Sunday, July 5, 2026
Homeഅമേരിക്ക37 വർഷങ്ങൾക്കു ശേഷം വിണ്ടും കിരീടധാരണം (അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ) ✍ രാഗനാഥൻ വയക്കാട്ടിൽ

37 വർഷങ്ങൾക്കു ശേഷം വിണ്ടും കിരീടധാരണം (അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ) ✍ രാഗനാഥൻ വയക്കാട്ടിൽ

പ്രിയരേ ;

1989 ജൂലൈ ഏഴിന് പ്രദർശനശാലകളിൽ എത്തി മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ കിരീടം 4 K ദൃശ്യചാരുതയോടെ അറ്റ്മോസ് ശബ്ദ മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത് മുപ്പത്തിഏഴു വർഷങ്ങൾക്കു ശേഷം മറ്റൊരു ജൂലൈ മാസത്തിൽ…

അന്ന് കണ്ണീർപൂവിൻ്റെ കവിളോടെ തിയേറ്ററിൽ നിന്നും ഇറങ്ങിയ യുവതലമുറ ഇന്ന് വാർദ്ധക്യത്തിലേക്ക് എത്തി നിൽക്കുന്നു. ബാല്യ കൗമാരക്കാർ മധ്യവയസ്സിലും.
അന്നത്തെ ഫിലിം പെട്ടിയും സിൽവർ സ്‌ക്രീനും രണ്ടു ചാനൽ ശബ്‌ദവും ഇന്ന് ഓർമ്മയായി പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറി.

സേതുവിൻ്റെ കുടുംബത്തിൻ്റെ തീരാ വേദന പ്രേക്ഷകൻ്റേയും നൊമ്പരമായ മാറിയ ചിത്രം പുതിയ തലമുറയ്ക്ക് വേണ്ടി കണ്ടു മറന്നവർക്ക് വേണ്ടി തിയേറ്റർ കാഴ്ചയായി മാറുന്നു.

TV യുടെ പരിമിതമായ സ്‌ക്രീനിലും ഉള്ളംകൈയോളമുള്ള മൊബൈൽ സ്ക്രീനിലും മാത്രം മൂന്നര പതിറ്റാണ്ടു കണ്ട തലമുറകൾക്ക് വലിയ സ്‌ക്രീനിലെ കാഴ്ച പ്രത്യേക അനുഭവമായിരിക്കും.

എന്നാൽ കിരീടത്തിൻ്റെ കഥയും കഥാസന്ദർഭങ്ങൾക്കും ഗുണ്ടാ വിളയാട്ടങ്ങൾക്കും ഇന്ന് മാറ്റമില്ല. അന്നത്തെ നായകൻ ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നിൽക്കുന്നു അന്ന് ലാലേട്ടാ എന്ന് വിളിച്ചവരുടെ പേരമക്കളും ലാലേട്ടാ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നു. മോഹൻ ലാലിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സേതുമാധവൻ.

കൃപാ ഫിലിംസിൻ്റെ ബാനറിൽ കൃഷ്ണകുമാർ ( ഉണ്ണി) ദിനേശ് പണിക്കർ എന്നിവർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിൻ്റെ തിരക്കഥ എ.കെ. ലോഹിതദാസ്.
ഗാനരചന: കൈതപ്രം .
സംഗീതവും പശ്ചാത്തല സംഗീതവും ജോൺസൺ
ഗായകർ: എം.ജി.ശ്രീകുമാർ ബാലഗോപാലൻ തമ്പി.
ഛായാഗ്രഹണം: എസ് കുമാർ
എഡിറ്റിങ്: ഭൂമിനാഥൻ
സംഘട്ടനം: ഏ. ആർ. ബാഷ

പുതിയ സിനിമയല്ലാത്തതിനാലും ഭൂരിഭാഗം പേരും ഒന്നിൽ കൂടുതൽ തവണ കണ്ടതിനാലും മാത്രം മലയാളി മനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നു.

