല്ല; മറിച്ച് മാതൃത്വത്തിന്റെ പവിത്രതയും, വറ്റാത്ത സ്നേഹവും,കരുണയും സുരക്ഷിതത്വവും ഒത്തുചേരുന്ന ഒരു പ്രപഞ്ചമാണ്. അമ്മയുടെ ഹൃദയ മിടിപ്പും, കരുതലും ചേർത്ത് വച്ച ഒരു സുരക്ഷിത ലോകമാണ് സാരി തുമ്പ്.ഓരോ മകന്റെയും മകളുടെയും ബാല്യകാല സ്മരണകൾ ഒളിഞ്ഞിരിക്കുന്ന ഒരു മാന്ത്രികച്ചെപ്പാണത്. ഒരുകുട്ടി ജനിച്ചു വീഴുന്ന മുതൽ അവനെ പൊതിഞ്ഞു സൂക്ഷിക്കുന്നത് അമ്മയുടെ സാരി തുമ്പാണ്.
ബാല്യത്തിലെ സുരക്ഷിത ലോകം അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി നടക്കാത്ത കുട്ടിക്കാലം ആർക്കുമുണ്ടാവില്ല. അടുക്കളയിലെ പുകമറയ്ക്കുള്ളിലും വീട്ടുജോലികളുടെ തിരക്കിലും അമ്മ നീങ്ങുമ്പോൾ, ആ സാരിത്തുമ്പിൽ മുറുകെപ്പിടിച്ച് കൂടെനടക്കുന്ന കുരുന്നുകൾക്ക് അതൊരു വലിയ ലോകമാണ്. അപരിചിതരെ കാണുമ്പോഴും പേടി തോന്നുമ്പോഴും നമ്മൾ ഓടിച്ചെന്ന് ഒളിക്കുന്നത് അമ്മയുടെ സാരിത്തുമ്പിലാണ്. ആ തുണിമറയ്ക്കുള്ളിൽ ഒളിച്ചിരിക്കുമ്പോൾ കിട്ടുന്ന ധൈര്യവും സുരക്ഷിതത്വബോധവും ലോകത്തിലെ ഏറ്റവും വലിയ കോട്ടയ്ക്കുള്ളിൽ ഇരുന്നാൽ പോലും ലഭിക്കില്ല.കണ്ണീരൊപ്പുന്ന ആശ്വാസം….. കുട്ടിക്കാലത്ത് കളിക്കിടെ വീണു പരിക്കേൽക്കുമ്പോഴും, പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോഴും സങ്കടത്തോടെ നമ്മൾ ഓടിയെത്തുന്നത് അമ്മയുടെ അരികിലേക്കാണ്. അമ്മ തന്റെ സാരിത്തുമ്പുകൊണ്ട് നമ്മുടെ കണ്ണീരും വിയർപ്പും തുടച്ചുതരുമ്പോൾ പകുതി വേദനയും അലിഞ്ഞുപോകുന്നു. ആ തുമ്പിലെ പരുക്കൻ സ്പർശനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാന്ത്വനമുണ്ട്.
വേനലിൽ വിയർത്തു കുളിച്ചു വരുമ്പോൾ അമ്മ ആ സാരിത്തുമ്പുകൊണ്ട് മുഖം വിശറിപോലെ വീശിത്തരുന്ന തണുപ്പിന് മുന്നിൽ തോറ്റുപോകാത്ത ആധുനിക സംവിധാനങ്ങളില്ല. നിഗൂഢതകളുടെ ചെറിയ ‘ബാങ്ക്’….പഴയകാലത്ത് അമ്മമാരുടെ സാരിത്തുമ്പ് ഒരു ചെറിയ ബാങ്ക് കൂടിയായിരുന്നു. അടിയന്തിര ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്ന നാണയത്തുട്ടുകളും നോട്ടുകളും ആ സാരിത്തുമ്പിന്റെ കോണിൽ കെട്ടിയിട്ടിട്ടുണ്ടാകും. ഉത്സവപ്പറമ്പിൽ പോകുമ്പോഴും ചന്തയിൽ പോയി വരുമ്പോഴും ആ സാരിത്തുമ്പിന്റെ കെട്ടഴിച്ച് തരുന്ന മിഠായികൾക്കും കളിപ്പാട്ടങ്ങൾക്കും അമൃതിനേക്കാൾ മധുരമുണ്ടായിരുന്നു. മക്കൾക്കായി എന്തെങ്കിലും കരുതിവെക്കാനുള്ള അമ്മയുടെ കരുതലിന്റെ അടയാളമായിരുന്നു ആ സാരിത്തുമ്പിലെ ചെറിയ കെട്ടുകൾ.
