യുഎസ് ഉപരോധം അവഗണിച്ച് ഇറാന്റെ എണ്ണ ടാങ്കർ. ഹോർമുസ് കടലിടുക്ക് കടന്നു. ഇറാനിലെ ഇമാം ഖൊമേനി തുറമുഖത്തേക്കാണ് ഉപരോധം മറികടന്ന് ടാങ്കർ പോയത്. രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ളതാണ് എണ്ണ ടാങ്കർ. ടാങ്കറിൽ എണ്ണയുണ്ടോ അതോ കാലിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കാൻ തുടങ്ങിയെന്നും ഇറാന്റെ എല്ലാ കപ്പലുകളെയും തടയുമെന്നും അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. യുഎസ് സൈനിക ഉപരോധം ഉണ്ടായിരുന്നിട്ടും, അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ ഒരു വലിയ ഇറാനിയൻ ക്രൂഡ് കാരിയർ (VLCC) ഹോർമുസ് കടലിടുക്ക് കടന്ന് ഇറാനിയൻ തീരത്ത് എത്തിയതായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽഎക്‌സ് പോസ്റ്റിൽ പറഞ്ഞു.
രണ്ടു ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ള സൂപ്പർടാങ്കർ യാത്രയിലുടനീളം ട്രാക്കിംഗ് സംവിധാനം നിലനിർത്തി. യുഎസ് ഉപരോധങ്ങളെയും ഭീഷണികളെയും ഫലപ്രദമായി വെല്ലുവിളിച്ചു. യാതൊരു തടസ്സവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഇറാനിയൻ കോൺസുലേറ്റ് പറഞ്ഞു. “യുഎസ് കരിമ്പട്ടികയിൽ പെടുത്തിയ ഒരു ഇറാനിയൻ വിഎൽസിസി സൂപ്പർടാങ്കർ, അന്താരാഷ്ട്ര ജലാശയങ്ങളും ഹോർമുസ് കടലിടുക്കും കടന്ന് ഇറാനിയൻ തീരങ്ങളിൽ എത്തി.”- ഇറാൻ കോൺസുലേറ്റ് ജനറൽഎക്‌സ് പോസ്റ്റിൽ കുറിച്ചു.



