Wednesday, July 8, 2026
Homeകേരളംസുകുമാരക്കുറുപ്പിന്‍റെ തിരോധാനം; ഫയലുകൾ വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച്

സുകുമാരക്കുറുപ്പിന്‍റെ തിരോധാനം; ഫയലുകൾ വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച്

ആലപ്പുഴ: സുകുമാരക്കുറുപ്പിന്റെ തിരോധാനക്കേസ് ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതിന്റെ ഭാഗമായി സുകുമാരക്കുറുപ്പിനെ ഏറ്റവും അവസാനം കണ്ടെന്ന് അവകാശപ്പെട്ട ആലപ്പുഴ സ്വദേശിയായ നഴ്‌സ് രത്‌നമ്മയുടെ മൊഴി രേഖപ്പെടുത്തി.

രത്‌നമ്മ 1988-ല്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍വെച്ചാണ് സുകുമാരക്കുറുപ്പിനെ കണ്ടത്. താന്‍ നഴ്‌സിംഗ് പഠിച്ചിരുന്ന ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയാണ് സുകുമാരക്കുറുപ്പ് എത്തിയതെന്നും കാണുമ്പോള്‍ അദ്ദേഹം ആരോഗ്യവാനായിരുന്നു എന്നും രത്‌നമ്മ ഓര്‍ത്തെടുക്കുന്നു.

താന്‍ കുറുപ്പിന്റെ നാടായ ചെറിയനാട് നിന്നുളള ആളാണ് എന്നറിഞ്ഞതോടെ അദ്ദേഹം ആശുപത്രിയില്‍ നിന്ന് മുങ്ങിയെന്നും 1988-ന് ശേഷം പലതവണ ക്രൈംബ്രാഞ്ച് മൊഴിയെടുത്തെന്നും മൂന്നാഴ്ച്ച മുന്‍പാണ് ഒടുവില്‍ മൊഴിയെടുത്തതെന്നും രത്‌നമ്മ പറഞ്ഞു. കണ്ടത് കുറുപ്പിനെ തന്നെയാണെന്ന് തനിക്കുറപ്പുണ്ടെന്നും ജോഷി എന്ന പേരിലായിരുന്നു കുറുപ്പ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതെന്നും രത്‌നമ്മ പറഞ്ഞു. താടിയുളള കുറുപ്പിനെയാണ് താന്‍ കണ്ടതെന്നും അവര്‍ പറയുന്നു.

‘1988-ല്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ സിറ്റിയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് സുകുമാരക്കുറുപ്പിനെ ഞാന്‍ കണ്ടത്. അദ്ദേഹം നെഞ്ചുവേദനയുമായി ഐസിയുവില്‍ അഡ്മിറ്റ് ആവുകയായിരുന്നു. ഞാന്‍ അപ്പോള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ സീനിയര്‍ ചേച്ചിമാര്‍, ഒരാള്‍ അഡ്മിറ്റായിട്ടുണ്ട്, അയാള്‍ക്ക് 18 ഭാഷകള്‍ അറിയാം. ഭാര്യ നഴ്‌സാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്ക് സംശയം തോന്നി സുകുമാരക്കുറുപ്പ് ആയിരിക്കുമോ എന്ന്. ഞാന്‍ കൂട്ടുകാരികള്‍ക്കൊപ്പം പോയി നോക്കി. ആളോട് സംസാരിച്ചു. എന്താ പറ്റിയത്, എവിടെ നിന്നാണ് എന്നൊക്കെ. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നാട്ടിലേക്ക് പോകാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഉണ്ട് ആലപ്പുഴ പോയിട്ടുണ്ട് എന്ന് പറഞ്ഞു. ഞാനപ്പോള്‍ ചെങ്ങന്നൂര്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറിയനാട് ആണ് എന്റെ വീടെന്ന് പറഞ്ഞു. സുകുമാരക്കുറുപ്പിന്റെ വീടിന്റെ അടുത്താണ് എന്നും പറഞ്ഞു. അപ്പോള്‍ മുഖം മാറുന്നത് കണ്ടു. സുകുമാരക്കുറുപ്പ് ആണോ എന്ന് ചോദിച്ചപ്പോൾ ‘ആ’ എന്ന് പറഞ്ഞു. അന്ന് തന്നെ അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. ഉച്ച കഴിഞ്ഞപ്പോഴേക്കും അവിടെനിന്നും കുറുപ്പ് രക്ഷപ്പെട്ടു’, രത്‌നമ്മ പറഞ്ഞു.

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുളളിയാണ് സുകുമാരക്കുറുപ്പ്. സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസ് വീണ്ടും പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചതും ചര്‍ച്ചകള്‍ നടത്തിയതും. സുകുമാരക്കുറുപ്പിനെ കണ്ടെത്താനായി പുനരന്വേഷണത്തിന് നിലവില്‍ തീരുമാനമായിട്ടില്ല. 1984ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണകമ്പനി ജീവനക്കാരനെ കൊന്ന് ശരീരം ആസൂത്രിതമായി ചുട്ടുകരിച്ച്, മരിച്ചത് താനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫിൽ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് തുകയായ മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പ് ചെയ്തത്. ആ പണം തട്ടിയെടുക്കാനാണ് ചാക്കോയെ സുകുമാരക്കുറുപ്പ് കൊന്ന് കത്തിച്ചത്. രാജ്യത്താകെ വ്യാപകമായ അന്വേഷണം പൊലീസ് നടത്തിയിട്ടും കുറുപ്പിനെ കണ്ടെത്താനായിരുന്നില്ല. ഇന്നും അയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതും വ്യക്തമല്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുകുമാരക്കുറുപ്പിന് ഇപ്പോള്‍ 82 വയസായിട്ടുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com