Tuesday, July 14, 2026
Homeഅമേരിക്ക​ സ്നേഹകുടീരം എട്ടുകെട്ട്. (നോവൽ - ​അദ്ധ്യായം 9) 'തറവാട്ടിലെ തിളക്കമാർന്ന ആചാരാനുഷ്ഠാനങ്ങൾ.' ✍...

​ സ്നേഹകുടീരം എട്ടുകെട്ട്. (നോവൽ – ​അദ്ധ്യായം 9) ‘തറവാട്ടിലെ തിളക്കമാർന്ന ആചാരാനുഷ്ഠാനങ്ങൾ.’ ✍ ശ്യാമള ഹരിദാസ്.

‘തറവാട്ടിലെ തിളക്കമാർന്ന ആചാരാനുഷ്ഠാനങ്ങൾ.’

വളുവനാടിന്റെ ഹൃദയമിടിപ്പ് പൂരത്തിന്റെ താളത്തിലായിരുന്നു. ചെമ്പകപ്പൂവിന്റെ മണം നിറഞ്ഞ കാറ്റിൽ ചെണ്ടമേളത്തിന്റെ ഇരമ്പം ലയിക്കുമ്പോൾ ദേശമൊട്ടാകെ ഒരു ദൈവിക ആവേശം പടർന്നു വീഴും. ക്ഷേത്രമുറ്റത്ത് മേളങ്ങൾ ഉണരുന്ന നിമിഷം, ആയിരങ്ങൾ നിറഞ്ഞ ജനക്കൂട്ടത്തിനുമുന്നിൽ ഒരേയൊരു ചോദ്യം മൂന്നു പ്രാവശ്യം ഉയരും.

“കാരണവർ എത്തിയോ…?”
ആ ചോദ്യം കാറ്റിൽ അലിഞ്ഞു തീരുന്നതിനുമുമ്പ്, ആദരവിന്റെ ഉറപ്പോടെ മറുപടി മുഴങ്ങും.

“എത്തിയിട്ടുണ്ട്…”

ആ മറുപടിക്കായിട്ടായിരുന്നു പൂരം പോലും കാത്തിരുന്നത്. കാരണവരുടെ അനുമതി ലഭിച്ച ശേഷമേ പൂരം മുളയിടൽ ചടങ്ങിന് തുടക്കമാകൂ. ആചാരങ്ങളുടെ ആ മഹത്വം തറവാടിനെയും ദേശത്തിന്റെ ആത്മാവിനെയും അറ്റുപോകാത്ത ബന്ധത്തിൽ ചേർത്തുനിർത്തിയിരുന്നു.

പൂതനും തിറയും വെള്ളാട്ടും ആണ്ടിനായാടിയും ദേശത്തുടനീളം കളിയാടാൻ പുറപ്പെടുന്നതിന് മുൻപ് ആദ്യം എത്തുന്നത് തറവാട്ടിലേക്കായിരുന്നു. അവിടെ നിന്നുള്ള അനുഗ്രഹവും കൈനീട്ടവും ഏറ്റുവാങ്ങുക എന്നത് ഒരു പതിവ് മാത്രമല്ല, തലമുറകളായി കൈമാറപ്പെട്ട അവകാശവുമായിരുന്നു.

കലാകാരന്മാർക്ക് തറവാട് നൽകുന്ന ആ ആദരം, ഒരു നാടിന്റെ കലാസംസ്കാരത്തോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി മാറി

പൂരത്തിന്റെ ആരവം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപുള്ള പുലർച്ചകൾക്ക് ഒരു അപൂർവ ദിവ്യതയുണ്ടായിരുന്നു. വെളിച്ചം പൂർണമായി വീണിറങ്ങും മുമ്പേ സ്നേഹകുടീരത്തിന്റെ കളങ്ങളിൽ പൂതനും തിറയും ആണ്ടിനായാടിയും നിറഞ്ഞെത്തും.

അവരുടെ ചുവടൊച്ചകളിലും മുഖാവരണങ്ങളിലുമെല്ലാം പാരമ്പര്യത്തിന്റെ ആത്മാവ് ശ്വസിക്കുന്നതുപോലെ തോന്നും.
ഉച്ചവെയിലിൽ കാവുപറമ്പ് ജനസാഗരമായി മാറുമ്പോൾ, ആ ജനങ്ങളുടെ ദാഹമകറ്റാൻ തറവാട്ടിൽ നിന്ന് ശർക്കരവെള്ളവും തണുത്ത സംഭാരവും ഒഴുകിയെത്തും. ആ മധുരത്തിൽ വെറും പാനീയത്തിന്റെ രുചിയല്ല, തറവാട്ടിന്റെ കരുതലും സ്നേഹവും കലർന്നിരുന്നു.

പൗർണ്ണമി രാത്രിയിലായിരുന്നു ആ അപൂർവ നിമിഷം ഉദിച്ചത്.

തറവാട്ടിലെ കുലദേവതയുടെ പുനഃപ്രതിഷ്ഠാദിനം.
നൂറ്റാണ്ടുകളുടെ നിഗൂഢതകൾ കാത്തുസൂക്ഷിച്ച നിലവറയുടെ വാതിൽ അന്ന് പതുക്കെ തുറന്നു. ധൂപത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ, ഐതീഹ്യങ്ങളുടെ തിളക്കം വഹിക്കുന്ന ഭഗവതിയുടെ തിടമ്പും വാളും ചിലങ്കയും പുറത്തെടുത്തു.

മന്ത്രോച്ചാരണങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര ഭഗവതിപ്പുരയിലേക്ക് നീങ്ങി. കാരണവർ കരുണാകര മേനോന്റെ കൈകളിൽ തിടമ്പ് വിശ്രമിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച ആത്മസന്തൃപ്തിയുടെ പ്രകാശം തെളിഞ്ഞുനിന്നു.

പൂക്കളാലും ദീപങ്ങളാലും അലംകൃതമായ പ്രതിഷ്ഠാസ്ഥാനത്തിന് മുൻപിൽ അദ്ദേഹം ഭക്തിനിർഭരനായി തിടമ്പ് പ്രതിഷ്ഠിച്ചു. അതിന്റെ ഇരുവശങ്ങളിലായി വാളും ചിലങ്കയും സമർപ്പിക്കപ്പെട്ട നിമിഷം, കാലം പോലും ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി. ആ അന്തരീക്ഷമൊട്ടാകെ ഒരു ദൈവിക പ്രകമ്പനം തിരമാലപോലെ പടർന്നു

വർഷങ്ങളായി മുടങ്ങിക്കിടന്ന ആചാരം പൂർണ്ണതയിലെത്തിയപ്പോൾ, ഓരോ കുടുംബാംഗത്തിന്റെയും കണ്ണുകളിൽ ആനന്ദാശ്രുക്കൾ മിന്നിമറഞ്ഞു.
ആ രാത്രി, തറവാട് ഒരു പഴയ പാരമ്പര്യം തിരികെ നേടിയതല്ല.

ഒരു പുതിയ ഉണർവ്വിന്റെയും ഐശ്വര്യത്തിന്റെയും ഉദയത്തെ വരവേൽക്കുകയായിരുന്നു.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com