പ്രിയമുള്ള കൂട്ടുകാരേ
മലയാളി മനസ്സിന്റെ നക്ഷത്രക്കൂടാരം നിങ്ങൾക്കിഷ്ടമാവുന്നുണ്ടല്ലോ. പുതുവർഷം ജനുവരി പകുതിയും കഴിഞ്ഞ് അതിവേഗം കുതിക്കുകയാണ്.
ഈ ആഴ്ച നമ്മൾ ഒരു പ്രധാന വ്യക്തിയെ ഓർമ്മിക്കുന്നു.. ആദരണീയനായ സുഭാഷ് ചന്ദ്രബോസ് എന്ന ദേശസ്നേഹിയെ. നേതാജി എന്ന അപരനാമത്തിലറിയപ്പെടുന്ന
സുഭാഷ് ചന്ദ്രബോസിന്റെ ഓർമ്മദിനം ജനുവരി 23 -ന് ആണെന്നറിയാമല്ലോ.. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രമുഖസ്ഥാനമുള്ള നേതാജിയുടെ ഓർമ്മ ദിനത്തിന് ദേശപ്രേംദിൻ എന്നാണ് നാം പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തിലെ കൊടുങ്കാറ്റായിരുന്നു സുഭാഷ് ചന്ദ്രബോസ്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പര്യാപ്തമല്ല എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. അതിനാൽ കോൺഗ്രസ്സിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുകയും വിദേശ ശക്തി കൾക്കെതിരെ തീവ്രമായ സമര പരിപാടികൾ ആവിഷ്ക്കരിക്കുകയും ചെയ്തു. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽനിന്നു പലായനം ചെയ്ത് ജർമ്മനിയിലെത്തി. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധംചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം.
ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകളിൽ അരക്ഷിതാവസ്ഥകൾ മറനീക്കിയെത്തുന്ന ഈ കാലത്ത് നേതാജിയെപ്പോലൊരു നേതാവിന്റെ സ്മരണ നമ്മളെ ഉത്തേജിതരാക്കും.
ഇനി നിങ്ങൾക്കു വേണ്ടി ഞാനെഴുതിയ ഒരു കുഞ്ഞു കവിതയായാലോ കൂട്ടുകാരേ ?
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
കാരപ്പറമ്പ്
〰️〰️〰️〰️〰️
കാരപ്പറമ്പിലൊരു
കോരന്റെ വീടുണ്ട്.
കോരന്റെ വീട്ടിലൊരു
പേരതൻ മരമുണ്ട്.
പേരമരത്തിലൊരു
ചേരയുടെ വായുണ്ട്.
ചേരയുടെ വായിലൊരു
ചാരക്കിളിയുണ്ട്
ചാരക്കിളിക്കൊരു
ചോരച്ച ചുണ്ടുണ്ട്
ചോരച്ച ചുണ്ടിലൊരു
നാരുള്ള പഴമുണ്ട്
നാരൻ പഴത്തിലൊരു
നുരയുന്ന പുഴുവുണ്ട്
നുരയുന്ന പുഴുവിന്ന്
നിരനിരക്കാലുണ്ട്
നിരനിരക്കാലുകളിൽ
തിരയിടും കടലുണ്ട്
തിരയിടുംകടലിന്റെ
തീരത്ത് മണലുണ്ട്
തീരത്തെ മണലിലൊരു
കാരയ്ക്ക ഉരുളുന്നു
ഉരുളുന്ന കാരയ്ക്ക
കാരപ്പറമ്പെത്തി,
കാരപ്പറമ്പിലൊരു
കോരന്റെ വീടുണ്ട്
🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
കാരപ്പറമ്പ് എന്ന കവിത ഇഷ്ടമായോ? എങ്കിൽ ഒന്നുകൂടെ ചൊല്ലി നോക്കൂ
കവിതയിൽ നിന്നും ഇനി ഒരു കുഞ്ഞിക്കഥയിലേക്കു കടക്കാം.
