Sunday, June 7, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ... ' സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ' (7)

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ… ‘ സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ’ (7)

കടവീഥി

വാളയാറിന്നപ്പുത്താണ് കഞ്ചിക്കോട് . കഞ്ചിക്കോട്ടുനിന്നു റെയിൽവേ ജോലിതേടി വന്ന രാമൻകുട്ടിക്ക് ആരോഗ്യം മോശമായിരുന്നു. കഠിനമായ ജോലികൾ ഒന്നും അയാളെക്കൊണ്ട് എടുക്കാൻ പറ്റിയില്ല . എന്നിട്ടും അയാൾ പലയിടത്തും കാത്തുനിന്നു. പലരോടും യാചിച്ചു . പല പണിക്കും ആവശ്യപ്പെടാതെയും ഒപ്പം നിന്നു.

“നീങ്ക പാലക്കാട്ട് പക്കത്തിലിരിന്ത് വന്ത് നായർ താനെ ? ഒരു കടൈ ആരംഭിയുങ്കെ. ഒരു ടീക്കടൈ. എങ്കൾക്കെല്ലാം ടീ സപ്ലൈ പണ്ണ്ങ്കെ.”

ജോലിക്കാരെ നിയന്ത്രിച്ചിരുന്ന ഒരു മേസ്ത്രിയാണ് ഇങ്ങനെ സൂചിപ്പിച്ചത്. ചിലരുടെ നാക്ക് പൊന്നാവുമെന്നും വാക്ക് നടക്കുമെന്നും പൊതുവിശ്വാസം.

രാമൻകുട്ടി കട തുടങ്ങിയത് പെട്ടെന്നായിരുന്നു. നാലുകാലിൽ ഒരു ഓലപ്പുര. ചെറിയതോതിൽ ഒരടുപ്പും നാലുപാത്രങ്ങളും. വരുന്നവർക്ക് ഇരിക്കാൻ ബെഞ്ചും കസേരയും ഇല്ല. പലരും നിന്നാണ് ചായകുടിച്ചത്. ചായപ്പാത്രത്തിൽ ചായയുമായി രാമൻകുട്ടി പണിസ്ഥലത്ത് എത്തി. വെയിലത്ത് പണിയെടുക്കുന്നവർക്ക് രാമൻകുട്ടിയുടെ ചുടുചായ ഒരാശ്വാസമായി.
“കൊഞ്ചം കൂടെ കടുപ്പം വേണും”
ഒരാൾ നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ തുടർന്നു. ചായക്കട വളർന്നുകൊണ്ടിരുന്നു.

വാളയാറിനപ്പുറത്തുനിന്നു വരുന്നവരെല്ലാം തമിഴന്മാർക്ക് നായരാണ്. അവർക്ക് അങ്ങനെയൊരു ജാതിയെക്കുറിച്ച് മാത്രമേ അറിവുള്ളു.
രാമൻകുട്ടി, രാമൻകുട്ടിനായരായി അറിയപ്പെട്ടു. കട നാട്ടിൽ സംസാരവിഷയമായി. അങ്ങനെ അതൊരു വീഥിയായി മാറിയപ്പോൾ അത് കടവീഥിയായി. അപ്പുറത്തും ഇപ്പുറത്തും കടകൾ വന്നു. കടകൾ ഹോട്ടലുകൾ ആയി. സാന്തന്നൂരിലെ ആദ്യത്തെ കടവീഥി കടൈവീതിയായി നീളവും വീതിയും കൂടി

രാമൻകുട്ടി കഞ്ചിക്കോട്ട് നിന്ന് ഭാര്യയെയും മകനെയും സാന്തനൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചായഉണ്ടാക്കാനും കൊണ്ടുനടന്ന് ആവശ്യക്കാർക്ക് എത്തിക്കാനും ഭാര്യയും മകനും സഹായിച്ചു. വരുമാനം വർദ്ധിച്ചപ്പോൾ കടയുടെ രൂപഘടന മാറി. താമസിയാതെ അപ്പുറത്തും ഇപ്പുറത്തും പുതിയ കടകളും കച്ചവടവും തുടങ്ങി. സാന്തന്നൂർ കടൈവീതി വളർന്നുകൊണ്ടേയിരുന്നു.

