Tuesday, July 14, 2026
Homeഅമേരിക്കശുഭചിന്ത - (141) പ്രകാശഗോപുരങ്ങൾ - (117) ✍പി. എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (141) പ്രകാശഗോപുരങ്ങൾ – (117) ✍പി. എം.എൻ.നമ്പൂതിരി.

ദിവസം ക്രമീകരിക്കുക 

” ഒരു പാട് കാര്യങ്ങൾ സൂക്ഷിക്കാനുണ്ടെങ്കിൽ ഒരു ദിവസത്തിന് അസംഖ്യം അറകൾ ഉണ്ടാകും“ 

(ഫെഡറിക് നീത്ഷേ)

കനിവില്ലാത്ത ഒരു നിമിഷത്തിൻ അറുപത് വിലപ്പെട്ട മുഹൂർത്തങ്ങൾ ഉണ്ടെന്ന് ചുരുക്കം ചിലരേ കണക്കിലെടുക്കുന്നുള്ളൂ. ഈ നഷ്ടമായ മുഹൂർത്തങ്ങൾ കൂടുമ്പോൾ നിമിഷങ്ങൾ നഷ്ടമാകുന്നു. നഷ്ടമായ നിമിഷങ്ങൾ കൂടുമ്പോൾ മണിക്കൂറുകൾ നഷ്ടമാകുന്നു. നഷ്ടമായ മണിക്കൂറുകൾ കൂടുമ്പോൾ ദിവസങ്ങൾ നഷ്ടമാകുന്നു. നഷ്ടമായ ദിവസങ്ങൾ കൂടുമ്പോൾ വർഷങ്ങൾ നഷ്ടമാകുന്നു. നഷ്ടമായ വർഷങ്ങൾ കൂടുമ്പോൾ വ്യർത്ഥമായ ഒരു ജീവിതമാണ് നമുക്ക് ലഭിക്കുന്ന ഫലം.

ഒന്ന് മനസ്സിലാക്കുക! ഒരു ദിവസം വളരെ ചെറുതാണ്. നേതൃപദവിയിലെത്താനോ വിജയം നേടാനോ കാംക്ഷിക്കുന്ന ഒരാൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാകും. വ്യാപാരിയോ ഉദ്യോഗസ്ഥനോ ഡോക്ടറോ എൻജിനീയറോ അഭിഭാഷകനോ തുടങ്ങി എല്ലാവരും ജീവിത വിജയം കാംക്ഷിക്കുന്നവരാണെങ്കിൽതന്നെയും, അതാതു ദിവസത്തെ പ്രവർത്തനങ്ങൾ നേരാംവണ്ണം ക്രമീകരിക്കാതെ വെറുതേ സമയത്തിനൊപ്പം ഒഴുകിപ്പോകുന്നതിൽ മാത്രം തൃപ്തരാകാറാണ് പതിവ്. അതുകൊണ്ടുതന്നെ കാര്യമായ നേട്ടങ്ങളൊന്നും കൂടാതെ തന്നെ അവരുടെ ഒരുദിവസം അവസാനിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ ഒന്നിനു പുറകേ ഒന്നായി ദിവസങ്ങൾ അവസാനിച്ച് ജീവിതംതന്നെ വ്യർത്ഥമായിത്തീരുകയും ചെയ്യുന്നു.

