നിങ്ങൾ നാളെ ജീവിതത്തിലേക്ക് ഉണർന്നേക്കില്ല എന്ന് ഏകദേശം ഉറപ്പുള്ള ഒരു രാത്രിയിൽ, അന്നേരം നിദ്രയിലും നിശബ്ദതയിലും ആയിരിക്കുന്ന
അപരലോകത്തോട് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടാവുമൊ?
നിങ്ങൾക്കും നിങ്ങളോടും വളരെയേറെ പ്രിയമുള്ളവർ, നിങ്ങൾക്ക് മാത്രം പ്രിയപ്പെട്ടവർ, ഭാര്യ ,മക്കൾ, സഹോദരങ്ങൾ തുടങ്ങി ജൈവ ബന്ധമുള്ളവർ ,
അച്ഛൻ, അമ്മ, മുതിർന്നവർ, എന്നിങ്ങനെ സ്നേഹബഹുമാന വാത്സല്യങൾ നിറഞവർ,
നിങ്ങളുടെ എല്ലാരഹസ്യങളൂടേയും സൂക്ഷിപ്പുകാരനായ ആ തെമ്മാടി സുഹൃത്ത്,
പ്രണയമണിത്തൂവലുകൾ കൊണ്ട് നിന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന, കണ്ണുകൾ കൊണ്ട് ചിരിക്കുന്ന നിന്റെയാ പെൺകുട്ടി, നിന്നോട് അതിക്രൂരമായ വഞ്ചന ചെയ്തവർ, ഇവരോടൊക്കെയായി നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടാവുമോ..?
ഒരു ആത്മഹത്യക്കുറിപ്പിച്ചിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, ജീവിതം സ്വയം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരുവനേക്കുറിച്ചുമല്ല.
മറ്റൊരു തീരുമാനം സാധ്യമല്ലാത്തവണ്ണം മരണം വന്നു തൊടുന്നതിനേക്കുറിച്ച് ഒരു രാത്രി മുന്നേ അറിയിപ്പുകിട്ടുന്നു എന്ന ഒരു അസാധാരണ സംഭവത്തെയാണ് ഞാൻ വിഭാവന ചെതത്.
കിട്ടാൻ സാധ്യതയില്ലാത്ത ആ ഒരു സമയം കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് ലോകത്തോട് എന്ത് പറയാനുണ്ടാവും എന്നാണ്? അവരിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും കേൾക്കാൻ ആഗ്രഹമുണ്ടാകുമോ എന്നും?
മനുഷ്യർ പലതരമാണെന്നതിനാൽ പറയാനുള്ളതും വിത്യസ്ഥമായിരിക്കും എന്നറിയാം എങ്കിലും..
“കുറച്ചു കൂടി വേണമായിരുന്നു” എന്ന ഒരു ആമുഖത്തോടെയാവില്ലേ മനസിലെങ്കിലും നിങ്ങളത് തുടങ്ങുക?
‘വിചാരിച്ച പോലെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല’ എന്ന ഒരു കുറ്റബോധത്തോടെയല്ലേ നമ്മളത് തുടങ്ങുക?
ആരോഗ്യവാനും, സർവ്വ സ്വതന്ത്രനുമായിരുന്ന കാലത്ത് ഒന്നും ചെയ്യാതെ അലസമിരുന്ന് തീർത്ത സമയത്തെ കണക്കിലെടുക്കാതെ
‘തിരക്കിനിടയിൽ ഒന്നിനും സമയം കിട്ടിയില്ല ‘ എന്ന് നിങ്ങൾ സ്വയം നെടുവീർപ്പിടുകയെങ്കിലും ചെയ്യില്ലേ?
ഇതുവരെ ജീവിപ്പിച്ചതിന് , അതിൽ തന്ന സൗഭാഗ്യങ്ങൾക്ക്, നിങ്ങളിൽ ചൊരിയപ്പെട്ട സ്നേഹത്തിന് ലോകത്തോട് നന്ദി പറഞ്ഞു കൊണ്ടാകുമോ അല്ലെങ്കിൽ നമ്മളത് തുടങ്ങുക..?
