Friday, July 17, 2026
Homeഅമേരിക്കപഴയകാല മലയാള നാടകഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ -പ്രഭാഷണം- ✍എ.സി.ജോർജ്

പഴയകാല മലയാള നാടകഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ -പ്രഭാഷണം- ✍എ.സി.ജോർജ്

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ, യു സ് എ, ജൂലൈ 12, 2026 നു സംഘടിപ്പിച്ച ഭാഷ സാഹിത്യ മീറ്റിങ്ങിൽ അവതരിപ്പിച്ചതാണ് ഈ വിഷയം.

പഴയകാല മലയാള നാടകഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ.

ഏതാനും വരികൾ മാത്രം, ഒരു വിഹഗ വീക്ഷണം, ഒരു ഓട്ടപ്രദക്ഷിണം മാത്രം.ഓർമ്മയുടെ ഓളങ്ങൾ തഴുകി തലോടുന്ന ” ആ മധുരിക്കും ഓർമ്മകളെ.. മലർമഞ്ചൽ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ…”

ഒത്തിരി പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മധുരിക്കുന്ന പഴയകാല മനോഹരങ്ങളായ പാടിപതിഞ്ഞ നാടക ഗാന ഈരടികളിലേക്ക് ഒരു ഹ്രസ്വ യാത്ര നടത്തുകയാണ്. വിശ്വവിഖ്യാത ഡ്രമാസ്റ്റിട്ടും കവിയുമായ വില്യം ഷേക്‌സ്‌പിയർ മാത്രമല്ല പറഞ്ഞത് ” ദി വേൾഡ് ഈസ് എ സ്റ്റേജ് ആൻഡ് വിആർ ഓൾ ആക്‌ടേഴ്‌സ് ഓർ ആക്ടറെസ്സെസ്” എന്നു. മലയാളി ഉൾപ്പെടെ മറ്റനേകം സാംസ്കാരിക സാഹിത്യപ്രവർത്തകരും പറഞ്ഞിട്ടുണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോക ജീവിതം ഒരു നാടകമാണ്. അതിൽ എല്ലാം ആടിപ്പാടി അഭിനയിക്കുന്ന അഭിനേതാക്കളാണ് നമ്മളെല്ലാം. ഒന്ന് ഓർത്തു നോക്കിയാൽ അതെല്ലാം എത്രയോ ശരിയാണ്.

ഒത്തിരി പഴമയിലേക്ക് നമ്മൾ പോകുന്നില്ല. 1947 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അരങ്ങിലെത്തിയ ചില പഴയകാല നാടകങ്ങളെയും, നമ്മുടെ ചുണ്ടുകളിൽ നാവുകളിൽ ഇപ്പോഴും തത്തിക്കളിക്കുന്ന അവയുടെ ഗാനങ്ങളിലെ ഒന്ന് രണ്ട് ഇരടികളിലേക്ക്, അല്ലെങ്കിൽ അതിൻറെ വരികളിലൂടെ മാത്രം നമ്മൾക്കെല്ലാവർക്കും യാത്ര ചെയ്യാം.

——————————————————————————————-

നമ്മുടെയൊക്കെ ജീവിതം ഒരു നാടകം പോലെയാണെന്ന് സൂചിപ്പിച്ചല്ലോ. ഓരോരുത്തരും അവരവർക്ക് ലഭ്യമായ കഥാപാത്രങ്ങളെ റോളുകളെ അഭിനയിക്കുന്നു. കടന്നുപോകുന്നു. ഒരു ബൈബിൾ കഥയിലേക്ക് പോകാം. സാന്ദർഭികമായി ഈ ബൈബിൾ കഥ ഞാനൊന്നു തെരഞ്ഞെടുത്തു എന്നുമാത്രം. ആദിയിൽ ദൈവം ഒരുപിടി മണ്ണെടുത്ത് ഒരു മനുഷ്യനെ സൃഷ്ടിച്ചു. ആ മനുഷ്യനെ. ആദം എന്ന പേരിട്ടു. അതിനുശേഷം ആദത്തിന്റെ വാരിയെടുത്ത് ഹവ്വ എന്ന സ്ത്രീയെ സൃഷ്ടിച്ചു. ഇവിടെ നാടകം ആരംഭിക്കുകയാണ്. ഖിർ….ഖിർ….ഖിർ…. നാടകം തുടങ്ങാനുള്ള ഒന്നാം ബെല്ലടിച്ചു രണ്ടാം ബെല്ലടിച്ചു മൂന്നാം ബെല്ലടിച്ചു. നാടക കർട്ടൻ ഉയരുകയായി. നാടകത്തിൻറെ

