കൊച്ചി: ടാറ്റ നിക്ഷേപ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് മുന്‍ മന്ത്രി പി രാജീവ്. ചരിത്രത്തിലാദ്യമായാണ് ടാറ്റ ഇങ്ങനെ ഒരു പരാമര്‍ശം നടത്തുന്നതെന്നും ബുദ്ധിജീവിയല്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാവണമെന്നും മുൻ മന്ത്രി പരിഹസിച്ചു. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മലബാര്‍ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്‌സണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മിഷന്‍ സമുദ്രയുടെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. 2025- ജൂലായില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരാണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടികളും നടന്നിട്ടുണ്ട്. നാളെ അദ്ദേഹം ഇത് മിഷന്‍ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
‘താന്‍ വ്യവസായ മന്ത്രിയായിരിക്കുന്ന സമയത്ത് ടാറ്റ ചെയര്‍മാനെ കാണാന്‍ അങ്ങോട്ട് പോയിരുന്നെന്നും രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സതീശന്‍ മുഖ്യമന്ത്രിയായ ഉടന്‍ ടാറ്റ ഇങ്ങോട്ടേക്ക് വന്ന് 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു.
എല്ലാ പിന്തുണയും നല്‍കണമെന്നാണ് കരുതിയതിയത്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി പറയുന്നത് മാധ്യമങ്ങള്‍ കുഴപ്പമുണ്ടാക്കിയെന്നാണ്” പി രാജീവ് പറഞ്ഞു. ഈ പദ്ധതി 2025 ല്‍ ഇന്‍വെസ്റ്റ് കേരളയില്‍ ഉണ്ടായതാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.



