Wednesday, May 20, 2026
Homeഅമേരിക്കശുഭചിന്ത - (132) പ്രകാശഗോപുരങ്ങൾ - (108) ✍പി. എം.എൻ.നമ്പൂതിരി

ശുഭചിന്ത – (132) പ്രകാശഗോപുരങ്ങൾ – (108) ✍പി. എം.എൻ.നമ്പൂതിരി

ക്ഷമിക്കാൻ പഠിക്കുക

സന്തോഷും സ്നേഹയും ഭാര്യാഭർത്താക്കന്മാരാണ്. എന്നാൽ അവർ കഴിഞ്ഞ 22 വർഷമായി ഒരേ വീട്ടിൽ രണ്ടു മുറികളിലായിട്ടാണ് താമസിക്കുന്നത്. അവർ രണ്ടു മുറികളിൽ ഉറങ്ങുന്നു. അടുക്കളയിൻ വെവ്വേറെ ഭക്ഷണം പാകം ചെയ്യുന്നു. അവർക്ക് രണ്ടു പെൺമക്കളുണ്ട്. അവർ രണ്ടു പേരും ജോലി ജോലിക്കാരാണ്. പക്ഷെ വയസ്സ് 30 കഴിഞ്ഞിട്ടും രണ്ടുപേരുടേയും വിവാഹം നടന്നിട്ടില്ല.

ഒരിക്കൽ ഇവരുടെ ജീവിതം കണ്ട അവരുടെ ബന്ധുക്കൾ, അവരുടെ ജീവിതത്തിലെ വിള്ളലുകൾ തീർക്കാനായി ഒരു മാനസികാരോഗ്യ വിദഗ്ദനെ കൊണ്ടുവന്നു. പ്രശ്നങ്ങളെക്കുറിച്ച് ആരാഞ്ഞ വിദഗ്ദനോട് സന്തോഷ് ക്രുദ്ധനായി പറഞ്ഞു: “ഇവളെ എനിക്ക് വേണ്ട… ഇവളെന്നെ വഞ്ചിച്ചു… എൻ്റെ ഔദര്യത്തിന് ഞാൻ ഇവളെ എൻ്റെ ഈ വീട്ടിൽ താമസിപ്പിക്കുന്നുവെന്ന് മാത്രം.” അതുകേട്ട മാനസികാരോഗ്യവിദഗ്ദൻ ചോദിച്ചു: ” ഉപേക്ഷിക്കാൻ തക്കതായ എന്തു തെറ്റാണ് സ്നേഹ ചെയ്തത്?” സാറെ! ഞാൻ കഴിഞ്ഞ 15 വർഷമായി വിദേശത്ത് കഷ്ടപ്പെട്ടു പണി ചെയ്തുണ്ടാക്കിയ പണം ഇവൾക്ക് ഞാൻ അയച്ചുകെടുത്തിരുന്നു. ഞാൻ അയച്ചുകെടുത്ത പൈസയുടെ ഭൂരിഭാഗവും എന്നോട് ചോദിക്കാതെ ഇവൾ ഒരു ബ്ലേയ്ഡ് കമ്പനിയിൽ നിക്ഷേപിച്ചു. അവൾ അത് ചെയ്തത് അവളുടെ ഒരു ബന്ധുവിൻ്റെ പ്രേരണയിലായിരുന്നു.എന്നാൽ രണ്ടു വർഷത്തിനുശേഷം ആ കമ്പനി പൊളിഞ്ഞു. സ്നേഹ നിക്ഷേപിച്ച മുഴുവൻ സംഖ്യയും നഷ്ടമായി. ഞാൻ ചോരനീരാക്കി ഉണ്ടാക്കിയ പൈസയാണ് അവൾ നശിപ്പിച്ചത്. അതു കൊണ്ട് ഈ ജന്മത്തിൽ ഞാൻ അവളോട് ക്ഷമിക്കുകയില്ല.

സ്നേഹ പലവട്ടം കരഞ്ഞ് മാപ്പപേക്ഷിച്ചതാണ്. എന്നാൽ സന്തോഷ് ഒട്ടും അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ അവൾ ഒന്നും മിണ്ടാറില്ല. ഒരു ജീവച്ഛവം പോലെ ഭർത്താവിൻ്റെ പഴിവാക്കുകൾ കേട്ടിരിക്കുക മാത്രമാണ്.

15 വർഷം അധ്വാനിച്ചുണ്ടാക്കിയ സ്വത്തിനെച്ചൊല്ലി ജീവിതത്തിലെ 22 വർഷമാണ് നിങ്ങൾ കളഞ്ഞത്. നഷ്ടമായ പണത്തേക്കാൾ വലിയ നഷ്ടമാണ് അതിനെച്ചൊല്ലിയുള്ള കലഹംമൂലം നിങ്ങൾക്കുണ്ടായത്. ഇനിയെങ്കിലും ഭാര്യയോട് ക്ഷമിച്ചു കൂടെ എന്ന് ആ മാനസികാരോഗ്യവിദഗ്ദൻ വീണ്ടും ചോദിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ വാക്ക് ഫലവത്തായില്ല. സന്തോഷ് വീണ്ടും തുടർന്നു: “എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ ക്ഷമിക്കുകയില്ല.”

