ഫിലഡൽഫിയ: പരിശുദ്ധ പരുമലതിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതമായ, ഫിലഡൽഫിയയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും ഉജ്ജ്വല പ്രതീകവുമായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ആത്മീയതയുടെ വഴിത്താരയിലൂടെ സഞ്ചരിച്ച് സുവർണ്ണ ജൂബിലി (Golden Jubilee) നിറവിൽ എത്തി നിൽക്കുമ്പോൾ, സഭാ സാമുദായിക വ്യത്യാസങ്ങളില്ലാത്ത ആദ്യകാല ഫിലാഡൽഫിയ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് അടക്കാനാവാത്ത സന്തോഷ വേള… ഒപ്പം, ഈ ധന്യമായ ആത്മീയ യാത്രയ്ക്ക് അടിത്തറ പാകി, വളർച്ചയുടെ വീഥികളിലെ പ്രതികൂല ഘട്ടങ്ങളെയെല്ലാം തരണം ചെയ്ത്, ഇടവക മക്കളെ സന്തോഷപൂർവ്വം ആത്മീയ പാതയിലൂടെ നയിച്ച, ഇടവകയുടെ സ്ഥാപക വികാരി വന്ദ്യ മത്തായി കോർ എപ്പീസ്‌ക്കോപ്പായുടെ ആത്മാവ് സ്വർഗ്ഗത്തിൽ ഇരുന്ന് സന്തോഷത്തോട് എല്ലാം കണ്ടുകൊണ്ട് ദൈവത്തെ സ്തോത്രം ചെയ്തു മഹത്വപ്പെടുത്തുന്ന അതി ധന്യ നിമിഷം .. അതേ…!! ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയം, ഇതാ ആത്മീയതയുടെ 50 വസന്തങ്ങൾ വിരിയിച്ചുകൊണ്ട്, അതിന്റെ സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്നു.. 2026 നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് നാളെ ആരംഭം കുറിക്കുന്നു.
ജൂൺ 13 ശനിയാഴ്ച (നാളെ) മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ നിർവ്വഹിക്കും. നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്ത എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാനയോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം, പത്തരമണിക്ക് ഗോൾഡൻ ജൂബിലി പൊതുസമ്മേളനം ആരംഭിക്കും. യോഗത്തിൽ, ഇടവകയിലെ എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങളെയും, നാളിതുവരെ, ഇടവകയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചവരെയും, സെക്രട്ടറിയായും ട്രഷററായും സേവനമനുഷ്ടിച്ച മുൻ ഭാരവാഹികളെയും, കാതോലിക്കാ ബാവ പൊന്നാട അണിയിച്ച് ആദരിക്കും. ഒപ്പം, ഇടവകയുടെ ചരിത്ര യാത്ര ഭാവി തലമുറയ്ക്ക് കൈമാറുന്ന ‘ മെമ്മോറിയൽ വാൾ’ ഉദ്ഘാടനവും, ഇടവകയുടെ ആത്മീയ വളർച്ചയ്ക്കുവേണ്ടിയുള്ള ഭാവി വികസന സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന ” വിഷൻ 2030 & ബിയോണ്ട് ” പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.
12 മണിക്കുള്ള ഉച്ചഭക്ഷണത്തിനു ശേഷം, ഒരുമണി മുതൽ രണ്ട് മണിവരെ കാതോലിക്കേറ്റ് ഡേ കളക്ഷനായിട്ടുള്ള മീറ്റിങിനായി വേദിയൊരുങ്ങും.
ഉച്ചകഴിഞ്ഞു 3:45 ന് പരിശുദ്ധ കാതോലിക്കാ ബാവയെയും, അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരെയും, ബെൻസേലം മേയർ, കൗൺസിൽ പ്രസിഡന്റ്, ടൗൺഷിപ്പ് പോലീസ് മേധാവികൾ, കമ്യുണിറ്റി ലീഡേഴ്സ് എന്നിവരെയും, മറ്റ് വിശിഷ്ടാതിഥികളെയും സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചുകൊണ്ടുള്ള ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5 മണി മുതൽ ഇടവകയിലെ കുട്ടികളും, മുതിർന്നവരും പങ്കെടുക്കുന്ന കൾച്ചറൽ പ്രോഗ്രാം , അതിനെത്തുടർന്ന്, ഡിന്നർ എന്നിവയാണ് ആഘോഷ പരിപാടികളിൽ ക്രമീകരിച്ചിട്ടുള്ളത് .

