Tuesday, July 14, 2026
Homeഅമേരിക്കഅധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം 10) "ശ്രുതി മീട്ടിയ സ്വപ്നങ്ങൾ" ✍ റോമി ബെന്നി

അധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം 10) “ശ്രുതി മീട്ടിയ സ്വപ്നങ്ങൾ” ✍ റോമി ബെന്നി

ശ്രുതി മീട്ടിയ സ്വപ്നങ്ങൾ

മഴക്കാല മേഘങ്ങൾ ആകാശം വിട്ടൊഴിഞ്ഞിരുന്നില്ല.

സിന്ധ്യ പടിയിറങ്ങി വരുന്നുണ്ടായിരുന്നു.
അവൾ എന്തോ ആലോചിച്ച് നടക്കുകയാണ്.

ചിന്താമഗ്നയായുള്ള വരവു കണ്ടാലറിയാം ഈലോകത്തൊന്നുമല്ല അവളെന്ന് .

തമാശയ്ക്ക് ഞാനവളുടെ തൊട്ടുമുമ്പിൽ വഴി മുടക്കി നിന്നു.

പുഞ്ചിരിയോടെ അവൾ പറഞ്ഞു

“ടീച്ചർ വരുന്നതു കണ്ടില്ല”

ഞാനവളുടെ ക്ലാസ് ടീച്ചറല്ലയെങ്കിലുംഅവളുടെ ക്ലാസിൽ പഠിപ്പിക്കുന്നുണ്ട്.

ഒരു ദിവസത്തിലെ നാൽപ്പതു മിനിറ്റുകൾ എന്നും കാണുന്ന
പരിചയം.

പാഠഭാഗം തീർക്കലും മറ്റു തിരക്കുകളായി എല്ലാവരെയും വ്യക്തിപരമായി ഇതുവരെ പരിചയമായിട്ടില്ല.

സ്വന്തം ക്ലാസിലെ കുട്ടികളെപ്പോലെ ഇടപഴകാൻ സമയവും കിട്ടാറില്ല.

എന്നാൽ സിന്ധ്യ പഠിക്കുന്ന ക്ലാസിൽ ആഴ്ചയിലൊരു പീരിയഡ് കലാസാഹിത്യ പ്രവർത്തനങ്ങൾക്കായി ലഭിച്ചതുകൊണ്ട് നല്ല പാട്ടുകാരിയാണവൾ എന്നെനിക്കറിയാം.

എവിടെപ്പോകുന്നു സിന്ധ്യ ? ഞാൻ ചോദിച്ചു.

“അതു കമ്പ്യൂട്ടർ ലാബിൽ കുട്ടികളെല്ലാം പോയി. ഞാൻ തലവേദന കാരണം ക്ലാസിൽ കിടന്നു. താഴെ വന്ന് കുറച്ചു വെള്ളമെടുക്കാമെന്നു കരുതി”

ക്ലാസ് ടെസ്റ്റിന്റെ പേപ്പർ നോക്കാനുള്ളതു കൊണ്ട് എനിക്കു കിട്ടിയ ഫ്രീ പീരിയഡ് സ്റ്റാഫ് റൂമിലേയ്ക്കു പോകാതെ കുട്ടികൾ കളിയിടങ്ങളിലോ മറ്റു ക്ലാസുകളിലേയ്ക്കോ പോയി ഒഴിഞ്ഞു കിടക്കുന്ന മുറിയിലിരുന്ന്
സ്വസ്ഥമായി പേപ്പർ നോക്കാനായിരുന്നു അന്നെന്റെ പദ്ധതി.

ഒഴിഞ്ഞ മുറിയാണെങ്കിലും അസുഖവും മറ്റു പല കാരണങ്ങളും പറഞ്ഞ് ഒന്നോ രണ്ടോ കുട്ടികൾ എന്നും അവിടെ ഇരിപ്പുണ്ടാകും.

പിന്നെ എന്റെ തൊട്ടടുത്തുവന്ന് വിശേഷം ചോദിക്കലും അവരുടെ വീട്ടുവിശേഷം പങ്കുവെയ്ക്കലും പതിവാണ്.

