Tuesday, July 14, 2026
Homeഅമേരിക്കപഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം .... (12) "എം ടി പറഞ്ഞു ആ...

പഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം …. (12) “എം ടി പറഞ്ഞു ആ സ്ക്രിപ്റ്റ് കീറിക്കളഞ്ഞേക്കൂ..” ✍ തയ്യാറാക്കിയത് : രവിമേനോൻ.

‘എം ടി പറഞ്ഞു: ആ സ്ക്രിപ്റ്റ് കീറിക്കളഞ്ഞേക്കൂ..’
——————————————–

സ്ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. കഥയുടെ ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ ?

ഉള്ളിൽ തോന്നിയത് തിരക്കഥാകൃത്തിനോട് തുറന്നു പറയാതെ വയ്യ. പടം സംവിധാനം ചെയ്യുന്നത് താനാണല്ലോ. ചെറിയൊരു സങ്കോചത്തോടെയാണെങ്കിലും ഹരിഹരൻ കാര്യം പറഞ്ഞു; നേരിട്ടുതന്നെ. സംവിധായകന്റെ മുഖത്തേക്കും അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന സ്ക്രിപ്റ്റിലേക്കും മാറി മാറി നോക്കി എം ടി വാസുദേവൻ നായർ. പിന്നെ അൽപ്പനേരം ചിന്തിച്ചിരുന്ന ശേഷം പറഞ്ഞു: “അത് കീറിക്കളഞ്ഞേക്കൂ. പുതിയതൊന്ന് എഴുതാം.”

കഴിഞ്ഞു. പ്രതികരണം അത്ര മാത്രം. ചെന്നൈയിലെ പാംഗ്രൂവ് ഹോട്ടലിലെ മുറിയിലിരുന്ന് വെറും പത്തു ദിവസം കൊണ്ട് പുതിയൊരു സ്ക്രിപ്റ്റ് എഴുതിത്തീർക്കുന്നു എം ടി. “ഇന്ന് നിങ്ങൾ കാണുന്ന അമൃതംഗമയ എന്ന സിനിമ ഉണ്ടായത് ആ സ്ക്രിപ്റ്റിൽ നിന്നാണ് .”– ഹരിഹരന്റെ വാക്കുകൾ.

ഏറ്റവും പ്രിയപ്പെട്ട ചിത്രമേതെന്ന മോഹൻലാലിന്റെ ചോദ്യത്തിനുത്തരമായി കഴിഞ്ഞ ദിവസത്തെ ടെലിവിഷൻ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ “അമൃതംഗമയ” എടുത്തുപറഞ്ഞപ്പോൾ ഓർമ്മവന്നത് ആ അനുഭവമാണെന്ന് ഹരിഹരൻ. “നാൽപ്പത് വർഷമാകാൻ പോകുന്നു ആ പടം റിലീസായിട്ട്. ഇഷ്ടചിത്രങ്ങളിലൊന്നായി ഇന്നും ആളുകൾ അമൃതംഗമയ എടുത്തുപറയുന്നു എന്നത് സംവിധായകനെന്ന നിലയിൽ എനിക്ക് ആത്മസംതൃപ്തി പകരുന്ന കാര്യം. എം ടിയുടെ ഉള്ളിലെ തികച്ചും പ്രൊഫഷണൽ ആയ തിരക്കഥാകൃത്ത് ഒരിക്കൽ കൂടി സ്വയം വെളിപ്പെട്ട നിമിഷങ്ങൾ കൂടിയായിരുന്നു അത്.”