സൃഷ്ടി സംവിധാനം ഒക്കെ ദൈവം തന്നെ. രണ്ടുപേർക്കും അഭിനയിക്കാനുള്ള റോളുകൾ ഡയറക്ടർ അല്ലെങ്കിൽ സംവിധായകൻ ദൈവം പറഞ്ഞുകൊടുത്തു. മനോഹരമായ സെറ്റിംഗ്സ്, പൂന്തോട്ടം, ഫല വൃക്ഷങ്ങൾ, കൂലംകുത്തി ഒഴുകുന്ന അരുവികൾ, കാനനച്ഛായകൾ. “എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം” (ചങ്ങമ്പുഴ). ” പ്രിയ ആദം, പ്രിയ ഹവ്വ, നിങ്ങൾ ഇരുവരും പ്രണയ കുരുവികൾ ആണ്. നിങ്ങൾക്ക് ആടി പാടി മരം ചുറ്റി പ്രേമിക്കാം.. ദൈവം പറഞ്ഞു. നിങ്ങൾക്ക് എല്ലാം ആസ്വദിക്കാം, ഫലവൃക്ഷങ്ങളിൽ നിന്ന് എല്ലാ പഴങ്ങളും പറിച്ചു ഭക്ഷിക്കാം. പക്ഷേ ആ കാനനച്ഛായയിലുള്ള ആ ഒരു ഫലവൃക്ഷത്തിൽ നിന്നുള്ള ഒരു ഫലവും പറിച്ചുകൂടാ ഭക്ഷിച്ചു കൂടാ. പക്ഷേ മറ്റൊരു വില്ലൻ കഥാപാത്രം പിശാശ് പാമ്പിന്റെ രൂപത്തിൽ വന്ന് ഹവ്വായെ ഫലം ഭക്ഷിക്കുവാൻ പ്രേരിപ്പിക്കുകയാണ്. ആദം എല്ലാദിവസവും ആട് മേക്കാനായി ആ വിലക്കപ്പെട്ട പല വൃക്ഷത്തിന്റെ മുമ്പിൽ പോകും. ദൈവത്തിൻറെ, നാടക ഡയറക്ടറുടെ ആജ്ഞ പോലെ ആദം ആ മരത്തിൻറെ ഫലം, പഴം ഒരിക്കലും പറിച്ച് തിന്നില്ല. എന്നാൽ പിശാച് എന്ന കഥാപാത്രത്തിന്റെ പ്രേരണ ഹവാക്കു ആ ഫലം തിന്നാനുള്ള ദുരാഗ്രഹം ഉണ്ടാക്കി. ഹവ്വാക്കും, കാനനച്ഛായയിൽ നിൽക്കുന്ന ആ പല വൃക്ഷത്തിന്റെ അടുത്തേക്ക് പോകണം. ഹവ്വാ ആദത്തിനെ ചാക്കിടുകയാണ്. വശീകരിക്കുകയാണ്.

കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേ നമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ

അവസാനം കഥാനായകൻ, ഹീറോ, ആദം ഹവ്വായുടെ പുഞ്ചിരി കൊഞ്ചലിലും, കണ്മയക്കത്തിലും വീണു. പിന്നെ സംഭവിച്ചത് ഞാൻ പറയാതെ നിങ്ങൾക്കെല്ലാം അറിയാമല്ലോ. വിലക്കപ്പെട്ട കനി ഭക്ഷിച്ച ആ നായക നടനും നടിക്കും പെട്ടെന്ന് നാണം വന്നു. ” നാണമാകുന്നു… മേനി നോവുന്നു… ലജ്ജാവതിയേ… നിൻറെ കള്ളക്കടക്കണ്ണിൽ… താഴമ്പൂവോ താമരത്താരോ തേനോ… അവർ ഇരുവരും വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. പരിപൂർണ്ണ നഗ്നരാണ് എന്ന് തന്നെ ബോധ്യമായി. അവിടം മുതലാണ്, അഡൽടോൺളി, അല്ലെങ്കിൽ പ്രായപൂർത്തി വന്നവർക്ക് മാത്രമുള്ള നാടകം അല്ലെങ്കിൽ സിനിമ എന്ന അന്നത്തെ സെൻസർ ബോർഡിൻറെ വകതിരിവ് ഉണ്ടായത് എന്ന ഒരു കെട്ടുകഥയും ഞാനിവിടെ അവതരിപ്പിക്കുന്നു.

സംഗീതസംവിധായകൻ കെ രാഘവൻ, എഴുതിയത് ചങ്ങമ്പുഴ കൃഷ്ണപിള്ള, പാടിയത് കെ പി ഉദയഭാനു, പി ലീല

നാടകവും സിനിമയും: രമണൻ

മുഖ്യമായത് അഭിനയമാണെങ്കിലും നാടകത്തില്‍ പല കലകളും അനുപമമായി സമ്മേളിച്ചിരിക്കുന്നു. സാഹിത്യം സംഗീതം, നൃത്തം, ചിത്രകല എന്നിവയെല്ലാം ഇണങ്ങി ചേർന്നിരിക്കുന്നു. നാടകത്തിന് ജനസഞ്ചയത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത പല നാടകകൃത്തുക്കളും തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കാനായി പ്രയോജനപ്പെടുത്തി. മതവിശ്വാസം ഉറപ്പിക്കുവാനും, സദാചാരബോധം വളര്‍ത്തുവാനും നാടകകലയുടെ ആരംഭം തൊട്ടേ മനുഷ്യന്‍ പരിശ്രമിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് കെ.പി.എ.സി നാടകങ്ങള്‍ നല്‍കിയ സംഭാവന ചെറുതൊന്നുമല്ല.

ഏറ്റവും ആദ്യമായി നാടകങ്ങള്‍ അരങ്ങേറിയത് ഗ്രീസിലാണ് എന്നാണ് നാടക ചരിത്രകാരന്മാരുടെ അഭിപ്രായം. ഇനി നമുക്ക്, ചില പഴയകാല നാടകഗാനങ്ങളുടെ തുടക്കത്തിലുള്ള മധുരിക്കുന്ന ഒന്ന് രണ്ട് ഈരടികളിലേക്ക് പോകാം.

മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചൽ കൊണ്ടു വരൂ കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ (മധുരിക്കും…)

