Wednesday, July 8, 2026
Homeഅമേരിക്കമിത്തുകളിലെ നീലക്കൊടുവേലി (കവിത) ✍ ജസിയഷാജഹാൻ

മിത്തുകളിലെ നീലക്കൊടുവേലി (കവിത) ✍ ജസിയഷാജഹാൻ

അവളയാളെ വലിച്ചെറിയുമ്പോൾ
നിഗൂഢ മന്ദസ്മിതം പൊഴിക്കുന്ന
മൗനങ്ങളുടെ
താഴ് വരയിൽ നിന്നൊരു
ഉശിരൻ കാറ്റവളുടെ
തിണർപ്പുകളിൽ കിതച്ചുവീണു വട്ടം
കറങ്ങും.
പിന്നെ…
ഒറ്റനിമിഷം കൊണ്ടവൾ
ഐതിഹ്യങ്ങളിലെ നീലക്കൊടുവേലി
തേടി ഇല്ലിമല കയറും.
അടുത്ത ശ്വാസത്തിലവൾ
മുത്തശ്ശിക്കഥകളുടെ
മിത്തിലേക്കിറങ്ങും!
രക്തക്കണ്ണുകളുള്ള ചെമ്പോത്തിൻ്റെ
“ഗൂബ്”
വിളികൾക്കായവൾ
നിലാവിൻ്റെ ഉള്ളറകളിലേക്ക് തൻ്റെ
കാതുകളെ തുളച്ചിറക്കും.

ജീവിതത്തിൻ്റെ മുഷിപ്പിറങ്ങിയ
അവളുടെ ഉടയാടകളപ്പോൾ
ഇളം വെയിലിൽ
നർത്തനമാടുകയാവും..
അവളുടെയുടലിലെ
നീലിപ്പിൻ്റെ കരിങ്കൽ പാറകളിൽ
നിന്നയാളുടെ
ഭ്രാന്തുകൾ ചിന്നിച്ചിതറുന്നുണ്ടാകും
വടുക്കളിൽ നിന്ന് ഉപ്പുപരലുകൾ
പൊഴിയുന്നുണ്ടാകും..
വേദനകളുടെ ഭൂഗർഭജലം
പൊട്ടിയൊഴുകുന്നുണ്ടാകും.

ഒത്തിരി വട്ടം കൊന്നു തള്ളിയ
അയാളുടെ ജഡത്തെ
ദഹിപ്പിക്കാനവൾ
എപ്പോഴൊക്കെയോ
ഇഷ്ടങ്ങളിൽ പ്രണയിച്ചു പോയ പ്ലാശ്
മരങ്ങളുടെ തീജ്വാലകളിലേക്കിറങ്ങും…
ഓർമ്മകളിലിന്നും വിസ്മയം തീർത്ത്
കൊതി വറ്റാത്ത ,
നാഗലിംഗപൂക്കൾക്കായ് ഹൃദയം നീട്ടും
പണ്ടത്തെ ഒരിടവഴിയിൽ
കൊരുത്തുപോയ
നാലു കണ്ണിടകളിലെ
പറയാനറിയാത്ത കഥകൾക്കായ്
ഭാഷകളെ തിരയും..
അവളുടെ കവിളിൽ
പോറലേല്പിച്ച അവൻ്റെ
പൊടിമീശയെ തലോടും..

അപ്പോഴുമവൾ ബോധവതിയാണ് !
പലവിധ വ്യാഖ്യാനങ്ങളുടെ
മിന്നൽ പൂത്തിരികളിലും
പിളർപ്പൻ ഇടികളിലും പതിച്ച്,
വാക്കുകളുടെ കടും വെട്ടിൽ
ചോർന്നുപോയവളാണ്?
സത്യങ്ങളെ കൊന്നുതിന്നുന്ന
ജീവിതച്ചുവയിൽ
വിശപ്പ് വറ്റിയവളാണ്?

മീനച്ചിലാറിൻ്റെ ഒഴുക്കിലേക്കവൾ
തുഴകൈകളെറിയുമ്പോൾ
ഇല്ലിമല ഇളം നീല പുതച്ചിരുന്നു…
മിത്തുകളിലെ നീലക്കൊടുവേലി
അവളിൽ മരിച്ചിരുന്നു.

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com