Tuesday, July 21, 2026
Homeസ്പെഷ്യൽഈശ്വര കടാക്ഷം (ലേഖനം) ✍ സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

ഈശ്വര കടാക്ഷം (ലേഖനം) ✍ സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

നമ്മുടെ ജീവിതത്തിൽ നമുക്കൊരു കൈത്താങ്ങായി, ആരോ നമ്മോടൊപ്പം ഉണ്ടെന്ന അനുഭവങ്ങൾ, എല്ലാവർക്കും പലപ്പോഴായി ഉണ്ടായിക്കാണും. ശരിയാണ്, ആ ആത്മമിത്രം നമ്മളെ സ്നേഹിക്കുന്നതു പോലെ മറ്റാരും നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നില്ല. അങ്ങിനെയുള്ള സ്നേഹസ്വരൂപനായ ഈശ്വരന്, ഒരു മുത്തം കൊടുത്തിട്ട് ആകാം ഇന്നത്തെ തുടക്കം.

ആവശ്യമില്ലാത്ത ചിന്തകൾ വഴി, മാനസികമായി തളർന്നിരിക്കുമ്പോൾ,നല്ല ഉപദേശങ്ങൾ കൊണ്ട് ജീവിതം ശോഭനമായി തീർന്ന,ഒരു യുവാവിന്റെയും, യുവതിയുടെയും, കൊച്ചു കഥകളിൽ കൂടി ആകാം ഇന്നത്തെ തുടക്കം.

ചിന്തകളും, ഒരുപാട് അറിവുകളും, പ്രതീക്ഷകളുമുണ്ടെങ്കിലും, എല്ലാം ഉള്ളിൽ ഒതുക്കി ജീവിച്ചിരുന്നതുകൊണ്ട്, ഒന്നും നേടാൻ കഴിയുന്നില്ല എന്ന നിരാശയിൽ, ജീവിതം തന്നെ മടുത്ത ഒരാളുണ്ടായിരുന്നു. ഒരു ഭ്രാന്തനെ പോലെ, അയാൾ അലഞ്ഞു നടന്നു. ഒരിക്കൽ ഒരിടത്ത്, ഒരു സന്യാസി വളരെ പ്രസന്ന മുഖവുമായി ഇരിക്കുന്നത് അയാൾ കണ്ടു. സന്യാസിയുടെ അടുത്തുപോയി, അയാൾ തന്റെ പ്രശ്നങ്ങളും, സങ്കടങ്ങളും, പറഞ്ഞു. അതുകേട്ട ശേഷം സന്യാസി, അയാളോട് വീട്ടിൽ പോയി ഒരു കൈ നിറയെ ഉപ്പ് കൊണ്ടു വരുവാൻ പറഞ്ഞു. അപ്രകാരം അയാൾ ഉപ്പു കൊണ്ടു വന്നു. സന്യാസി കൊണ്ടു വന്ന ഉപ്പ് രണ്ടു ഭാഗങ്ങളാക്കി വയ്ക്കാൻ പറഞ്ഞു. ഒരു പാത്രം കൊടുത്ത് തടാകത്തിൽ നിന്ന് ആ പാത്രം നിറയെ ജലം കൊണ്ടു വരുവാൻ പറഞ്ഞു. അയാൾ ജലവുമായി വന്നു. രണ്ടു ഭാഗമായി വച്ച ഉപ്പിന്റെ ഒരു ഭാഗം പാത്രത്തിൽ ഇട്ട് കലക്കാൻ പറഞ്ഞു. മറ്റേഭാഗം ഉപ്പ് തടാകത്തിൽ കൊണ്ടുപോയി കലക്കാൻ പറഞ്ഞു. അതിനുശേഷം, പാത്രത്തിലുള്ള വെള്ളം രുചിച്ചു നോക്കാൻ പറഞ്ഞു. കടുത്ത ഉപ്പുരസം കൊണ്ട്,അത് കുടിക്കാൻ കഴിഞ്ഞില്ല. പിന്നീട് സന്യാസി അയാളോട് തടാകത്തിലെ വെള്ളം രുചിച്ചു നോക്കാൻ പറഞ്ഞു. ഉപ്പ് രസം തീരെ അനുഭവപ്പെട്ടില്ല എന്നു പറഞ്ഞു, വിശാലമായ തടാകത്തിൽ ഉപ്പ് കലക്കിയപ്പോൾ, ഉപ്പ് രസമില്ലാതിരുന്നതു പോലെ, നിങ്ങളുടെ മനസ്സ് വിശാലമാക്കുക. അവനവന്റെ കഴിവുകളിൽ വിശ്വാസം അർപ്പിച്ച് , എല്ലാ നേടും എന്ന ആത്മവിശ്വാസത്തോടെ മുന്നേറുക. തീർച്ചയായും താങ്കൾ വിജയിക്കും. അറിവും,കഴിവുകളും ഉണ്ടെങ്കിലും,സ്റ്റാർട്ട് ആവാത്ത കാറ് തള്ളി സ്റ്റാർട്ടാക്കുന്നത് പോലെ,ഒരു ആത്മവിശ്വാസം നൽകാൻ കഴിഞ്ഞാൽ അവർ മിടുക്കികളും മിടുക്കന്മാരുമാകും.