ജനനി ജന്മഭൂമി 1962 സി ഓ ആന്റോ

കെ പി എസി – രചന ONV സംഗീതം ദേവരാജൻ

1957 ആഗസ്റ്റ് മാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപം ഒരു ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഉദ്ഘാടകൻ അന്നത്തെ ഇന്ത്യൻ പ്രസിഡൻറ് ഡോക്ടർ രാജേന്ദ്ര പ്രസാദ്. അതിൽ പങ്കെടുക്കാനായി ആയിരങ്ങൾ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പടപൊരുതി മരിച്ച അനേകായിരം വീരയോദ്ധാക്കൾക്കുള്ള ആദരാജ്ഞലിയാണ്. അതൊരു അഭിവാദന ഗാനത്തോടെ വേണം ആരംഭിക്കേണ്ടത്. പാട്ടുപാടാൻ മണ്ഡപത്തിനരികിൽ നൂറിൽപരം ഗായകർ അണിനിരന്ന് കഴിഞ്ഞു. കേരളത്തിൽ അങ്ങനെയൊരു സംഘഗാനം ആദ്യമായിട്ടായിരുന്നു. പാട്ടുകാരുടെ ലീഡർ കറുത്ത മെലിഞ്ഞ പൊക്കമുള്ള ഈർക്കിൽ മീശയുള്ള ഒരു ചെറുപ്പക്കാരനാണ്. കെ.സ്. ജോർജ്. അയാളോടൊപ്പം ചുരുണ്ട മുടിയുള്ള സുന്ദരിയായ ഒരു യുവതിയും ഉണ്ട്, കെപിഎ സി സുലോചന. സംഗീതസംവിധായകൻ പറഞ്ഞു വൺ ടു ത്രീ ഫോർ അതോടെ വികാരനിർഭരവും ആവേശഭരിതവും ആയ ആ ഗാനം ഗംഗ പ്രവാഹ തരംഗം പോലെ സദസ്സിനെ പുളകം കൊള്ളിച്ചു കൊണ്ട് പുറത്തേക്ക് ഒഴുകി.

ബലികുടീരങ്ങളേ..ബലികുടീരങ്ങളേ ബലികുടീരങ്ങളേ സ്മരണകളിരമ്പും രണസ്മാരകങ്ങളേ ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ (ബലികുടീരങ്ങളേ…)

ഹിമഗിരിമുടികൾ കൊടികളുയർത്തീ കടലുകൽ പടഹമുയർത്തീ യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ

നാടകം: വിശറിക്ക് കാറ്റ് വേണ്ട

സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാഷ് ഈണം നൽകി കെ എസ് ജോർജ്ജ്, സി ഒ ആന്റോ , സുലോചന തുടങ്ങി നൂറോളം പേർ ചേർന്ന് അവതരിപ്പിച്ച വിപ്ലവഗാനം. വയലാരിന്റെ രചനയ്ക്ക് ദേവരാജൻ ആദ്യമായി ഈണം നൽകി എന്ന സവിശേഷതയും ഈ പാട്ടിന് ഉണ്ട്.

———————————————————————————————-

പുരാണ ഇതിഹാസങ്ങളിൽ പലയിടത്തും മാൻ എന്ന മൃഗം ഒരു കഥാപാത്രമായിട്ടും മറ്റും , നാം കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട്. മാൻ ഉപദ്രവമില്ലാത്ത, ശാന്ത സ്വഭാവം ഉള്ള ഒരു മനോഹരമായ മൃഗം. നല്ല സൗന്ദര്യം ഉള്ള പെണ്മണികളെ ഒക്കെ കവികളും മറ്റും ” മാൻ മിഴിയാളെ” എന്നൊക്കെ സംബോധന ചെയ്യുന്നത് കേട്ടിട്ടില്ലേ. ശകുന്തള എന്ന ഒരു സിനിമയും, അൾത്താര എന്ന ഒരു നാടകവും ഞാൻ കണ്ടിട്ടുണ്ട്. ഈ പറഞ്ഞ സിനിമയിലും നാടകത്തിലും ഇ പാട്ടുണ്ട്. ഞാൻ ഓർക്കുകയാണ്. ഇന്ത്യൻ റെയിൽവേ സർവീസ് കമ്മീഷന്റെ ഒരു ജോലിക്കായുള്ള പരീക്ഷ എഴുതാൻ ഞാൻ കൊല്ലത്തെത്തി ഒരു ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടലിന്റെ തൊട്ടടുത്തുള്ള തിയേറ്ററിൽ. ശകുന്തള എന്ന സിനിമ തകർത്തു കളിക്കുന്നു. ഹോട്ടലിൽ കുത്തിയിരുന്ന് പിറ്റേന്ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് പഠിക്കുന്നതിന് പകരം ഞാൻ ശകുന്തള സിനിമ കാണാനാണ് പോയത്. സിനിമയിൽ ദുഷ്യന്തൻ ആയിട്ട് പ്രേംനസീറും, ശകുന്തള ആയിട്ട് കെ ആർ വിജയായും അഭിനയിക്കുന്നു.പാട്ടിനു മുമ്പ് ഞാൻ പറയട്ടെ. പിറ്റേന്ന് ഞാൻ എഴുതിയ റെയിൽവേ സർവീസ് കമ്മീഷനിൽ ഞാൻ വിജയിച്ചു. അതിൽ എനിക്ക് ജോലിയും കിട്ടി. അമേരിക്കയിൽ വരുന്നതിന് മുമ്പ് 10 വർഷക്കാലം തമിഴ്നാട്ടിലും കർണാടകയിലും ആയി ഇന്ത്യൻ റെയിൽവേയിൽ ഞാൻ ജോലിയും ചെയ്തു. ഇതാ സൂചിപ്പിച്ച ആ ഗാനം

