2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഫുട്ബോൾ ലോകം കാത്തിരുന്ന ആ മഹാപോരാട്ടം യാഥാർത്ഥ്യമാകുന്നു. യൂറോപ്യൻ കരുത്തരായ ഇംഗ്ലണ്ടും , നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും സെമിയിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു.
ജോർജിയയിലെ അറ്റ്ലാന്റയിലുള്ള മെഴ്സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ ജൂലൈ 16-ന് ഇന്ത്യൻ സമയം പുലർച്ചെ 12:30-നാണ് ഈ ഹൈ-വോൾട്ടേജ് പോരാട്ടം അരങ്ങേറുന്നത്. 2002-ന് ശേഷം ആദ്യമായാണ് ലോകകപ്പ് വേദിയിൽ ഇരു രാജ്യങ്ങളും മുഖാമുഖം വരുന്നത്.
രണ്ട് ടീമുകളുടെയും സെമി ഫൈനൽ പാത
ഇരു ടീമുകളും കടുത്ത പോരാട്ടങ്ങൾ അതിജീവിച്ചാണ് അവസാന നാലിൽ ഇടംപിടിച്ചത്.
ക്വാർട്ടർ ഫൈനലിൽ നോർവെയ്ക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം, ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോൾ മികവിലാണ് എക്സ്ട്രാ ടൈമിൽ (2-1) ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. തോമസ് ടുഹലിന്റെ കീഴിൽ മാനസിക കരുത്തോടെ മുന്നേറുന്ന ഇംഗ്ലണ്ട് ഇതുവരെ കളിച്ച എല്ലാ നോക്കൗട്ട് മത്സരങ്ങളും ഒരു ഗോളിന്റെ നേരിയ മാർജിനിലാണ് ജയിച്ചുകയറിയത് (റൗണ്ട് ഓഫ് 32-ൽ കോംഗോയ്ക്കെതിരെ 2-1, പ്രീ-ക്വാർട്ടറിൽ മെക്സിക്കോയ്ക്കെതിരെ 3-2).
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെയാണ് എക്സ്ട്രാ ടൈം നീണ്ട പോരാട്ടത്തിൽ 3-1 ന് പരാജയപ്പെടുത്തിയത്. ഹൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും എക്സ്ട്രാ ടൈമിൽ നേടിയ ഗോളുകളാണ് രക്ഷയായത്. നോക്കൗട്ട് ഘട്ടത്തിൽ കേപ് വേർഡ് (3-2), ഈജിപ്ത് (3-2) എന്നിവർക്കെതിരെയും അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു.
ഈ ടൂർണമെന്റിൽ ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും തകർപ്പൻ ഫോമിലാണ്. ഇരുവരും നോക്കൗട്ട് ഘട്ടത്തിൽ മാത്രമായി 7 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഒരു ലോകകപ്പിൽ ഒരേ ടീമിലെ രണ്ട് കളിക്കാർ ആറ് ഗോൾ വീതം നേടുന്നത് ഇതാദ്യമായാണ്.
ലയണൽ സ്കലോണിയുടെ കീഴിൽ ഇറങ്ങുന്ന അൽബിസെലസ്റ്റുകൾ നോക്കൗട്ടിൽ 9 ഗോളുകൾ അടിച്ചുകൂട്ടി ശക്തമായ ആക്രമണ നിരയായി മാറിയിട്ടുണ്ട്. എന്നാൽ, 3 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ വഴങ്ങിയ പ്രതിരോധ നിരയിലെ വിള്ളലുകൾ ഇംഗ്ലണ്ടിന് അനുകൂലമായേക്കാം.
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ സെമി ഫൈനലിൽ തോറ്റിട്ടില്ലെന്ന അപൂർവ്വ റെക്കോർഡ് (5-ൽ 5 വിജയങ്ങൾ) അർജന്റീനയ്ക്കുണ്ട്. 1962-ന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാനാണ് അവർ ശ്രമിക്കുന്നത്.
ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള പോരാട്ടത്തിന് കളിസ്ഥലത്തിന് പുറത്തുള്ള രാഷ്ട്രീയവും ചരിത്രപരവുമായ മാനങ്ങളുണ്ട്:
1. 966 ലോകകപ്പ് ക്വാർട്ടർ ഫൈനൽ
ഇംഗ്ലണ്ട് 1-0 നു ജയിച്ച കളിയിൽ അർജന്റീന ക്യാപ്റ്റൻ അന്റോണിയോ റാറ്റിൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും, തുടർന്ന് ഇംഗ്ലീഷ് മാനേജർ ആൽഫ് റാംസെ അർജന്റീന കളിക്കാരെ “മൃഗങ്ങൾ” എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.
2.1986 ലോകകപ്പ് – മറഡോണയുടെ യുഗം. ഫാൽക്ക്ലാൻഡ് യുദ്ധത്തിന് ശേഷമുള്ള ഈ മത്സരത്തിലാണ് ഡീഗോ മരഡോണ ഫുട്ബോൾ ചരിത്രത്തിലെ പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’ ഗോളും, നൂറ്റാണ്ടിന്റെ ഗോളും (Goal of the Century) നേടി ഇംഗ്ലണ്ടിനെ പുറത്താക്കിയത്.
3.1998 ലോകകപ്പ് പ്രീ-ക്വാർട്ടർ: ഡേവിഡ് ബെക്കാമിന് ചുവപ്പ് കാർഡ് ലഭിച്ചതും, ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചതും മറ്റൊരു ചരിത്രം.
4.2002 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം. ബെക്കാമിന്റെ പെനാൽറ്റി ഗോളിലൂടെ ഇംഗ്ലണ്ട് 1-0 ന് അർജന്റീനയെ തോൽപ്പിച്ച് പ്രതികാരം വീട്ടി.
ലയണൽ മെസ്സി തന്റെ കരിയറിലെ അവസാന ലോകകപ്പിൽ മറ്റൊരു കിരീടനേട്ടത്തിലേക്ക് അർജന്റീനയെ നയിക്കുമോ, അതോ 1966-ന് ശേഷം ആദ്യമായി ഒരു ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ചരിത്രം തിരുത്തുമോ എന്ന് കാത്തിരുന്ന് കാണാം. ഈ മത്സരത്തിലെ വിജയികൾ ജൂലൈ 20-ന് നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അല്ലെങ്കിൽ സ്പെയിൻ ടീമിനെ നേരിടും.



