“Life isn’t about waiting for the storm to pass, it’s about learning to dance in the rain.”
Viviyan Greene
മഴക്കാലം…ഒരു കുട്ടിക്കാലം!
മഴക്കാലത്തെക്കുറിച്ച് ചോദിച്ചാൽ മനുഷ്യർ പെട്ടെന്ന് പങ്കുവെക്കുന്നത് കുട്ടിക്കാലത്തെ മഴയോർമ്മകളെക്കുറിച്ച് ആയിരിക്കും. എന്നോട് ചോദിച്ചാൽ ഞാനും അതേ… എന്നായിരിക്കും ഉത്തരം.
പറമ്പിലെ ചേമ്പില താളുകളിൽ സ്ഫടികം പോലെ തിളങ്ങുന്ന മഴത്തുള്ളികളാണ് ഇപ്പോഴും എന്റെ കണ്ണിൽ! വാരിയിൽ നിന്നും ഊർന്നു വീഴുന്ന അവസാന തുള്ളികളുടെ നിശ്ശബ്ദ സംഗീതം കാതുകളിലും..
അന്നൊക്കെ മഴയൊരു നനുത്ത കുളിരായിരുന്നു.ഇന്നത്തെ കാലത്തെ പോലെ പേരെടുത്ത് പറയത്തക്ക ഒരു സംസാര വിഷയമായിരുന്നോ…? എനിക്ക് അങ്ങനെ ഓർത്തെടുക്കാൻ കഴിയുന്നില്ല! എന്നാൽ ഇപ്പോൾ…ഈ കാലത്ത് മഴയൊരു ഭീകര സംഭവമാണ്.
ഡങ്കിപ്പനി, എച്ച1 എൻ1, എലിപ്പനി,ഷിഗെല്ല, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങളുടെ മുന്നോടിയാണ്. വാർത്തകളിലും, പത്രങ്ങളിലും, ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയകളിലും വന്നു നിറയുന്ന മുന്നറിയിപ്പുകളുടെയും പ്രതിരോധങ്ങളുടെയും, ആപത് സൂചനകളുടെയും, മരണ നിരക്കുകളുടെയും കൂടിക്കുഴഞ്ഞ കഥയാണ്.
അന്നത്തെ കാലത്തെ ഓർമ്മകളിൽ നിന്നും എനിക്ക് കൂട്ടിവയ്ക്കാൻ ആകുന്നത് അനുസരണക്കേടിന്റെ, വിലക്കിന്റെ, ഒത്തിരി മഴ നനഞ്ഞ് കട്ടൻകാപ്പി നുണഞ്ഞ ഒരു കടുംപനി, ചെളിയിലും, പുതകളിലും, മഴവെള്ള കെട്ടുകളിലും
തിമിർത്ത് കളിച്ചും, കളി വള്ളം പൊങ്ങിച്ചും മുങ്ങിച്ചും കുഴഞ്ഞ പാദങ്ങളിൽ വിരുന്നു വന്ന വളം കടി…അച്ഛനമ്മമാരേക്കാളുപരി മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും സ്നേഹവും കരുതലും നിറഞ്ഞ ശകാരം ഇതൊക്കെയാണ്.
പ്രണയം എന്ന വിഷയം പോലെ തന്നെ മഴയും കവിതകളിൽ കവിയുന്ന ഒരിക്കലും നിലയ്ക്കാത്ത സംഗീതം തന്നെയാണ്.. അതുപോലെ കടലും.
ഈ മൂന്നു വിഷയങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. അത്രയും ആഴത്തിൽ പ്രണയവും മഴയും കടലിൽ ലയിച്ചു കിടക്കുന്നു.
മണ്ണിൽ തപം കൊണ്ട് കിടന്നിരുന്ന ഒരുപാട് വിത്തുകളെ ആകാശം കാട്ടുന്ന പിറവിയാണ് മഴ! പെണ്ണിൻ്റെ ഉടലഴക് വരച്ചെഴുതുന്ന, ഒരു ശില്പിയെ പോലെ
അവളെ തനിമയോടെ പ്രകൃതിയുടെ മടിത്തട്ടിൽ കൊത്തി വയ്ക്കുന്ന മഴ ഒരു ചാരുത…എല്ലാ കറകളും അഴുക്കുകളും കഴുകിക്കളഞ്ഞ് പ്രകൃതിയെ സ്നാനം ചെയ്യിപ്പിക്കുന്ന വിശുദ്ധ..
ചുട്ടു പൊള്ളിയ മണ്ണിൻ്റെ അഗ്നിച്ചിറകുകളെ തൻ്റെ കണ്ണീരിനാൽ ഒഴുക്കിയകറ്റുന്ന വർഷിണി. വേരുറവകളിൽ സംഭരണികൾ ആകുന്ന കരുതലിന്റെ നിറകുടം.. പിന്നെയും പിന്നെയും നിറഞ്ഞുകവിയുകയാണ് മഴ…?
പ്രണയത്തിൻ്റെ വിരഹത്തിന്റെ,വേനലിൻ്റെ, കിടപ്പറയിലെ കിതപ്പുകളുടെ, നിൻ്റെയും എൻ്റെയും അന്തർദാഹങ്ങളുടെ പുതപ്പ് മൂടിയ മഴ..
അലിയൂ… ജാലക വിരിയും കടന്നെത്തുന്ന ആ ഉജ്വല സംഗീതത്തിൽ! കൈക്കുമ്പിളിൽ കോരിയെടുത്ത് ഹൃദയത്തോട് ചേർക്കൂ.. നീർമണിത്താളം തുള്ളും ആ പളുങ്ക് മണികളെ… ഒപ്പം പെയ്തിറങ്ങൂ.. മണ്ണിൻ്റെ മാറിലായ്… ഇന്നൊരു മഴയായ് നിങ്ങളിൽ പെയ്തിറങ്ങി ഞാനും..
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.