മാനേ പുള്ളിമാനേ നീ മാലിനീ തീരത്ത് തേടുവതാരേ

മാനേ പുള്ളിമാനേഎങ്ങുപോയോമനേ

യേശുദാസ് പാടി, വയലാർ – ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന പ്രശസ്തമായ ‘അൾത്താര’ നാടകത്തിലെ ഗാനത്തിന്റെ വരികൾ താഴെ പറയുന്നനാടകം അൾത്താര, ഗാനരചന വയലാർ രാമവർമ്മ, സംഗീതം ജി ദേവരാജൻ

വർണ്ണ പുഷ്പങ്ങളാൽ, അലങ്കൃതമായ അതിമനോഹരമായ ഒരു പന്തൽ. ആ പന്തലിന്റെ പേര് തന്നെ ചക്കരപ്പന്തൽ എന്നാണ്. പന്തലിന്റെ മേലെതട്ടിൽ നിന്ന് പൊഴിയുന്നത് തേൻ മഴയാണുതാനും. അവിടെ ആ സ്വർണ്ണ സിംഹാസനത്തിൽ ആസനസ്ഥനായി ഇരിക്കുന്നത് അതീവ സുന്ദരനായ രാജകുമാരനാണ്. അദ്ദേഹത്തിൻറെ രാജകുമാരി ആയിട്ട് വരാനുള്ള മോഹം അല്ലെങ്കിൽ സൗഭാഗ്യം സ്വപ്നം കണ്ടുകൊണ്ട് കഥയിലെ നായിക പാടുകയാണ്.

ചക്കരപന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ

നിൻ മനോരാജ്യത്തെ രാജകുമാരിയായി വന്നുനിൽക്കാനൊരു മോഹം

കതിരുകാണാക്കിളി

Music: ജി ദേവരാജൻ

Lyricist: വയലാർ രാമവർമ്മ

Singer: എ പി കോമള…

തുമ്പപ്പൂ പെയ്യണ പൂനിലാവേ – ഏന് നെഞ്ചിനെറയണ പൂക്കിനാവേ എത്തറനാള് കൊതിച്ചിരുന്ന് – നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് – നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന്

എത്ര മനോഹരമായ, നമ്മുടെ മനസ്സിനെയും ഹൃദയത്തെയും പുളകം ചാർത്തുന്ന എന്നാൽ വളരെ ലളിതമായ ഒരു ഒരു ഗാനം. എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഗാനം.