“കേരളശബ്ദം” വാരികയിൽ വായിച്ച ഒരു റിപ്പോർട്ടിൽ നിന്നാണ് അമൃതംഗമയയുടെ കഥാതന്തു തനിക്ക് വീട്ടുകിട്ടിയതെന്ന് ഹരിഹരൻ. മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ഒരു നമ്പൂതിരി യുവാവ് ഹോസ്റ്റലിലെ ക്രൂരമായ റാംഗിംഗിനെത്തുടർന്ന് ഹൃദയസ്തംഭനം മൂലം മരണത്തിന് കീഴടങ്ങുന്നു. “മനസ്സിനെ തൊട്ട അനുഭവമായിരുന്നു. ദരിദ്ര കുടുംബത്തിൽ പെട്ട കുട്ടിയായതുകൊണ്ട് പ്രത്യേകിച്ചും. അതിൽ നിന്നൊരു ആശയം മനസ്സിൽ ഉരുത്തിരിഞ്ഞുവന്നു. മരണത്തിന് ഉത്തരവാദിയായ ആൾക്ക് പിന്നീട് കുറ്റബോധം തോന്നുകയാണ്. പശ്ചാത്താപ വിവശനായ അയാൾക്ക് മരിച്ചുപോയ കുട്ടിയുടെ കുടുംബവുമായി യാദൃച്ഛികമായി ബന്ധപ്പെടേണ്ട ഒരു പിൽക്കാല സന്ദർഭം ഉണ്ടായാലോ? എന്തായിരിക്കും സംഭവിക്കുക ?”

മനസ്സിൽ തോന്നിയ ആശയം എം ടിയുമായി പങ്കുവെച്ചു ഹരിഹരൻ. “എം ടിക്കും ഇഷ്ടമായി ആ കഥാതന്തു. അധികം വൈകാതെ അദ്ദേഹം തിരക്കഥ തയ്യാറാക്കുകയും ചെയ്തു.” — ഹരിഹരൻ ഓർക്കുന്നു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ വിജയസഖ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും എം ടി — ഹരിഹരൻ കൂട്ടുകെട്ട്.

എം ടി രചിച്ച തിരക്കഥയിൽ ഒരു പ്രണയം കൂടി കടന്നുവരുന്നുണ്ട്; റാഗിംഗിന് നേതൃത്വം നൽകിയ ഡോ ഹരിദാസും “കൊല്ലപ്പെട്ട” ഉണ്ണികൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ പെങ്ങൾ ശ്രീദേവിയും തമ്മിൽ. എന്നാൽ കഥാഗതിയുടെ ഗൗരവസ്വഭാവവുമായി അത് ഇണങ്ങാതെ പോകുമെന്നൊരു തോന്നൽ ഹരിഹരന്. മരിച്ചയാളുടെ സഹോദരിയുമായി സഹോദരതുല്യമായ ബന്ധം മതി ഹരിദാസിന്. അതാണ് പ്രേക്ഷകർ പ്രതീക്ഷിക്കുക. സംവിധായകന്റെ അഭിപ്രായം എം ടി പൂർണ്ണമായി ഉൾക്കൊണ്ടു എന്നത് പ്രേക്ഷകരായ നമ്മുടെ ഭാഗ്യം. കരുത്തുറ്റ ഒരു ചലച്ചിത്ര ശില്പമായി അമൃതംഗമയയെ വളർത്തിയത് കഥയിലെ ആ മാറ്റം കൂടിയാണല്ലോ.

മമ്മൂട്ടിയെയാണ് നായകനായി എം ടി ആദ്യം മനസ്സിൽ കണ്ടിരുന്നതെന്ന് ഹരിഹരൻ. “മോഹൻലാലിന്റെ പേർ നിർദ്ദേശിച്ചത് ഞാനാണ്. അൽപ്പം വികൃതിയും കുസൃതിയും കുന്നായ്മയുമൊക്കെയുള്ള ഒരു റാഗിങ് വീരനായി മമ്മൂട്ടിയെ അദ്ദേഹത്തിന്റെ ആരാധകർ സ്വീകരിക്കണമെന്നില്ല. അത്തരമൊരു പോക്കിരിയുടെ റോൾ കൂടുതൽ ഇണങ്ങുക ലാലിനാണ് എന്ന് തോന്നി. നമ്മുടെയൊക്കെ സ്വന്തക്കാരനായ ഒരു വികൃതിപ്പയ്യന്റെ ലുക്ക് ഉണ്ടല്ലോ അക്കാലത്തെ ലാലിന്. എം ടിക്കും ആ നിർദ്ദേശം എളുപ്പം ഉൾക്കൊള്ളാനായി. ഇന്ന് കാണുമ്പോഴും ആ വേഷത്തിൽ ലാലിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനാവില്ല.”