ചെയ്ത എല്ലാതെറ്റുകളിലും കുമ്പസരിച്ചുകൊണ്ട്, നമ്മുടെ ജീവിതം കൊണ്ട് വേദനിപ്പിച്ചവരോട് മാപ്പു പറഞ്ഞു കൊണ്ട്.. അങ്ങിനെ അതിനെ ആരംഭിക്കാൻ കഴിയുന്നവർഎത്ര പേരുണ്ടാകും?
ജെറിയാട്രിക് വാർഡുകളിലെ ജീവനക്കാർ പലപ്പോഴും പറയാറുള്ളത്
‘ജീവിതം ഈവിധം അതിവേഗം തീർന്നുപോയത് അറിഞില്ലല്ലോ..
കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നല്ലോ’ എന്ന ആത്മസങ്കടവുമായാണ് അവരുടെ രോഗികളിൽ പലരും മരണത്തിന്റെ തണുത്ത ഇടനാഴികളിലേക്ക് കയറിപ്പോയിട്ടുള്ളത് എന്നാണ്.
ഒരു മനുഷ്യായുസ് എന്ന് നമ്മൾ പറയുന്ന മുഴുവൻ കാലവും ജീവിച്ചിരുന്നവരുടെ കാര്യമാണ് പറയുന്നത് അപ്പോൾ അകാലമരണങ്ങൾക്ക് ഇരയാകേണ്ടി വരുന്നവരുടെ മനസ് ഏത് വിധമാകും പ്രവൃത്തിക്കുക?
ഒഴിവാക്കാനാവില്ല എന്ന് ഉറപ്പുള്ള വിധം മരണം തൊട്ടടുത്തെത്തി നിൽക്കുമ്പോൾ എത്ര പെട്ടെന്നാണ് നമുക്ക് ജീവൻ പ്രിയപ്പെട്ടതായി മാറുന്നത് അല്ലേ?
ആ നിമിഷം വരെ നാം വിരസമെന്നും, നിരാശാജനകമെന്നും, ഉത്സാഹരഹിതമെന്നും സദാ ശപിച്ചുപോന്ന നമ്മുടെ ജീവിതത്തിനാണ് വളരെയേറെ പൊടുന്നനേ ഈ അത്ഭുതകരമായ മാറ്റമുണ്ടാകുന്നത് അല്ലേ?
എത്രയോ അവസരങ്ങളുണ്ടായിട്ടും നാം ചെയ്യാതെ പോയ എത്രയോ കാര്യങ്ങളാണ് ഇനി സമയമില്ല എന്ന ആ ഘട്ടത്തിൽ ഒരുമിച്ച് മനസിലേക്കെത്തുക അല്ലേ?
‘ക്ഷമിക്കാമായിരുന്നു’ എന്ന് നമ്മൾ കരുതുന്ന നമ്മളോട് ചെയ്യപ്പെട്ട ദ്രോഹങ്ങൾ,
‘ക്ഷമ ചോദിക്കാമായിരുന്നു’ എന്ന് നമുക്ക് തോന്നുന്ന നമ്മൾ ചെയ്ത വഞ്ചനകൾ,
‘പ്രകടിപ്പിക്കാമായിരുന്നു’ എന്ന് നമ്മൾ കരുതുന്ന സ്നേഹങ്ങൾ,
‘ചെയ്യേണ്ടതായിരുന്നു’ എന്ന് നമുക്ക് തോന്നുന്ന കടമകൾ, ‘ചെയ്യരുതായിരുന്നു’ എന്ന് നമ്മൾ പിന്നീട് പലവട്ടം ആലോചിച്ച ദ്രോഹങ്ങൾ..
എത്ര പൊടുന്നനെയാണ് ജീവിതത്തിന്റെ അതി വലുപ്പമുള്ള കണക്ക് പുസ്ത്കം വ്യക്തതയോടെ നമുക്ക് മുന്നിൽ തെളിഞ്ഞു വരിക?
