മലയാളത്തിലും ഇംഗ്ലീഷിലും കഥയും കവിതയും എഴുതുന്ന അഷ്രഫ് വി നെഡിയനാടിൻ്റെ Journey of a Barefoot Heart എന്ന പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരത്തെ പരിചയപ്പെടുപെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു ഇംഗ്ലീഷ് കൃതിയെ പരിചയപ്പെടുത്തേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം അല്ലെങ്കിൽ ഇംഗ്ലീഷിൽ ആവുന്നതാണ് നല്ലത് എന്ന് അഭിപ്രായമാണ് എനിക്ക് . എന്നാൽ അത് എഴുത്തിനെയോ വായനയേയോ എത്രമാത്രം പ്രോത്സാഹിപ്പിക്കും എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ മാതൃഭാഷയിൽ തന്നെ മതിയെന്ന് തീരുമാനിച്ചു. എന്നാൽ പൂർണ്ണമായും മാതൃഭാഷയിൽ ഇത് ചെയ്യാൻ സാധിക്കുകയില്ല എന്നുള്ളതിനാൽ മലയാളത്തെയും ഇംഗ്ലീഷിനെയും ആശ്രയിച്ച് കഴിയുന്നത്ര കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കാം.
പുസ്തകത്തിൻറെ തലക്കെട്ട് ആയ ജേർണി ഓഫ് എ ബെയർ ഫുട് ഹാർട്ട് എന്നത് ഒരു നഗ്നപാദഹൃദയത്തിൻ്റെ യാത്ര അല്ലെങ്കിൽ ചെരുപ്പിടാത്ത ഒരു ഹൃദയത്തിൻറെ യാത്രഎന്നൊക്കെ തർജ്ജമ ചെയ്യുന്നത് സാൾട്ട് മാംഗോ ട്രീ എന്ന പ്രയോഗം പോലെ ആവും എന്ന് അഷ്റഫ് തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇവിടെ വായനക്കാർ മനസ്സിലാക്കേണ്ടത് ഇത് മറകളില്ലാത്ത കാപട്യങ്ങൾ ഇല്ലാത്ത ഭാരം അറിയാത്ത ഒരു ഹൃദയാലുവിന്റെ യാത്ര എന്നതാണ്. യാത്ര പലപ്പോഴും ഉല്ലാസയാത്രയാവുന്നുണ്ട് വിനോദയാത്രയാവുന്നുണ്ട് ദേശാടനം ആവുന്നുണ്ട് ചിലപ്പോൾ തീർത്ഥയാത്രയും ആവുന്നുണ്ട്. ഒരേ ശരീരത്തിൻറെ വിഭിന്ന ഭാഗങ്ങൾ തന്നെ പല കർമ്മത്തിനും പ്രയോജനപ്പെടുത്താറുണ്ടല്ലോ അതുപോലെ യാത്ര ഇവിടെ ഒരു രൂപമാണ് അത് രൂപ ഭംഗികളിലൂടെയും കർമ്മ സിദ്ധികളിലൂടെയും ദേശത്തിൻറെ ചരിത്രത്തിലൂടെയും സമൂഹത്തിൻറെ ഹൃദയത്തിലൂടെയും പ്രകൃതിയുടെ നന്മയെയും മനുഷ്യൻറെ നന്മയെയും അന്വേഷിക്കാനാണ്പ്രയോജനപ്പെടുത്തുന്നത് എന്നും അങ്ങനെയുള്ള അന്വേഷണമാണ് അഷ്റഫിന്റെ രചനകളെ ശ്രദ്ധേയമാക്കുന്നത് എന്നും ആദ്യം പറയട്ടെ.