കഥാതന്തു: ചാലക്കുടിയിലെ കിഴക്കൻ പ്രദേശത്ത് വിലസിയിരുന്ന ഒരു ഗുണ്ടയുടേയും ഭീതിയോടെ കഴിഞ്ഞ നാട്ടുകാരുടേയും കഥ.
ഷാപ്പിലെ മദ്യപാനത്തിടെയുണ്ടായ തർക്കത്തിൽ അടിച്ചു നിലത്തിട്ടത് നാട്ടുകാർ ഭയക്കുന്ന ഗുണ്ടയെയാണെന്നറിഞ്ഞ നിമിഷം ആ നാടുപേക്ഷിച്ചു പോയ ആശാരിയുടേയും കുടുംബത്തിൻ്റേയും യഥാർത്ഥ സംഭവങ്ങളോടൊപ്പം തൃശൂരിലെ തീരദേശത്ത് എസ് ഐ സെലക്ഷന് പോകുമ്പോൾ രാഷ്ട്രീയ സംഘട്ടനത്തിൻ്റെ പേരിൽ ബസ് സ്റ്റോപ്പിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ക്രിമിനൽ പട്ടികയിൽ പേരു വന്ന് ആ സ്വപ്നം പൊലിഞ്ഞ ചെറുപ്പക്കാരൻ്റെ ജീവിതാനുഭവവും കൂട്ടിച്ചേർത്ത് ലോഹിതദാസ് രചിച്ച തിരക്കഥ.

ഒരു ഉൾനാടൻ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് അച്യുതൻ നായർ. ( തിലകൻ)അദ്ദേഹത്തിൻ്റെ സഹധർമ്മിണി അമ്മു (കവിയൂർ പൊന്നമ്മ ) അവർക്ക് നാലു മക്കളിൽ ആൺമക്കളായ സേതുമാധവൻ (മോഹൻലാൽ ) രമേശൻ ( യദുകൃഷ്ണ) രണ്ടു പെൺമക്കൾ (കനകലത, ഉഷ ). മിഡിൽ ക്ലാസ് കുടുംബം. ജോലി സംബന്ധമായി വാടക വീട്ടിലാണ് താമസം. അച്യുതൻ നായരുടെ ഭാര്യാ സഹോദരനായ കൃഷ്ണൻ നായരുടെ (ശങ്കരാടി )സ്വന്തം വീട് തൊട്ടടുത്ത് തന്നെയാണ്. ഭാര്യ ( ശാന്താകുമാരി) അവരുടെ മകൾ ദേവി (പാർവ്വതി) സ്കൂൾ അധ്യാപികയാണ്. ദേവി അച്യുതൻ നായരുടെ മകൻ സേതുമാധവൻ്റെ മുറപ്പെണ്ണായതിനാൽ ഇവരുടെ വിവാഹം രണ്ടു വീട്ടുകാരും കൂടി തീരുമാനിച്ചതാണ്.. വളരെ സ്നേഹവും ‘സൗഹാർദ്ദവുമായി കഴിയുന്ന കുടുംബങ്ങൾ.

ദേവിയുടെ മുത്തശ്ശിക്ക് (ഫിലോമിന) തൻ്റെ മൺമറഞ്ഞു പോയ ഭർത്താവിൻ്റെ വീരസാഹസിക കഥകൾ പറയാനാണ് കൂടുതൽ സമയവും താൽപര്യം. സേതുമാധവനേയും മുത്തച്ഛൻ്റെ വീരകഥകൾ പറഞ്ഞ് ധൈര്യശാലിയാക്കാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്.

