സുകുമാരി: മലയാള സിനിമയിലെ അഭിനയ പൂർണത
അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കൊണ്ടും, അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും, ഭാവപകർച്ചയിലെ വ്യത്യസ്തത കൊണ്ടും അത്ഭുതം സൃഷ്ടിച്ച മലയാള സിനിമയിലെ നിത്യവിസ്മയം. ആ ചരിത്രം മറികടക്കാൻ ഇനി ഒരാൾ വരും എന്ന് കരുതാനാവില്ല.
ആറു പതിറ്റാണ്ടിലധികം നീണ്ടു നിന്ന അഭിനയ ജീവിതത്തിനിടയിൽ ജീവൻ പകർന്നത് രണ്ടായിരത്തിലധികം കഥാപാത്രങ്ങൾക്ക് നാടകങ്ങളിലും ടെലിവിഷൻ രംഗത്തും പകർന്നാടിയ മികവുറ്റ വേഷങ്ങൾ വേറെയും. സുകുമാരി എന്ന മികച്ച അഭിനേത്രിക്ക് ഒരാമുഖം എവിടേയും ആവശ്യമില്ല. അവർക്ക് ലഭിക്കാത്ത അല്ലെങ്കിൽ ഈ അനുഗൃഹീത നടിക്കു വഴങ്ങാത്ത എത് വേഷമാണുള്ളത്. ജീവിതത്തിൻ്റെ എല്ലാ വേദനകളും ഉള്ളിലൊതുക്കി ഇല്ലായ്മയുടെ ദുരിത ചിത്രം പേറുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ സുകുമാരി ലയിച്ചുചേർന്നാണ് അവതരിപ്പിക്കുക. നാം കൗതുകത്തോടെ കണ്ട എത്രയെത്ര സിനിമകൾ. നേരെ തിരിച്ച് സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചു വീണ് പ്രൗഢിയോടെ ജീവിക്കുന്നവരാണെങ്കിലോ അതും ഈ നടിയിൽ തികച്ചും ഭദ്രം.
നിഷ്കളങ്കത നിറഞ്ഞ നാടൻ വീട്ടമ്മമാരെ തിരശീലയിൽ അവതരിപ്പിച്ച് വിജയിപ്പിക്കാൻ സുകുമാരിയോളം പ്രാഗല്ഭ്യം വേറെയാർക്ക്.
പൊങ്ങച്ചം വിളമ്പുന്ന നഗരത്തിൻ്റെ കെട്ടുകാഴ്ചകളിൽ ഭ്രമിച്ച് ജീവിക്കുന്ന പരിഷ്ക്കാരികളെ അവതരിപ്പിക്കാൻ ഇത്ര മികവ് വേറെയാർക്ക്? ഇത്തരം ഏത് വേഷവും സുകുമാരിയോളം എന്നല്ല സുകുമാരിയുടെ അഭിനയത്തോട് അടുത്ത് എന്ന് താരതമ്യം ചെയ്യാൻ പോലും വേറെ എത്ര പേരുണ്ട് നമുക്ക് ?
സ്നേഹം, ദയ, അസൂയ, കുനിട്ട് ,പക, വാശി, ഇല്ലായ്മ, ധാർഷ്ട്യം ,പുച്ഛം നിസ്സഹായത ആ മുഖത്ത് വ്യത്യസ്ത കഥാപാത്രങ്ങൾക്കായി ഓരോ സമയത്തും വിരിഞ്ഞ ഭാവങ്ങൾ ആസ്വാദനത്തിൻ്റെ പുതിയ പുതിയ തലങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ടു പോയിട്ടില്ലേ. നമ്മൾ കണ്ടു ശീലിച്ച ഒരാൾ നമുക്ക് നല്ല പരിചയമുള്ള ഒരാൾ ഓരോ സിനിമ കണ്ടും നാം ഉറപ്പിച്ചില്ലേ? മനസ്സിൽ പറഞ്ഞില്ലേ?
അതെ . ചിലരങ്ങനെയാണ് അവർക്ക് പകരക്കാരുണ്ടാവില്ല. പകരം നിൽക്കാൻ ആർക്കുമാവുകയുമില്ല. സുകുമാരി ആ ഗണത്തിലുൾപ്പെടുന്നു. അല്ലെങ്കിൽ ആ ഗണത്തിൽ ഏറ്റവും മുന്നിൽ സ്ഥാനമുറപ്പിക്കുന്നു. ഒരു കഥാപാത്രത്തേയും എടുത്തു പറയുന്നില്ല . പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സുകുമാരി എന്ന പേരു കേൾക്കുമ്പോൾ തന്നെ ഓരോരുത്തരുടെ മനസ്സിലും നൂറു നൂറു കഥാപാത്രങ്ങൾ കടന്നു വന്ന് നിറഞ്ഞാടി നിൽക്കുന്നുണ്ടാകും.