നമ്മളിൽ പലർക്കും രാവിലെ ഉണരുന്നതിന് ഒരു നിശ്ചിതസമയം ഇല്ല. അതുകൊണ്ട് വളരെയധികം നീണ്ട ഉറക്കത്തിനുശേഷം, പ്രഭാതകൃത്യങ്ങൾ, പത്രപാരായണം, പ്രാതൽ എന്നിവയൊക്കെ തിടുക്കത്തിൽ നിർവ്വഹിച്ച് ഓഫീസിലേക്ക് ഓടാൻ നമ്മൾ നിർബന്ധിതരാകുന്നു. ഓഫീസിലെത്തിയാലോ, അന്ന് എന്നൊക്കെയാണ് ചെയ്യാനുള്ളതെന്ന് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ സന്ദർശകരോടും സുഹൃത്തുക്കളോടും സംസാരിച്ചും അതല്ലെങ്ങിൽ നീണ്ട ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയും ഏറെ സമയം നഷ്ടമാക്കുന്നു. ഒടുവിൽ നമ്മളറിയാതെ ഓഫീസ് സമയം തീരുന്നു. മുഴുമിക്കാത്ത ജോലികളെല്ലാം അടുത്ത ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കുന്നു. സായാഹ്നത്തിൽ കുടുംബത്തോടൊപ്പം സിനിമയ്ക്കു പോവുകയോ സുഹൃത്തുക്കളെ സന്ദർശിക്കുകയോ ക്ലബ്ബിൽ പോവുകയോ ഒക്കെ ചെയ്യുന്നു. പിന്നീട് അത്താഴത്തിനുശേഷം കിടക്കയെ ശരണം പ്രാപിക്കുന്നു. അങ്ങനെ സംസാരിച്ചും ഉല്ലസിച്ചും പതിവു കാര്യങ്ങൾ മാത്രം ചെയ്തും ഓരോ ദിവസവും അവസാനിപ്പിക്കുന്നു. ബാക്കി സമയം ഉറങ്ങിയും നാം നഷ്ടപ്പെടുത്തുകയാണ്.

എന്നാൽ ഇതിനു വിരുദ്ധമായി നമ്മൾ സ്വയം കടുത്ത ശിക്ഷണത്തിനു വിധേയരായിക്കൊണ്ട് ജോലി, സാമൂഹ്യ ചുമതലകൾ, വിനോദം, ആഹാരം തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഓരോന്നിൻ്റെയും പ്രാധാന്യം കണക്കിലെടുത്ത് സമയം വീതിച്ചു നൽകി ദിവസത്തെ മുഴുവൻ പ്രവർത്തികളും കാലേകൂട്ടി ക്രമീകരിച്ചാൽ ഇരുപത്തിനാലു മണിക്കൂറുകൾ എന്ന ചുരുങ്ങിയ സമയത്ത് ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാനും ലക്ഷ്യപ്രാപ്തിയും സംതൃപ്തിയും കരഗതമാക്കാനും കഴിയും.

ഓരോ ദിവസത്തേയും ജോലികൾ തലേദിവസം രാത്രി തന്നെ ക്രമീകരിച്ച ചെയ്യുന്നത് നല്ലതാണ്.അങ്ങനെയായാൽ അടുത്ത പ്രഭാതത്തിൽ എപ്പോൾ ഉണരണമെന്നും ഒരോ ജോലികളും എപ്പോഴൊക്കെ, എത്രമാത്രം വേഗത്തിൽ ചെയ്യണമെന്നും നമുക്കറിയാൻ കഴിയും. അടുത്ത ദിവസം ഓരോ ജോലി പൂർത്തിയാക്കുമ്പോഴും നമ്മൾ സമയനിഷ്ഠ പാലിച്ചുവോ എന്ന് പരിശോധിക്കാവുന്നതാണ്. ജോലിസമയത്ത്, ജോലിസംബന്ധമല്ലാതെയുള്ള കേവല സൗഹൃദസംഭാഷണങ്ങൾ, നേരിട്ടായാലും ഫോണിലൂടെയായാലും ഒഴിവാക്കാൻ ശ്രമിക്കുക. ഉല്ലാസവേളയിൽ ജോലിസംബന്ധമായ വിഷമതകളെക്കുറിച്ചു ഒട്ടും ചിന്തിക്കാത്തതുപോലെ ജോലി സമയത്ത് മറ്റു കാര്യങ്ങൾക്കായി സമയം കളയാതിരിക്കുക. ജോലിസമയം അതിനുവേണ്ടിമാത്രമായി മാറ്റിവെയ്ക്കുക എന്ന് സാരം.

ഒരു സമയവിവരപ്പട്ടിക നമ്മളെ നയിക്കാനുണ്ടെങ്കിൽ ഔദ്യോഗിക ചർച്ചകളും സന്ദർശനങ്ങളും മര്യാദ അനുവദിക്കുന്നത്ര വേഗത്തിൽ തീർക്കാനും അതേസമയം അടിസ്ഥാനകാര്യങ്ങളിൽ നിന്നും വ്യതിചലിക്കാതിരിക്കാനും നമുക്ക് ശ്രദ്ധയുണ്ടായിരിക്കും.

