ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (33) തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചരിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന്‍ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍.
കഴിഞ്ഞ ഫെബ്രുവരി 13ന് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ കൂട്ടാനയായ, ദേവസ്വത്തിന്റെ തന്നെ കൊമ്പൻ പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് പരിക്കേറ്റിരുന്നു.
മികച്ച ചികിത്സ നൽകി ആനയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നു. എന്നാൽ, രണ്ടാഴ്ച മുൻപ് അർധരാത്രി ഗോകുലിന്റെ രണ്ടാം പാപ്പാൻ ഗോകുലും പുറത്തു നിന്നെത്തിയ 5 പേരും ചേർന്ന് ആനയെ ക്രൂരമായി മർദിച്ചു.
ആനയെ ചട്ടത്തിലാക്കാൻ രണ്ടാം പാപ്പാൻ നടത്തിയ അതി ക്രൂരമർദനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പാപ്പാൻ ഗോകുൽ, മൂന്നാം പാപ്പാൻ സത്യൻ എന്നിവരെ ഒരാഴ്‌ച മുൻപ് ദേവസ്വം സസ്പെൻഡ് ചെയ്തു.
ഉറങ്ങുന്നതിനിടെ ക്രൂരമർദനമേറ്റതോടെ ആനയുടെ മനോനില തെറ്റി എന്നാണു കരുതുന്നത്. കൊയിലാണ്ടി സംഭവത്തെ തുടർന്ന് ഭയപ്പാടിലായ ആന കുടുതൽ പേടിയിലായി. ഭക്ഷണവും വെള്ളവും എടുക്കുന്നത് കുറഞ്ഞു. ഇന്നലെ ഉച്ച യോടെ ചരിയുകയായിരുന്നു. ഗോകുൽ അപകടാവസ്ഥയിലാണെന്ന് ചില പാപ്പാന്മാർ തന്നെ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും
അതേസമയം, ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ സിസിടിവി സ്ഥാപിക്കണമെന്ന ഹൈക്കോടതി നിർദേശം ഇതുവരെ നടപ്പായിട്ടില്ല. ദേവസ്വത്തിന്റെ ആനകളായ കൃഷ്ണ, ജൂനിയർ കേശവൻ എന്നീ ആനകളെ രണ്ടു പാപ്പാന്മാർ ചേർന്നു മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ്, 2024 ഫെബ്രുവരി 10ന് ഹൈക്കോടതി ദേവസ്വത്തിന് നിർദേശം നൽകിയത്.



