അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് ഷെഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ രക്തം വാർന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാർ മൊഴി നല്‍കി.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