മരണമെന്നത് ജീവിതത്തിന്റെ കൂടപ്പിറപ്പാണ് എന്നും നിഴൽ പോലെ അടുത്തും സദാസമയവും അത് നമ്മോട് ചേർന്നു നടക്കുന്നുണ്ട് എന്നുമുള്ള അറിവ് എല്ലായ്പ്പോഴും കൂടെയുള്ളവരായിട്ടും മനുഷ്യരുടെ ജീവിതത്തിന്റെ കണക്കു പുസ്തകം ഈ വിധം കനമുള്ളതായി തീരുന്നത് എന്തുകൊണ്ടാവണം?
അപരനോട് പറയാനുള്ള എത്രയെത്ര കാര്യങ്ങളെ മനസിൽ ബാക്കിവെപ്പിച്ചിട്ടാവണം
അപ്രതീക്ഷിത മരണങ്ങൾ മനുഷ്യരെ ഭൂമിയിൽ നിന്ന് കൊണ്ടുപോകുന്നത്?
സന്തോഷത്തിന്റെ ഓർമ്മകൾ ഹൃസ്വ്വവും സങ്കടങ്ങളുടേത് അത് ദീർ ഘവുമാണ് എന്നതിനാൽ അവയായിരിക്കും മനുഷ്യരുടെ മനസിൽ കൂടുതൽ എന്ന് എനിക്ക് തോന്നുന്നു.
എത്രയേറെ സത്യസന്ധനായി ജീവിച്ചു എന്ന് തോന്നുന്നുവെങ്കിലും അയാളുടെ മരണത്തോടെ ആരുമറിയാതെ അവസാനിച്ചു പോകുന്ന രഹസ്യങ്ങളുണ്ടാവില്ലേ മനുഷ്യരുടെ മനസിൽ?
അവനവൻ ചെയ്ത അരുതുകൾ, അവനവനോട് തന്നെ തോന്നിയിട്ടുള്ള അവഞ്ജകൾ,അതിയായ കുറ്റബോധങ്ങൾ എന്നിങ്ങനെ എന്തൊക്കെ വരുമത്..?
നിശ്ചിതമായ മരണത്തിന് മുൻപ് ഒരു രാത്രി മുഴുവൻ സമയം കിട്ടിയാലും നമ്മളത് മുഴുവൻ ആരോടെങ്കിലും പറയാൻ ഇടയുണ്ടോ? പൂർണമായും തിന്മകകൾ കൊണ്ടല്ല എന്നതുപോലെ പൂർണമായും നന്മകൾ കൊണ്ടും ഒരു മനുഷ്യജീവിതം സാദ്ധ്യമാണോ..?
ക്രൈസ്തവർക്കിടയിലെ “അന്ത്യ കൂദാശ”എന്ന ചടങ്ങ് പൂർണ രൂപത്തിൽ എനിക്കറിയില്ല, എല്ലാ രഹസ്യങ്ങളും തെറ്റുകളുമൊഴിഞ്ഞ് പരിപൂർണ പാപ വിമുക്തനായിട്ടാണോ കൂദാശകൈക്കൊണ്ട വിശ്വാസി മരണത്തിലേക്ക് നടക്കുന്നത്..?
സാധ്യതയില്ല എന്ന് ഞാൻ ഊഹിക്കുന്നു.
‘ഞാൻ മരണം പഠിപ്പിക്കുന്നു’ എന്നൊരു പുസ്തകമുണ്ട് ഓഷോയുടേതായി
മരണം നമ്മെ എന്ത് പഠിപ്പിക്കുന്നു എന്നതിനെക്കുറിച്ചും അനവധിയായി സാഹിത്യസൃഷ്ടികളുണ്ട് ലോകഭാഷകളിൽ
എന്നാൽ ഏറ്റവും സങ്കടകരമായ കാര്യം, അന്യന്റെ മരണത്തിന് മാത്രമേ നമ്മെ എന്തെങ്കിലും പഠിപ്പിക്കാൻ കഴിയൂ എന്ന സംഗതിയാണ്
അവനവന്റെ മരണം ഒരുവനെ എന്ത് പഠിപ്പിക്കാനാണ്?