കഥ പറയാനൊരു ടീച്ചർ വരുന്നുണ്ട് . – ജാനു അച്യുതം . കൊല്ലം കരുനാഗപ്പള്ളി അയണി നോർത്തിലാണ് താമസം. സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദവും B Ed മാണ് വിദ്യാഭ്യാസ യോഗ്യത.. ദീർഘകാലമായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എച്ച് എസ് എ അധ്യാപികയാണ്.
ജാനു അച്യുതം ടീച്ചറെഴുതിയ കുഞ്ഞൻപുഴുവിൻ്റെ ആഗ്രഹം എന്ന കഥ നമുക്കു വായിച്ചാലോ കൂട്ടുകാരേ?
🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
കുഞ്ഞൻപുഴുവിന്റെ ആഗ്രഹം
〰️〰️〰️〰️〰️〰️〰️〰️〰️
ഒരിക്കൽ ഒരിടത്ത് ഒരു കുഞ്ഞൻപുഴു താമസിച്ചിരുന്നു. ഈ ലോകം മുഴുവനും ഒന്നു ചുറ്റിക്കറങ്ങണമെന്ന് അവൻ ഏറെനാളായി കൊതിച്ചിരുന്നു. അതിനെന്താണ് വഴി? യാത്ര ചെയ്യണമെങ്കിൽ ഒരു തോണി വേണം. തോണി കിട്ടാതെ അവൻ സങ്കടപ്പെട്ടു.
ആഗ്രഹം മനസ്സിലാെതുക്കി കുറച്ചു നാളുകൾ കഴിച്ചുകൂട്ടി.
പിന്നെ വളരെ വിഷമത്തോടുകൂടി മഴമേഘത്തെ നോക്കിയിരുന്നു. മഴമേഘത്തിന് കാര്യം മനസ്സിലായി.
മഴമേഘം കാറ്റിനോട് ചോദിച്ചു. ഞങ്ങളെ ഗതിമാറ്റി കുഞ്ഞു പുഴുവിന്റെ അടുത്തേക്ക് വിടുമോ?
“അതിനെന്താ കുഞ്ഞുപുഴുവിൻ്റെ ആഗ്രഹം നമുക്ക് സാധിച്ചു കൊടുക്കാമല്ലോ ”
കാറ്റ് മഴമേഘത്തോട് പറഞ്ഞു.
രണ്ടാൾക്കും സന്തോഷമായി വഴിമാറി സഞ്ചരിച്ച മഴമേഘം കുഞ്ഞുപുഴുവിൻ്റെ അടുത്തേക്ക് മെല്ലെമെല്ലെ എത്തി.
ഹായ് നല്ല തണുപ്പ്!
എന്ത് രസം! കുഞ്ഞിപ്പുഴു കണ്ണു ചിമ്മിച്ചിമ്മി മഴയെ നോക്കിയിരുന്നു. മഴ അവൻ്റെ ദേഹത്ത് ഉമ്മവച്ചു.
“നല്ല കുളിര്.എനിക്ക് നീന്താൻ തോന്നുന്നു ലോകം ചുറ്റിക്കറങ്ങണം ഈ ലോകം എന്തെന്നറിയണം. “
കാറ്റ് അവന്റെ മൃദുലമേനിയിൽ തണുത്തകരങ്ങളാൽ തൊട്ടു തലോടി. അപ്പോൾ പുഴുവിന് ഇക്കിളിയായി. നല്ല സ്നേഹസ്പർശം. കുഞ്ഞിപ്പുഴു മനസ്സിൽ കരുതി.
അതാപെട്ടെന്ന് കാറ്റൊരു അരയാലില അടർത്തി പുഴുവിന്റെ അടുത്തേക്ക് ഇട്ടുകൊടുത്തു.
“ആ ഇതാ എനിക്കുള്ള വഞ്ചിയെത്തി. ഞാൻ ഇതിൽക്കയറി ലോകം മുഴുവൻ കറങ്ങും.