ഞാനന്നു കയറിയിരുന്ന ക്ലാസ് സിന്ധ്യയുടേതായിരുന്നു.

അവൾ പുഞ്ചിരിയോടെ തന്നെ കൈയ്യിൽ വെള്ളം നിറച്ച കുപ്പിയുമായി തിരിച്ചു വന്നു.

വെറുതെ വിശേഷം ചോദിക്കാൻ തോന്നിയെങ്കിലും ഞാൻ തല കുമ്പിട്ടിരുന്ന് പേപ്പർ പരിശോധനയിൽ ഏർപ്പെട്ടു. ഇങ്ങനെ പോയിരുന്നാൽ പലപ്പോഴും സംഭവിക്കുന്നതു പോലെ കുട്ടികളോടുമിണ്ടിയും പറഞ്ഞും ജോലിനടക്കില്ല.

അഞ്ചു മിനിറ്റുകഴിഞ്ഞപ്പോൾ സിന്ധ്യ എന്റരികിൽ വന്നു നിന്നു.

സാധാരണ കുട്ടികൾ ചോദിക്കുന്നതുപോലെ ടീച്ചറുടെ വീടെവിടെയാണ് ? ആരൊക്കെയുണ്ട് എന്നു എന്നോടു ചോദിച്ചു.

കുട്ടികളുടെ ഇങ്ങനെയുള്ള കുശലാന്വേഷണത്തിനർത്ഥമെന്നത് അവർക്കെന്തോ തുറന്നു നമ്മളോടു പറയാനുണ്ട് എന്നതാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.

ചുവന്ന മഷിയുള്ള പേന താഴെ വെച്ചു ഞാനവളെ നോക്കി.

വിശേഷങ്ങൾ ചോദിച്ചു. അവിടെ ഇരിക്കാൻ പറഞ്ഞു.

മുൻവശത്തെ ഡെസ്ക്കിൽ ചാരിക്കിടന്ന് അവൾ ഓരോന്നു പറഞ്ഞു തുടങ്ങി.

മോളു പാട്ടു പഠിക്കാൻ പോകണം. നന്നായി പാടുന്നുണ്ടല്ലോ ഞാൻ പറഞ്ഞു.

“ശാസ്ത്രീയ സംഗീതം പഠിക്കണമെന്നുണ്ട്. നടക്കില്ല ടീച്ചർ.
നമ്മുടെ സ്കൂളിൽ പാട്ടു ടീച്ചർ പഠിപ്പിക്കുന്ന പാട്ടല്ലാതെ ഒന്നും കേട്ടു പോലും പഠിക്കാനവസരമില്ല ടീച്ചർ.”

അവളുടെ കണ്ണു നിറഞ്ഞു വന്നു.

“റേഡിയോ , ടി വി ഒന്നും വീട്ടിലില്ല. എല്ലാം പൊട്ടിച്ചു കളഞ്ഞു എന്റെ അപ്പച്ചൻ”

അവൾ നിറുത്തി.

മുഴുക്കുടിയനായ ഒരച്ഛന്റെ മകളുടെ വേദനകൾ അവൾ വിവരിച്ചു പറഞ്ഞപ്പോൾ തൊട്ടുമുൻപിൽ നടക്കുന്ന ഒരു സംഭവം കണ്ടറിയുന്നതു പോലെ ഞാൻവിറങ്ങലിച്ചിരുന്നു .

അമ്മ തയ്യൽ ജോലിക്കുപോകുന്നുണ്ട്. അപ്പൻ ചുമട്ടുതൊഴിലാളിയും.

കാശിനു കുറവില്ല പക്ഷേ അമ്മയുടെ കഷ്ടപ്പാടു കൊണ്ടുതന്നെയാണ് വീടു പുലരുന്നത്. പണം അവളുടെ അപ്പനു കിട്ടുന്നുണ്ട്. എല്ലാം ചീട്ടു കളിച്ചും കുടിച്ചും തീർക്കുമത്രെ.