22 വർഷത്തെ കലഹ ജീവിതം കൊണ്ട് ഇരുവരും മാറാരോഗികളായി മാറി. അതോടെ സമൂഹത്തോട് വലിയ ബന്ധമില്ലാത്ത മക്കളും പ്രത്യേക സ്വഭാവക്കാരായി പരിണമിച്ചു. അവരും അവരുടേതായ മുറികളിലും ഓഫീസിലുമായി ഒരുങ്ങിക്കൂടി.

ഈ കഥയിൽ കൂടി നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. മനസ്സറിഞ്ഞ് ക്ഷമിക്കാൻ പറ്റാത്തതുമൂലം ഹൈടെൻഷനിൽ കഴിയുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹത്തിൽ ധാരാളമുണ്ട്. “ഞാനൊരിക്കലും മറക്കില്ല, അത്രയ്ക്ക് വലിയ ചതിയല്ലേ അവൻ എന്നോട് ചെയ്തത് ” എന്നിങ്ങനെ പറഞ്ഞ് വൈരാഗ്യബുദ്ധിയോടെ കഴിയുന്ന എത്രയോ ആളുകളെ നമുക്ക് സമൂഹത്തിൻ കാണാൻ കഴിയും. അതിൽ ഭാര്യയും ഭർത്താവും മാത്രമല്ല, അച്ഛനും മകനും ഉണ്ടായിരിക്കാം. സഹോദരങ്ങളുണ്ടാകാം. അമ്മായിഅമ്മയും മരുമകളുമുണ്ടാകാം. ഇതിനെല്ലാം പുറമെ ബന്ധുക്കളും അയൽവാസികളുമുണ്ടാകാം.

എന്തിന് നാം ക്ഷമിക്കണം.? നമ്മുടെ ശരീരത്തിൽ ഒരു കുരു വന്ന് പഴുത്തിരുന്നാൽ നാമെന്തു ചെയ്യും? അത് കീറിമുറിച്ച് മരുന്ന് വെച്ച് കെട്ടുമല്ലോ. അത് ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്. അതുപോലെത്തന്നെയാണ് ഒരു വ്യക്തിയോടുള്ള വിരോധവും. അത് നമ്മുടെ മനസ്സിൽ ഒരു വ്രണമായി മാറും. കാലാന്തരത്തിൽ അത് നമ്മുടെ മാനസിക-ശാരീരികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

മനസ്സിൽ പകയും പ്രതികാരബുദ്ധിയും വെച്ചു പുലർത്തുന്നവർ അസ്ത്മ, അൾസർ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് അടിമകളാകമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള എത്രയോ മാറാരോഗികളെ നമുക്ക് സമൂഹത്തിൽ കാണാൻ കഴിയും.
ഒന്ന് മനസ്സിലാക്കുക! ഒരാളോട് പക വെച്ചു പുലർത്തുന്നവർക്ക് മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാനാവില്ല.

ക്ഷമ കയ്പു നിറഞ്ഞതാണെങ്കിലും അതിൻ്റെ ഫലം മധുരതരമാണെന്ന് ചിന്തകനായ റൂസ്സോ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം.പക്ഷേ എല്ലാവർക്കും ക്ഷമിക്കാൻ കഴിയുകയില്ല അതാണ് സത്യം. ഉന്നതമായ മനസ്സുള്ളവർക്കേ ക്ഷമയുടെ സന്തോഷം പ്രാപിക്കാൻ കഴിയുകയുള്ളൂ.

“ഞാൽ നിന്നോട് ക്ഷമിച്ചു. എനിക്ക് നിന്നോട് യാതൊരു വിദ്വേഷവുമില്ല.” എന്ന് എതിരാളിയോട് പറയുമ്പോൾ നമ്മുടെ മനസ്സ് സ്വതന്ത്രവും നിർമലവുമാകുന്നു. എതിരാളിയാവട്ടെ, ആ സമയം നിരായുധനാവുകയാണ്. മാത്രമല്ല ക്ഷമിച്ചയാൾ ഉന്നതനായി മാറുകയും മറ്റേ ആൾക്ക് താൻ നിസ്സാരനാണെന്ന തിരിച്ചറിവുണ്ടാവുകയും ചെയ്യും.

മറ്റൊരു സംഭവ കഥ ഇവിടെ വിവരിക്കാം.” 1981 മെയ് 13ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അലി അഗ്ഗ എന്നയാൾ വെടിവെച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട മാർപാപ്പ 1983 ലെ ക്രിസ്തുമസ് ദിനത്തിൽ ജയിലിലെത്തി അഗ്ഗയെ കെട്ടിപ്പിടിച്ച് ക്ഷമിച്ചതായി പറഞ്ഞു. അതോടെ അഗ്ഗ, മാർപാപ്പയുടെ ഒരു ആരാധകനായി മാറുകയും ചെയ്തു.

ക്ഷമിക്കുമ്പോൾ അത്മീയവും ദൈവികവുമായ തലത്തിലേയ്ക്ക് നാം ഉയരുന്നു. ഓരോ കലഹവും ക്ഷമയുടെ ശാന്തിയും സുഖവും അനുഭവിക്കാനുള്ള അവസരമായി കണക്കാക്കുക.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com