എല്ലാ കാര്യങ്ങളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന ഒരു സന്യാസി ഒരു ഗ്രാമത്തിലെ ആശ്രമത്തിൽ, ശിഷ്യന്മാരൊടൊപ്പം ജീവിച്ചിരുന്നു. എല്ലാവരെയും സ്നേഹഭാവത്തോടെയാണ് അദ്ദേഹം ആശ്രമത്തിലേക്ക് സ്വീകരിച്ചിരുന്നത്. ഒരു ദിവസം വളരെ ദൂരദേശത്തു നിന്ന് വന്ന ഒരു യുവതി അദ്ദേഹത്തെ കാണാൻ വന്നു. തന്റെ ജീവിതം ആധിയും ,ഉൽക്കണ്ഠയും നിറഞ്ഞതാണെന്നും, അതുകൊണ്ട് ഒരു സമാധാനവും, സന്തോഷവും കിട്ടുന്നില്ല എന്നും പറഞ്ഞു. യുവതിയുടെ പ്രശ്നങ്ങൾ കേട്ടശേഷം ഗുരു, ഒരു ചായകപ്പ് എടുത്ത ശേഷം അതിലേക്ക് ചായ ഒഴിക്കാൻ തുടങ്ങി. കപ്പിൽ നിന്ന് ചായ പുറത്തേക്ക് ഒഴുകി പോയിട്ടും, സന്യാസി കപ്പിലേക്ക് ചായ ഒഴിച്ചുകൊണ്ടേയിരുന്നു. ഇത് കണ്ട് യുവതി, അങ്ങ് ചായ പുറത്തേക്ക് പോകുന്നത് കാണുന്നില്ലേ എന്ന് ചോദിച്ചു. സന്യാസി പറഞ്ഞു, കപ്പിൽ നിന്ന് ചായ ഒഴുകി പോകുന്നത് പോലെ മനസ്സിൽ ഇടം നൽകാത്ത വിധം ഭാവിയെ കുറിച്ചുള്ള ആശങ്കകളും കുറെ തെറ്റിദ്ധാരണകളും നിറഞ്ഞു കൊണ്ടിരിക്കുകയാണ്. കട്ട പിടിച്ചിരിക്കുന്ന അതിനെ പുറത്തേക്ക് വിട്ട് അവിടെ ശൂന്യമാക്കുകയാണ് വേണ്ടത്.
അതിനുശേഷം സന്യാസി യുവതിയെ അവിടെയുള്ള അരുവിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ട് പറഞ്ഞു, ആ കാണുന്ന അരുവിയിലെ ജലം ഒരു തടസവും ഇല്ലാതെ വളഞ്ഞും തിരിഞ്ഞും പോകുന്നത് കാണുന്നില്ലേ… അതുപോലെ മനസ്സിൽ മുറുകെ പിടിച്ചിരിക്കുന്നവയെ, പുറത്തേക്ക് ഒഴുക്കി വിട്ടാൽ തീരാവുന്ന പ്രശ്നമേ താങ്കൾക്കുള്ളു എന്ന് സന്യാസി പറഞ്ഞു. കുറച്ചു ദിവസത്തെ പരിശ്രമങ്ങൾ കൊണ്ട് ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരിക്കാൻ യുവതിക്ക് കഴിഞ്ഞു.

അപകടത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിച്ച്, ആനയെ രക്ഷപ്പെടുത്തിയ ഒരു ചെറിയ കഥ, നിങ്ങളുമായി പങ്കു വെക്കുന്നു.