ഇന്ത്യയിലെ ഇംഗ്ലീഷ്കവിത തുടങ്ങുന്നത് ഹെൻട്രി ലൂയിസ് വിവിയൻ ഡിറോസിയോ എന്ന ആംഗ്ലോഇന്ത്യൻ കവിയിൽ നിന്നാണ്. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതിന്നുശേഷം കാശി പ്രസാദ് ഘോഷ്, മൈക്കൽ മധുസൂദനൻ ദത്ത്, രമേശ് ചന്ദ്രദത്ത് , ശ്രീ അരബിന്ദോ ഘോഷ് ,സരോജിനി നായിഡു , ജോസഫ് ഫർട്ടാഡോ , എ കെ രാമാനുജൻ, കമലദാസ് , അരുൺ കോലാട്കർ, ജയന്താ മഹാപാത്ര, അരുന്ധതി സുബ്രഹ്മണ്യം , മീന കന്തസ്വാമി…ഈ നിര തുടർന്നുകൊണ്ടേയിരിക്കുന്നു. ഇവരിൽ ചിലരുടേയെങ്കിലും കവിതകളുമായി പരിചയമുള്ള മലയാളികൾക്ക് അഷ്റഫ് വി നെടിയനാടിൻ്റെ ലളിതവും സുതാര്യവും ഭാവാത്മകവും ആയ കൊച്ചുകൊച്ചു ഇംഗ്ലീഷ് കവിതകൾ സ്വീകാര്യമാവാതിരിക്കില്ല.
ഇന്ത്യൻ ഇംഗ്ലീഷ്കവിതകളിലും ഇന്ത്യൻകവിതകളിൽ പൊതുവേ കാണുന്ന ദേശീയതയും പ്രാദേശികതയും പ്രകൃതിയും ഗ്രാമഭംഗിയും ഗ്രാമീണജീവിതവും കൊച്ചുപട്ടണങ്ങളും നഗരങ്ങളും നാഗരജീവിതവും പരിഷ്കാരവും അതിൻ്റെ വൈവിധ്യമാർന്ന സ്വഭാവസവിശേഷതകളും ഒക്കെത്തന്നെയാണ് പ്രതിഫലിക്കുന്നത്.
എന്നാൽപൊതുവേ നിരീക്ഷിക്കപ്പെടുന്ന ടാഗോറിന്റെയും അരബിന്ദോവിൻ്റെയും ഇംഗ്ലീഷ്കവിതകളിലെ അദ്ധ്യാത്മികതയും ദാർശനികതയും അതുമായി ബന്ധപ്പെട്ട നിഗൂഢതകളും അഷ്റഫിന്റെ കവിതകളിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല. മലയാളികൾക്ക് കൂടുതൽ പരിചയമുള്ള മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് കവിതകളിലെ നവനാഗരികതയും ഏകാന്തതയും അനാഥത്വവും ആവലാതികളും നമ്മെ നൊമ്പരപ്പെടുത്തുന്നില്ല. ഒരുപക്ഷേ നമുക്ക് പ്രിയങ്കരിയായ ഇന്ത്യയുടെ വാനമ്പാടി എന്ന് നമ്മൾ മനസ്സിൽ ഓമനിക്കുന്ന സരോജിനിനായഡുവിൻ്റെ കവിതകളോടായിരിക്കും അഷ്റഫിന്റെ കവിതകൾക്ക് കൂടുതൽ അടുപ്പം. ഒരുപക്ഷേ വരികളുടെ നീളക്കുറവും ചൊല്ലുമ്പോൾ ഉള്ള താളവും മാറ്റിവെച്ചാൽ സരോജിനി നായിഡുവിന്റെ കവിതകളിലെ പ്രാദേശികതയും പ്രകൃതിയും ലാളിത്യവും ആണ് നമുക്കു അഷ്റഫിന്റെ കവിതകളിൽ പിന്തുടരാൻ സാധിക്കുന്നത്. എന്നാൽ സരോജിനി നായിഡു കൃത്യമായ പരമ്പരാഗതമായ ഇംഗ്ലീഷ് മീറ്ററിൽ എഴുതിയ കവിയത്രിയാണ്. അവരുടെ ബാങ്കിൾ സെല്ലേഴ്സും പേലൻക്വിൻ ബെയറേഴ്സും കേറ്റമേറൻസും അതാണ് തെളിയിക്കുന്നത്. ഘടനാപരമായി പരിശോധിച്ചാൽ അഷ്റഫിന്റെ രചനകൾക്ക് എമിലി ഡിക്കിൻസ് എൻറെ കവിതകളോടാണ് കൂടുതൽ അടുപ്പം. നീളം കുറഞ്ഞ വരികളുംകൊച്ചു കൊച്ചു വാക്കുകളും താളാത്മകമായ വിന്യാസവും അവയെ ഡിക്കിൻസ് കവിതകളുടെ രൂപഘടനയേയും അപൂർവ്വമായി ഭാവപരിസരത്തേയും ഓർമ്മിപ്പിക്കുന്നതാണ്. എന്നാൽ അതിലേറെ സവിശേഷ സവിശേഷമായി മിക്ക കവിതകളിലും ഒരു സൂഫിസത്തിന്റെ വിഷാദഛായ മുകളിൽ പൊങ്ങിക്കിടക്കുന്നതായും ആത്മീയതയുടെ സാരാംശം ആഴത്തിൽ അടിഞ്ഞു കിടക്കുന്നതായും കാണാം.
