Saturday, February 14, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #10) ✍ ടി.ജെ. റാഫേൽ, എറണാകുളം.

തിരുവോണദിവസം പുറത്ത് നല്ല മഴ പെയ്യുന്ന ശബ്ദം കേട്ട് ഇന്നൊരു അവധിദിവസം ഒത്തു കിട്ടിയ സന്തോഷത്തിൽ മൊബൈലെടുത്ത് ആപ്പിൽ ബ്രേക്ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറും ചായയും കുത്തി ഒന്നുകൂടി പുതച്ചുമൂടി നല്ലൊരു സ്വപ്നം കണ്ട് ഒന്ന് ഉറങ്ങി വന്നതേയുള്ളൂ അപ്പോൾ കോളിംഗ് ബെൽ ശബ്ദം. അരിശം വന്ന് ചാടിയെഴുന്നേറ്റ് ഇത്ര വേഗം 9 മണി ആയോ എന്ന് മനസ്സിൽ പറഞ്ഞ് ഉറക്കചടവോടെ ഡോറിന്റെ പീപ് ഹോളിലൂടെ നോക്കിയപ്പോൾ ഒരു ഭിക്ഷക്കാരൻ കയ്യിലും കാലിലും പഴന്തുണി കെട്ടും ആയി നിൽക്കുന്നു. ദൈവമേ ഇതേത് കുരിശ്? നല്ലൊരു ദിവസമായിട്ട് ഇതെങ്ങനെ കണി കാണും എന്ന് വിചാരിച്ചു ഉടനെ ഫോണെടുത്ത് ഫ്ലാറ്റിന്റെ കെയർടേക്കറെ വിളിച്ചു. ഇതാരാണ് ഭിക്ഷക്കാരെ എൻറെ ഫ്ലാറ്റിലേക്ക് കയററി വിട്ടിരിക്കുന്നത്? ഒന്ന് വന്നു നോക്കൂ എന്നൊരു ഓർഡർ കൊടുത്തു അക്ഷമനായി ഞാൻ സോഫയിൽ ചെന്നിരുന്നു. 10 മിനിറ്റ് കഴിഞ്ഞില്ല ബെൽ അടിയോട് ബെല്ലടി.കതക് തുറന്നപ്പോൾ കെയർടേക്കറും ഗേറ്റ് സെക്യൂരിറ്റിയും പിന്നെ ഒട്ടും പരിചയമില്ലാത്ത ആജാനുബാഹുവായ ഒരാളും.

“ സാർ ഇദ്ദേഹം മാവേലി ആണെന്ന് പറയുന്നു. ഇവിടത്തെ താമസക്കാരനായ സാറിൻറെ കൂട്ടുകാരൻ ഡോക്ടറുടെ കാറിലാണ് അകത്ത് കടന്നത്. അതുകൊണ്ടാണ് ഞങ്ങൾ മാവേലിയെ കാണാതെ പോയത്.”
എന്താണ് കാര്യം എന്ന് അറിയാതെ എല്ലാവരും മിഴിച്ചു നിന്നപ്പോഴാണ് മാവേലി കരഞ്ഞുകൊണ്ട് സംഭവം പറയുന്നത്.

