‘’എനിക്ക് ഒരിക്കല്‍ കൂടി കൃഷ്ണയെ കാണമെന്നു തോന്നി.
എൻ്റെ മൂന്നിൽ, ജീവനില്ലാത്ത കൃഷ്‌ണയ്ക്ക് പകരം, ഞാനാരാധിച്ചിരുന്ന ഒരു ശില്‌പം പോലെ സുന്ദരിയായ കൃഷ്‌ണ. കാമം പൂക്കുന്ന കണ്ണുകളുമായി ചിരിച്ചുകൊണ്ട് നിൽക്കുന്നത് പോലെ എനിക്ക് തോന്നി.
അരണ്ട വെളിച്ചത്തിൽ കൃഷ്‌ണയുടെ മുഖം ഞാൻ കണ്ടു. എന്നെ ഞാനല്ലാതാക്കിയ അവളോടുള്ള അമർഷമോ, രതിഭാവങ്ങളുടെ മോഹനഭാവം മൂർദ്ധാവിലൊളിപ്പിച്ച്, മോഹിപ്പിക്കുന്ന വശ്യതയോടെ എന്നെ ഒരിക്കൽക്കൂടി അവളിലേക്കാഴ്ന്നിറങ്ങാൻ ക്ഷണിച്ചത് പോലെ തോന്നിയത് കൊണ്ടോ… അറിയില്ല..
അവളുടെ മുഖത്ത് കാമം പൂത്തിരി കത്തിച്ചിരുന്നു. അതിന്‍റെ കിരണങ്ങൾ എന്നിലെ പുരുഷനെ ചുറ്റിവരിഞ്ഞതുപോലെ തോന്നിയ ഒരു നിമിഷം ഞാനും അവളുടെ ചൂടു മാറാത്ത ജീവനറ്റ ശരീരവും ഒന്നായിത്തീർന്നു. ആദ്യമായി ഞാനറിഞ്ഞ ജീവനുള്ള പെണ്ണും അവളായിരുന്നു..
ഞാനവളെ പ്രാപിച്ചു. പ്രതികാരമോ, കാമമോ… എന്തായിരുന്നു എന്നിലെന്നറിയില്ല… എന്നിലെ മനുഷ്യൻ അവിടെ മരിച്ചു പോയിരുന്നു … ഒന്നിനും എനിക്ക് വ്യക്തതയില്ല.. ഒന്നിനും ഉത്തരവുമില്ല.. ”

ലാലിമയുടെ മോക്ഷം പൂക്കുന്ന താഴ്വരയിലെ ആറാം ഭാഗമായ “ഇരട്ടമുഖം” അനുവാചകഹൃദയത്തെ ആഴത്തിൽ പിടിച്ചുലയ്ക്കുന്ന വായനാനുഭവമാണിത്. മനുഷ്യജീവിതത്തിന്‍റെ സങ്കീർണതകളെയും മനസ്സിന്‍റെ അഗാധമായ ഇരുണ്ട ഇടങ്ങളെയും കുറിച്ചുള്ള തീക്ഷ്ണമായ ആത്മവിചാരമാണ്. “ഇരട്ടമുഖം” വായനക്കാരനെ ഞെട്ടിക്കുക മാത്രമല്ല, വായന അവസാനിച്ച ശേഷവും ഏറെ നേരം ഉള്ളിൽ വിങ്ങിനിൽക്കുന്ന അനുഭവമായി മാറുകയും ചെയ്യുന്നു.
മോക്ഷം പൂക്കുന്ന താഴ്വര യഥാർത്ഥത്തിൽ മനുഷ്യഹൃദയങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണ്. ആ യാത്രയിൽ ഓരോ കഥാപാത്രവും ഓരോ മുറിവാണ്; ഓരോ അനുഭവവും മനുഷ്യാവസ്ഥയുടെ മറ്റൊരു മുഖം തുറന്നുകാട്ടുന്ന കണ്ണാടിയാണ്.
സന്ധ്യയെ വാരിയണിഞ്ഞു നിൽക്കുന്ന ഹിമകൂടത്തിന്‍റെ ദൃശ്യം പോലെ അത്രമേൽ ഏകാന്തതയും ആനന്ദകരമായ വേദനയും ഈ നോവലിലെ മനുഷ്യകഥ നൽകുന്നുണ്ട്. മലയാളത്തെ കവർന്നുനിൽക്കുന്ന ഒരു ഭാരതീയഭാവം ഈ രചനയ്ക്കുണ്ട്. മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്‍റെ മുഴക്കം കേൾക്കുന്നതുപോലെ ഒരനുഭവം മോക്ഷംപൂക്കുന്ന താഴ്വരയുടെ വായന നൽകുന്നുണ്ട്.
മനസ്സിൽ കുരുക്കുന്ന കഥാപാത്രങ്ങളുടെ സൃഷ്ടിയിലേക്ക് മാനുഷിക ചിന്തകൾക്കതീതമായി സംഭവിക്കപ്പെടുന്ന കാൽപ്പനിക ഭാവങ്ങളെ യുക്തിഭദ്രമായി കൂട്ടി യോജിപ്പിച്ചെടുക്കുമ്പോൾ സൃഷ്ടിയുടെ മൂല്യം ഉയരണമെങ്കിൽ അതിന് ആ സൃഷ്ടികർത്താവിൻ്റെ കൈയ്യടക്കവും ചാരുതയുമുള്ള ശൈലിയും അത്യന്താപേക്ഷിതമാണ്.
അനാഥത്വത്തിൻ്റെ മാനസിക വ്യവഹാരങ്ങൾ അനുവാചക സമക്ഷം യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിനായി ‘അമാല്‍ എന്ന കഥാപാത്രത്തിലൂടെ സൃഷ്ടികർത്താവിനു കഴിഞ്ഞു. “ദീപു ഡോക്ടർ’ എന്ന കഥാപാത്രത്തിലൂടെ തൻ്റേതല്ലാത്ത കാരണങ്ങളാൽ ജീവിതവൈകല്യങ്ങളുടെ ബലിയാടാകേണ്ടി വരുന്ന ജരവസ്ഥയെ മികവുറ്റ രീതിയിലെഴുതി ഫലിപ്പിക്കുന്നതിനും കഥാകാരിയ്ക്ക് കഴിഞ്ഞു.കരൾ പറിച്ചെടുത്തുകാട്ടുന്ന ആത്മാർത്ഥതയോടെയും തീവ്രതയോടെയും കഥാകാരിയായ ലാലി രംഗനാഥ് കഥയുടെ ആത്മാവിലേക്കു നേരെ കടന്നുചെല്ലുകയും നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
“മോക്ഷം പൂക്കുന്ന താഴ് വര’ എന്ന നോവലിന്‍റെ വായനാ നുഭവം ഇത്തരത്തിലുള്ള ഒരു അനുഭവവേദ്യത അനുവാചകരിലെത്തിക്കുന്നുണ്ടെന്നത് കഥാകാരിയുടെ വിജയം തന്നെയാണ്. കൈവിരൽത്തുമ്പിലുതിരുന്ന അക്ഷരങ്ങളിലൂടെ തൻ്റെ മനസ്സിലൊഴുകുന്ന ഭാവനയെ ചടുല ഭാഷയിൽ വായനയുടെ ഇമ്പമേറ്റിക്കൊണ്ട് ഏഴുതിപ്പോകുന്ന ഒരു ശൈലിയാണ് ലാലി രംഗനാഥിൻ്റേത്.

