ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത ദക്ഷിണാഫ്രിക്കൻ മിഡ്ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു അദ്ദേഹത്തിന്. ലോകകപ്പിൽ കളിച്ചതിന് ശേഷം രണ്ടാഴ്ച തികയുന്നതിന് മുൻപാണ് ഈ വേർപാട് സംഭവിച്ചത്. മരണ കാരണം വ്യക്തമല്ല.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജെയ്ഡൻ ആഡംസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയിരുന്നു. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ താരം ഇടം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്
എന്നാൽ കാനഡയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് പകരക്കാരുടെ ബെഞ്ചിലായിരുന്നു ജെയ്ഡൻ ആഡംസ്. ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റ് പുറത്താവുകയായിരുന്നു.
പ്രമുഖ ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമെലോഡി സൺഡൗൺസിന്റെ മിഡ്ഫീൽഡറാണ് ജെയ്ഡൻ ആഡംസ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ലോകത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



