Sunday, July 19, 2026
Homeഅമേരിക്കപള്ളിക്കൂടം കഥകൾ (ഭാഗം 68) "ഒരു സ്വപ്നം പൂവണിയുന്നു..." ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 68) “ഒരു സ്വപ്നം പൂവണിയുന്നു…” ✍ സജി ടി. പാലക്കാട്

ഒരു സ്വപ്നം പൂവണിയുന്നു…

ഉച്ചവെയിൽ സ്റ്റാഫ് റൂമിന്റെ ഓടിട്ട മേൽക്കൂരയിലൂടെ അരിച്ചെത്തി ഹെഡ് മാസ്റ്ററുടെ മേശപ്പുറത്തെ അറ്റൻഡൻസ് രജിസ്റ്ററിൽ തൊട്ടു. പഴയ ആ വാടകക്കെട്ടിടത്തിന്റെ ചുവരുകൾക്ക് ഈർപ്പത്തിന്റെ മണമായിരുന്നു.

“ഇതുപോലൊരു സ്കൂൾ കേരളത്തിൽ എവിടെയും ഉണ്ടാകില്ല…”

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ശിവൻകുട്ടി മാഷ് പറഞ്ഞു.

“ഒന്നാം ക്ലാസ്സിലെ ആ കുട്ടികളുടെ അവസ്ഥ കണ്ടോ?
കഴിഞ്ഞയാഴ്ച ഒരു മഴ പെയ്തപ്പോൾ ആ മൂലയ്ക്കൽ ഇരുന്ന മൂന്ന് പേരുടെയും പുസ്തകം നനഞ്ഞു. ആ പൊട്ടിയ ഓടിന്റെ ഇടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ചുമര് മുഴുവൻ നനഞ്ഞിരിക്കുന്നുണ്ട് എന്നാണാവോ എല്ലാംകൂടി ഇടിഞ്ഞു വീഴുന്നത് .”

​ മഞ്ജുഷ ടീച്ചർ സങ്കടത്തോടെ പറഞ്ഞു..

“ഞാൻ കണ്ടു ടീച്ചറെ. കെട്ടിട ഉടമയോട് എത്ര തവണ പറഞ്ഞു ആ ഭാഗമൊന്ന് ശരിയാക്കാൻ.! അയാൾക്ക് വാടക കൃത്യമായി കിട്ടണം, പക്ഷേ പത്തു പൈസയുടെ അറ്റകുറ്റപ്പണി നടത്തില്ല. നമുക്കാണെങ്കിൽ ഇതിലൊരു ആണി അടിക്കാൻ പോലും നിയമപരമായി അനുവാദമില്ലല്ലോ… ”

പ്രധാനാധ്യാപകന്റെ ചാർജുള്ള രാജപ്പൻ മാഷ് തന്റെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി.

“സാധാരണക്കാരായ തൊഴിലാളികളുടെയും പട്ടിണി പാവങ്ങളുടെയും മക്കളാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. നല്ലൊരു കമ്പ്യൂട്ടർ വാങ്ങിയാൽ പോലും ഈ കെട്ടിടത്തിൽ അതിന് സുരക്ഷയുമില്ല.
​ഗ്രാമവാസികൾക്ക് ഈ സ്കൂൾ വലിയൊരു തണലാണ്. പക്ഷേ,സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ചിലർ കുട്ടികളെ ദൂരെയുള്ള സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റാൻ പോലും ആലോചിക്കുന്നുണ്ട്…”

സദാനന്ദൻ മാഷ് പറഞ്ഞു.