അഷ്റഫ് കവിതകളിലൂടെ കാണിച്ചു തരുന്നത് പരിചിതങ്ങളായ ചിത്രങ്ങൾ ആണെങ്കിലും അവയ്ക്ക് പിറകിൽ അപരിചിതങ്ങളായ പല ദർശനങ്ങളും അവസ്ഥാവിശേഷങ്ങളും ഉണ്ട്
ഉദാഹരണത്തിന് സമാഹാരത്തിലെ ആദ്യത്തെ കവിതതന്നെ എടുക്കാം. The Portrait . ഭൂമിയും ആകാശവും മഴയും വെയിലും എല്ലാം എത്രയോ കവിതകളിൽ ആവർത്തിക്കപ്പെട്ട കാര്യങ്ങളാണ് . എന്നാൽ അഷ്രഫിൻ്റെ കയ്യിൽ അത് വായനക്കാർ കൊതിച്ചുപോകുന്ന അത്ഭുതങ്ങളുടെ വാഗ്വിലാസമായി മാറുന്നു. താളമായും നൃത്തമായും അനുഭവിക്കാൻ കഴിയുന്നു. അഷ്റഫിന്റെ പദാവലി ഒരു പത്താം ക്ലാസുകാരൻ്റെ വായനാപരിധിക്കുള്ളിൽ വരുന്നതാണ്. അഷ്റഫിന്റെ വരികൾ ശിൽപ്പപ്പെടുത്തിയത് ഏതെങ്കിലും ഒരു പ്രത്യേക മീറ്ററിൽ അല്ലെങ്കിലും അവയ്ക്ക് അവയുടെതായ ഒതുക്കവും താളവും തന്മയത്വവും ഉണ്ട്. മലയാളത്തിലും സംസ്കൃതത്തിലും ഗായത്രം എന്ന ഒരു വൃത്തം ഉണ്ട്. അവ മൂന്നു വരികളിലാണ് ആശയത്തിന്റെ ഒരു യൂണിറ്റ് ആവിഷ്കരിക്കുന്നത്. ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി ഈ വൃത്തത്തിലാണ് രചിക്കപ്പെട്ടത്. ഇംഗ്ലീഷിലും ട്രിപ്ളറ്റ് എന്ന ഒരു സങ്കല്പം ഉണ്ട്. മൂന്നു വരികളിൽ സമ്പൂർണ്ണമാവുന്ന ഒരു ആശയത്തിന്റെ ഭാഗമാണ് ഇതിൽ സഫലമാകുന്നത്. അങ്ങനെയുള്ള കവിതകൾ കുറവാണെങ്കിലും ഈ മൂന്നു വരിക്കവിതകൾ അഷ്റഫിന്റെ കവിതകളിൽ പൊതുവേ കാണുന്ന ഒരു ശില്പമാതൃകയാണ്. ചിലപ്പോൾ അവ നാലുവരികളും അഞ്ചു വരികളും ആവുന്നതും നമുക്ക് കാണാം. ഇംഗ്ലീഷിലെ പരമ്പരാഗതമായ കവിതയിൽ സിലബിൾഅനുസരിച്ചായിരിക്കും അവയുടെ താളം Rise and fak , അനുസരിച്ച് ആണ് മീറ്റർ തിരിച്ചറിയപ്പെടുന്നത്.
