തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നിന്ന് കേരളം പിന്മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള് നടപ്പാക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു.
കേരളത്തില്‍ അറബിക് ആന്‍ഡ് ഫോറിന് ലാംഗ്വേജ് സര്‍വകലാശാല സ്ഥാപിക്കുക, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നിലവിലുള്ളതിന് പുറമെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിച്ച് സര്‍ക്കാര്‍ കലണ്ടറില്‍ മുന്‍കൂട്ടി രേഖപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിച്ചിട്ടുണ്ട്.
പിഎം ശ്രീക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട്. അത് ആര്‍എസ് എസ് അജണ്ടയാണ്. കുട്ടികളെ അത് പഠിപ്പിച്ചാല്‍ നാട് കുട്ടിച്ചോറാകും. ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്സെയും മറ്റ് വരും. അത് നാടിനാപത്താണെന്ന് സര്‍ക്കാരിന് നേരത്തെ ബോധ്യമുള്ളതാണെന്നും അത് ഒരിക്കലും നടപ്പാക്കരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉമര്‍ ഫൈസി പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളില്‍ മുസ്ലീ പ്രാതിനിധ്യം വേണമെന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അതിന് അനുകൂലമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന് തൂഫാനെയും സമസ്ത നേതാക്കള്‍ പ്രശംസിച്ചു.