60 -70 കാലയളവുകളിൽ ഫിലഡൽഫിയയിലും, പരിസര പ്രദേശങ്ങളിലുമായി കുടിയേറിപ്പാർത്ത, വിവിധ സഭാ പശ്ചാത്തലങ്ങളിൽ നിന്നെത്തിയ ആദ്യകാല ക്രൈസ്തവ വിശ്വാസികൾക്ക്, ദൈവത്തെ ഒന്നിച്ചു ആരാധിക്കുവാൻ ഒരു ക്രൈസ്തവ എക്ക്യൂമെനിക്കൽ കൂട്ടായ്മയുടെ ആവശ്യകത മനസ്സിലാക്കി, ഫിലഡൽഫിയ 38 & ചെസ്റ്റ്നട്ട് സ്ട്രീറ്റിലുള്ള ഒരു എപ്പീസ്‌ക്കോപ്പൽ ചർച്ചിന്റെ ബെയ്‌സ്‌മെന്റിൽ കൂടാൻ തുടങ്ങി. ആ കൂട്ടായ്മ കോർഡിനേറ്റ് ചെയ്തത്, 1958 ൽ അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തിയ ആദ്യകാല മലയാളികളിൽ പ്രമുഖനായിരുന്ന ബഹുമാനപ്പെട്ട പോൾ സി. വർക്കി ശെമ്മാശ്ശനായിരുന്നു. (പിൽക്കാലത്ത് റവ. ഡോ. പോൾ സി. വർക്കി) പിന്നീട് ഈ കൂട്ടായ്മയിൽ ആളുകൾ കൂടുകയും, സ്ഥലം പോരാതെ വരികയും, ഓർത്തഡോക്സ് വിശ്വാസികൾക്ക് സ്വന്തമായ ആരാധന ആവശ്യമാണ് എന്ന ആശയവും, ആഗ്രഹവും ഉടലെടുക്കുകയും ചെയ്തു. അക്കാലയളവിൽ നാട്ടിൽ നിന്നും ന്യൂയോർക്കിൽ എത്തിയ പത്തനംതിട്ട, മല്ലശ്ശേരിൽ കളീക്കൽ മത്തായി അച്ചനെ (കെ. മത്തായി കോർ എപ്പീസ്‌ക്കോപ്പാ) ഹാശാ ശുശ്രൂഷ നടത്താനായി അന്ന് വർക്കി ശെമ്മാശ്ശൻ ക്ഷണിക്കുകയും, അതിൻ പ്രകാരം, മത്തായി അച്ചനും, മറിയാമ്മ കൊച്ചമ്മയും കൂടി ഫിലഡൽഫിയായിൽ എത്തുകയും ചെയ്തു. ഇത് ഫിലാഡൽഫിയ മലയാളികളുടെ ആരാധനാ കാര്യങ്ങൾക്ക് ഒരു പുതിയ വഴിത്തിരിവിന് നാന്ദികുറിച്ചു. പോൾ വർക്കി ശെമ്മാശ്ശൻ, എപ്പീസ്‌ക്കോപ്പൽ ചർച്ച് ബിഷപ്പുമായി ബന്ധപ്പെടുകയും, 38 & ചെസ്റ്റ്നട്ട് സ്ട്രീറ്റിലുള്ള ചർച്ച് ഓഫ് ദി സേവ്യർ എപ്പീസ്‌ക്കോപ്പൽ കത്തീഡ്രൽ ചർച്ചിന്റെ ചാപ്പലിൽ ഓർത്തഡോക്സ് ആരാധന നടത്തുവാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1976 ഒക്ടോബർ 10 ന് ഏകദേശം ഇരുപതോളം ഫാമിലികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ആരംഭിച്ചു. അന്ന് ഉണ്ടായിരുന്ന അംഗങ്ങളിൽ പലരും നമ്മെ വിട്ടുപോകുകയും, ചിലർ പള്ളികൾ മാറിപ്പോവുകയും ചെയ്തു. മത്തായി അച്ചനും, ഡോ. പോൾ സി വർക്കി അച്ചനും, മാണി ശെമ്മാശ്ശനും നമ്മെ വിട്ടുപിരിഞ്ഞവരിൽ ഉൾപ്പെടുന്നു. തുടക്ക കാലത്ത് ഉണ്ടായിരുന്ന മറിയാമ്മ മത്തായി കൊച്ചമ്മ, മറിയാമ്മ വർക്കി കൊച്ചമ്മ, ഏലിയാമ്മ മാണി കൊച്ചമ്മ, പോൾ സി. മത്തായി, കോര മാണി, ഡോ. കോശി പൂവത്തൂർ, രാജു എം. വർഗീസ് എന്നിവർ ഈ ഇടവകയിൽ നിസ്സ്വാർത്ഥ സേവനങ്ങളോടുകൂടി ഇപ്പോഴും അംഗങ്ങളായി തുടരുന്നു.