സേതുമാധവൻ സബ്ബ് ഇൻസ്പെക്ടർ കായിക പരീക്ഷ വിജയിച്ചു നിൽക്കുന്നു. എഴുത്തുപരീക്ഷയും പേഴ്സണാലിറ്റി ടെസ്റ്റും കൂടി കഴിഞ്ഞാൽ എസ് ഐ ആയി നിയമനം കിട്ടും. അതിനു വേണ്ടി ശരീരം ഫിറ്റ് ആകാൻ ഭക്ഷണ നിയന്ത്രണവും വ്യായാമവും ചെയ്യാൻ ഏതു നേരവും ഉപദേശിക്കുന്നുണ്ട് സേതുവിൻ്റെ അച്ഛൻ.അനുജൻ രമേശൻ SSLC വിദ്യാർത്ഥി, മൂത്ത ചേച്ചിയെ (കനകലത) വിവാഹം കഴിച്ചു കൊടുത്തതാണ്. യാതൊരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്ന ഭർത്താവ് രമണൻ (ജഗതി ശ്രീകുമാർ) ഒരു ജോലിക്കും പോകില്ല. സേതുമാധവൻ്റെ മറ്റൊരു ഇളയ സഹോദരി പ്രീ ഡിഗ്രി വിദ്യാർത്ഥിനിയാണ്. പഠിക്കാൻ വളരെ മടിയുള്ളവൾ. സേതുമാധവൻ്റെ ആത്മാർത്ഥ സുഹൃത്താണ് കേശു (ശ്രീനാഥ് ). അച്യുതൻ നായരുടെ ഏറ്റവും വലിയ സ്വപ്നം മകൻ സേതുമാധവൻ സബ്ബ് ഇൻസ്പെക്ടറായി ഇതേ സ്റ്റേഷനിൽ ചാർജെടുക്കുമ്പോൾ അവന് സല്യൂട്ട് ചെയ്ത് ജോലിയിൽ നിന്ന് വിരമിക്കണമെന്നതാണ് . അങ്ങനെ അവരുടെ ജീവിതം മുന്നോട്ടു നീങ്ങുന്നു. അച്യുതൻ നായരുടെ ശമ്പള ദിവസം സേതുമാധവൻ അച്ഛൻ്റെ കയ്യിൽ നിന്നും അത്താഴ വിരുന്നിനുള്ള സാധനങ്ങൾക്ക് പണം വാങ്ങാൻ സ്റ്റേഷനിൽ എത്തി.

അച്യുതൻ നായരുടെ അളിയൻ്റെ വീട്ടിൽ വച്ച് അവർ എല്ലാമാസവും ശമ്പള ദിവസം പതിവുള്ള അത്താഴ വിരുന്നും മദ്യസേവയും ഉണ്ടാകുമെങ്കിലും സേതുവിന് ആ ശീലമില്ല . അത്താഴ വിരുന്നിനിടയിലെ സംസാര മധ്യേ ഇരുവരുടേയും വിവാഹം ഉടനെ നടത്തണമെന്ന് ദേവിയുടെ അച്ഛൻ പറഞ്ഞെങ്കിലും സേതുവിൻ്റെ അച്ഛൻ അവൻ എസ് ഐ ആയ ശേഷമേ വിവാഹം നടത്തൂ എന്ന് തീർത്ത് പറഞ്ഞു .ഇതെല്ലാം മറ്റൊരു മുറിയിൽ നിന്ന് കേട്ടു കൊണ്ട് സേതുവും ദേവിയും പ്രണയബദ്ധരായി നിന്നു.

