കർഷകനായ അച്ഛൻ,
പലപ്പോഴും മൗനിയായിരുന്നു….
വൈകിട്ട് മേലാസകലം
വേദനിക്കുമ്പോൾ,
അതിമാരിയിലും
കൊടും വേനലിലും
കൃഷി നശിക്കുമ്പോൾ,
പഠന വേളയിൽ,
അധിക ചിലവ്
പറയുമ്പോൾ….
മൗനം പാലിക്കുന്നയാൾ…
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള
ഉപാധിയായിരുന്നു
അച്ഛൻ്റെ മൗനം…
ഇല്ലായ്മകളെക്കുറിച്ച്
അമ്മയും മൗനം പാലിച്ചു…
മക്കളുടെ ആവശ്യങ്ങളല്ലാതെ,
സ്വന്തമായി- ആഗ്രഹങ്ങളില്ലായിരുന്നു…
വേദനകളും രോഗങ്ങളും
മൗനങ്ങളാൽ ആവരണം ചെയ്യപ്പെട്ടു…
എങ്കിലും, മൗനത്തിൻ്റെ ഭാഷയിൽ
അവർ തമ്മിൽ സംവദിച്ചിരുന്നു….
ആ മൗനങ്ങൾക്ക്
ഒരു ഇമ്പമുണ്ടായിരുന്നു…
ഒന്നിച്ചിരുന്നുള്ള അത്താഴത്തിന്
രുചിയുണ്ടായിരുന്നു…
എണ്ണയില്ലാത്തതിനാൽ
മൗനം പാലിച്ച വിളക്കിനെ- ഞങ്ങൾ
അവഗണിച്ചിരുന്നു…
അവരുടെ മൗനത്തിൻ്റെ കരുത്തിലാണ്
വളർന്നത്
ആഗ്രഹിച്ചതെല്ലാം നേടിയെടുത്തത്….
എങ്കിലും, പ്രകാശമയമായ എൻ്റെ വീട്
നിശബ്ദമാണ്…
സ്വന്തം കാര്യങ്ങൾ,
സ്വന്തം ഇഷ്ടങ്ങൾ…
സാർത്ഥത ഘനിഭവിച്ച മൗനത്തിൽ,
സ്വന്തം നൂൽ കെട്ടിൽ അകപ്പെട്ട്
പോകുന്ന പട്ട്നൂൽ
പുഴുക്കളെ പോലെ….




നന്നായിട്ടുണ്ട്