മുൻവിധികളില്ലാതെ താനേ വാർന്നു വീഴുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തിലുള്ളതാണ് ലാലി രംഗനാഥിൻ്റെ കഥയും കഥാപാത്രങ്ങളും.
സത്യസന്ധത അതിന്‍റെ മുഖമുദ്രയായി നമുക്കനുഭവപ്പെടുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ അസാധാരണത്വം, മൊത്തത്തിൽ പാലിക്കുന്ന മിതത്വം, കഥപറയുന്നതിൽ തെളിയുന്ന നിസ്സംഗത എന്നിവ ഈ കഥാകാരിയുടെ നോവലിന് കൂടുതൽ കരുത്തു നൽകുന്നു. പ്രത്യേക രീതിയിലുള്ള മാനസികാവസ്ഥകളാണ് ഓരോ കഥാപാത്രവും നമ്മെ അനുഭവിപ്പിക്കുന്നത്.
നായകനായ ദീപുവിന്‍റെ ജീവിതവഴികളിലെല്ലാം ഒരു ഭീതിജനകവും അസാധാരണവുമായ മാനസികാവസ്ഥ കാണാന്‍ കഴിയും, നോവലിന്‍റെ ആറാം ഭാഗത്തിലെ ഇരട്ടമുഖം അക്ഷരാര്‍ത്ഥത്തില്‍ അനുവാചകനെ ഭീതിയുടെ താഴ്വരയിലേക്ക് വലിച്ചെറിയും. വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ശവഭോഗം എന്ന ഹീനകര്‍മ്മം തന്‍റെ മുന്‍കാമുകിയായ കൃഷ്ണയുടെ ജീവനറ്റശരീരത്തില്‍ ചെയ്യുന്ന ദീപു അനുവാചകമനസ്സില്‍ ഒരു നടുക്കമാവുന്നുണ്ട്. ഈ സംഭവം നോവലില്‍ ഉപയോഗിച്ചതിനെക്കുറിച്ട് നോവലിസ്റ്റിന്‍റെ വിശദീകരണം –
മൂന്ന് വർഷം മുൻപ് ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു കാര്യമാണ് ശവഭോഗം എന്നൊരു നീച പ്രവർത്തിയെക്കുറിച്ച്. അവന്‍റെ കസിൻ ഒരു ഡോക്ടർ മദ്യം കഴിച്ചിരുന്നപ്പോൾ പറഞ്ഞത്രേ അയാൾ അതനുഭവിച്ചിട്ടുണ്ടെന്നും അതിസുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു അതെന്നും മറ്റും.. എനിക്ക് കേട്ടറിവ് പോലുമില്ലാതിരുന്ന ഇക്കാര്യം ഫ്രണ്ട് ഉറപ്പിച്ചു പറഞ്ഞപ്പോൾ മനസ്സിൽ തോന്നിയതാണ് ഈ നോവൽ.
പക്ഷേ സ്വബോധത്തോടെ ഒരാൾ ഇത് ചെയ്യില്ല എന്ന വിശ്വാസത്തിൽ നിന്നാണ് ദീപു രൂപം കൊണ്ടത്. ഒരിക്കലും എന്‍റെ കഥാപാത്രം ഒരു നീചനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.. ആ ചിന്തകളാണ് മോക്ഷം പൂക്കുന്ന താഴ്വര.
വായന കഴിഞ്ഞ് പുസ്തകമടച്ചാലും കഥാപാത്രങ്ങൾ മനസ്സിൽ നിന്ന് ഇറങ്ങിപ്പോകുന്നില്ല; അവരുടെ മുറിവുകളും വീഴ്ചകളും നിശ്ശബ്ദ നിലവിളികളും വായനക്കാരന്‍റെ ഉള്ളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. അതാണ് ഈ കൃതിയുടെ ഏറ്റവും വലിയ കലാസാഫല്യവും മറക്കാനാവാത്ത വായനാനുഭവവും.




👌