Tuesday, July 14, 2026
Homeഅമേരിക്കപറന്നു ചെല്ലാൻ .... (ലേഖനം) ✍ രവി കൊമ്മേരി

പറന്നു ചെല്ലാൻ …. (ലേഖനം) ✍ രവി കൊമ്മേരി

“ശാസ്ത്രം ജയിച്ചു മനഷ്യൻ തോറ്റു
രാഷ്ട്രീയം ജയിച്ചു വോട്ടർമാർ തോറ്റു”

ഇപ്പോൾ ഈ രണ്ടു വാചകങ്ങളും വളരെ അന്വർത്ഥമാകുന്നു എന്നതാണ് യാഥാർത്ഥ്യം.

കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്. കേരവൃക്ഷങ്ങളുടെ മഹനീയ നാട്. വിവിധ സംസ്ക്കാരങ്ങളുടെ, വിവിധ ഗോത്രങ്ങളുടെ, വിവിധ ആചാരങ്ങളുടെ വിശാലമായ നാട്. നിലവിൽ ഏകദേശം അറുന്നൂറിന് താഴെ കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്ന കൊച്ചു കേരളത്തിൽ, മൂന്നരക്കോടിയിലധികമുള്ള ജനസംഖ്യയിൽ ആകെ ജനസംഖ്യയുടെ ഏട്ട് മുതൽ ഒൻപത് ശതമാനം വരെ ജനങ്ങൾ ഇന്ത്യയ്ക്കു പുറത്ത് പ്രവാസികളായി ലോകത്തിൻ്റെ പല ഭാഗങ്ങളിലായി ജീവിക്കുന്നു.

കേരളത്തിനകത്തും, കേരളത്തിൽ നിന്ന് പുറത്തേക്കും, പുറത്തുനിന്ന് കേരളത്തിലേക്കും ഉള്ള യാത്രാസൗകര്യങ്ങൾ നിരവധിയാണെങ്കിലും, ഇതൊന്നും തന്നെ യാത്രാ ക്ലേശത്തിന് ശാശ്വതമായ ഒരു പരിഹാരമായി മാറാത്ത സാഹചര്യമാണ് ഇന്ന് നിലവിൽ ഉള്ളത്. ആവശ്യത്തിനും അത്യാവശ്യത്തിനും നാട്ടിലേക്ക് വരികയും പോകുകയും ചെയ്യേണ്ടുന്നവർ വളരെയധികം യാത്രാ ദുരിതങ്ങളാണ് എന്നും അനുഭവിക്കുന്നത്. ട്രെയിനുകളും. സർക്കാർ ബസ്സുകളും സർക്കാർ ഇതര സർവ്വീസുകളും നിരവധിയെണ്ണം സർവ്വീസ് നടത്തുന്നുണ്ടെങ്കിലും, ഇതൊന്നും തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടുന്നില്ല. എന്നതാണ് സത്യം.

നിരവധി സാങ്കേതികവിദ്യകളും സാഹചര്യങ്ങളും നിലവിലുള്ള ഈ കാലത്ത് വെറും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സംവിധാനങ്ങളുടെ വികസനം തടസ്സപ്പെടുത്തി, അതിലൂടെ ജനങ്ങളുടെ ദുരിതനിവാരണം ദു:സ്സഹമാക്കി രാജ്യവികസനത്തിൻ്റെ പാതകൾ വെട്ടിനിരത്തി രാഷ്ട്രീയ പോർക്കളമാക്കി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുകളാണ് മാറി മാറി ഭരിക്കുന്ന സർക്കാരുകൾ ചെയ്തു കൊണ്ടിരിക്കുന്നത്.

നമ്മുടെ നാട്ടിലെ ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ യാത്രാ സംവിധാനമായ ട്രെയിൻ യാത്രയെക്കുറിച്ച് പറയുമ്പോൾ ശരാശരി ഒൻപത് പാസ്സഞ്ചർ ട്രെയിനുകൾ ദിനംപ്രതി കാസർകോഡ് മുതൽ തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ സ്പഷ്യൽ ട്രെയിനുകളും ഓടുന്നുണ്ട്. എന്നാൽ ഇതിൽ അഞ്ച് ട്രെയിനുകൾ മാത്രമേ പകൽ സമയങ്ങളിൽ ഓടുന്നുള്ളു. ഈ ട്രെയിനുകളിലെല്ലാം എത്ര ജനറൽ കമ്പാർട്ട് മെൻ്റുകൾ ഉണ്ട് എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ഉതകുന്ന രീതിയിൽ കൂടുതൽ ജനറൽ കോച്ചുകൾ മാത്രം ഉൾപ്പെടുത്തി പ്രതിദിന സർവ്വീസുകൾ ഓടിക്കാൻ ശ്രമിച്ചാൽ അത് ഒരു പരിധിവരെ സാധാരണക്കാരുടെ യാത്രാ ദുരിതം പരിഹരിക്കാനും, റെയിൽവേയ്ക്ക് കൂടുതൽ ലാഭം കൈവരിക്കാനും സാധിക്കുന്നതാണ്.

കൂടാതെ, എല്ലാം ഓൺലൈൻ സേവനത്തിലേക്ക് മാറി എന്ന് പറയുമ്പോൾ, ഇന്നും ആ പഴയ രീതിയിൽ ട്രെയിൻ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ചാർട്ട് പ്രസിദ്ധീകരിക്കുന്ന രീതി തന്നെയാണ് നിലവിലുള്ളത്. വെയിറ്റിംഗ് ലിസ്റ്റിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഒരു വ്യക്തിക്ക് ആ ടിക്കറ്റ് കൺഫോം ആയോ എന്ന് അറിയണമെങ്കിൽ ട്രെയിൻ പുറപ്പെടുന്ന ദിവസം ചാർട്ട് പുറപ്പെടുവിച്ചതിനുശേഷമേ വിവരം ലഭിക്കു എന്നതാണ് അവസ്ഥ. ഇതാണോ ഓൺലൈൻ സംവിധാനം. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആകുമ്പോൾ, ഏതെങ്കിലും ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ആകുന്ന മുറയ്ക്ക് ഓട്ടോമാറ്റിക് ആയി വെയിറ്റിംഗ് ലീസ്റ്റ് ടിക്കറ്റ് അപ്രൂവൽ ആയി കിട്ടേണ്ടതല്ലേ ? എന്നാൽ ഈ സംവിധാനം നിലവിലില്ല. ഇതിനാൽ ഒരുപാട് യാത്രക്കാർക്ക് വളരെ വലിയ സാമ്പത്തീക നഷ്ടങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ടിക്കറ്റ് കൺഫേം ആകാത്തതിനാൽ പലപ്പോഴും ദീർഘ ദൂര യാത്രക്കാർ മറ്റൊരു സംവിധാനം കൂടി ഉപയോഗപ്പെടുത്തും. വെയിറ്റിംഗ് ലീസ്റ്റ് ഓകെ ആയാൽ അടുത്തത് ക്യാൻസൽ ചെയ്യാം എന്ന് കരുതി. എന്നാൽ പലപ്പോഴും ഇത്തരം ആളുകളുടെ കാശ് പോകാറാണ് പതിവ്.

കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് നടക്കുന്ന റോഡ് പണികൾ കാരണം റോഡ് മാർഗ്ഗമുള്ള യാത്രകൾ വളരെയധികം അപകടം നിറഞ്ഞതും, ദുർഘടവുമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും ട്രെയിൻ യാത്രകളാണ് തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, നമ്മുടെ നാട്ടിലെ റോഡ് വികസനങ്ങളിലെ വളരെ ആധുനികമായ രീതികളുടെ ശാസ്‌ത്രീയതയും, വാഹനം ഓടിക്കുന്നവരുടെ സുരക്ഷാ ബോധവും, നമ്മുടെ ഗതാഗത വകുപ്പ് നൽകുന്ന വളരെ ഫലവത്തായ അവലോകനങ്ങളും കൊണ്ട് ഇന്ന് ദിനംപ്രതി റോഡപകടങ്ങൾ കൂടികൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് റോഡുപണികൾ നാട്ടിൽ നടക്കുന്നത്.