വീട്ടിൽ വന്നാൽ സ്വൈര്യം തരില്ല. ഒരു ചേച്ചിയുള്ളതിനെ പതിനെട്ടു വയസാപ്പോഴേ പഠനമൊക്കെ നിറുത്തി അമ്മയുടെ നിർബന്ധത്താൽ ദൂരെ കല്യാണം കഴിച്ചുവിട്ടു.
ഇങ്ങോടൊന്നും അവർ വരികയുമില്ലത്രെ.

വിവരണം നിറുത്തി സിന്ധ്യ നെടുവീർപ്പിട്ടു.

കുടുംബനാഥന്റെ മദ്യപാനശീലം തകർക്കുന്ന ഒത്തിരി കുടുംബങ്ങളും കുട്ടികളും ഉണ്ട്.

പലപ്പോഴും അധ്യാപകർ പ്രശ്നത്തിൽ ഇടപെടാനാകാതെ നിസഹായരായിപ്പോകാറുമുണ്ട് . പോലീസിൽ പറയുമെന്നൊക്കെ പേടിപ്പിച്ചാൽ ആദ്യമെതിർക്കുന്നത് ഇതിന്റെ തിക്ത
ഫലങ്ങളനുഭവിക്കുന്ന കുടുംബാംഗങ്ങൾ തന്നെയാണ്.

മറ്റുള്ളവർ അറിയുമെന്ന നാണക്കേടാണ് ഇതെല്ലാം സഹിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.

സിന്ധ്യ പറഞ്ഞു വന്നപ്പോൾ അവരുടെ സഹനം കുറച്ചു കഠിനമെന്നെനിക്കു തോന്നി.

രാത്രി അപ്പൻ വന്നു കഴിഞ്ഞാൽ അമ്മയെയും മകളെയും വീട്ടിൽ നിന്ന് ഉന്തിത്തള്ളിപ്പുറത്താക്കി അയാൾ വാതിലടച്ചു പൂട്ടും.

തൊട്ടടുത്ത് ഒരു വല്യമ്മ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അവിടെയാണ് ഇവരുടെ അന്തിയുറക്കം. രാവിലെ എഴുന്നേറ്റു വരുമ്പോൾ അമ്മയും മകളും എവിടെ പോയി വന്നു എന്ന രീതിയിൽ ചീത്ത വിളിച്ച് അയാൾ പുറത്തേയ്ക്കു പോകും.

നിങ്ങൾക്ക് ബന്ധുക്കളാരുമില്ലേ? ഒന്നു വിളിച്ചു വരുത്തി ഇതിനൊരു തീരുമാനമെടുക്കാൻ ?
ഞാൻ ചോദിച്ചു.

അവൾ ചിരിച്ചു. എന്നിട്ടു പറഞ്ഞു

“നാട്ടിൽ മദ്യമില്ലാതാകും വരെ പ്രശ്നമൊന്നും തീരില്ല ടീച്ചർ. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് , അപ്പന്റെയും അമ്മയുടെയും കല്യാണം ഉറപ്പിച്ചത് ഷാപ്പിൽ വെച്ചായിരുന്നത്രെ. രണ്ടു അപ്പൂപ്പന്മാരും മുഴുക്കുടിയന്മാർ. അമ്മൂമ്മമാരാകട്ടെ പേടിച്ചു വിധേയത്വത്തോടെ നിൽക്കുന്നവരും.
അമ്മയും ഇതു കണ്ടല്ലേ വളർന്നത്! ആരോടു പരാതിപ്പെടാനാണ് ”

അൽപ്പനേരം ഞങ്ങൾ രണ്ടാളും മിണ്ടിയില്ല.

“കഴിഞ്ഞ ദിവസം അപ്പൻ ഞങ്ങളെ ഇറക്കിവിട്ടിട്ടും കോപം തീരാതെ അഭയം തന്ന വീടിനു നേരെ പതിവു ചീത്ത പറച്ചിലും കഴിഞ്ഞ് കല്ലെറിയാൻ തുടങ്ങി .