“നോം അതിരാവിലെ പാതാളത്തിൽ നിന്ന് ഇറങ്ങിയതാണ്. പ്രജകളെ ഒക്കെ കണ്ടു ബോൾഗാട്ടി പാലത്തിനടുത്ത് എത്തിയപ്പോൾ കൂട്ടത്തോടെ നോമിന്റെ നേരെ മൂന്നാലു തെരുവ് പട്ടികൾ ഓടി വന്നു. നോമും ഓടി അവിടെ ഒരു കുഴിയിൽ വീണു. കുഴിയിൽ വീണു കിടന്ന എന്നെ അവർ തലങ്ങും വിലങ്ങും കടിച്ചു. ഉറക്കെയുള്ള കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി എല്ലാത്തിനെയും എൻറെ കയ്യിലിരുന്ന ഓലക്കുട കൊണ്ട് അടിച്ചോടിച്ചു. കുട ഒടിഞ്ഞു നാലു കഷണം ആയി.എല്ലാവരും കൂടി താങ്ങിപ്പിടിച്ച് എന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ പറയുന്നത് ഇവിടെ മരുന്നില്ല വേഗം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പൊയ്ക്കോയെന്ന്. അദ്ദേഹത്തിന് പുലിവാല് പിടിക്കാനൊന്നും വയ്യ. കഴിഞ്ഞ തവണ ഇവിടുന്ന് മരുന്ന് കൊടുത്തിട്ടു കൂടി ചിലരൊക്കെ മരിച്ചിരുന്നു. അത് അവരുടെ കുറ്റം അല്ല. കെഎസ്ഇബിയുടെത് ആണെന്ന്. ഏതുസമയവും kseb പവർ സപ്ലൈ കളയും. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്ന് ആണിത്. മാധ്യമപ്പട എത്തുന്നതിനുമുമ്പ് വേഗം ഇദ്ദേഹത്തെ ഇവിടെ നിന്ന് കൊണ്ടു പോകൂ എന്ന് പറഞ്ഞ് ഡോക്ടർ ആക്രോശിച്ചു. പിന്നെ എല്ലാവരും കൂടി നോമിനെ താങ്ങിപ്പിടിച്ച് പ്രൈവറ്റ് ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സ ഒക്കെ കേമമായിരുന്നു. മാവേലി ആയതുകൊണ്ടുതന്നെ വിവിഐപി പരിഗണന ആയിരുന്നു. എൻറെ 10 പവന്റെ സ്വർണ്ണമാല അവിടെ കൊടുത്തിട്ടുണ്ട്.
കുഴിയിൽ വീണ് കയ്യൊടിഞ്ഞിരുന്നത് കൊണ്ട് അത് ഉടനെ പ്ലാസ്റ്റർ ഇട്ടു തന്നു. പട്ടി കടിച്ച സ്ഥലത്തെ മുറിവ് വെച്ചുകെട്ടി. മുറിവ് ആഴമുള്ളതായതുകൊണ്ടുതന്നെ മുറിവിനു ചുറ്റും കുത്തി വച്ചു. പിന്നെ ടിടി ഇഞ്ചക്ഷനും തന്നു. തെരുവ് നായ ആയതു കൊണ്ട് RIG ഇഞ്ചക്ഷനും എടുത്തു. തെരുവുനായയെ നിരീക്ഷിക്കാൻ പറ്റാത്തതുകൊണ്ട് 28 ദിവസം ഇവിടെ നിന്ന് ഈ വാക്സിൻ പൂർത്തിയാക്കണം പോലും. ഒരു ഡോസ് പോലും വിട്ടു പോകാൻ പാടില്ല.മൊത്തം അഞ്ച്ഡോസ്. ഇനി 3,7,14,28ആം ദിവസം യഥാക്രമം ഇൻജെക്ഷൻ എടുക്കണം.
അതുകൊണ്ട് ഡോക്ടർ ആണ് പറഞ്ഞത് 28 ദിവസവും ഈ ആശുപത്രിയിൽ കിടന്നാൽ മാവേലിയുടെ മാല മാത്രമല്ല കിരീടം തന്നെ പണയം വെക്കേണ്ടി വരും. അതുകൊണ്ട് അദ്ദേഹം ഒരു ഉപായം പറഞ്ഞു.അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ റാഫേൽ എന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥൻ താമസിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോൾ വീട്ടിൽ ഒറ്റയ്ക്കാണ്. ഭാര്യ മക്കളുടെ അടുത്തേക്ക് വിദേശത്ത് പോയിരിക്കുകയാണ്. മുറികളെല്ലാം ഒഴിവുണ്ട്. ഡോക്ടറുടെ വീട്ടിൽ നിറയെ വിരുന്നുകാർ ആണത്രേ. ഒരു മാസം ആ പ്രജയുടെ വീട്ടിൽ താമസിച്ച് ഡോസ് പൂർത്തിയാക്കിയിട്ട് പാതാളത്തിലേക്ക് തിരിച്ചു പോകാമെന്ന്. മാത്രവുമല്ല ഈ മാല ബാങ്കിൽ പണയം വെക്കാൻ ഉള്ള ഇടപാടുകൾ അദ്ദേഹം ചെയ്തു തരും. അടുത്ത വർഷം വരുമ്പോൾ ബാങ്കിൽ നിന്ന് പണയ ഉരുപ്പടി എടുത്തു കൊണ്ടു പോകാം എന്ന്. റാഫേലിനോട് ഫോണിൽ ഞാൻ കാര്യം പറഞ്ഞോളാം. വളരെ സ്നേഹസമ്പന്നനും ഉദാരമതിയും ആണ് ആ ബാങ്ക് ഉദ്യോഗസ്ഥൻ എന്ന് മാത്രമല്ല ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ അദ്ദേഹം നോ പറയില്ല എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇവിടെ വന്ന് നോം ബെല്ലടിച്ചത്. “ മാവേലി പറഞ്ഞു നിറുത്തി.

ഇന്ന് തന്നെ തിരിച്ചെത്താം എന്ന് പറഞ്ഞു പോയ ഭാര്യ വിംധ്യവതിയോട് ഞാനിനി എന്തു പറയും എന്നോർത്ത് മാവേലി കരച്ചിൽ തുടർന്നു. അംബാനിയുടെ പുതിയ ജിയോ പ്രോഗ്രാം അനുസരിച്ചു പാതാളത്തിലും താമസിയാതെ വാട്സ്ആപ്പ് വരും. പക്ഷേ ഇപ്പോൾ തത്കാലം STD കാൾ വിളിച്ചു പറയാമെന്ന് പറഞ്ഞു ഞാൻ മാവേലിയെ സമാധാനിപ്പിച്ച് സന്തോഷത്തോടെ മകൻറെ മുറി തുറന്നു കൊടുത്തു. അപ്പോൾ “വാതിൽ തുറക്കുമീ കാലമേ”….എന്ന പാട്ട് എവിടെ നിന്നോ ഒഴുകി എത്തുന്നുണ്ടായിരുന്നു.

മാവേലിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു.

ഞാൻ കാരണം ഒരു അർത്ഥത്തിൽ എല്ലാവരും ഇവിടെ ഒന്നു പോലെയല്ലേ ജീവിക്കുന്നത്?

ഇനി 28 ദിവസം അതിഥി ദേവോ ഭവ ആസ്വദിച്ച് റാഫേലിന്റെ കൂടെ….

എനിക്കും സന്തോഷം!
ആരാ എന്റെ അതിഥി!
അതിഥി നിസ്സാരക്കാരനല്ല!

ഞാൻ മൂന്നടി പൊങ്ങി!

ടി.ജെ. റാഫേൽ, എറണാകുളം✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com