മലപ്പുറം: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. താനൊരു അധ്യാപകനാണെന്നും, ആ ശീലത്തിന്റെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വെച്ച് കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണയാണെന്നും, അത് വേദനിപ്പിക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഈ വിഷയത്തിൽ അപമാനം തോന്നിയിട്ടുണ്ടെങ്കിൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് ജലീൽ വ്യക്തമാക്കി.
വിദ്യാർഥികളിൽ പൊതുവായന കുറവാണെന്നും പാഠപുസ്തകങ്ങൾക്ക് അപ്പുറം ഒന്നും വായിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളം ചെറുകഥ പോലും വിദ്യാര്‍ത്ഥികള്‍ വായിച്ചിട്ടില്ലെന്ന് മനസ്സിലായി. വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടിയില്‍ സദസ്സിനെ കൂടി പരിപാടിയുടെ ഭാഗമാക്കുന്നത് എന്റെ രീതിയാണ്’, കെ ടി ജലീല്‍ പറഞ്ഞു.
ഒരു അധ്യാപകന് എങ്ങനെയാണോ അവരോട് കാര്യങ്ങള്‍ പറയുന്നത് അങ്ങനെയാണ് സംസാരിച്ചതെന്നും കെ ടി ജലീല്‍ പറഞ്ഞു. കേരളത്തെ ‘കാരളം’ എന്ന് എഴുതിയതും സംഖ്യകൾ തെറ്റിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി, പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരത്ത തകർച്ചയെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ഉൾപ്പെടെ മുതിർന്ന നേതാക്കൾ വരുത്തുന്ന അക്ഷരത്തെറ്റുകൾ ഇതേ വിദ്യാഭ്യാസ നിലവാരത്തിന്റെ ഭാഗമാണോയെന്നും അദ്ദേഹം പരിഹസിച്ചു. ‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേ മക്കളെ പറഞ്ഞയക്കാവൂ. അവിടെനിന്നാണ് മികച്ച വിദ്യാഭ്യാസം കിട്ടുന്നത്.
കേരളം എന്നത് കാരളം എന്നെഴുതിയത് പിണറായി സര്‍ക്കാര്‍ വന്നശേഷം സ്കൂളില്‍ പഠിച്ച വ്യക്തിയാണോ? ഒന്പതിനായിരത്തി മുന്നൂറ്റിമുപ്പത്തി രണ്ട് എന്നതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്നുപറഞ്ഞയാള്‍ നമ്മുടെ ഏതെങ്കിലും സ്കൂളില്‍ പത്തുവർഷത്തിനുള്ളില്‍ പഠിച്ച കുട്ടിയാണോ? തൊള്ളായിരത്തിപത്ത് എന്നതിന് പകരം തൊണ്ണൂറ്റിപത്ത് എന്ന് സഭയില്‍ പറഞ്ഞ വ്യക്തി പത്തുകൊല്ലം പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും പഠിച്ചുവന്ന വ്യക്തിയാണോ’ എന്നും കെ ടി ജലീല്‍ പരിഹസിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശകമ്മീഷന് കേസ് എടുത്ത് ജയിലില്‍ അടയ്ക്കട്ടെയെന്നും മുന്‍കൂര്‍ ജാമ്യത്തിന് പോകില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.