അതനുസരിച്ച്
The number of feet per line has names too:
– Monometer = 1 foot
– Dimeter = 2 feet
– Trimeter = 3 feet
– Tetrameter = 4 feet
– Pentameter = 5 feet <
– Hexameter = 6 feet
– Heptameter = 7 feet
– Octameter = 8 feet
So “iambic pentameter” = 5 iambs, 10 syllables total, alternating unstressed/stressed.
Shall I /compare /thee to /a sum|mer’s day?”
This is iambic pentameter
Couplet ,Triplet ,Quatrain
,Quintainഎന്നിങ്ങനെ പല പേരിലും ഇംഗ്ലീഷ് കവിതയുടെ സ്റ്റാൻസകൾ അറിയപ്പെടുന്നുണ്ട്.
ഇങ്ങനെ ഒരു പ്രത്യേക നിയമത്തിൽ അല്ലെങ്കിൽ ക്രമത്തിൽ ഒതുങ്ങുന്നതല്ല കവിത എന്ന തിരിച്ചറിവാണ് ആധുനിക കവിതയുടെ പ്രഖ്യാപനമായി മാറുന്നത്. ഇനി നമുക്ക് ആദ്യത്തെ കവിതയിലേക്ക് കടക്കാം.
The Portraitഎന്ന കവിത പങ്കുവെച്ചുകൊണ്ട് തുടങ്ങാം . ഈ കവിത പുസ്തകത്തിലെ കവിതകളിലെ പൊതുധാരപ്രതിനിധാനം ചെയ്യുന്ന വാഗ്ദാനങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കാം
ദുർഘടമായ ഘടന ഒഴിവാക്കുന്നുഎന്ന് മാത്രമല്ല ലളിതമായ ശൈലി സ്വീകരികുന്നു എന്നതാണ്നമ്മുടെ ഹൃദയത്തെ തുടർന്ന് ആദ്യത്തെ ഘടകം . കാരണം ഘടനാപരമായി ഈകവിതയിൽ വായനക്കാരൻ ഒരു പ്രയാസവും നേരിടുന്നില്ല. അതോടൊപ്പം സംഗീതാത്മകമായ ലാളിത്യം എന്ന ഘടകം അടിവരയിടേണ്ട ഒന്നാണ്.
ഒരു പരിധിവരെ അത് വായനക്കാരന് അനുഭവപ്പെടുന്നതും ആണ്. വരികളുടെ ഘടന വ്യക്തവും വിവരണം നേരിട്ടുള്ളതുമാണ്. വിചിത്രമായ വാക്കുകളോ അപരിചിതമായ കാവ്യസങ്കേതങ്ങളോ ഇവിടെ പ്രയാസം സൃഷ്ടിക്കുന്നില്ല. ഓരോ വരിയും ഒരൊറ്റ കാര്യം മാത്രം ഏറ്റെടുക്കുന്നു.
എന്നാൽ ഇത് അലങ്കാരരഹിതം ആണോ ? അല്ലേ അല്ല അങ്ങനെ കരുതാൻ സാധിക്കുകയില്ല . കൃത്രിമമായ അലങ്കാരപദ്ധതികൾ ഇല്ലാതെത്തന്നെ മനോഹരമായ ഒരു സൗന്ദര്യശില്പം ഇവിടെ സൃഷ്ടിക്കപ്പെടുന്നു എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത.