അമ്മമണമുള്ള ഓർമ്മകൾ….
അമ്മയുടെ സാരിത്തുമ്പിന് ഒരു പ്രത്യേക മണമുണ്ട്. വെയിലിന്റെയും, വിയർപ്പിന്റെയും, പാചകം ചെയ്യുന്ന കറികളുടെയും (മസാലകളുടെയും) എല്ലാറ്റിനുമുപരി അമ്മയെന്ന പുണ്യത്തിന്റെ നന്മയുള്ള മണം. ദൂരെ യാത്ര കഴിഞ്ഞ് വരുമ്പോൾ അമ്മയുടെ ആ വസ്ത്രത്തിലേക്ക് മുഖം പൂഴ്ത്തി നിൽക്കുമ്പോൾ കിട്ടുന്ന സമാധാനം മറ്റെവിടെയും കിട്ടില്ല. നമ്മൾ രോഗബാധിതരായി കിടക്കുമ്പോൾ നെറ്റിയിലെ ചൂടളക്കാനും, കയ്പ്പുള്ള മരുന്ന് കുടിച്ച ശേഷം നാവു തുടയ്ക്കാനും അമ്മ ഉപയോഗിച്ചിരുന്നത് ഇതേ സാരിത്തുമ്പാണ്. രാത്രികളിൽ കടുത്ത പനി വന്ന് പൊള്ളുമ്പോൾ നെറ്റിയിൽ നനച്ചിടാൻ തുണി തിരഞ്ഞ് അമ്മ നടക്കാറില്ല. തന്റെ സാരിത്തുമ്പ് വെള്ളത്തിൽ മുക്കി നെറ്റിയിൽ വെച്ചു തരുമ്പോൾ ആ പനിച്ചൂട് പാതിയും കുറയും.
അമ്മ അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ ചൂടുള്ള പാത്രത്തിൽ നിന്നും അത് പിടിച്ചിറക്കാൻ തുണി തിരയാറില്ല, സാരിത്തുമ്പ് തന്നെയാണ് അവിടെയും സഹായം. അങ്ങനെ ഉണ്ടാക്കുന്ന വിഭവങ്ങളിൽ ആദ്യത്തേത് ആ സാരിത്തുമ്പിൽ പൊതിഞ്ഞ് നമ്മുടെ കൈകളിലേക്ക് വെച്ചുതരുമ്പോൾ അതിന് അമൃതിന്റെ മധുരമുണ്ടാകും.
പള്ളിക്കൂടം വിട്ട് വരുമ്പോൾ നനഞ്ഞു കുതിർന്ന്, പല്ലുകൾ കൂട്ടിയടിക്കുന്ന തണുപ്പിൽ വീട്ടിലേക്ക് ഓടിക്കയറുമ്പോൾ അമ്മ ആദ്യം ചെയ്യുന്നത് തന്റെ ഉണങ്ങിയ സാരിത്തുമ്പുകൊണ്ട് നമ്മുടെ തല തുവർത്തുകയാണ്. ആ നിമിഷം അനുഭവപ്പെടുന്ന ഒരു ചൂടും ആശ്വാസവും മറ്റൊന്നിനും തരാൻ കഴിയില്ല. ചിലപ്പോൾ കണ്ണിൽ എന്തെങ്കിലും കരട് പോയാൽ, അമ്മ തന്റെ സാരിത്തുമ്പ് ചുരുട്ടി ഉണ്ടയാക്കി, വായയിലെ ശ്വാസം കൊണ്ട് ചൂടുപിടിപ്പിച്ച് കണ്ണിൽ വെക്കും — അപ്പോൾ വേദന താനേ മാറുമായിരുന്നു.
ഭക്ഷണം കഴിച്ചതിനുശേഷം അമ്മയുടെ സാരിത്തുമ്പിൽ മുഖം തുടയ്ക്കുമ്പോൾ കുട്ടികൾക്ക് ലഭിച്ചിരുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.
അമ്മയുടെ മടിയിൽ കിടന്നുറങ്ങുന്ന കുട്ടിക്ക് മടിത്തട്ട് കിടക്കയും ആ സാരിത്തുമ്പ് പുതപ്പുമായിരുന്നു. കുട്ടികൾക്ക് നാണം വരുമ്പോൾ അവർ മുഖം മറച്ചിരുന്നതും അമ്മയുടെ ഈ സാരിത്തുമ്പ് കൊണ്ടാണ്.പുറത്തു പോകുമ്പോൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുമായിരുന്നു, ആ തുമ്പ് അവർക്കൊരു വഴികാട്ടിയായിരുന്നു. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചിരിക്കുന്നിടത്തോളം കാലം, ലോകം മുഴുവൻ തന്റെ കൈപ്പിടിയിലാണെന്ന് ആ കുട്ടിക്ക് തോന്നുമായിരുന്നു.