രണ്ടിടങ്ങഴി എന്ന നാടകത്തിൽ തിരുനൈനാർ കുറിച്ചി എഴുതിയ ഗാനം കമുകറ പുരുഷോത്തമനും കെപിഎസി ലളിതയും പാടി

——————————————————————————————

ആകാശത്തിലെ പറവകളെ കാണുമ്പോൾ നമുക്ക് അസൂയ തോന്നാറുണ്ട്. അവർക്ക് നാളെ പറ്റി ചിന്തിച്ച് മനസ്സ് പുണ്ണാക്കേണ്ടതില്ല. അവർക്ക് വിതയ്ക്കേണ്ടതില്ല കൊയ്യേണ്ടത് ഇല്ല. എങ്കിലും ചില പറവകൾ കിളികൾ സ്വന്തമായി വീടുകൾ വയ്ക്കാറുണ്ട്. പക്ഷേ അത് മരക്കൊമ്പിലോ പൂമരക്കൊമ്പിലോ മറ്റോ ആയിരിക്കും എന്ന് മാത്രം.

പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ…

നാടകം സ്വർഗം നാണിക്കുന്നു, എഴുതിയത് വയലാർ രാമവർമ്മ, സംവിധാനം എൽ പി ആർ വർമ്മ, പാടിയതും എൽ പി ആർ വർമ്മ

ഇന്നത്തെ മാതിരി, വാട്ടർ പൈപ്പും, വാട്ടർ അതോറിറ്റിയും ഒന്നുമില്ലാതിരുന്ന കാലത്ത് സുന്ദരിമാരായ പെൺകൊടിമാർ മൺകുടം തലയിൽ ചുവന്നോ, അല്ലെങ്കിൽ ഒരു കൈ കൊണ്ട് എളിയിൽ താങ്ങിയോ നദിയിൽ നിന്നും കുളത്തിൽ നിന്നും മറ്റും വെള്ളമെടുത്തു കൊണ്ടുവരുന്നത് പല പുരുഷ പുങ്കുവന്മാർക്കും മറ്റും കണ്ണീനു കർപ്പൂരം ആകുന്ന കാഴ്ചയായിരുന്നു.

ഗായകൻ കെ എസ് ജോർജ് പാടുകയാണ്

വെണ്ണിലാ ചോലയിലെ വെണ്ണക്കൽ പടവുങ്കൽ

ഒരു പെണ്ണ് വന്നു മൺകുടമേന്തി ഒരു പെണ്ണ് വന്നു.

പാടിയത് കെ എസ് ജോർജ്

നാടകം : ഡോക്ടർ ഗാനരചന : ഓ എൻ വി കുറുപ്പ് ഈണം : ജി ദേവരാജൻ ആലാപനം : ജി ദേവരാജൻ

‘അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്’ എന്നത് മുടിയനായ പുത്രൻ എന്ന നാടകത്തിലെ പ്രശസ്തമായ ഒരു വരിയാണ്. ഒ.എൻ.വി. കുറുപ്പ് എഴുതി ജി. ദേവരാജൻ സംഗീതം നൽകി കെ.പി.എ.സി. സുലോചന പാടിയ ഈ ഗാനത്തിന്റെ വരികൾ.

നാടകത്തിൽ ഒരു കഥാപാത്രം. പാവപ്പെട്ട വീട്ടിലെ കൊച്ചു പെൺകുട്ടി, കുടിലിലെ മുറ്റത്തുനിന്ന് ആകാശത്തെ, ചന്ദ്രനെ- അമ്പിളി അമ്മാവനെ നോക്കി തേങ്ങിക്കൊണ്ട് പാടുകയാണ്.

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം

പായസച്ചോറു വേണ്ടാല്‍ ഞങ്ങള് പാടിയുറക്കുമല്ലോ

അവർ സാമ്പത്തികമായി വളരെ താഴേക്കിടയിൽ ഉള്ളവരാണെങ്കിലും ഉള്ളത് ഷെയർ ചെയ്യാനുള്ള ആ സന്നദ്ധത, ആ മഹാമനസ്കതയ്ക്ക് മുമ്പിൽ നമ്മളുടെ എല്ലാം ശിരസ് താഴ്ന്നു പോകും.

