1908 ജനുവരി 21ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാച്ചുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾ ഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു.
സ്കൂൾ പഠനകാലത്ത് വൈക്കം സത്യാഗ്രഹത്തിൻ്റെ ഭാഗമായി വൈക്കത്തെത്തിയ ഗാന്ധിയെ കാണുന്നതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഗാന്ധിജിയെ തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. വീടുവിട്ട് എറണാകുളത്തുചെന്ന് തീവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. ജയിലിലേറ്റ ക്രൂര മർദ്ദനത്തെക്കുറിച്ച് അദ്ദേഹം പിൽക്കാലത്ത് വിവരിക്കുന്നുണ്ട്. ജയിൽ മോചിതനായ ബഷീർ മട്ടഞ്ചേരി കേന്ദ്രീകരിച്ച് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. സുഹൃത്ത് സൈനുദ്ദീനുമൊത്ത് ആരംഭിച്ച ഉജ്ജീവനം എന്ന വാരികയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ലേഖനങ്ങളെഴുതി. ‘പ്രഭ’ എന്ന തൂലികാനാമമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പോലീസ് കണ്ടുകിട്ടി. ബഷീറിന് അറസ്റ്റു വാറണ്ട് വന്നു. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തീവണ്ടി കയറി നാടുവിട്ട അദ്ദേഹം വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. എറണാകുളത്തുനിന്ന് കണ്ണൂരിലേക്കും കണ്ണൂരുനിന്ന് കുടകിലേക്കും കുടകിൽനിന്ന് ഗോവയിലേക്കും അവിടെനിന്ന് കോലാപ്പുരിലേക്കും അവിടുന്ന് പൂനയിലേക്കും ബോംബെയിലേക്കും യാത്ര ചെയ്തു. ബോംബെ-ജിദ്ദ ഹജ്ജ് കപ്പലിൽ കുറച്ചുകാലം ജോലിക്കാരനായി. ജിദ്ദയിൽനിന്ന് ബോംബെയിൽ തിരിച്ചെത്തിയ ബഷീർ വീണ്ടും യാത്ര തുടർന്നു. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പല ജോലികളും ചെയ്തു.
ആറേഴു വർഷം നീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്രദാരിദ്ര്യവും മനുഷ്യദുരയും നേരിട്ടുകണ്ടു. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന “ജയകേസരി”യിൽ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലി അന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെ അടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലം തരാമെന്നുമുള്ള മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ് എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം.
സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിൽ ഒളിപ്പിച്ചുവെച്ചു. അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
കൃതികൾ :-
പ്രേമലേഖനം (നോവൽ) (1942)
സർപ്പയജ്ഞം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)[11]
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1951)
പാത്തുമ്മായുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്നപേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിന്റെ ദിനങ്ങൾ (ഡയറി; “കാമുകൻ്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ) (1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽനിന്ന്)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945])
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽസ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
കഥാബീജം (നാടകം)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി. ലിറ്റ്. ബിരുദംനൽകിയപ്പോൾനടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സിനിമയും ബഷീറും
ഭാർഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധുവായിരുന്നു നായകവേഷത്തിൽ. ബാബുരാജ് സംഗീതം നൽകി
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് പ്രശസ്തനടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന്, മമ്മൂട്ടിക്കു മികച്ചനടനുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്.
സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാളചലച്ചിത്രമാണു മതിലുകൾ. ഇതിൽ സ്ത്രീ സാന്നിദ്ധ്യമായി, കെ.പി.എ.സി. ലളിതയുടെ ശബ്ദംമാത്രമാണുള്ളത്
ബാല്യകാലസഖി
തിരുത്തുക
സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി.
ബാല്യകാലസഖി (1967)
സംവിധായകൻ: ശശികുമാർ നിർമ്മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഷീലയായിരുന്നു നായിക.
ബാല്യകാലസഖി – (2014)
സംവിധായകൻ: പ്രമോദ് പയ്യന്നൂർ മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഇഷ തൽവാർ നായികയുമായി.
ബഷീറിൻ്റെ പുരസ്കാരങ്ങൾ
ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സർവ്വകലാശാലയുടെ ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ബിരുദം (1987)
സംസ്കാരദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)
മുട്ടത്തുവർക്കി അവാർഡ് (1993)
വള്ളത്തോൾ പുരസ്കാരം(1993)