പിറ്റേ ദിവസം രാവിലെ എഴുത്തു പരീക്ഷക്ക് സേതുവിനെ അച്ഛൻ യാത്രയാക്കി .സേതു പോയ ശേഷം യാത്രയാക്കാൻ വന്ന സ്ഥലത്തെ നോ പാർക്കിങ്ങിൽ ഒരു കാർ കിടക്കുന്നത് കണ്ട പോലീസുകാരൻ ആ കാറിൻ്റെ ഹോൺ നിറുത്താതെ അടിച്ചു. തൽസമയം കാറിൻ്റെ ഉടമ ഓടിവരികയും നിറുത്താതെ അടിച്ച കോൺസ്റ്റബിളിനോട് തട്ടിക്കയറുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഇത് കണ്ട HC അച്യുതൻ നായർ അതിനെതിരെ പ്രതികരിച്ചപ്പോൾ അദ്ദേഹത്തോടും തട്ടിക്കയറി. കാറുടമയെ അടിച്ചു നിലത്ത് വീഴ്ത്തി കാർ ഡ്രൈവ് അച്യുതൻ നായർ സ്റ്റേഷനിൽ കൊണ്ടിട്ടു.
എംഎൽഎയുടെ മകനാണെന്ന് പറഞ്ഞിട്ടും കാർ വിട്ടുകൊടുക്കാതെ സ്റ്റേഷനിൽ കൊണ്ടിട്ടതിൽ ക്ഷുഭിതനായ എം എൽ എ സ്റ്റേഷനിലേക്ക് വിളിക്കുകയും കാർ അദ്ദേഹത്തിൻ്റെ വീട്ടിൽ കൊണ്ടിട്ട് മാപ്പു പറയാനും സ്റ്റേഷൻ എസ്ഐ (കൊല്ലം തുളസി) അച്യുതൻ നായരോട് പറഞ്ഞു.എന്നാൽ താൻ മാപ്പ് പറയുന്ന പ്രശ്നമില്ല എന്ന് തീർത്ത് പറഞ്ഞ് അച്യുതൻ നായർ വീട്ടിലേക്ക് പോയി.

പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിയ്ക്കെത്തിയ അച്യുതൻ നായർക്ക് ട്രാൻസ്ഫർ ഓർഡറാണ് ലഭിച്ചത്. അതും കേരളത്തിലെ ഏറ്റവും അധികം കുറ്റവാളികൾ നിർബാധം വിലസുന്ന രാമപുരം സ്റ്റേഷനിലേക്കുള്ള പണിഷ്മെൻ്റ് ട്രാൻസ്ഫർ . ഇരുപത്തിനാലു മണിക്കൂറിനകം ചാർജെടുത്തിരിക്കണമെന്ന ശാസനയോടെ.

പിറ്റേന്ന് രാവിലെ തന്നെ രാമപുരം സ്റ്റേഷനിൽ എത്തിയ അച്യുതൻ നായർ അവിടെ ഡ്യൂട്ടിയിലുള്ള എ എസ് ഐ ഗോപാലപിള്ള സാറിൻ്റെ സാന്നിധ്യത്തിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചു. സ്ഥലം എസ് ഐയെ ആരോ ഇരുട്ടടി അടിച്ച് ആശുപത്രിയിലാക്കിയ വിവരം തമാശ രൂപത്തിൽ എ എസ്. ഐ പറഞ്ഞു. ജോലിക്ക് കയറിയ അച്യുതൻ നായർ എസ് ഐ (മുരളി)യെ വീട്ടിൽ പോയി കണ്ട് രണ്ടു ദിവസത്തെ ലീവ് സംഘടിപ്പിച്ച് വീട്ടുകാരേയും വീട്ടു സാധനങ്ങളുമായി വരാനായി നാട്ടിലേക്ക് പോയി;

പരീക്ഷ കഴിഞ്ഞ് തിരിച്ചു വന്ന സേതുമാധവൻ കണ്ടത് വണ്ടിയിൽ വീട്ടുപകരണങ്ങൾ കയറ്റി നിൽക്കുന്ന അച്ഛനെയാണ്.
സംഭവങ്ങൾ അച്ഛൻ വിശദമാക്കി.

ദേവിയോടും കൂട്ടുകാരൻ കേശുവിനോടും കൃഷ്ണന മ്മാവനോടും യാത്ര പറഞ്ഞ് പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.