വെള്ളം പൊന്തിപ്പൊന്തി വരുന്നത് കുഞ്ഞിപ്പുഴു കാണുന്നുണ്ട്. വെള്ളത്തിന്റെ ഉയർച്ച കൂടി വരുന്നതു കണ്ടപ്പോൾ നമ്മുടെ കുഞ്ഞിപ്പുഴുവിനു….പേടിയായി.
ഇലത്തോണി തുഴഞ്ഞുകൊണ്ടുപോകാൻ കാറ്റിനുത്സാഹമായി.. കാറ്റും മഴയും കൂടിക്കൂടി എത്തിയപ്പോൾ കുഞ്ഞിപ്പുഴു തോണി നിയന്ത്രണമില്ലാതെ തിരിയാനും മറിയാനും തുടങ്ങി.
കുഞ്ഞിപ്പുഴു പേടിയാേടെ മന്ത്രിച്ചു.
“വേണ്ടേ വേണ്ട. എനിക്ക് ലോകം ചുറ്റിക്കറങ്ങേണ്ട, ഇതുതന്നെയാണ് എന്റെ സുന്ദരലോകം.
പിന്നെ ഒരിക്കലും, എത്ര മഴ വന്നാലും കുഞ്ഞിപ്പുഴുവിന് ലോകം ചുറ്റണമെന്ന ആഗ്രഹം ഉണ്ടായിട്ടേയില്ല…..
🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵
നല്ല കുഞ്ഞിക്കഥ അല്ലേ? ഇഷ്ടപ്പെട്ടില്ലേ, രസിച്ചില്ലേ, ആസ്വദിച്ചില്ലേ. എങ്കിൽ
യദു മേക്കാട് എന്ന പേരിൽ അറിയപ്പെടുന്ന യദുനാഥൻ എന്ന
ബാലസാഹിത്യകാരന്റെ മനോഹരമായ ഒരു കവിതയാണ് തുടർന്ന് നക്ഷത്രക്കൂടാരത്തിൽ മിന്നിത്തിളങ്ങുന്നത്.
ഭസ്മത്തിൽ മേക്കാട് യശ – രാമൻ നമ്പൂതിരിയുടെയും തൃപ്പൂണിത്തുറ കോവിലകത്തു ശ്രീമതി. സുഭി തമ്പുരാന്റെയും മകനാണ്. കോളേജ് വിദ്യാഭ്യാസവും ഇലക്ട്രോണിക്സ് ഡിപ്ലോമയും കഴിഞ്ഞു ഉത്തരേന്ത്യയിലും നാട്ടിലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു., ജ്യോതിഷത്തിൽ ആകൃഷ്ടനായി കൊടകര കൈമുക്ക് മനയിൽ ജ്യോതിഷപഠനം നടത്തുകയും തുടർന്ന് ആ വഴിയിൽ തുടരുകയും ചെയ്യുന്നു.
കവിതകളിൽ വൃത്തനിബദ്ധമായ പഴയകാല സമ്പ്രദായത്തോടാണ് താൽപ്പര്യം കഴിവതും ആ വഴിയേ കവിതകൾ രചിക്കുന്നു. കൂട്ടത്തിൽ ബാലകവിതകളും എഴുതുന്നു. ഇപ്പോൾ ഇരിഞ്ഞാലക്കുട എം.ജി. റോഡിൽ രാമശ്രീയിൽ താമസിക്കുന്നു. ശ്രീ.യദു മേക്കാടിൻ്റെ ഒരു കുഞ്ഞു കവിതയാണ് താഴെ.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
പൊന്മണിപ്പൈതലേ ചായുറങ്ങ്
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
വാവോറങ്ങമ്മിണിവാവുറങ്ങ്
പൊന്നുമണിക്കുട്ടിചായുറങ്ങ്
അമ്പിളിമ്മാമനേക്കണ്ടതല്ലേ
അമ്മമ്മപാട്ടുകൾപാടിയില്ലേ
ആദിത്യദേവനുംചായുറങ്ങീ
പുള്ളിക്കുയിലുംകുടിയിലെത്തി
അമ്പാടിക്കണ്ണനുമമ്മ തൻ്റേ
പൊന്മടിത്തട്ടിലായ്ച്ചായുറങ്ങീ
വാവുറങ്ങമ്മിണിചായുറങ്ങ്
നാളെക്കഥകൾപറഞ്ഞുതരാം
തങ്കക്കുടമല്ലേവാവുറങ്ങ്
പൊന്മണിപ്പൈതലേ ചായുറങ്ങ്.
🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️
മനോഹരമായ താരാട്ടുപാട്ട് കേട്ട് മയങ്ങിപ്പോയോ? അമ്മ പാടിയുറക്കുന്നതുപോലെ. പാട്ടിൽ ലയിച്ചു പോയ കുഞ്ഞുങ്ങൾക്ക് –
ആരായാലും അഹങ്കാരം പാടില്ല എന്നോർപ്പിക്കുന്ന കഥയുമായി
സുധാ ചന്ദ്രൻ എന്ന ടീച്ചറെത്തിയിട്ടുണ്ട്.
കങ്ങഴ കൈതമല ഇന്ദിരാദേവിയുടെയും പഴൂർ രാമചന്ദ്രപണിക്കരുടെയും മകളായി 1964 ലാണ് ശ്രീമതി. സുധാ ചന്ദ്രൻ ജനിച്ചത്. നെടുമണ്ണി sr.അൽഫോൻസാസ്, നെടുംകുന്നം ടr.തെരേസാസ് ജി എച്ച് എസ് , അരുവിത്തുറ സെന്റ്.ജോർജ്ജ് കോളേജ്, ചങ്ങനാശ്ശേരി എൻ. എസ്.എസ്.ഹിന്ദു കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പെരുന്ന എൻ. എസ്.എസ്.ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്നും ദീർഘകാലത്തെ അധ്യാപകവൃത്തിക്കു ശേഷം വിരമിച്ചു.
ആനുകാലികങ്ങളിൽ കവിതകളും കഥകളും പ്രസിദ്ധീകരിക്കുന്നു.
കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിലെ കഥകൾക്ക് 2020 ലെ ബാലസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സ്നേഹക്കുപ്പായം 2021 ലെ കാവ്യസാഹിതി കഥപുരസ്കാരം നേടിയ ഗ്രന്ഥമാണ്.
മോട്ടിവേഷൻ ട്രെയിനർ ആണ്, കുട്ടികൾക്കു വേണ്ടി LETUDE STORY TELLING എന്നൊരു കൂട്ടായ്മയുണ്ട്. രക്ഷിതാക്കൾക്കു വേണ്ടിയും മോട്ടിവേഷൻ ഗ്രൂപ്പ് ഉണ്ട്. LETUDE MOTIVATION YOU TUBE ചാനൽ ഉണ്ട്.
സുധ ടീച്ചർ ഇപ്പോൾ ചങ്ങനാശ്ശേരി മാടപ്പിള്ളി രാംനിവാസിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.
ശ്രീമതി.സുധാ ചന്ദ്രൻ എഴുതിയ മിന്നു – മിട്ടു കഥകളിലൊന്നാണ് ടീച്ചർ നമുക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
നിരുപാധിക സ്നേഹം കൊണ്ട് നിത്യജീവിതത്തിൽ വിജയം നേടാം.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
മിന്നിയും മിട്ടുവും ഒരു പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ, മിട്ടുവിന്റെ നോട്ടം വാടിയ ഒരു ചെടിയിൽ ഉടക്കി.
“മിന്നീ, ഈ ചെടി എന്ത് കൊണ്ടാണ് വാടിയത്?മണ്ണുമുണ്ട്,വെള്ളവും ഉണ്ടല്ലോ?
മിന്നി ചിരിച്ച് കൊണ്ടു പറഞ്ഞു: “മിട്ടൂ , നിനക്ക് ഈ ചെടി വീണ്ടും പച്ചയായി മാറ്റാം, പക്ഷേ അത് ചെയ്യാൻ സ്നേഹത്തിന്റെയും കരുതലിന്റെയും കൃത്യമായ പ്രവർത്തനങ്ങൾ വേണം.”