ഒരു രാജ്യത്ത് ഒരു ചക്രവർത്തി ഉണ്ടായിരുന്നു. അദ്ദേഹം യുദ്ധത്തിന് പോകുമ്പോൾ, അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആനയുടെ പുറത്തു കയറിയിട്ടാണ്, പോവുക. യുദ്ധത്തിനിടയ്ക്ക് ചക്രവർത്തിക്ക്, ഒരു പരുക്ക് പോലും പറ്റാതെ യുദ്ധം കഴിഞ്ഞ് തിരിച്ചു കൊണ്ടു വരുവാനുള്ള ഒരു പ്രത്യേകമായ കഴിവ് ആനക്ക് ഉണ്ടായിരുന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞപ്പോൾ ആനക്ക്‌ വയസ്സായി. അതുകൊണ്ട് ചക്രവർത്തി യുദ്ധത്തിന് പോകുമ്പോൾ ആനയെ കൊണ്ടുപോകാറില്ല. എങ്കിലും രാജകീയ സൗകര്യങ്ങളോടയാണ് ആനയെ അദ്ദേഹം പരിപാലിച്ചിരുന്നത്. ഒരു ദിവസം ആന വെള്ളം കുടിക്കാൻ കുളക്കരയിൽ എത്തിയപ്പോൾ അവിടത്തെ ചെളിയിൽ ആനയുടെ കാലുകൾ പൂണ്ടുപോയി. ആന എത്ര ശ്രമിച്ചിട്ടും കാലുകൾ ഉയർത്താൻ കഴിഞ്ഞില്ല. ആന ഉറക്കെ ചിന്നം വിളിച്ച് തന്റെ അവസ്ഥ അറിയിച്ചു. കൊട്ടാരത്തിലെ ഭൃത്യന്മാർ അടക്കം എല്ലാവരും പരിശ്രമിച്ചിട്ടും, ആനയുടെ കാലുകൾ ഉയർത്താൻ കഴിഞ്ഞില്ല. ഈ കാര്യം ചക്രവർത്തിയും അറിഞ്ഞു. ചക്രവർത്തിയെ കണ്ടപ്പോൾ ആനയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഇത് കണ്ടു നിൽക്കാൻ ചക്രവർത്തിക്ക് കഴിയുമായിരുന്നില്ല. ആ രാജ്യത്ത് ഒരു ജ്ഞാനിയായ സന്യാസി വന്നിട്ടുണ്ട്, അദ്ദേഹത്തിന് ഒരു പക്ഷേ എന്തെങ്കിലും ഉപദേശം തരാൻ കഴിയുമെന്ന് ചക്രവർത്തിയെ ആരോ അറിയിച്ചു. ഉടനെ ചക്രവർത്തി സന്യാസിയെ കൂട്ടിക്കൊണ്ടുവരാൻ,ആളെ അയച്ചു. സന്യാസി രാജകൊട്ടാരത്തിൽ വന്ന് ആനയുടെ അവസ്ഥ കണ്ട് മനസ്സിലാക്കി. ചക്രവർത്തിയോട് ആനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ സന്യാസി, കുളത്തിന്റെ സമീപം ഒരു യുദ്ധക്കളമാക്കി സജ്ജീകരിക്കാൻ പറഞ്ഞു. അങ്ങിനെ യുദ്ധത്തിന്റെ കാഹളം മുഴങ്ങി. പോർവിളികളും അട്ടഹാസങ്ങളുമായി, ഒരു യുദ്ധക്കളത്തിന്റെ ആരവങ്ങൾ കേട്ടപ്പോൾ, എല്ലാം മറന്ന് ആന തനിയെ നടന്നു.

ആദ്യത്തെ ശ്രമത്തിൽ പരാജയപ്പെടുമ്പോൾ, വീണ്ടും ശ്രമിക്കുന്നത്, പരാജയം മനസ്സിൽ കണ്ടു കൊണ്ടാണ്. അതുകൊണ്ട് ആത്മധൈര്യം നഷ്ടപ്പെടുന്നു. ആന കാലുകൾ ഉയർത്താൻ പലപ്പോഴും ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോഴാണ് ചിന്നം വിളിച്ചത്. ഇവിടെ ഇപ്പോൾ യുദ്ധമാണ് ആനയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ യജമാനനെ രക്ഷിക്കുക എന്ന് മാത്രമാണ് ആനയുടെ ചിന്ത. അതുകൊണ്ട് എല്ലാം മറന്നു കൊണ്ടുള്ള ഒരു പോരാട്ടമായിരുന്നു ആനയുടേത്.

സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com