സായിപ്പന്മാരുടെ ബംഗ്ലാവുകളിലും കൗണ്ടർമാരുടെയും ചെട്ടിയാർമാരുടെയും വീടുകളിലും മാത്രമേ അന്ന് ഇരിക്കുവാനുള്ള കസേരകളും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മേശകളും ഉണ്ടായിരുന്നുള്ളൂ.

റെയിൽവേയുടെ പണി കാണാൻ വന്ന പെരിയമുത്തുച്ചാമിക്കൗണ്ടർ ഒരു ദിവസം നായരുടെ കടയിൽ എത്തി
“കൗണ്ടറയ്യാ , വാങ്ക. അയ്യാ ഉക്കാരുങ്കോന്ന് സൊല്ലറുതുക്ക് ഒന്നുമേ ഇല്ലയേ”
നായർ വളരെ ആദരവോടെ കയ്യും തലയും ആട്ടിക്കൊണ്ടുനിന്നു.
“പറവായില്ലൈ. നല്ല ഉഷാറാ ഒരു ചായയെട് ”
കൗണ്ടർ ചായ നിന്നുകൊണ്ട് കുടിച്ചു. മടിശ്ശീലയിൽനിന്ന് മുക്കാലുകളും അണകളും തിരയുന്നതിനിടയിൽ നായർ പറഞ്ഞു
“അയ്യാ നീങ്ക വന്നതേ എനക്ക് പെരുമൈ. നീങ്ക അടിക്കടി വന്ത് പോകറത് എനിക്ക് സന്തോഷം”
കൗണ്ടർ മീശ പിരിച്ചുകൊണ്ട് തിരിച്ചു നടന്നു. ഗ്രൗണ്ടറുടെ കൂടെ വന്ന ഒത്താശക്കാർക്കും രാമൻകുട്ടി ചായ കൊടുത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നായരുടെ കടയിലേക്ക് നാലഞ്ച് പഴയ കസേരകളുമായി അവർ തിരിച്ചെത്തി
“എല്ലാം കൗണ്ടർ അയ്യാ കൊടുത്തനപ്പിയതാക്കും. ഉങ്ക കടയ്ക്കാക. ”
“അയ്യാവോടെ പെരിയ മനസ്സ് ”
നായർ എല്ലാവർക്കും നമസ്കാരം പറഞ്ഞു.

നായരുടെ കടൈവീതി സാന്തന്നൂരിൻ്റെ വരലാറിൽ (ചരിത്രത്തിൽ) ഒരു നാഴികക്കല്ലായി മാറി.
പിന്നെ സാധാരണക്കാരുടെ ഒപ്പം കൗണ്ടർമാരും ചെട്ടിയാർമാരും കടയിൽവന്ന് ചായ കുടിക്കാൻ തുടങ്ങി. താമസിയാതെ സായിപ്പന്മാരും തിരക്കുകൾക്കിടയിൽ നായരുടെ കടയിൽ ചായ കുടിക്കാൻ എത്തി. നായരുടെ കടയോടൊപ്പം കടൈവീതിയും വലുതായി. അത് വടക്ക് ആറ്റുപ്പാലം വരെ നീണ്ടു. അപ്പോഴേക്കും രണ്ടു ഭാഗത്തും ധാരാളം കടകൾ ഉയർന്നു. കടകൾക്കപ്പുറത്ത് കരുമ്പിൻതോപ്പുകൾ . കിഴക്ക് ഭാഗത്ത് പരുത്തിയും മൾബറിയും വളർന്നു തുടങ്ങി. അവയ്ക്കിടയിലൂടെ നൊയ്യാർ പാട്ടുപാടി വയലുകളേയും തോപ്പുകളേയും തഴുകിക്കൊണ്ട് ഒഴുകി.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com