ഒമാൻ തീരത്ത് വെച്ച് ജി എഫ് എസ് ഗാലക്സി എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി.
കപ്പലിൽ ഉണ്ടായിരുന്ന പതിനൊന്ന് ഇന്ത്യക്കാരിൽ പത്തുപേരെ ഒമാൻ അധികൃതരുടെ സഹായത്തോടെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഒരാളെ ഇനിയും കണ്ടെത്താനുണ്ട്.
അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി ഒമാൻ അധികൃതരുമായും കപ്പലിന്റെ മാനേജ്മെന്റുമായും ബന്ധപ്പെട്ട മറ്റ് പങ്കാളികളുമായും ഇന്ത്യൻ എംബസി നിരന്തരം ആശയവിനിമയം നടത്തി വരികയാണ്.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടരുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. നിലനിൽക്കുന്ന സംഘർഷങ്ങൾ ഉടൻ ലഘൂകരിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി വാണിജ്യ കപ്പലുകളുടെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്നും ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.



