പല സന്നദ്ധ സംഘടനകളും ഉയര്‍ന്ന നിലവാരത്തില്‍ നടത്തിവന്നിരുന്ന അന്നദാനം ഇപ്പോള്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്.
ഈ അന്നദാനം സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പരാതികൾ മാത്രമേ പറയാനുള്ളു.
ഭക്തജന ബാഹുല്യത്തിന് അനുസരിച്ച് ബോര്‍ഡിന് അന്നദാനം നടത്താനോ, ഭക്ഷണത്തിലെ സാമാന്യ ഗുണനിലവാരം പോലും നിലനിർത്താനോ സാധിക്കുന്നില്ല.
ബോർഡ് അന്നദാനത്തിന്റെ മറവിൽ തുക ചെലവഴിക്കുന്നതിലും വലിയ അഴിമതി നടക്കുന്നു എന്നാണ് ആരോപണം. അന്നദാന ഫണ്ടില്ലേക്ക് ഭക്തർ ലക്ഷക്കണക്കിനു സംഭാവന നല്കിയ തുകയില്‍ ഇപ്പോള്‍ കാര്യമായ ഒരു നീക്കിയിരിപ്പുമില്ല. കേരള ഹൈക്കോടതി ദേവസ്വം ബഞ്ചിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സന്നദ്ധ സംഘടനകളെ അവർ ഈ അന്നദാന സംരഭത്തിൽ നിന്നും അകറ്റിയത്.
നിലയ്ക്കൽ മുതൽ ഭക്തർക്ക് അന്നദാനം നൽകിയിരുന്നതും ക്യുവിൽ നിൽക്കുന്ന ഭക്തർക്ക് കൃത്യമായി തിളപ്പിച്ച ദാഹജലവും ചെറുകടികളും ബിസ്ക്കറ്റുമൊക്കെ കൃത്യമായി നൽകി വന്നതും അയ്യപ്പ സേവാസംഘവും അയ്യപ്പ സേവാ സമാജവും മാതാ അമൃതാനന്ദമയീ മഠവും അടക്കമുള്ള സേവന സംഘടനകളാണ്.
രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം 2019-20 മണ്ഡല- മകരവിളക്ക് കാലം മുതൽ സ്വകാര്യ സംഘടനകളുടെയും കൂട്ടായ്മകളുടെയും അന്നദാനത്തിന് സിപിഎം ഭരണ നിയന്ത്രിത ദേവസ്വം ബോർഡ് കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ വിലക്ക് ശക്തിപ്പെടുത്തി, തന്മൂലം തന്ത്രപരമായി പതിറ്റാണ്ടുകളായി ഭക്തരാൽ പ്രശംസനീയമായിരുന്ന സന്നദ്ധ സേവന സംഘടനകളെയെല്ലാം അന്നദാനം നൽകുന്നതിൽ നിന്നും ഒഴിവാക്കി ദേവസ്വം അന്നദാനത്തിനായി ഭക്തരിൽ നിന്നും സംഭാവന പിരിക്കാനും തുടങ്ങി.
നിലയ്ക്കലിൽ മാത്രം അന്നദാനത്തിന്റെ മറവിൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പ്. 30 ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.