അവരിനി ഞങ്ങളോട് ചെല്ലേണ്ടെന്നു പറഞ്ഞാൽ തീർന്നു. രാത്രി വല്ല പട്ടിയോ പാമ്പോ കടിച്ച് ചാകും”

ഞാൻ നിശബ്ദയായി വേദനയോടെ അവളെ നോക്കി.

അടുത്ത പോലീസ് സ്റ്റേഷനിലോ അയാൾ ജോലിചെയ്യുന്നിടത്തോ ഒന്നു പറഞ്ഞാലോ എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ സിന്ധ്യ പറഞ്ഞു

“എല്ലാവരും ഇടപെട്ടതാണ്. ഒന്നും ശരിയാകില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തന്നു രാത്രിയിൽ ഞങ്ങൾ ഭയന്ന് ഒരു പോള കണ്ണടച്ചില്ല.

ഞങ്ങളെ കൊന്നുകളയുമോയെന്നു പോലും പേടിച്ചാണ് അടുത്ത വീട്ടിൽ
കിടന്നത് ”

എന്തു പറഞ്ഞാശ്വസിപ്പിക്കാനാണ്. ചികിത്സയ്ക്ക് കൊണ്ടു പോയാലോ എന്ന എന്റെ ചോദ്യത്തിനവൾ ചിരിച്ചു.

“പിടിച്ചു കെട്ടി കൊണ്ടുപോകാനാർക്കും ധൈര്യമില്ല. പിന്നെ ആരാണ് സഹായത്തിനു വരുന്നത് ?. അപ്പന്റെ കൂട്ടുകാർക്കും നാട്ടുകാർക്കും അപ്പൻ സഹായിയും നല്ല മനുഷ്യനുമാണ്.

രാത്രിയിലെ കോലാഹലം നേരിട്ടു കണ്ടവർക്കു മാത്രമേ സത്യാവസ്ഥ അറിയു .

കല്ലെറിയൽ പരിപാടി തുടങ്ങിയത് വല്ലാത്ത പ്രശ്നമായി മാറി ടീച്ചർ”

മനോഭാരത്തോടെ ക്ലാസിൽ നിന്നിറങ്ങുമ്പോൾ സിന്ധ്യയുടെ ക്ലാസ് ടീച്ചർ എതിരെ വരുന്നുണ്ടായിരുന്നു.

അവർക്കും കാര്യങ്ങളറിയാം

“നമുക്ക് എന്തു ചെയ്യാനൊക്കും ടീച്ചർ ?”അവർ വിഷണ്ണയായി നിന്നു.

എച്ച്. എമ്മിനെ അറിയിക്കാം ഇത്രയും കഷ്ടപ്പെടുന്ന ഒരു കുട്ടി ക്ലാസിൽ വരുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ എന്നു ഞാൻ പറഞ്ഞു.

ക്ലാസ്ടീച്ചർ പറഞ്ഞ മറുപടി കേട്ടുടൻ ഞെട്ടി.

“ടീച്ചറെ വിവരം സിന്ധ്യ പറഞ്ഞറിഞ്ഞ് ഒരു ദിവസം ഇവളുടെ അമ്മയെ ഞാൻ വിളിച്ചതാ. ഇങ്ങനെയൊരു പ്രശ്നമേയില്ലയെന്നാണവർപറഞ്ഞത്.കുട്ടി പറഞ്ഞ് എനിക്കെല്ലാമറിയാമെന്നു മനസിലായപ്പോൾ അവർ പറഞ്ഞത് പോലീസിലറിയിച്ചാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് നമ്മൾ എന്തു ചെയ്യാനാണ്? ”

ടീച്ചർ മിണ്ടാതെ എന്റെ ഒപ്പം നടന്നു.

അന്നു എച്ച്.എം നോടു ഞങ്ങൾ സംസാരിച്ചപ്പോഴാണ് ഒരു ആശയം മനസിലുദിച്ചത് ഇവരുടെ പള്ളി വികാരിയെ വിവരം അറിയിക്കാം.

എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യട്ടെ.
അച്ചനെ ഫോൺ ചെയ്തപ്പോൾ തന്നെ ചിരിച്ചു കൊണ്ടു മറുപടി വന്നു.