മിന്നി ചെടിയുടെ ചുറ്റും മണ്ണ് മൃദുവാക്കി, വെള്ളവും, ഇലകളും പാകിയപ്പോൾ മിട്ടു ചോദിച്ചു:
“ഇത്ര ചെറിയ കാര്യങ്ങളാണോ ഈ ചെടിക്ക് തളിർക്കാൻ ആവശ്യം?”
മിന്നി: “അല്ല മിട്ടു ചിലപ്പോഴത് വളരാൻ അവസരം നൽകുന്നവരുടെ കാരുണ്യമാണ്. നമ്മുടെ ജീവിതവും ഇങ്ങനെയാണ്. നിരുപാധിക സ്നേഹം കിട്ടുമ്പോൾ മാത്രമേ മറ്റുള്ളവരിലും നമ്മുടെ ജീവിതത്തിലും മാറ്റമുണ്ടാക്കാൻ കഴിയൂ.
മിട്ടു ചിന്തിച്ചു:
“മൗലികമായ സ്നേഹം വെറുമൊരു വികാരം മാത്രമല്ല, അത് മറ്റുള്ളവരിൽ ആവേശവും കരുത്തും നൽകുന്ന ശക്തിയാണ്. പക്ഷേ, പ്രവർത്തനത്തിലേക്കില്ലെങ്കിൽ, അപ്പോഴും അത് ബലഹീനമായിരിക്കാം.”
മിന്നി കൂട്ടിച്ചേർത്തു:
“സ്നേഹം ഒരു വിത്ത് പോലെ; അത് പരിപാലിക്കുമ്പോഴാണ് വിജയം കാണുക
മിന്നിയും മിട്ടുവും ചെടിയുടെ പച്ചപ്പിനായി കാത്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അത് തളിർത്തു .
മിന്നി പറഞ്ഞു:
“നിനക്ക് ഇപ്പോൾ മനസ്സിലായോ മിട്ടൂ ?,
സ്നേഹവും കഠിനാധ്വാനവും ചേർന്നാൽ ജീവിതം പൂത്തുലയുമെന്ന്?”
മിട്ടു മിന്നിയെ നോക്കി പറഞ്ഞു:
എനിക്ക് ഇനി പറയാൻ ഒന്നുമില്ല. സ്നേഹത്തെയും ഒപ്പം നമ്മുടെ പ്രവർത്തനങ്ങളെയും ഒരുമിപ്പിച്ചാൽ, അനായാസം വിജയം നേടാം
“അതേ മിട്ടൂ,
സ്നേഹം ജീവിതത്തെ മാറ്റുന്ന ശക്തിതന്നെ!
സ്നേഹം മനസ്സിൽ വച്ചാൽ പോരാ…പ്രകടിപ്പിക്കുകയും വേണം..പരസ്പരസ്നേഹവും കരുതലുമാണ് ജീവിതവിജയത്തിന്റെ അടിത്തറയെന്ന് മനസ്സിലാക്കിയാൽ… അതാണ് ഏറ്റവും വലിയ വിജയം.”
**************************************************
കഥകേട്ട് സന്തോഷിച്ചിരിക്കുന്ന നിങ്ങൾക്കു രസിക്കുന്ന ഒരു കവിതയുമായി
എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് ശ്രീമൂലനഗരംകാരനായ സുരേന്ദ്രൻ ശ്രീമൂലനഗരം എന്ന കവിയാണ് എത്തിയിരിക്കുന്നത്.
ഒരു ബിസിനസ്സുകാരനായിട്ടാണ് അദ്ദേഹം ജീവിതം മുന്നോട്ടു നീക്കുന്നത്.
എഴുത്തിന്റെ വഴിയിലേക്ക് വന്നിട്ട് മൂന്നു മൂന്നര വർഷമേ ആയിട്ടുള്ളൂ.