“ഈ സ്കൂളിന് 80വർഷത്തെ പഴക്കമുണ്ട്. ഈ ഗ്രാമത്തിലെ എത്ര പേർ ഇവിടെ പഠിച്ചു പോയി.! എന്നിട്ടും ഇന്നും ഇതൊരു വാടകക്കെട്ടിടത്തിൽ ശ്വാസം മുട്ടുകയാണെന്ന് പറയുമ്പോൾ സങ്കടമുണ്ട്.
സ്വന്തമായി ഭൂമിയില്ലാത്ത വിദ്യാലയങ്ങളിൽ പൊതുപണം ചിലവഴിച്ച് സ്ഥിരം കെട്ടിടങ്ങൾ പണിയാൻ കഴിയില്ല. അല്ലെങ്കിൽ സർക്കാർ വക കെട്ടിടങ്ങൾ വന്നേനെ.”

മഞ്ജുഷ ടീച്ചറും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

“നമുക്ക് നാട്ടുകാരുടെ ഒരു യോഗം വിളിച്ചാലോ?

സദാനന്ദൻ മാഷിന്റെ ഈ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു.

അടുത്ത ദിവസം വൈകുന്നേരം സ്കൂൾ മൈതാനത്ത് രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം ചേർന്നു. നൂറിലധികം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. സ്കൂൾ സർക്കാർ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഓരോരുത്തരും ഊന്നി പറഞ്ഞു.

വാടക കെട്ടിടത്തിൽ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിദ്യാലയം സർക്കാർ ഏറ്റെടുക്കണമെന്ന് പിടിഎ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

സ്കൂളിന് ഒരു കൈത്താങ്ങാകാൻ 16 എം. എം സിനിമ പ്രദർശിപ്പിക്കുക എന്ന ആശയം സദാനന്ദൻ മാഷ് മുന്നോട്ടുവച്ചു. “കേവലം ഒരു വിനോദത്തിനപ്പുറം, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരു ‘നിധിശേഖരണം’ കൂടിയാണ് സിനിമാപ്രദർശനം.” ആർക്കും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു..
ഉച്ചയ്ക്ക് ശേഷമാണ് സിനിമാ പ്രദർശനം ക്രമീകരിച്ചിരുന്നത്. കറുത്ത തുണികൾ കൊണ്ട് ജനലുകൾ മറച്ച്, വലിയ പ്രൊജക്ടറും മികച്ച സൗണ്ട് സിസ്റ്റവും ഒരുക്കി സ്കൂൾ ഹാളിനെ ഒരു മിനി തിയേറ്റർ ആക്കി മാറ്റിയിരുന്നു. ‘കിരീടം’…സിനിമയുടെ ടൈറ്റിൽ കാർഡും മോഹൻലാലിന്റെ പേരും സ്ക്രീനിൽ തെളിഞ്ഞപ്പോൾ വലിയ കൈയടിയോടെ വിദ്യാർത്ഥികൾ അതിനെ വരവേറ്റു.

രാത്രി 7 മണിക്കും, 10 മണിക്കും മുതിർന്നവർക്ക് വേണ്ടിയുള്ള പ്രദർശനമായിരുന്നു. സിനിമയുടെ അവസാന രംഗങ്ങളിൽ സ്കൂൾ ഹാളിൽ ഒരു ശ്മശാന മൂകത തളംകെട്ടി നിന്നു. ആരും പരസ്പരം സംസാരിച്ചില്ല, ആരും അനങ്ങിയില്ല.
​സേതുമാധവൻ നിലവിളിച്ചുകൊണ്ട് കീരിക്കാടനെ കുത്താൻ പോകുമ്പോൾ പലരും കണ്ണുകൾ പൊത്തിപ്പിടിച്ചു.

​”മോനേ… കത്തി താഴെയിടടാ… അച്ഛനാ പറയുന്നേ…”
എന്ന് തിലകൻ നിലവിളിക്കുമ്പോൾ, ഹാളിന്റെ പല കോണുകളിൽ നിന്നും അമ്മമാരുടെ വിങ്ങിക്കരച്ചിലുകൾ കേൾക്കാമായിരുന്നു. അച്ഛന്മാരും തങ്ങളുടെ സങ്കടം പുറത്തുകാണിക്കാതെ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു.

