വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെ വരിഞ്ഞുമുറുക്കാന്‍ വീണ്ടും അമേരിക്കന്‍ നീക്കം. ഇറാന്റെ ഫിനാന്‍ഷ്യല്‍ ഫെസിലിറ്റേറ്ററായ അലി അന്‍സാരിക്ക് എതിരെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദ ട്രെഷറീസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍(OFAC) നടപടി സ്വീകരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വീണ്ടും ആക്രമണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് OFACയുടെ ഔദ്യോഗിക വിശദീകരണം. ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമനയിക്കും മറ്റ് പ്രധാന നേതാക്കള്‍ക്കും ഫണ്ടിങ്ങ് നടത്തുന്ന, ലോകത്താകമാനം നിരവധി കമ്പനികളും സ്വത്തുകളും നിക്ഷേപങ്ങളും നിയന്ത്രിക്കുന്ന ഇറാന്റെ ഫിനാന്‍ഷ്യല്‍ മാനേജരാണ് അന്‍സാരി.
ഇറാന്റെ പൊതുമുതല്‍ അപഹരിച്ച്, വിദേശത്തേക്ക് എത്തിച്ച് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ബിസിനസുകള്‍ നടത്തുകയും ചെയ്യുന്ന അന്‍സാരി ഇതുവഴി ലഭിക്കുന്ന പണം ഇറാന്‍ ജനതയ്ക്ക് നല്‍കാതെ സ്വന്തം താത്പര്യങ്ങള്‍ക്കായും ഖമനയി, മറ്റ് പ്രധാന ഇറാൻ നേതാക്കൾ, ഐആര്‍ജിസി എന്നിവർക്കായി ഫണ്ട് ചെയ്യുകയാണെന്നാണ് യുഎസിന്റെ ആരോപണം. അന്‍സാരിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതിന് പുറമേ, ഉപരോധം നേരിടുന്ന ഇറാനിയന്‍ ബാങ്കുകള്‍ക്ക് വേണ്ടി വര്‍ഷാവര്‍ഷം കോടിക്കണക്കിന് ഡോളറുകള്‍ കൈമാറുന്ന മൂന്ന് ഇറാനിയന്‍ എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചതായി OFAC അറിയിച്ചിട്ടുണ്ട്.
ഈ കമ്പനികള്‍, ഷെല്‍ കമ്പനികളുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപണം. ഇറാന്റെ ജനതയ്ക്കായി ഈ ആസ്തികള്‍ സംരക്ഷിക്കുമെന്നും ഇറാന്റെ പ്രധാന നേതാക്കളെയെല്ലാം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നുമാണ് യുഎസ് ട്രഷറി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ദര്‍ബാനി ആന്‍ഡ് പാട്‌ണേഴ്‌സ്, ലാവാസാനി ആന്‍ഡ് പാട്‌ണേഴ്‌സ്, മൊഹ്‌സന്‍ ഖാന്‍ദാന്‍ ആന്‍ഡ് പാട്‌ണേഴ്‌സ് എന്നിവയാണ് നടപടി നേരിട്ട എക്‌സ്‌ചേഞ്ച് കമ്പനികൾ.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ഫിനാന്‍ഷ്യറാണ് അന്‍സാരി. ഇറാനിലെ പൊതുമുതല്‍ ജര്‍മനി, ല്കസംബര്‍ഗ്, സ്‌പെയിന്‍, ബ്രിട്ടന്‍, സൈപ്രസ്, യുഎഇ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും കൊമേഷ്യല്‍ പ്രോപ്പര്‍ട്ടികളിലും അന്‍സാരി നിക്ഷേപിച്ചുവെന്നും യുഎസ് ആരോപിക്കുന്നു. അന്‍സാരിയുമായി സഹകരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കും പൗരന്മാര്‍ക്കും എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും OFAC നല്‍കുന്നുണ്ട്. ഇത്തരം സാമ്പത്തിക ശൃംഖലകളെ ലക്ഷ്യമിട്ടതിലൂടെ യുഎസ് ഇറാന്‍ ഭരണകൂടത്തിന്റെ വിദേശ കറന്‍സിയുടെ ലഭ്യതയും അന്താരാഷ്ട്ര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശേഷിയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പുണ്ട്.
ഇത്തരം സാമ്പത്തിക ശൃംഖലകളെ ലക്ഷ്യമിട്ടതിലൂടെ ഇറാന്‍ ഭരണകൂടത്തിന്റെ വിദേശ കറന്‍സിയുടെ ലഭ്യതയും അന്താരാഷ്ട്ര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശേഷിയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിലൂടെ അറിയിച്ചത്.



