ഖുസെസ്താൻ പ്രവിശ്യയിലെ നിർമാണത്തിലിരുന്ന ഡാർകോവിൻ ആണവനിലയം അമേരിക്ക ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. 2022-ൽ നിർമാണം ആരംഭിച്ച ആണവപദ്ധതിക്കെതിരായ ആക്രമണത്തെ ഇറാൻ ആണവോർജ്ജ ഏജൻസി ശക്തമായി അപലപിച്ചു. പ്രാദേശിക സമയം പുലർച്ചെ 3.39-ഓടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
അതേസമയം, ജോർദാനിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്ന് ജോർദാൻ അധികൃതർ അറിയിച്ചു. യുഎസ് എംബസി ജാഗ്രതാ നിർദേശം നൽകിയിരുന്നെങ്കിലും വിമാനത്താവളത്തിനോ തുറമുഖത്തിനോ പ്രത്യേക ഭീഷണിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഇതിനിടെ, ഇറാനെതിരെ അമേരിക്ക തുടർച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തി. യസ്ദ് നഗരത്തിൽ അഞ്ച് സ്ഫോടനങ്ങളും ബന്ദർ അബ്ബാസ്, സിറിക്, ഖിഷം ദ്വീപുകൾ എന്നിവിടങ്ങളിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനും തിരിച്ചടി നടത്തി. ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചതായും ബദൽ കടൽപാതകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഇറാൻ സേന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ ഇറാനിലെ വിവിധ സിവിലിയൻ കേന്ദ്രങ്ങൾക്കും അമേരിക്ക ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. അഞ്ച് പാലങ്ങൾ, വൈദ്യുത നിലയം, ട്രെയിൻ സ്റ്റേഷനുകൾ എന്നിവ ആക്രമണത്തിൽ തകർന്നതായും ഇറാൻ അറിയിച്ചു. കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും ഇറാൻ പ്രത്യാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇറാനിൽ അമേരിക്ക വിജയത്തിന്റെ പാതയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.