ടിക്കറ്റ് കൊടുക്കാനും ആളുകളെ കയറ്റി വിടാനും നാട്ടുകാർ കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടതാണ്..
സദാനന്ദൻ മാഷും ശിവൻകുട്ടി മാഷും കിട്ടിയ തുക എണ്ണി നോക്കി
ഷോ നടത്തിപ്പുകാരന് കൊടുത്തതിനു ശേഷം 5000 രൂപ ലാഭം കിട്ടി..

ഓഫീസിലെ രേഖകൾ സുരക്ഷിതമായി വെക്കാൻ ഒരു നല്ല അലമാര വാങ്ങുവാൻ പിടിഎ കമ്മിറ്റി തീരുമാനിച്ചു.

പിറ്റേദിവസം സദാനന്ദൻ മാഷും ശിവൻകുട്ടി മാഷും അലമാര നിർമ്മിക്കുന്ന കമ്പനിയിലെത്തി. വലിയ ഇരുമ്പ് ഷീറ്റുകൾ മുറിക്കുന്ന യന്ത്രങ്ങളുടെ കഠിനമായ ശബ്ദമാണ് അവരെ ആദ്യം വരവേറ്റത്. യന്ത്രങ്ങൾ ഒരേ താളത്തിൽ ഘരഘര ശബ്ദത്തോടെ ഇരുമ്പ് പാളികളെ കീറിമുറിച്ചുകൊണ്ടിരുന്നു. ജോലിക്കാർ പരസ്പരം സംസാരിക്കുന്നത് പോലും ആ കോലാഹലങ്ങൾക്കിടയിൽ കേൾക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

​ഒരു വശത്ത് ഇലക്ട്രിക് ഡ്രില്ലിംഗ് യന്ത്രങ്ങൾ ഇരുമ്പിൽ സുഷിരങ്ങൾ തീർക്കുമ്പോൾ ഉണ്ടാകുന്ന തീക്ഷ്ണമായ ശബ്ദവും, മറ്റൊരു വശത്ത് ഇരുമ്പ് കമ്പികൾ രാകിമിനുക്കുന്ന ഗ്രൈൻഡിംഗ് യന്ത്രങ്ങളിൽ നിന്ന് ചിതറിത്തെറിക്കുന്ന പൊരികളും ആ അന്തരീക്ഷത്തിന് വേഗവും ചുറുചുറുക്കും നൽകി.

അലമാരയ്ക്കായി കരുതിവെച്ചിരുന്ന സ്റ്റീൽ ഷീറ്റുകളുടെ അടുത്തുപോയി അതിന്റെ ഗേജ് (Gauge) പരിശോധിച്ചു. വിരലുകൾ കൊണ്ട് തട്ടി നോക്കിയപ്പോൾ തന്നെ അതിന്റെ കനവും ഉറപ്പും ബോധ്യപ്പെട്ടു. കനം കുറഞ്ഞ ഷീറ്റുകൾ ഓഫീസിലെ ഭാരമേറിയ ഫയലുകൾ വെക്കാൻ അനുയോജ്യമല്ലാത്തതുകൊണ്ട്, ഏറ്റവും മികച്ച ക്വാളിറ്റിയുള്ള ഷീറ്റുകൾ തന്നെ തെരഞ്ഞെടുത്തു.

“രണ്ട് ദിവസത്തിനുള്ളിൽ അലമാര സ്കൂളിൽ എത്തിക്കാം”

മാനേജർ പറഞ്ഞു..

ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷവുമായി സദാനന്ദൻ മാഷും ശിവൻകുട്ടി മാഷും സ്കൂളിലേക്ക് മടങ്ങി.

(തുടരും….)

സജി ടി. പാലക്കാട്✍

RELATED ARTICLES

1 COMMENT

  1. സർക്കാർ സ്കൂളുകളുടെ അന്നത്തെ പരിതാപരമായ അവസ്ഥ. അതിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ. ഇതെല്ലാം സത്യസന്ധമായ വിവരണകളിലൂടെ കൺമുൻപിൽ എത്തിച്ചു.
    നല്ലെഴുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com