സ്പർശനത്തിന്റെ മഹത്വം (മത്താ. 8:1-4)
” അവൻ കൈ നീട്ടി അവനെ തൊട്ടു; എനിക്കു മനസ്സുണ്ട്, നീ ശുദ്ധമാക എന്നു
പറഞ്ഞു; ഉടനെ കുഷ്ടം മാറി, അവൻ ശുദ്ധമായി” (വാ. 3).
വിരലുകളുടെ അറ്റത്തു കനിവു നിറച്ചു സ്പർശിക്കണമെന്നു മനുഷ്യരെ പഠിപ്പിച്ചത് യേശുവാണ്. സ്പർശനത്തിന്റെ മഹത്വം മനുഷ്യർ ദർശിച്ചതും തന്നിൽത്തന്നെ. തന്റെ വാക്കുകളിലൂടെയും, നോട്ടത്തിലൂടെയും, സ്പർശനത്തിലൂടെയും യേശു സംവേദനം ചെയ്തതു സ്നേഹമായിരുന്നു, കരുണയായിരുന്നു, കരുതലായിരുന്നു.
കൃഷ്ഠരോഗികളെ ശുശ്രൂഷിച്ചു സ്വയം കുഷ്ഠരോഗിയായി തീർന്ന ആളായിരുന്നു
ഫാദർ ഡാമിയൻ. മരണാസന്നനായി കിടന്നിരുന്ന ഒരു കുഷ്ഠരോഗിയുടെ ശിരസ്സ് തന്റെ മടിയിൽ എടുത്തുവെച്ച്, അയാളുടെ മൂർദ്ധാവിൽ തന്റെ കുഷ്ഠം ബാധിച്ച വിരലുകളാൽ കുരിശു വരച്ചു കൊണ്ട്, ഫാദർ ഡാമിയൻ പറഞ്ഞു: “ഇതാ ഡാമിയൻ നിന്റെ നെറ്റിത്തടത്തിൽ കുരിശടയാളം വരച്ചിരിക്കുന്നു. സമാധാനത്തോടെ യാത്രയാകുക!” അപ്പോൾ ആ രോഗി പ്രതിവചിച്ചു: “ഇല്ല, ഡാമിയന്റെ വിരലുകളല്ല, ക്രിസ്തുവിന്റെ വിരലുകളാണ്, എന്റെ നെറ്റിത്തടത്തെ സ്പർശിച്ചത്!” ഇതാണു സ്പർശനത്തിന്റെ മാന്ത്രീകത.
കരുണയോടെ മറ്റുള്ളവരെ ഒന്നു തൊടാൻ പോലും നാം മറന്നുപോകുന്നു! ഈ ലോകത്തിലൂടെ ഒരിക്കൽ മാത്രമേ നാം കടന്നു പോകുന്നുള്ളൂ. ഇവിടെ വരുവാൻ വീണ്ടും ഒരവസരം നമുക്കു ലഭിക്കില്ല. ഈ ബോധം, കൂടുതൽ ആദ്രതയോടെ
മറ്റുള്ളവരെ തെടാനെങ്കിലും, നമ്മെ പ്രേരിപ്പിക്കണം. കണ്ണുള്ളതു കൊണ്ടു പലപ്പോഴും നാം സ്പർശനത്തിന്റെ ആവശ്യകത മറന്നു പോകുന്നു. അന്ധർ ഓരോന്നും സ്പർശിച്ചാണു മനസ്സിലാക്കുന്നത്. അവർക്കു സ്പർശനത്തിലൂടെയല്ലതെ ഒന്നുമായും സംവേദനം ചെയ്യുവാനോ, ഒന്നിൽ നിന്നും സവേദനം സ്വീകരിക്കുവാനോ സാദ്ധ്യമല്ല.
ധ്യാന ഭാഗത്തു യേശു കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കുന്ന സംഭവമാണ്, രേഖപ്പെടുത്തിയിരിക്കുന്നത്. തൊടുവാൻ പാടില്ലാത്ത വനെയാണു യേശു തൊട്ട ത്. അതിലൂടെ സ്വയം അശുദ്ധനാകുവാൻ താൻ തയ്യാറായി. യേശു അവനുമായി ഏകീകരിക്കപ്പെട്ടതു അവന്റെ സൗഖ്യത്തിനു മുഖാന്തരമായി. സ്നേഹത്തോടും ആദ്രതയോടും കൂടിയ ഒരു സ്പർശനം, ഒരു പക്ഷെ, നൂറു വാക്കുകളേക്കാൾ ആശ്വാസ ദായകമായിരിക്കും, പ്രത്യാശാ ദായകമായിരിക്കും, സൗഖ്യദായകമായിരിക്കും? മദർ തെരേസ്സ പറഞ്ഞിരുന്നത്: ” ഞാൻ കൃഷ്ഠരോഗികളെ സ്പർശിക്കുമ്പോൾ, യേശുവിന്റെ ശരീരത്തെയാണു സ്പർശിക്കുന്നത്” എന്നാണ്. അതാണ് അവരെ വിശുദ്ധ ആക്കിയത്! സ്പർശനത്തിന്റെ മഹത്വം കണ്ടെത്തുവാനും പ്രയോഗത്തിൽ വരുത്താനും നമുക്കും ആകട്ടെ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: സ്നേഹത്തോടെ സ്പർശിക്കുമ്പോൾ മാത്രമേ സൗഖ്യം രൂപപ്പെടൂ!



