ആലപ്പുഴ: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ മുത്ത് എന്ന 80 വയസ് പ്രായമുള്ള സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ മാലയും ലോക്കറ്റും മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിലാണ് 20 വയസുള്ള അൽതാഫിനെ (20) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാരുംമൂട് ഭാഗത്ത് വെച്ചാണ് അൽത്താഫിനെ പിടികൂടിയത്. മോഷണം നടത്തി ഒളിവിൽ പോയ പ്രതി എറണാകുളം ഭാഗത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വാഹനം വാങ്ങാൻ ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പിടികൂടിയത്. തുടർന്ന് പ്രതി സ്വർണാഭരണം പണയം വെച്ച സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
പ്രതിക്കെതിരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ കടയുടമയുടെ വീട് കുത്തി തുറന്ന് മോഷണം നടത്തിയതിനും മുരിക്കശ്ശേരി സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത ഇടുക്കി സ്വദേശിനിയെ പീഡിപ്പിച്ചതിനും കേസുകൾ നിലവിലുണ്ട്.
നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതീഷ് എസ്, എസ് സി പി ഒ ശ്രീകുമാർ, രാധാകൃഷ്ണൻ ആചാരി, സിപിഒ മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.