പാർവതിക്ക് പകരം ശ്രീദേവിയുടെ റോളിൽ മറ്റൊരു പുതുമുഖ നടിയെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ആ കുട്ടിയെ മാറ്റേണ്ടി വന്നു. കഥാപാത്രത്തിന് ഇണങ്ങാത്ത വിധം പ്രായക്കുറവ് തോന്നിയതുകൊണ്ടായിരുന്നു അത്. പകരം വന്ന താരതമ്യേന തുടക്കക്കാകാരിയായ പാർവതി ആ വേഷത്തിൽ തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയം കാഴ്ച്ചവെക്കുകയും ചെയ്തു. മറ്റൊരു ശ്രദ്ധേയമായ റോൾ ശ്രീദേവിയുടെ അമ്മ ഗീതയുടേതായിരുന്നു. കമല കാമേഷ് എന്ന തമിഴ് നടിയാണ് ആ റോളിൽ വന്നത്. മലയാളികൾ കണ്ടു ശീലിച്ച അമ്മമാരിൽ നിന്ന് തീർത്തും വേറിട്ടു നിന്നു കമലയുടെ ഗീത. ബാബുനമ്പൂതിരിയുടെ ഇളയതും വിനീതിന്റെ ഉണ്ണികൃഷ്ണനും തിലകന്റെ കുറുപ്പും ദേവന്റെ രഘുവുമെല്ലാം ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന മുഖങ്ങൾ.

റാഗിംഗ് ഇതിവൃത്തമാക്കി ഒരു പടം ചെയ്യാൻ 1970 കളിലേ ആലോചിച്ചിരുന്നു താനെന്ന് ഹരിഹരൻ. തമിഴിൽ ശിവാജി ഗണേശനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഓഫറുമായി ഒരു നിർമ്മാതാവ് സമീപിച്ചപ്പോൾ ഈ ആശയം പരീക്ഷിച്ചാലോ എന്ന് ചിന്തിച്ചതാണ്. എന്നാൽ ശിവാജി തന്നെ ആ ഉദ്യമത്തിൽ നിന്ന് ഹരിഹരനെ പിന്തിരിപ്പിച്ചു. “വിദ്യാർത്ഥികളുടെ അവകാശമാണ് റാഗിംഗ് എന്നായിരുന്നു ശിവാജി സാറിന്റെ കാഴ്ച്ചപ്പാട്. റാഗിംഗിനെതിരെ നിലപാട് എടുക്കുന്നത് തന്റെ യുവ ആരാധകർക്ക് ഇഷ്ടപ്പെടില്ല എന്ന് വിശ്വസിച്ചു അദ്ദേഹം. അങ്ങനെയാണ് ആ പ്രോജക്റ്റ് ഉപേക്ഷിക്കേണ്ടി വന്നത്.”

അമൃതംഗമയ ഒരിക്കൽ കൂടി വാർത്തയിൽ നിറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെയാണെന്നത് കൗതുകകരമായി തോന്നാം. “സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കഥാപാത്രം അങ്ങയുടേത് തന്നെ എന്നാണ് എനിക്ക് തോന്നുന്നത്.” — മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. “മെഡിക്കൽ വിദ്യാർത്ഥിയായി വരുന്ന നിങ്ങൾ പിന്നീടൊരു ഘട്ടത്തിൽ മാതൃകാഡോക്ടറായി മാറുന്നു. ധാരാളം നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട് ജീവിതത്തിൽ. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാതെ സ്വന്തം ആശയത്തിൽ തന്നെ നിങ്ങൾ ഉറച്ചുനിൽക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വേഷമായിരുന്നു അത്…”

ആറു പതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ അമൂല്യമാണെന്ന് ഹരിഹരൻ. “എത്രയോ മഹാരഥന്മാരുമായി സഹകരിക്കാൻ ഭാഗ്യമുണ്ടായി. ഇതിഹാസതുല്യരായ അഭിനേതാക്കൾ, എഴുത്തുകാർ, തിരക്കഥാകൃത്തുക്കൾ, സാങ്കേതിക വിദഗ്ദർ, കവികൾ, സംഗീത സംവിധായകർ, ഗായകർ….. അവരിൽ പലരും ഇന്ന് ഒപ്പമില്ല എന്നൊരു ദുഃഖം മാത്രം.”

രവിമേനോൻ.✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com