എല്ലാ ഖണ്ഡങ്ങളും ഒരേ രീതിയിലല്ല ക്രമപ്പെടുത്തിയിരിക്കുന്നത്. വരികളിൽപൊതുവേ നിരീക്ഷിക്കപ്പെടുന്ന അന്ത്യപ്രാസമോ അനുപ്രാസമോ നിർബന്ധമല്ല എന്ന് തെളിയിക്കുന്നതാണ് രചന .
Canvas→ആകാശം, brush→മഴ, colour→പ്രകൃതിയുടെ വർണ്ണങ്ങൾ. അതൊരു ബോധപൂർവമായ, ആവർത്തിക്കുന്ന ഘടനയാണ്. വാക്കുകൾ പരിചിതമാണ്, ഘടന ലളിതമാണ്.
പ്രതീകസമൃദ്ധം ആണ് അഷ്റഫിന്റെ രചനകൾ എന്നത്
സത്യസന്ധമാണ്. ആകാശം, മഴ, നദി, പൂക്കൾ, കാറ്റ്, മേഘങ്ങൾ, പ്രഭാതം കവിതയിൽ കാവ്യ സങ്കേതങ്ങൾക്ക് പകരം പ്രകൃതിയിലെ കാഴ്ചകൾ ജൈവസാന്നിദ്ധം ആവുന്നന്നു.
“Portrait” ഒരു വ്യക്തി വരയ്ക്കുന്ന ഒരു വ്യക്തിയുടെ പോർട്ടറേറ്റ് അല്ല.പ്രകൃതി വരയ്ക്കുന്ന ഒരു ദൈവീക സാന്നിധ്യത്തിൻ്റ പോർടട്ട്റേറേറ്റ് ആണ്. കാലാവസ്ഥയും വെളിച്ചവും കൊണ്ട് അത് രൂപപ്പെടുകയാണ്. കാഴ്ചകൾ പ്രണയത്തിനും വിരഹത്തിനും അനുകൂലമായ പശ്ചാതലം ഒരുക്കുന്നു. പ്രകൃതി തന്നെ രൂപകമായി മാറുന്നു.
വൈകാരിക സത്യസന്ധത എന്ന രചനയുടെ സവിശേഷത ഇവിടെ നിത്യദർശങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നു.
“എന്റെ കയ്യിൽ ബ്രഷ് ഇല്ല,” “എന്റെ ആത്മാവിൽ വരച്ചതാണിത്.” കവിതന്നെ നിസ്സഹായത സമ്മതിക്കുന്നു. ഇവിടെ ഒരു Portrait ഉണ്ടാക്കുന്നത് പ്രകൃതിയുടെ ഇന്ദ്രജാലമാണ്, അത് ഒരു മനുഷ്യനിർമ്മിതിയല്ല.കവി എഴുതുമ്പോഴും കവിത പ്രകൃതിയുടെ ഉൽപ്പന്നമായി മാറുന്നു.
പക്ഷേ കവിത ചില പ്രത്യേകതകളിൽനിന്ന് ഒഴിഞ്ഞുമാറുന്നു. ഇതിൽ “നീ” ആരാണെന്നോ, എന്തുകൊണ്ട് പോയെന്നോ, ആരാധനയല്ലാതെ സംസാരിക്കുന്ന ആൾക്ക് യഥാർത്ഥത്തിൽ എന്ത് തോന്നുന്നുവെന്നോ നമുക്ക് അറിയില്ല. അത് സുരക്ഷിതവും മനോഹരവുമായ അമൂർത്തദുഃഖത്തിൽ നിൽക്കുന്നു. അത് സത്യസന്ധമാണ്, തീവ്രമാണ്.
വാക്കുകളേക്കാൾ ഉച്ചത്തിൽ മൗനം സംസാരിക്കുന്നു എന്ന് തോന്നുന്ന സന്ദർഭങ്ങൾ ഉണ്ട്.
“പുഴകൾ നിൻ്റെ പേരുകൾ പാടുന്നു;
പൂക്കൾ നിന്റെ മൗനം ശ്വസിക്കുന്നു”
എന്ന വരികൾ സംസാരിക്കുന്നത് വായനക്കാരനെ അത്ഭുതപ്പെടുത്താതിരിക്കില്ല.