തണുപ്പുകാലത്ത് തണുപ്പിൽ നിന്ന് രക്ഷിക്കാൻ അമ്മ ആ സാരിത്തുമ്പ് കൊണ്ട് തന്റെ കുഞ്ഞിനെ എല്ലാ വശത്തുനിന്നും പൊതിയുമായിരുന്നു.
പിന്നെ… കനത്ത മഴ പെയ്യുമ്പോൾ മുഖം നനയാതിരിക്കാനുള്ള കുടയായും അമ്മയുടെ സാരിത്തുമ്പ് മാറി. കൈ തുടയ്ക്കാനുള്ള തോർത്തായും ആ സാരിത്തുമ്പ് ഉപയോഗിക്കപ്പെട്ടു. മരത്തിൽ നിന്ന് വീണുകിടക്കുന്ന ഞാവൽപ്പഴങ്ങളും, മാങ്ങയും, സുഗന്ധമുള്ള പൂക്കളും പെറുക്കിയെടുക്കാൻ അമ്മ തന്റെ സാരിത്തുമ്പ് ഉപയോഗിച്ചു.
ചിലപ്പോഴൊക്കെ ധാന്യങ്ങളും ദാനങ്ങളും പ്രസാദവും വാങ്ങാനും അമ്മ തന്റെ സാരിത്തുമ്പ് നീട്ടുമായിരുന്നു. വീട്ടിലെ സാധനങ്ങളിലെ പൊടി തുടയ്ക്കാനും അമ്മയുടെ സാരിത്തുമ്പ് സഹായിച്ചു. എന്തെങ്കിലും സാധനം കാണാതായാൽ അമ്മയുടെ സാരിത്തുമ്പിൽ ഒരു കെട്ടിടും, ഉടനെ അത് കണ്ടു കിട്ടുമെന്ന് ഉറപ്പായിരുന്നു — അത് സത്യമാവുകയും ചെയ്യും.
കാലം മാറി, നമ്മൾ വളർന്നു വലിയ ഉദ്യോഗസ്ഥരോ മാന്യന്മാരോ ആയിട്ടുണ്ടാകാം. ഇന്നത്തെ അമ്മമാർ പലരും ചുരിദാറോ, ജീൻസോ മറ്റ് ആധുനിക വസ്ത്രങ്ങളോ ധരിക്കുന്നവരുമാകാം. എങ്കിലും, ഓർമ്മകളുടെ താലത്തിൽ ഇന്നും അമ്മയുടെ സാരിത്തുമ്പ് വറ്റാത്ത സ്നേഹത്തിന്റെ പ്രതീകമായി അവശേഷിക്കുന്നു. അമ്മയ്ക്ക് മാന്യമായ വ്യക്തിത്വം നൽകാനും ആ സാരി തുമ്പ് കൂടെ യുണ്ടായിരുന്നു. എത്ര വലിയ പദവികളിൽ എത്തിയാലും, ജീവിതത്തിൽ ഒറ്റപ്പെടലും സങ്കടവും തോന്നുമ്പോൾ അമ്മയുടെ ആ പഴയ സാരിത്തുമ്പിലേക്ക് ഓടിയൊളിക്കാൻ കൊതിക്കാത്ത മനുഷ്യരില്ല. അത് മാതൃത്വത്തിന്റെ അനശ്വരമായ കാരുണ്യ സ്പർശമാണ്.
അമ്മയുടെ സാരിത്തുമ്പ് എന്നത് ഒരു മാന്ത്രികാനുഭവമാണ്, ഇന്നത്തെ തലമുറയ്ക്ക് അത് ഒരിക്കലും മനസ്സിലാകില്ല. ഇനി ജീൻസ് ധരിക്കുന്ന ഒരമ്മയ്ക്ക്
എവിടെ നിന്ന് കിട്ടും ഒരു സാരിത്തുമ്പ്…?
സാരി ധരിച്ച അമ്മമാരുടെ ആ സ്നേഹത്തണൽ നമുക്ക് നൽകിയ എല്ലാ അമ്മമാർക്കുമായി ഇത് സമർപ്പിക്കുന്നു.😍🙏




നല്ല ലേഖനം. ആ സുരക്ഷിതത്വം ഒന്ന് വേറെ തന്നെയായിരുന്നു. പക്ഷേ ഈ കാലത്ത് അമ്മയുടെ കൺപീലിയുടെ മറവിൽ പോലും കുട്ടികൾ സുരക്ഷിതരാണോ എന്ന കാര്യം സംശയമാണ്.