ഇതിനെല്ലാം പുറമേ നമ്മുടെ കൊച്ചു കേരളത്തിൽ എത്ര എയർപ്പോർട്ടുകൾ നിലവിൽ ഉണ്ട്. ഇത് കൂടാതെ ഇനിയും പുതിയത് പണിയണം എന്ന മുറവിളി രാഷ്ട്രീയ പാർട്ടികൾ നടത്തുകയും ചെയുന്നു. മുകളിൽ സൂചിപ്പിച്ചതു പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണെന്നിരിക്കെ, അവരുടെ വരുമാനത്തിൻ്റെ തോതാണ് നാടിൻ്റെ വലിയൊരു ഭാഗം വികസനം എന്നിരിക്കെ, അവരുടെ യാത്രാദുരിതത്തിന് ഇതുവരേയും ആവശ്യമായ പരിഹാരങ്ങൾ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുവരാൻ ഒരു ഗവൺമെൻ്റും ശ്രമിക്കുന്നില്ലാ എന്നത് വളരെ ഖേദകരമാണ്.

മുൻകാലങ്ങളിൽ കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നീ എയർപ്പോർട്ടുകൾ മാത്രമായിരുന്നപ്പോൾ ബിഗ് ബജറ്റ് വിമാനങ്ങൾ മാത്രം ആശ്രയിക്കേണ്ടി വന്ന പ്രവാസികളുടെ നിലയ്ക്കാത്ത രോദനം കേട്ട് കൊണ്ട് ബജറ്റ് എയർലൈനുകൾ തുടങ്ങുകയുണ്ടായി. കൂടാതെ വടക്കൻ മലബാറുകാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കണ്ണൂരിൽ എയർപ്പോർട്ട് യാഥാർത്ഥ്യമാക്കുകയും ചെയ്തു. എന്നാൽ ഇതിൽ രാഷ്ട്രീയ മുതലെടുപ്പുകൾ കാരണം വഴിമുട്ടിപ്പോയ നിരവധി വിമാന സർവ്വീസുകൾക്കു വേണ്ടി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ് പ്രവാസികൾ. വടക്കൻ മലബാറിലെ പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താൻ കഴിയും എന്ന നിഗമനത്തിൽ നിരവധി പ്രവാസികളിൽ നിന്നും മറ്റും ഫണ്ടുകൾ ശേഖരിച്ചാണ് കണ്ണൂർ എയർപ്പോർട്ട് യാഥാർത്ഥ്യമാക്കിയത്.

