പാരിപ്പള്ളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ലഹരി വേട്ട. ബെംഗളൂരുവിൽ നിന്നും വലിയ തോതിൽ എം.ഡി.എം.എ ഉൾപ്പടെയുള്ള മയക്ക് മരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ച് കച്ചവടം നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി.
ചിറക്കരത്താഴം ഇടവട്ടം രാഹുൽ നിവാസിൽ രാഹുൽ രാജ്(32) ആണ് അറസ്റ്റിലായത്. ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂർ, മേഖലകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിവന്ന ആളാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇയാളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 51.590 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ ഇതുവരെ 116.26ഗ്രാം എംഡിഎംഎ ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തിന്റെ ശ്രമഫലമായി പിടികൂടിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവന്ന ഡാൻസാഫ് സംഘം ഇന്നലെ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ചിറക്കരത്താഴം വാഴവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാഹുൽ രാജ് പിടിയിലായത്.
ആഡംബര ജീവിതം നയിക്കുന്നതിനായി ബെംഗളൂരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മയക്ക് മരുന്ന് വാങ്ങി പാരിപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉയർന്ന വിലയിൽ വിൽപന നടത്തി വരികയായിരുന്നു പ്രതി.
ഡാൻസാഫ് എസ്.ഐ മാരായ ഗോപകുമാർ, സായ്‌സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പാരിപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ സുജിത്ത് പി.എസ്, എസ്.ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.