മനുഷ്യഭാവനയ്ക്ക് കഴിയാത്തതുകൊണ്ട് , കാറ്റ്/മേഘങ്ങൾ/പ്രഭാതം എന്നിവ ചേർന്നാണ് ഈ portrait പൂർത്തിയാക്കുന്നത്. കവിത സംസാരിക്കുന്നത് പ്രകൃതി നിശ്ശബ്ദമാവുമ്പോഴാണ് . പിറകെ പ്രകൃതി വാചാലമാവുന്നത് വാക്കുകൾ വരികളാവുമ്പോഴാണ്. ശബ്ദവും മൗനവും ചിത്രവും സംഗീതവും ആവന്നു . ദൃശ്യങ്ങൾ ചലിക്കാൻ തുടങ്ങുമ്പോൾ വാക്കുകളിൽ സംഗീതം വിടരുന്നു
The Portrait എന്ന രചന കവിതയാവുന്നത് അത് പ്രതീകസമ്പന്നവും പ്രകൃതിരമണീയവും സംഗീതാത്മകവും ആവുമ്പോഴാണ്. സംഗീതാത്മകതയുടെ മുഖ്യകാരണം ലളിതവും താളബദ്ധവുവുമായ ലഘുശബ്ദങ്ങളുടെ ഹൃദ്യമായ വിന്യാസമാണ്
ഇവിടെ ലളിതമായ ഒരുമലയാള കവിതയെ പിന്തുടരുന്നതുപോലെ അല്ലെങ്കിൽ അത് ആസ്വദിക്കുന്നതുപോലെ അഷ്റഫിന്റെ ഇംഗ്ലീഷ് കവിതയും ആസ്വാദനക്ഷമമാണ് എന്നാണ് സമാഹാരത്തിലെ ആദ്യ കവിത തന്നെ വിളംബരം ചെയ്യുന്നത്.
കാറ്റും മേഘങ്ങളും ഈ Portrait പൂർത്തിയാക്കും എന്നാണ് കവിയുടെ പ്രതീക്ഷ. അത് പൂർത്തിയായാൽ അടുത്ത പ്രഭാതത്തിൽ അതിൻ്റെ പ്രകാശനം സാദ്ധ്യമാവും.
തനിക്ക് നേരിട്ട് പങ്കില്ലെങ്കിലും ഈ Portrait സാർത്ഥകമാകുന്നത് സ്വന്തം ആത്മാവിൽ ആണ് എന്ന സംതൃപ്തിയാണ് കവിക്കും കവിത വായിച്ചുതീരുമ്പോൾ വായനക്കാരനും അനുഭവിക്കുന്നത്.
ഇതു പോലെ ഈ സമ്പുടത്തിലെ മിക്ക കവിതകളും എളുപ്പത്തിൽ വായിക്കാനും ആസ്വദിക്കാനും കഴിയുന്നതാണ് . ലാളിത്യം ,സൗകുമാര്യം, ശാലിനത , വ്യക്തത , സംഗീതാത്മകത, ശാന്തത , തുടങ്ങിയവയാണ് അഷ്രഫിൻ്റെ കവിതകളുടെ മുഖമുദ്രകൾ.
ചില തലക്കെട്ടുകൾ ചുവടെ
Moon Garden, Endless Roads , My Universe , My Better Half , Stormy Weather, The Stolen Key,Plastic Heart ,Melting Stars , Wax , Western Horizon , Sweet Words, Love , Truth… ഏകദേശം നൂറോളം കവിതകൾ
തലക്കെട്ടുപോലെ ഉള്ളടക്കവും തുറന്നു വെച്ച സൗമ്യസുന്ദര ഭാവനകൾ, ചിന്തകൾ, നിരീക്ഷണങ്ങൾ, അനുഭവങ്ങൾ, യാഥാർത്യങ്ങൾ.
ശ്രദ്ധേയ മായ ചില വരികൾ താഴെ
1
Of wounds that turned into songs
Of hope that rose like tides.
