Monday, March 17, 2025
Homeകേരളംവിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി

വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി

വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹ മോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി, പോലീസ് വലയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്.

കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പോലീസിന്റെ വ്യാപകമായ അന്വേഷണത്തെതുടർന്ന് പിടിയിലായത്. 2022 മാർച്ച്‌ ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.

കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി, അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു.പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടർന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കൽ വച്ച് കല്യാണം കഴിച്ചു.

തന്ത്രശാലിയായ ദീപു, പരിചയപ്പെടുന്ന സ്ത്രീകളോടെല്ലാം തുടക്കത്തിൽ പറയുക താൻ അനാഥനാണ് എന്നാണ്. വിവാഹം കഴിച്ചാൽ തനിക്കൊരു ജീവിതവുമാകും, ഒറ്റപ്പെടുന്നതിന്റെ വേദന മാറുകയും ചെയ്യും എന്ന് വൈകാരികമായി പറഞ്ഞു വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തുകയും ചെയ്യും. തുടർന്ന് ഒരുമിച്ചു ജീവിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന പ്രതി, താല്പര്യം കുറയുമ്പോൾ അടുത്ത ഇരയെ തേടിപ്പോകുകയാണ് ചെയ്തുവന്നത്. ഇത്തരത്തിലായിരുന്നു മുമ്പ് മൂന്ന് സ്ത്രീകളെയും ഇയാൾ ചതിച്ചത്. ഇപ്പോൾ വിവാഹം കഴിച്ചു ഒപ്പം കഴിഞ്ഞുവന്ന യുവതിയ്ക്ക് ഇയാളിൽ സംശയം ജനിച്ചത് കാരണമാണ് തട്ടിപ്പിന്റെ കഥകൾ പുറത്തായത്.

ദീപുവിന്റെ രണ്ടാം ഭാര്യ, നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ് ബുക്ക്‌ സുഹൃത്താണ്. അവർ നൽകിയ വിവരമാണ് വിവാഹത്തട്ടിപ്പു വീരന്റെ കള്ളി വെളിച്ചത്താക്കാൻ ഇടയാക്കിയത്. ഇയാൾക്ക്, മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ, യുവതിയോടുള്ള താല്പര്യം കുറഞ്ഞതായി തോന്നി. തുടർന്ന്, ഇവരെ ഉപേക്ഷിച്ചുകടക്കാൻ ശ്രമിക്കുന്നു എന്ന നിലവന്നപ്പോഴാണ് യുവതി കോന്നി പോലീസിനെ പരാതിയുമായി സമീപിച്ചത്.

ശനിയാഴ്ച കോന്നി പോലീസിൽ കൊടുത്ത പരാതിപ്രകാരം, കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾക്ക് ശേഷം, പ്രതിയെ പത്തനംതിട്ട ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവുകൾ ശേഖരിച്ച പോലീസ്, ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

കാസർഗോഡ്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് പ്രതി ബലാൽസംഗത്തിന് വിധേയയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ വിവാഹത്തട്ടിപ്പുവീരനെ കോന്നി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments