ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച മലയാളി യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു സനുക്കുട്ടന്റെയും മാവേലിക്കര സ്വദേശിനി ഹരീഷ്‌മയുടെയും (27) വിവാഹം. മൂന്ന് മാസം ഗർഭിണിയായിരുന്ന ഹരീഷ്‌മയെ കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഭാര്യയുടെ മരണവിവരമറിഞ്ഞ് ദോഹയിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ സനുക്കുട്ടൻ, പിന്നീട് നെടുമ്പാശേരിയിലേക്ക് വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹശേഷം സനുക്കുട്ടൻ ഹരീഷ്‌മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഗാർഹിക പീഡനമാണ് മരണകാരണമെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സനുക്കുട്ടന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.