“ഇതിലൊക്കെ ഞാനിടപെട്ടതാണ്. അയൽക്കാർ പറഞ്ഞറിഞ്ഞ് പോലീസ് സ്റ്റേഷനിൽ വരെ അറിയിച്ചു. അയാളുടെ ഭാര്യയാണ് കൂടുതൽ വളം വെച്ചു കൊടുക്കുന്നത്. അവരെ കുറ്റം പറയാനും പറ്റില്ല. ഭയന്നിട്ടാകും. പരാതിയില്ലെന്നാണ് അവർ പോലീസ് ചെന്നപ്പോൾ പറഞ്ഞത്.
ശരി ഞാൻ ഒന്നു കൂടി ശ്രമിക്കട്ടെ ”

അച്ചൻ ഫോൺ വെച്ചു.

പിറ്റേയാഴ്ച സിന്ധ്യ ക്ലാസ് ടീച്ചറോടു പറഞ്ഞു

അവളുടെ അപ്പനെ ചേച്ചിയുടെ ഭർത്താവും കൂട്ടുകാരും കൂടിവന്ന് മൂവാറ്റുപുഴയിലെങ്ങോ അഡിക്ഷൻ സെന്ററിൽ കൊണ്ടു പോയെന്നും ,രാത്രി ഇപ്പോൾ സമാധാനമായി അവൾക്ക് ഉറങ്ങാൻ പറ്റുന്നുണ്ടെന്നുംമറ്റും.

പക്ഷേ അമ്മ കരച്ചിലു തന്നെയാണെന്നവൾ പരിഹാസത്തോടെ പറഞ്ഞുനിറുത്തിയത്രെ.

ക്ലാസിൽ മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് മറ്റൊന്നും സംസാരിക്കാനായില്ലയെങ്കിലും ഒരു ദിവസം എന്റെ പിറകെ ഓടി വന്നവൾ പറഞ്ഞു.

“ആൾ വീട്ടിലെത്തി. മൗനിയാണ്. എനിക്കത്രയും മതി.
വായിക്കാനും പഠിക്കാനുമൊക്കെ കഴിയുന്നുണ്ട്. പള്ളിയിലെ ഗായക സംഘത്തിൽ ചേർന്നു. അപ്പൻ നേരത്തേ അനുവദിച്ചിരുന്നില്ല. ഇപ്പോൾ എതിർത്തൊന്നും പറയുന്നില്ല. ”

വർഷങ്ങൾ കൊഴിഞ്ഞു വീണു.
താഴത്തെ എൽ.പി. സ്കൂളിൽ വന്ന് സ്വന്തം കുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാനെത്തിയ സിന്ധ്യ എന്നെക്കാണാൻ പടവുകൾ കയറി ഒരു ദിവസം മുകളിലേയ്ക്കു വരുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു.

ആകാശത്തു പാഞ്ഞു മറയുന്ന കാർമേഘങ്ങളേക്കാൾ വേഗതയിലാണ് കാലത്തിന്റെ സഞ്ചാരമെന്നു ഞാൻ തിരിച്ചറിഞ്ഞു.

“കുറേ നാളായി ടീച്ചറെ കാണണമെന്നാഗ്ര ഹമുണ്ടായിരുന്നു. കുട്ടിയെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ ഇവിടെ വന്നന്വേഷിച്ചു. അപ്പോൾ ടീച്ചറെ കണ്ടില്ല.

ഞങ്ങളുടെ ക്ലാസ്ടീച്ചർ ട്രാൻസ്ഫറായി പോയെന്നും അറിഞ്ഞു.

ഞാനിപ്പോൾ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ”

അവൾ തിളങ്ങുന്ന മിഴികളോടെ എന്നെ നോക്കി.

എല്ലാവരും സുഖമായിരിക്കുന്നോ ഞാൻ ചോദിച്ചു.