ചട്ടയും മുണ്ടും ധരിച്ച് സുകുമാരി ക്രിസ്ത്യൻ കഥാപാത്രങ്ങളായി എത്തിയപ്പോഴൊക്കെ നാം പറഞ്ഞു. ക്രിസ്ത്യൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സുകുമാരിയെ കഴിഞ്ഞേ ആരുമുളളൂ. മുസ്ലിം കഥാപാത്രങ്ങളായി സുകുമാരി എത്തിയപ്പോഴും നാം പറഞ്ഞു, സുകുമാരി അഭിനയിക്കുമ്പോൾ മുസ്ലിം കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന തിളക്കം വേറെ ആര് അഭിനയിച്ചാലും ലഭിക്കില്ലെന്ന്. ഹിന്ദു തറവാടുകളിലെ തറവാട്ടമ്മ വേഷത്തിൽ എത്തിയപ്പോഴും പച്ച പരിഷ്ക്കാരിയായി ഡാൻസ് കളിക്കുന്ന ആൻ്റിയായി എത്തിയപ്പോഴും നാം അതു തന്നെ ആവർത്തിച്ചു. സുകുമാരിക്ക് മാത്രം സാധിക്കുന്ന വേഷങ്ങൾ എന്ന് ഉറപ്പിച്ചു. കണ്ണീരും ഹാസ്യവും ഈ നടിക്ക് ഒരേ പോലെ വഴങ്ങി. അമ്മ, അമ്മൂമ, അയൽക്കാരി, പാചകക്കാരി, വീട്ടുവേലക്കാരി, ഉദ്യോഗസ്ഥ ,പിച്ചക്കാരി പ്രൗഢഗംഭീര തുടങ്ങി എതു വേഷത്തിൽ വന്നാലും സുകുമാരിയെ പ്രേക്ഷകർ ഹൃദയത്തിൽ കൊണ്ടു നടന്നു. കണ്ടു മടുക്കാത്ത മുഖമായി മനസ്സിൽ ചേർത്തുവെച്ചു. പുതിയ പുതിയ സിനിമകൾക്കായി ആകാംക്ഷയോടെ കാത്തിരുന്നു. മലയാളത്തിലെ മഹാനടൻമാർക്കൊപ്പമെല്ലാം സുകുമാരി മത്സരിച്ചഭിനയിച്ചു. അവർക്കൊപ്പമോ അവർക്ക് മുകളിലേക്കോ തൻ്റെ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചു. തമിഴിൽ എം.ജി ആർ ശിവാജി, തെലുങ്കിൽ എൻ .ടി.ആർ തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും വേഷമിട്ടു.
1940 ഒക്ടോബർ ആറിന് നാഗർ കോയിലിൽ മാധവൻ നായർ സത്യഭാമ ദമ്പതികളുടെ മകളായാണ് സുകുമാരിയുടെ ജനനം. തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രസിദ്ധി നേടിയ ലളിത, പത്മിനി, രാഗിണിമാരുടെ അടുത്ത ബന്ധുവായിരുന്ന സുകുമാരി ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച് നർത്തകിയായി പേരെടുത്തിരുന്നു. ആദ്യ സിനിമ ചെയ്തത് തമിഴിലായിരുന്നു 1951-ൽ. ഒരിരവ് എന്ന ചിത്രത്തിലൂടെയായിരുന്ന അരങ്ങേറ്റം. . 1974, 1978, 1979,1985 വർഷങ്ങളിൽ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സുകുമാരിക്കായിരുന്നു.. ദീർഘമായ അഭിനയ വഴികളിൽ സുകുമാരിയെ തേടി മറ്റ് നിരവധി പുരസ്കാരങ്ങളുമെത്തി. 2003 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി സുകുമാരിയെ ആദരിക്കുകയും ചെയ്തു.
സംവിധായകനായ ഭീംസിങ്ങായിരുന്നു സുകുമാരിയെ വിവാഹം കഴിച്ചത്.1978ൽ അദ്ദേഹം അന്തരിച്ചു. ഏകമകൻ ഡോ.സുരേഷ് ഒന്നു രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
2013 മാർച്ച് 26ന് ചെന്നൈയിലായിരുന്നു സുകുമാരിയുടെ അന്ത്യം. പൂജാമുറിയിലെ വിളക്കിൽ നിന്നും അബദ്ധത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേയാണ് അഭിനയ രംഗത്തെ ഈ അതുല്യപ്രതിഭ ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തിരണ്ടാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത്.
നായികാ വേഷത്തിൽ തളയ്ക്കപ്പെട്ടില്ല എന്നതാണോ സുകുമാരി എന്ന നടിയുടെ വിജയം. ആയിക്കൂടെന്നില്ല കാരണം, ഏതു കഥാപാത്രങ്ങളേയും സ്വീകരിക്കാൻ അവർക്ക് തടസ്സങ്ങൾ ഉണ്ടായില്ല. ഇമേജ് ഒരിക്കലും വിഘാതമായി നിന്നതുമില്ല.ഏത് കാലത്തും എല്ലാ തലമുറയ്ക്കൊപ്പവും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാൻ അത് അവർക്ക് സഹായകമായിട്ടുമുണ്ടാകാം.
എത്രയോ വർഷങ്ങൾക്കു മുമ്പ് ഒരു വടക്കൻ വീരഗാഥ എന്ന സിനിമയ്ക്ക് ഒരു വാരികയിൽ വന്ന ഒരു റിവ്യൂവിൽ വായിച്ച ഒരു വരി ഓർമയിൽ വരുന്നു. ആരാണ് എഴുതിയത് എന്നോർക്കുന്നില്ല. ഉജ്ജ്വലം എന്ന ഒറ്റ വാക്കിൽ ഈ ക്ലാസിക് സിനിമയെ വിശേഷിപ്പിക്കുന്നു. മമ്മുട്ടി എന്ന അഭിനയപ്രതിഭയെ കൈകൂപ്പി വണങ്ങുന്നു. ആ പ്രയോഗത്തിൽ നിന്ന് ആദരവോടെ കടമെടുത്ത് പറയട്ടെ. മഹാവിസ്മയം എന്ന ഒറ്റവാക്കിൽ സുകുമാരി എന്ന അത്ഭുത പ്രതിഭയെ വിശേഷിപ്പിക്കാം. മലയാളം കണ്ട എക്കാലത്തേയും കരുത്തു നിറഞ്ഞ അഭിനേത്രിയുടെ ഓർമ്മകൾക്കു മുന്നിൽ കൈകൂപ്പി വണങ്ങാം.