19 വർഷത്തെ വിവിധ വാടക ഇടങ്ങളിലെ ആരാധനയ്ക്ക് ശേഷം, സെന്റ് ഗ്രീഗോറിയോസ് ഇടവക, 1995 ൽ 7721-31ടോറസ്‌ഡെയ്ൽ അവന്യുവിൽ ചെറിയ സൗകര്യങ്ങളോടുകൂടിയ ഒരു പള്ളി സ്വന്തമാക്കി. എന്നാൽ, ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അംഗസംഖ്യയിൽ ക്രമാനുസ്രമായ വർദ്ധനവ് മൂലം, ആരാധനയിൽ പങ്കുകൊള്ളുവാനും, ഞായറാഴ്ച സ്കൂൾ ക്ലാസുകൾ നടത്താൻ സ്ഥലക്കുറവുകൾ അനുഭവപ്പെട്ടതിനാലും, ഒരു വലിയ പള്ളിയുടെ ആവശ്യകത എന്ന ആശയം ഇടവകാംഗങ്ങളിൽ ഉടലെടുത്തു. അങ്ങനെ 2005 ൽ, ബക്സ് കൗണ്ടിയിലെ ബെൻസലേം ടൗൺഷിപ്പിൽ ഒരു വീടുള്ള ഏകദേശം 2.5 ഏക്കർ സ്ഥലം വാങ്ങി. താമസിയാതെ, ഇടവക തൊട്ടടുത്തുള്ള സ്ഥലം വാങ്ങി, അങ്ങനെ മൊത്തം 3.75 ഏക്കർ ഭൂമി വാങ്ങുകയും, വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ, അതിമനോഹരമായ ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. അന്നത്തെ ചെറിയ പ്രാർത്ഥനാ കൂട്ടായ്മയിൽ നിന്ന് ആരംഭിച്ച യാത്ര, തലമുറകളെ ആത്മീയമായി പരിപോഷിപ്പിക്കുന്ന വിശ്വാസ സമൂഹമായി വളർന്നതിന്റെ സ്മരണകളാണ് ഈ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ പുതുക്കുന്നത്.

ഈ ധന്യമായ ആത്മീയ യാത്രയ്ക്ക് അടിത്തറ പാകുകയും, ഇടവകയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പിതൃതുല്യമായ കരുതലും ദീർഘദർശിത്വവും പകർന്നു നൽകുകയും ചെയ്ത സ്ഥാപക വികാരിയായ വന്ദ്യ കെ. മത്തായി കോർ എപ്പിസ്കോപ്പായുടെ സ്മരണകൾ ഈ വേളയിൽ പ്രത്യേകമായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനകളും സമർപ്പിത സേവനങ്ങളും വിതച്ച വിത്തുകൾ ഇന്ന് പുഷ്പിക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് സുവർണ്ണ ജൂബിലി നിറവിൽ വിശ്വാസിസമൂഹം കൃതജ്ഞതയോടെ അനുസ്മരിക്കുന്നത്. സ്ഥാപക തലമുറയുടെ സമർപ്പണവും തുടർ തലമുറകളുടെ ആത്മാർത്ഥ പങ്കാളിത്തവും ചേർന്നാണ് ഇന്ന് ഈ ഇടവക ആത്മീയമായും സാമൂഹികമായും സാംസ്കാരികമായും ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുന്നത്.

സ്ഥാപക വികാരിയായിരുന്ന കെ. മത്തായി കോർഎപ്പീസ്‌ക്കോപ്പായുടെ കാലശേഷം വികാരിയായി എത്തിയ ബഹുമാനപ്പെട്ട റവ. ഫാ. ഷിബു വേണാട് മത്തായിയുടെ തീഷ്ണമായ ആത്മീയ നേതൃത്വത്തിൽ ഇടവകയും അതിന്റെ വിവിധ ആത്മീയ പ്രസ്ഥാനങ്ങളും നവോന്മേഷത്തോടെ അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. അൻപത് വർഷങ്ങളുടെ ഈ ചരിത്ര സാക്ഷ്യം ഒരു ദേവാലയത്തിന്റെ വളർച്ചയുടെ കഥ മാത്രമല്ല; വിശ്വാസത്തോടെയും പ്രത്യാശയോടെയും അധ്വാനത്തോടെയും കൂടി, ഒരു സമൂഹം ചേർന്ന് രചിച്ച ആത്മീയ വിജയഗാഥ കൂടിയാണ്.
അൻപത് വർഷങ്ങളുടെ വിശ്വാസയാത്രയെ നന്ദിയോടെ അനുസ്മരിക്കുകയും വരുംകാലങ്ങളിലേക്കുള്ള പ്രത്യാശയുടെ പുതിയ അധ്യായങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന ഈ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ, ഫിലഡൽഫിയ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ല.
നാളെ രാവിലെ വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിക്കുന്ന ജൂബിലി ആഘോഷ പരിപാടികളുടെ വിജയത്തിനായി, വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, സെക്രട്ടറി ലിൻ മാത്യു കുര്യൻ, ട്രഷറർ റെജി തോമസ് നൈനാൻ, മീഡിയ കോർഡിനേറ്ററും ഭദ്രാസന കൗൺസിൽ അംഗവുമായ രാജു വർഗീസ്, എന്നിവരുടെയും, മറ്റ് നിരവധി ആളുകൾ ഉൾപ്പെട്ട വിപുലമായ കമ്മറ്റിയുടെയും നേതൃത്വത്തിൽ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.
വിവരങ്ങൾക്ക് കടപ്പാട്: കോര മാണി, ഡോ. കോശി പൂവത്തൂർ, രാജു എം. വർഗീസ് (മീഡിയ കോർഡിനേറ്റർ).