എയർപോർട്ടിൻ്റെ പണി തുടങ്ങിയത് മുതൽ ഉദ്ഘാടനം കഴിയുന്നതു വരെ മുഴുവൻ രാഷ്ട്രീയ ഇടപെടലുകളും നടത്തി സാമ്പത്തീക ശ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തി കരാറുകളും നിയമനങ്ങളും വരെ രാഷ്ട്രീയവൽക്കരിച്ച് ഉദ്ഘാടന മഹാമഹം നടത്തി കൈയ്യൊഴിഞ്ഞ ഭരണകൂടം, പ്രവാസികളെ പാടേ മറന്നുകൊണ്ട് ആഭ്യന്തര സർവ്വീസുകളിലേക്ക് ചുരുങ്ങുമ്പോൾ ലാഭം രാഷ്ട്രീയ നേതാക്കൾക്കു തന്നെ. 2018 ഡിസംബർ 9 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത കണ്ണൂർ എയർപ്പോർട്ടിൽ നിന്ന് ഇപ്പോൾ എട്ട് വർഷം പിന്നിടുമ്പോഴും എയർ ഇന്ത്യ എക്സ് പ്രസ്സും, ഇൻ്റിഗോ എയർലൈനും മാത്രമാണ് വിദേശ രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്നത്. അതും നേരാം വണ്ണം ഓടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ആകാശത്തോളം തന്നെ വലിയ വാഗ്ദാനങ്ങൾ നൽകി ഫണ്ട് പിരിവ് നടത്തി ജനങ്ങളെ വഞ്ചിച്ചതിന് ആര് സമാധാനം പറയും. എന്തുകൊണ്ടാണ് വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ ഇറങ്ങാൻ അനുമതി നൽകാത്തത്. ഏറ്റവും വലിയ റൺവേയും, അത്യാധുനിക സൗകര്യങ്ങളും ഒരുക്കി പണികഴിപ്പിച്ച കണ്ണൂർ എയർപ്പോട്ടിൽ ഏതു തരം വിമാനങ്ങളും ഇറങ്ങാൻ കഴിയും എന്ന് പരിശോധനയിൽ തെളിയിച്ചതാണ്. എന്നിട്ടും എന്തുകൊണ്ട് അവിടെ വലിയതും ചെറുതുമായ വിദേശ കമ്പനികളുടെ വിമാനങ്ങൾ ഇറങ്ങാൻ അനുമതി നിഷേധിക്കുന്നു. അല്ലങ്കിൽ വേണ്ട, ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾ തന്നെ മിതമായ ടിക്കറ്റ് നിരക്കിൽ കൂടുതൽ സർവ്വീസുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്താൻ തയ്യാറായാലും മതി. അതിന് അവരെക്കൊണ്ട് കഴിയുന്നില്ല. കാരണം നിലവിലുള്ള വിമാനക്കമ്പനികൾ ചുരുങ്ങിയ വിമാനങ്ങൾ ഉപയോഗിച്ച് കാച്ചിയും കുറുക്കിയുമാണ് സർവ്വീസ് നടത്തുന്നത്. പപ്പോഴും സമയക്രമം പാലിക്കാൻ അവരെക്കൊണ്ട് കഴിയാറില്ല. ആരാണ് ഇതിന് ഉത്തരവാദികൾ. ആരു തന്നെയായാലും കക്ഷിരാഷ്ട്രീയത്തിലധിഷ്‌ഠിതമായ അധികാര വരേണ്യവർഗ്ഗത്തിന് നാട് നന്നാക്കുക എന്നതല്ല ലക്ഷ്യം എന്ന് ഉറപ്പാണ്.

പശ്ചിമേഷ്യയിൽ ഇപ്പോൾ നിലനിൽക്കുന്ന യുദ്ധ സാഹചര്യങ്ങളിൽപ്പോലും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ അനുഭവിച്ച യാത്രാ ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ബജറ്റ് എയർലൈൻസ് എന്ന പേരും പറഞ്ഞ് വ്യക്തമായ സാമ്പത്തീക കൊള്ള നടത്തി, പ്രവാസികളായ സാധാരണക്കാരെ വഞ്ചിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ കൂടുതൽ വിദേശ വിമാനക്കമ്പനികളെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യാൻ ശ്രമിക്കാതെ പലതരം കാരണങ്ങൾ പറഞ്ഞ് എല്ലാം മുടക്കുന്ന കേന്ദ്ര കേരള ഗവൺമെൻ്റുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കണം.

ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ മഹത്തരമാക്കി കാണിക്കുകയും, അതിലൂടെ സ്വന്തം പേര് ഉയർത്തി കാട്ടുകയും ചെയ്യുന്ന നമ്മുടെ പ്രധാനമന്ത്രി, കേരളത്തിനും അതിലൂടെ നാടിനും വേണ്ടി വിദേശ രാജ്യങ്ങളിൽ കഷ്‌ടപ്പെടുന്ന പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കണ്ണൂർ, കോഴിക്കോട് എയർപ്പോർട്ടുകളെ കൂടുതൽ ഉപയോഗപ്രദമാക്കാൻ മനസ്സ് കാണിക്കണം. ഇവിടങ്ങളിലേക്ക് കൂടുതൽ വിമാനക്കമ്പനികളെ സ്വാഗതം ചെയ്യണം. കഷ്‌ട്ടപ്പെട്ടുണ്ടാക്കിയ കാശ് കൊടുത്തിട്ടാണെങ്കിലും ഇഷ്ടപ്പെട്ട ഒരു വിമാനം തിരഞ്ഞെടുത്ത് സമയബന്ധിതമായി കണ്ണൂരിലും കോഴിക്കോടും പോകാൻ അറബ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് അവസരം ഉണ്ടാക്കണം.