പ്രശസ്തമായ മലയാള നാടകഗാനമായ “പൊന്നരിവാൾ അമ്പിളിയിൽ കണ്ണറിയുന്നോളേ” ഒ.എൻ.വി. കുറുപ്പ് എഴുതി ജി. ദേവരാജൻ സംഗീതം നൽകിയതാണ്. കെ.പി.എ.സി. നാടകങ്ങളിലൂടെ

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ ആമരത്തിന്‍ പൂന്തണലില്‌ വാടിനില്‍ക്കുന്നോളേ വാടി നില്‍ക്കുന്നോളേ..(പൊന്നരിവാള….

നാടകം നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി: പാടിയത് കെ എസ് ജോർജ്, കെ പി എ സി സുലോചന.

പകലന്തിയോളം പാടത്ത് പണിയെടുക്കുന്ന, രക്തം വിയർപ്പാക്കി മാറ്റുന്ന, വെറും തുച്ഛമായ കൂലി മാത്രം കൈപ്പറ്റുന്ന തൊഴിലാളികൾ പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികൾ, അവരുടെ അവസ്ഥയും, ആവേശവും, ഹൃദയത്തുടിപ്പുകളും, കേരളത്തിലെ കഷ്ടപ്പെടുന്നവർക്കും, അടിച്ചമർത്തപ്പെടുന്നവർക്കും, ഒരു പുതിയ ആകാശവും പുതിയ ഭൂമിയും നൽകി എന്ന് തന്നെ പറയാം.

1956-ൽ പുറത്തിറങ്ങിയ ‘മുടിയനായ പുത്രൻ’ എന്ന സിനിമയിലെ ‘ചെപ്പു കിലുക്കണ ചങ്ങാതീ’ എന്ന ഗാനത്തിന്റെ വരികൾ താഴെ പറയുന്ന

ചെപ്പു കിലുക്കണ ചങ്ങാതി

Music: ജി ദേവരാജൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ പി എ സി സുലോചന

Film/album: മുടിയനായ പുത്രൻ (നാടകം )

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ

ചെപ്പു തുറന്നൊന്നു കാട്ടൂലെ

മിന്നണതെന്താണയ്യയ്യാ നല്ല

കുന്നിക്കുരുമണി പൊന്‍ മാലാ

പല കുടുംബത്തിലും, കുടുംബത്തെ തന്നെ നശിപ്പിക്കുന്ന മുടിയന്മാരായ പുത്രന്മാർ ഉണ്ട്. പുത്രിമാരും കണ്ടേക്കാം എന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ മേൽപ്പറഞ്ഞ ആ ഗാനം വളരെയധികം വൈശ്യ സുന്ദരമാണ്. ഇതിലെ വരികൾ നമ്മുടെയൊക്കെ ഹൃദയത്തെ തൊട്ടുണർത്തുന്നവയാണ്.

വീണ്ടും, ഇതാ ഈ മുടിയനായ പുത്രൻ നമ്മളെ വിടുന്നില്ല. നമ്മുടെ മനസ്സിലും ഹൃദയത്തിലും, തേൻ മഴയും പൂമഴയും വർഷിച്ചുകൊണ്ട്, ഒരു മാസ്മരിക കുളിർകാറ്റും തെന്നലുമായി നമ്മളെ തൊട്ടു തലോടുന്ന അഗാനം.

ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും തെന്നലേ തെന്നലേ അല്ലിമലര്‍ക്കാവുകളില്‍

വള്ളികളിലൂയലാടും തെന്നലേ തെന്നലേ

മുടിയനായ പുത്രൻ, കെ എസ് ജോർജ്, ജി ദേവരാജൻ, ഒ എൻ വി,

വാത്സല്യത്തോടെ സ്നേഹത്തോടെ തഴുകി തലോടുന്ന, മധുരിക്കുന്ന ഓർമ്മകൾ ഇവിടെ അവതരിപ്പിക്കാൻ അവസരം തന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയോടും, ക്ഷമയോടെ കണ്ടു കേട്ടിരുന്ന മാന്യ സദസ്സിനോടും നന്ദി.

എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com