2
Within the curve of your lips
Within the breath of your smile
3
A memory pressed for ever
Between the pages of time
4.
A secret rhythm
Sleeping in eternity
5.
Every breath I take
becomes its verse
Every step I make
completes its Universe.
6
Hold me as a friend from town
When the sky is falling down
7
And now the room
Remains untouched
A quiet wound
That echoes softly in the dark
8
On the Screen
She is lifted out of the slum
Washed clean by pixels
Dressed in borrower light
9
Leaf by Leaf of thought
Branch by branch of silence
Birds rest on my questions
Wind reads my answers
10
Behind me
a little baby is growing
Learning my footsteps
Before learning my name
Before me
An old man is going to set
His shadow long
his silence heavy with years.
ഓരോ കവിതയും മാത്രമല്ല, ഓരോ വരിയും ഒരുപാടു സംസാരിക്കുന്നവയാണ്.
വെറുതെ പുസ്തകം മലർത്തിയാൽ മതി . ഒന്നിൽനിന്ന് അടുത്തതിലേയ്ക്ക് വായനക്കാരൻ തനിയേ നീങ്ങും. രണ്ടു വാക്കിലൊതുങ്ങുന്ന ഒരുവരി ഒരു ജീവിതം എഴുതുന്നു . രണ്ടുവരിയിൽ തുടിക്കുന്ന ജീവിതം ഒരു പ്രപഞ്ച ചിത്രമാകുന്നു. അനന്തതയുടെ താളമാവുന്നു . വ്യാഖ്യാനങ്ങളുടെ നൃത്തമാവുന്നു .
കാത്തിരിപ്പും പ്രതീക്ഷയും സ്നേഹവും ജ്ഞാനവും സാഫല്യമാവുന്നു . ഈ സഫലതയുടെ സാന്ത്വനങ്ങളിലേയ്ക്ക് നിങ്ങൾക്ക് സ്വാഗതം . അഷ്രഫിനെ കവിതകൾ നിങ്ങളുടെ പ്രഭാതവും പകൽവെളിച്ചവും ആവും. നിങ്ങളുടെ പൂനിലാവും നക്ഷത്രങ്ങളും പിറകെ തെളിയും. വായിക്കുന്നതും നേടുന്നതും നിങ്ങളുടെ ജീവിതാക്ഷരങ്ങളാവും.
ഇനി പറയാനുള്ളത് മറ്റൊരു കാര്യമാണ്. ശക്തമായ സൂഫി സ്വാധീനം ഈ വരികളിലും തലക്കെട്ടുകളിൽപ്പോലും കാണാം.
സൂഫിസത്തിൻ്റെ പ്രധാന അടയാളങ്ങൾ അഷ്രഫിൻ്റെ കവിതകളിൽ തെളിയുന്നുണ്ട്:
1. പ്രണയത്തെ ആത്മീയമാക്കൽ
Within the curve of your lips / Within the breath of your smile
Every breath I take becomes its verse / Every step I make completes its Universe
ഇത് വെറും പ്രണയമല്ല. പ്രിയപ്പെട്ടവർ ദൈവത്തിലേയ്ക്കുള്ള വാതിലാകുന്ന സൂഫി സങ്കൽപ്പമാണ്. ശ്വാസം പോലും പ്രാർത്ഥനയാകുന്നു. Rumi-യും Hafez-ഉം എഴുതിയ അതേ ഭാവം.
2. വേദനയുടെ രൂപാന്തരം
Of wounds that turned into songs / Of hope that rose like tides
A quiet wound / That echoes softly in the dark
സൂഫികൾക്ക് മുറിവ് ശാപമല്ല. അത് വെളിച്ചം കടക്കാനുള്ള വിള്ളലാണ്. Rumi പറയും: “The wound is the place where the Light enters you.” അഷ്രഫിൻ്റെ വരികൾ അതേ തത്വം പറയുന്നു.