എയർ ഇന്ത്യ എന്ന വിമാനക്കമ്പനി ടാറ്റയുടെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ ലോകത്താകമാനമുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. അതുപോലെ ടാറ്റയുടെ വലിയ വിളമ്പരങ്ങളും വന്നിരുന്നു. എന്നാൽ ഇന്ന് പഴയതിലും ദുരിതപൂർണ്ണമാണ് ഓരോയാത്രകളും. ബജറ്റ് എയർലൈൻസ് എന്ന പേരും പറഞ്ഞ് ടിക്കറ്റ് നിരക്കിൽ അവർ കൊണ്ടുവന്ന തരം തിരിവുകളും, ലഗേജുകളുടെ അളവിലുള്ള വെട്ടിക്കുറക്കലുകളും, സീസൺ മാസങ്ങളുടെ പേര് പറഞ്ഞ് ടിക്കറ്റ് നിരക്കിൽ വരുത്തുന്ന ഭീമമായ വർദ്ധനകളും പ്രവാസികളെ ആകെ ദുരിതത്തിലാഴ്ന്നു എന്ന് മാത്രമല്ല, ബിസിനസ് ക്ലാസുകൾ ഇല്ലാത്ത ഇത്തരം വിമാനങ്ങളിൽ വിവിധ തരം ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തുന്നതും വഞ്ചനയായി കണക്കാക്കേണ്ടതാണ്. കൂടാതെ കൃത്യമായ സമയക്രമം പാലിക്കുന്നതിലുള്ള വീഴ്ച്ചകൾ വളരെ വലിയ നഷ്‌ടങ്ങളാണ് പലപ്പോഴും പ്രവാസികൾക്ക് സമ്മാനിക്കുന്നത്. കൂടുതൽ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുവദിച്ച് കണ്ണൂർ എയർപ്പോർട്ടിൻ്റെയും, കൂടാതെ എമിറേറ്റ്സ് പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുവദിച്ച് കോഴിക്കോട് എയർപ്പോർട്ടിൻ്റേയും ഇന്നത്തെ ശോചനീയാവസ്ഥ പരിഹരിച്ച് കേരളത്തിൻ്റെ വടക്കൻ മേഖലയിലുള്ള പ്രവാസികളായ യാത്രക്കാരുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്ര കേരള സർക്കാരുകൾ ഇടപെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് കൈകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്വന്തം ലേഖകൻ,
രവി കൊമ്മേരി,
മലയാളി മനസ്സ് USA ന്യൂസ്,

RELATED ARTICLES

10 COMMENTS

  1. കാലങ്ങളായി നമ്മൾ അനുഭവിക്കുന്ന ഈ ദുഖ സത്യം വളരെ കൃത്യമായ വിലയിരുത്തലോടെ സ്വന്തം ലേഖകൻ ഇവിടെ രേഖപെടുത്തിയിരിക്കുന്നു മാത്രമല്ലാ
    പ്രവാസികളുടെ ഈ യാത്രാക്ലേശം ഇനിയെങ്കിലും സർക്കാരിൻ്റെ കണ്ണു തിറപ്പിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ്

  2. ശരിയാണ് രവിയേട്ടാ പ്രവാസികൾ അനുഭവിക്കുന്ന യാത്രാ ദുരിതവും ഉള്ള എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഇറങ്ങാത്തതുമായ ഒരുപാട് ദുരിതങ്ങൾ ട്രെയിനിന്റെ കാര്യം പറയേണ്ടതുമില്ല വലിയ വലിയ പൈസക്കാർക്ക് വേണ്ടി മാത്രം കമ്പാർട്ട്മെൻറ് ഉണ്ടായാൽ പാവങ്ങളുടെ ദുരിതങ്ങൾ എങ്ങനെ പരിഹരിക്കും പാവങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കണമെങ്കിൽ ജനറൽ കമ്പാർട്ട്മെൻറ് ഒരുപാട് ഉണ്ടായാൽ മാത്രം മതി രവിയേട്ടന്റെ കാഴ്ചപ്പാട് വളരെ ശരിയാണ് 100% great അഭിനന്ദനം സത്യസന്ധമായ നേർകാഴ്ചയുടെ ഈ ലേഖനത്തിന് ഉമ്മ🥰
    ഒരു വായനക്കാരൻ്റെ അഭിപ്രായമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com