“മദ്യപിക്കാത്ത ഒരാളായിരിക്കണമെന്ന എന്റെ ആഗ്രഹവും വാശിയും ദൈവം കണ്ടു. എല്ലാവരും സുഖമായിരിക്കുന്നു.
അമ്മയും അപ്പനും ഞങ്ങളുടെ കൂടെയുണ്ട്. ”

കൂടുതലൊന്നും ചോദിക്കാതെ ഞാനവളെ നോക്കി.

ആകാശച്ചെരിവിലെ വെൺമയും നീലിമയും അരുണിമയും ഇടകലർന്ന നിറക്കൂട്ടുകൾ സൃഷ്ടിക്കുന്ന ചാരുത അവളിലും പ്രതിബിംബിച്ചു.

ഒഴിഞ്ഞു പോയ കരിനിഴൽക്കാലത്തെ കുറിച്ച് വീണ്ടുമോർമിപ്പിക്കുന്നതെന്തിന്. മറ്റൊന്നും ഞാൻ ചോദിച്ചില്ല.

ഇനിയും കാണാം എന്നു പറഞ്ഞു പിരിയുമ്പോൾ അവൾ പറഞ്ഞു

“ഞാനിപ്പോൾ പാട്ടു പഠിപ്പിക്കുന്നുണ്ട്. വീട്ടിൽത്തന്നെയാണ് കുട്ടികൾ വരുന്നത്.

എന്നോടു പാട്ടു
പഠിക്കാൻ ആദ്യമായി നിർബന്ധിച്ചത് ടീച്ചറാണ്. മറക്കില്ല. ”

സിന്ധ്യയുടെ പാട്ടുകേൾക്കാൻ എനിക്കാഗ്രഹമുണ്ട് ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

മുകളിലെ വരാന്തയിലെ ഒരു തൂണ് ചൂണ്ടിക്കാണിച്ചവൾ പറഞ്ഞു അവിടെ നിന്നാണ് ഞാൻ ടീച്ചറു മായി സംസാരിക്കാറുണ്ടായിരുന്നത്.

ടീച്ചർ പറയുമ്പോഴൊക്കെ പാട്ടു മൂളിക്കേൾപ്പിക്കാറുള്ളത്.

ഒരു ദിവസം ഞാനവിടെത്തന്നെ വന്നു നിന്ന് പാടിത്തരാം.”

പുഞ്ചിരിച്ചു കൊണ്ടവൾ പിരിയുമ്പോൾ മനസിൽ ഏതോ ഒരു ഗാനശകലം അലയടിച്ചുയർന്നുവന്നത് കാറ്റേറ്റു പാടിയതു കേട്ട് ഇളകി ഉലയുന്ന വൃക്ഷത്തലപ്പിലേയ്ക്കു നോക്കി ഞാൻ നിന്നു. കാലമേ നിനക്കു വന്ദനം

റോമി ബെന്നി✍

RELATED ARTICLES

7 COMMENTS

  1. ടീച്ചറുടെ ഒരു പുഞ്ചിരി പോലും കുട്ടിക്ക് കിട്ടുന്ന ആശ്വാസം ചെറുതല്ല..
    നല്ല എഴുത്ത്

  2. സിന്ധ്യയുടെ പാട്ട് വായനക്കാരിലേയ്ക്കും എത്താൻ കാത്തിരിക്കുകയാണ്…..

  3. ഒരു പാട്ടിന്റെ ദൂരം ബാക്കി വച്ച് പോയ സിന്ധ്യയുടെ വരവ് പ്രതീക്ഷിക്കുന്നു. ഒപ്പംഎഴുത്തുകാരിയുടെ രചനയും .
    ഭാവുകങ്ങൾ റോമി❤️❤️❤️

  4. നന്നായിട്ടുണ്ട് റോമി
    വായിപ്പിക്കാൻ തോന്നിപ്പിക്കുന്ന ഒന്നുണ്ട് നിൻ്റെ എഴുത്തിന്.

    കുറെ നാളായി സമയം കിട്ടാറില്ലായിരുന്നു.
    മിസ്സ് ആയതെല്ലാം നോക്കി വായിക്കണം

  5. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക് …… നല്ല എഴുത്ത്❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com