കുടുബത്തോടൊപ്പം ചെലവഴിക്കാനും വ്യായാമത്തിനും വിനോദത്തിനും വായനയ്ക്കും ബൗദ്ധികവളർച്ചയ്ക്കുപയുക്തമായ മറ്റു ഉപാധികൾക്കും ഒക്കെയായി കുറച്ചു സമയം മാറ്റിവെയ്ക്കുക. ബേധനാപരമോ കൗതകകരമോ ആയ പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, സംഗീതകച്ചേരികൾപോലെയുള്ള കലാസാംസ്കാരിക പരിപാടികൾ എന്നിങ്ങനെ ഒരു വിവേകിയും ബുദ്ധിമാനുമായ മനുഷ്യന് അവഗണിക്കാനാവാത്ത പല സംഗതികളും ക്ലബ്ബുകളിലോ മാറു സ്ഥാപനങ്ങളിലോ സാധാരണയായി ഉണ്ടാകാറുണ്ട്. തൊഴിലിനെ സംബന്ധിച്ചും പൊതുവേയുള്ള നമ്മുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്തുന്നതിനുതകുന്ന പഠനങ്ങളിൽ ഏർപ്പെടുന്നതും നന്നായിരിക്കും. ഏതു മേഖലയിലായാലും വിജയം കാംക്ഷിക്കുന്നവർ കഴിയുന്നത്ര അറിവുള്ളവർ ആയിരിക്കുകതന്നെ വേണം.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ, നമ്മുടെ ജോലിയും വിനോദ പരിപാടികളും നിയതമായ ഒരു ക്രമത്തിലാവുന്നു. ദിവസത്തെ കൃത്യമായി ക്രമീകരിക്കുന്നതുവഴി സമയനഷ്ടം കഴിയുന്നത്ര ഒഴിവാക്കി ദിവസം മുഴുവൻ ഉദ്ദേശാധിഷ്ഠിതവും പ്രയോജനകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും കഴിയും.വ്യക്തികൾ എന്ന നിലയ്ക്കുള്ള നമ്മുടെ പുരോഗതി മാത്രമല്ല കുടുംബനാഥൻ എന്ന നിലയ്ക്കുള്ള പുരോഗതിയും നമ്മൾ ആസൂത്രണം ചെയ്യണം.കുടുംബനാഥൻ എന്ന നിലയിൽ കുട്ടികൾക്ക് ശരിയായ   മാർഗ്ഗദർശകൻ തന്നെയാണ് നമ്മൾ എന്ന് ഉറപ്പാക്കണം.

സമയം പരമാവധി പ്രയോജനകരമായി ചെലവഴിക്കുമ്പോൾ, അമിതമായി ക്ഷീണിക്കാതെതന്നെ ഒരുദിവസം ചെയ്തുതീർക്കുന്ന ജോലിയുടെ അളവ് നമ്മിൽത്തന്നെ മതിപ്പുളവാക്കണം. അത്ര വ്യവസ്ഥയൊന്നുമില്ലാത്ത നമ്മുടെ സുഹൃത്തുക്കൾ നമ്മൾ പുലരുവോളം ജോലി ചെയ്യുന്നു എന്ന് കരുതുന്നു. നമുക്ക് എങ്ങനെ ഇത്രയേറെ ഈർജ്ജമുണ്ടാകുന്നു എന്നവർ അത്ഭുതപ്പെട്ടേക്കാം. ഒന്ന് മനസ്സിലാക്കുക! നമ്മൾ എന്തെങ്കിലും ചെറിയ വിജയം നേടുന്നുണ്ടെങ്ങിൽ അതിൻ്റെ പിന്നിലുള്ള രഹസ്യം ശാസ്ത്രീയമായ സമയക്രമീകരണം മാത്രമാണ്.

പി. എം.എൻ.നമ്പൂതിരി✍

 

RELATED ARTICLES

1 COMMENT

  1. അതെ ഗുരുജി , വെറുതെ കിട്ടുന്നതും, തിരിച്ചെടുക്കാൻ കഴിയാത്തതും നദിവെള്ളം പോലെ ഒഴുകി പോകുന്നതുമായ സമയം എത്രയും വിലപ്പെട്ടതാണെന്ന് ഇവിടെ വെളിവാക്കുന്നു നന്ദിഗുരുജി നമസ്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com