80-ൽ പരം കവിതകൾ 50 ഹാസ്യ കവിതകൾ, 300 ബാലകവിതകൾ ഇരുപതിൽപരം ഭക്തി ഗാനങ്ങൾ തുടങ്ങിയവ രചിച്ചു. ഭക്തി ഗാനങ്ങളുടെ രണ്ടു ആൽബങ്ങൾ പ്രസി ദ്ധീകരിച്ചിട്ടുണ്ടു്. കവിതകളുടേയും ആക്ഷേപഹാസ്യ കവിതകളുടേയും ഒരോ സമാഹാരങ്ങളും ബാലകവിതകളുടെ അഞ്ചും ഉൾപ്പെടെ ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്..
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ വിനോദ് നീലാംബരിയും സത്താർ പട്ടേപ്പാടവും അനേകം കവിതകൾക്ക് ജീവൻ നൽകി.
2021 ൽ മലയാള സാഹിത്യ പുസ്തക പ്രവർത്തകസംഘം ഏർപ്പെടുത്തിയ സാഹിത്യപ്രഭാ പുരസ്ക്കാരത്തിൽ കവിതക്ക് സംസ്ഥാന ഫെലോഷിപ്പും
2022 ലെ എഴുത്തച്ഛൻ സാഹിതി പുരസ്ക്കാരത്തിൽ ഹാസ്യസാഹിത്യത്തിലും ബാലസാഹിത്യത്തിലും ജൂറിയുടെ സ്പെഷ്യൽ പുരസ്ക്കാരങ്ങളും ലഭിച്ചു.
ഭാര്യ സരളയാേടും മക്കളോടുമൊപ്പം ശ്രീമൂലനഗരത്ത് താമസിക്കുന്നു.
സുരേന്ദ്രൻ ശ്രീമൂലനഗരം എഴുതിയ ഒരു കുഞ്ഞു കവിതയാണ് താഴെ.
🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵
.
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
ഉണർത്തുപാട്ട്
〰️〰️〰️〰️〰️〰️
നടുക നമ്മൾ സോദരേ
തൈകളിനിയുമായിരം
സമയമായതിന്നു നമ്മൾ
സമരമായി നീങ്ങുവാൻ
ചടുലമോഹം ഭാവി തൻ
കടയരിഞ്ഞു തീർക്കവേ
വരണമല്ലോ നമ്മൾ പുത്തൻ
ധരണിയെ പണിയുവാൻ
ഹരിത ഭംഗി എത്തണം
പറവ വന്നിറങ്ങണം
മഴ നനഞ്ഞ ഭൂമി തന്റെ
മധുപകർന്നു നൽകണം
പുഴ കവിഞ്ഞൊഴുകണം
മലിനവായു പോകണം
മലകളെങ്ങും മഴ വരാൻ
മകുടമായി നിൽക്കണം
കാട്ടുജന്തുജീവനങ്ങൾ
ഓർത്തു തന്നെ നീങ്ങണം
വിപിനവാസി മക്കളെ
വിമലരായ് ഗണിക്കണം
നടുക നമ്മൾ സോദരേ
തൈകളിനിയുമായിരം
സമയമായതിന്നു നമ്മൾ
സമരമായി നീങ്ങുവാൻ,
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
ഉണർത്തുപാട്ട് എന്ന കവിത ആവേശം നിറയ്ക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയാണ് കവി കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നത്.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ഇപ്രാവശ്യത്തെ കഥകളും കവിതകളും എല്ലാവർക്കും ഇഷ്ടമായിട്ടുണ്ടാകുമല്ലോ. ഇനിയുമുണ്ട് ധാരാളം കലവറയിൽ രുചികരമായ വിഭവങ്ങൾ . നിങ്ങളുടെഎല്ലാ കൂട്ടുകാർക്കും ഇത് ഷെയർ ചെയ്തു കൊടുക്കണം.
– പുതിയ ലക്കത്തിൽ ബാലസാഹിത്യപ്രതിഭകളുടെ പുത്തൻ
വിഭവങ്ങളുമായി നമുക്ക് വീണ്ടും കണ്ടുമുട്ടാം..
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം..