ഇറാനെതിരായ ആക്രമണം തത്ക്കാലത്തേക്ക് നിർത്തിയെന്ന് ഇസ്രയേൽ. ആക്രമണം ഇപ്പോൾ നിർത്തിവയ്ക്കുകയാണെന്നും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയെ പിടിച്ചുലച്ച സംഘർഷത്തിൽ സമാധാനത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്.
വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം. ലെബനോൻ തലസ്ഥാനം ബെയ്റൂത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിനാണ് ഇറാന്റെ മറുപടി. മണിക്കൂറുകൾക്കുള്ളിൽ തലസ്ഥാനം ടെഹ്റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ ഇസ്രയേലും തിരിച്ചടിച്ചു. ഇറാനെതിരെ പ്രത്യാക്രമണം വേണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ആക്രമണമുണ്ടായത്.
ലെബനോനിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തേയും ട്രംപ് വിമർശിച്ചിരുന്നു. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭായോഗം വിളിച്ചു. പിന്നാലെ, താത്ക്കാലികമായി വെടിനിർത്തുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ലെബനോണിൽ ആക്രമണം തുടർന്നാൽ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.