3. നിശ്ശബ്ദതയും നിഗൂഢതയും
A secret rhythm / Sleeping in eternity
Branch by branch of silence / Birds rest on my questions
സൂഫിസം ശബ്ദത്തിലല്ല, മൗനത്തിലാണ് ദൈവത്തെ തേടുന്നത്. ചോദ്യങ്ങളിൽ പക്ഷികൾ ഇരിക്കുന്നത്, കാറ്റ് ഉത്തരം വായിക്കുന്നത് – ഇത് ‘fanaa’ എന്ന സൂഫി അവസ്ഥയോട് അടുക്കുന്നു. സ്വയം ഇല്ലാതായി പ്രപഞ്ചമാകൽ.
4. സമയത്തെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ച
A memory pressed for ever / Between the pages of time
Behind me a little baby is growing / Before me an old man is going to set
ജനവും മരണവും, തുടക്കവും ഒടുക്കവും ഒരേ വരിയിൽ. സൂഫികൾ കാണുന്ന പോലെ ജീവിതം ഒരു വൃത്തമാണ്. ‘Endless Roads’, ‘Melting Stars’, ‘Western Horizon’ എന്നീ തലക്കെട്ടുകൾ തന്നെ ആ യാത്രയെ സൂചിപ്പിക്കുന്നു.
5. ഭൗതികതയ്ക്ക് അപ്പുറം
On the Screen / She is lifted out of the slum / Washed clean by pixels
Plastic Heart, Wax, Stolen Key
മായ, കൃത്രിമത്വം, നഷ്ടപ്പെട്ട സത്യം എന്നിവയെക്കുറിച്ചുള്ള നിരീക്ഷണം. സത്യം തേടിയുള്ള സൂഫിയുടെ അന്വേഷണം തന്നെയാണിത്. ‘Truth’ എന്ന തലക്കെട്ട് നേരിട്ട് അതാണ്.
ചുരുക്കത്തിൽ അഷ്രഫിൻ്റെ കവിതകൾ സൂഫിസത്തിൻ്റെ പ്രഖ്യാപനമല്ല. പക്ഷേ അതിൻ്റെ ആത്മാവുണ്ട്. പ്രണയം, വേദന, പ്രകൃതി, മൗനം, സമയം എല്ലാത്തിലൂടെയും ‘ഒന്നിനെ’ തേടുന്നുണ്ട്. Rumi-യുടെ ഏകാന്തതയും Gibran-ൻ്റെ ദർശനവും Bulleh Shah-ൻ്റെ ലാളിത്യവും ഇതിൽ കലരുന്നു.
തലക്കെട്ടുകൾ പോലും – Moon Garden, My Universe, Stormy Weather – അകത്തേയ്ക്കുള്ള യാത്രകളാണ്. പുറത്തേക്കല്ല.
നൂറ് കവിതകളിൽ ഈ ധാര തുടരുന്നുണ്ടെങ്കിൽ അഷ്റഫ് ഒരു സൂഫി കവി തന്നെയാണ്. മതത്തിൻ്റെ സൂഫിയല്ല, അനുഭവത്തിൻ്റെ സൂഫി. ആത്മീയതയുടെ സൂഫി .
അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഞാനിവിടെ പറഞ്ഞത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ്. കൂടുതൽ കാര്യങ്ങൾ കൂടുതൽ സാധ്യതകൾ കൂടുതൽ ദർശനങ്ങൾ വായനക്കാർക്ക് സ്വയം കണ്ടെത്താൻ സന്ദർഭം ഉണ്ടാവട്ടെ. അഷറഫിന്റെ ഈ കവിതാ സമാഹാരം ചെരിപ്പിടാത്ത ഹൃദയസഞ്ചാരം അല്ലെങ്കിൽ കാപട്യങ്ങളില്ലാത്ത ഹൃദയത്തിൻറെ തീർത്ഥയാത്ര വായനക്കാരുടെ അനുയാത്രകൾക്കും തുടർ യാത്രകൾക്കും പ്രചോദനമാകട്ടെ എന്ന പ്രത്യാശയോടെ.





