വാട്‌സ്ആപ്പ് വഴിയോ മറ്റു മെസേജിങ് ആപ്പുകള്‍ വഴിയോ പങ്കുവെക്കുന്ന ട്രെയിൻ ടിക്കറ്റുകൾ ഇനിമുതൽ പരിശോധന വേളയിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ എടുത്ത ഫോണിൽ തന്നെ കാണിക്കണമെന്ന് ആണ് നൽകിയിരിക്കുന്ന പുതിയ നിർദേശം.
ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, പിഡിഎഫ് കോപ്പികൾ, വാട്‌സ്ആപ്പ് വഴിയോ മറ്റ് ആപ്പുകൾ വഴിയോ പങ്കുവെച്ച ടിക്കറ്റുകൾ എന്നിവ ഇനി മുതൽ സാധുവായ യാത്രാ രേഖകളായി കണക്കാക്കില്ല.
പരിശോധന സമയത്ത് യഥാര്‍ഥ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാജരാക്കണമെന്ന് റെയില്‍വേ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്നവരെ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി റെയില്‍വേ നിയമപ്രകാരം പിഴ ഈടാക്കും. എന്നാല്‍, റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് ഈ പുതിയ നിബന്ധന ബാധകമല്ല.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ട്രെയിന്‍ ആദ്യ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് മാത്രമേ ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ട്രെയിന്‍ പുറപ്പെട്ട ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ അസാധുവായതായി കണക്കാക്കുമെന്നും റെയില്‍വേ അറിയിച്ചു.
ഡിജിറ്റല്‍ ടിക്കറ്റുകളുടെ ദുരുപയോഗം തടയാനും ഒരേ ടിക്കറ്റ് ഒന്നിലധികം പേര്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് പുതിയ നിയന്ത്രണം.
ഛത്തീസ്ഗഢിലെ കോര്‍ബ-വിശാഖപട്ടണം ലിങ്ക് എക്‌സ്പ്രസ് ട്രെയിനില്‍ നടന്ന സംഭവത്തെ തുടര്‍ന്നാണ് ഈ നടപടി. പരിശോധനയ്ക്കിടെ യാത്രക്കാരന്‍ വാട്‌സ്ആപ്പില്‍ ലഭിച്ച ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ചെങ്കിലും അധികൃതര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും യഥാര്‍ഥ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ലഭ്യമല്ലെന്നും കണ്ടെത്തിയതോടെ പിഴ ചുമത്തുകയായിരുന്നു. അൺറിസർവ്ഡ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ബുക്ക് ചെയ്ത അതേ ഫോൺ കൈവശം വെക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.