എല്ലാവരും രാമപുരത്തെ വാടക വീട്ടിൽ എത്തി. രാമപുരം ഭീതിപ്പെടുത്തുന്ന ഒരു സ്ഥലം തന്നെയായിരുന്നു. കീരിക്കാടൻ ജോസിൻ്റെ ഗുണ്ടകളുടെ വിളയാട്ടമാണ് അവിടെ നടക്കുന്നത്. എതിർക്കാൻ ആരുമില്ല. -പോലീസുകാർ പോലും നിസ്സഹായരാണ്. അഥവാ അയാളുടെ ചട്ടമ്പിത്തരങ്ങൾക്ക് ഒപ്പമാണ്. പോലീസുകാർക്ക് അയാൾ പണം വാരിക്കോരി കൊടുക്കുന്നുണ്ട്. സ്‌റ്റേഷനകത്ത് ക്രിമിനലുകളുടെ ഫോട്ടോ പതിച്ച ബോർഡിൽ നിന്നും ജോസ് വന്ന് സ്വന്തം ഫോട്ടോ കീറിക്കളയും പോലീസ് ഇൻസ്പെക്ടർമാരായി ഇരുന്നവരെല്ലാം അതിനെതിരെ ചെറുവിരലനക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.. രാമപുരത്തെ അങ്ങാടി ഭരിക്കുന്നതും അനധികൃത പിരിവ് നടത്തുന്നതും ജോസിൻ്റെ ശിങ്കിടികളാണ്.ഇത്തരം
പിരിവും ഗുണ്ടായിസവും കണ്ട് പേടിച്ച സേതു മറ്റെവിടേക്കെങ്കിലും പോകാം എന്ന് അച്ഛനോട് നിരന്തരം പറയുന്നുണ്ട്.

കൊല്ലപ്പെട്ട പഴയ ഗുണ്ടയായ ഹൈദ്രോസിൻ്റെ ശിങ്കിടിയും (കൊച്ചിൻ ഹനീഫ) ചന്തയിൽ പിരിവ് നടത്തുന്നുണ്ടെങ്കിലും കീരിക്കാടൻ ജോസിൻ്റെ വലംകൈ (കുണ്ടറ ജോണി ) അതിന് വിലങ്ങ് തടിയായി എപ്പോഴും ഉണ്ടാകാറുണ്ട്.

ഒരു ദിവസം അത്തരം ഒരു സാഹചര്യത്തിൽ ചന്തയിൽ ഉണ്ടായ കശപിശ വലിയ സംഘട്ടനത്തിലേക്ക് വഴിമാറി. സംഭവം കണ്ടു നിന്ന ഒരാൾ സ്റ്റേഷനിലേക്ക് വിളിച്ചു പറയുകയും അച്യുതൻ നായർ ഉൾപ്പെടെയുള്ള പോലീസ് സംഘം അവിടെ എത്തുകയും ചെയ്തു. പിടിച്ചു മാറ്റാൻ ഇടപെട്ട അച്യുതൻ നായർ ഗുണ്ടകളിൽ ഒരുവനെ അടിച്ച് നിലത്തിട്ടു. അപ്പോൾ മറ്റൊരു ഗുണ്ട വന്ന് അച്യുതൻ നായരെ ചവിട്ടുകയും പന്ത് തട്ടുന്നതു പോലെ ആക്രമിക്കുകയും ചെയ്തു. അച്യുതൻ നായരേക്കാൾ രണ്ടടി പൊക്കം അധികമുള്ള അരോഗദൃഢഗാത്രനായ അയാൾ തല്ലിക്കൊല്ലുമെന്ന് തീർച്ചയായ ആ നിമിഷത്തിൽ അവിടെ അവിചാരിതമായി എത്തിയ സേതുമാധവൻ ഇടപെടുകയും അച്ഛനെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. അതോടെ അക്രമം സേതുവിന് നേരെയായി. സേതുവിനേയും മർദ്ദിച്ച് അവശനാക്കി.നിലത്തു വീണ സേതു ചന്തയിലെ പീടിക മുറിയുടെ നിരപ്പലകയുടെ കമ്പി എടുത്ത് ആ ഗുണ്ടയെ മർദ്ദിച്ച് കയ്യും കാലും ഒടിക്കുകയും കമ്പി കൊണ്ട് തലയിൽ അടിച്ച് അവശനാക്കി നിലത്തിടുകയും ചെയ്തു.
അയാൾ കൊല്ലപ്പെട്ടു എന്ന് കരുതിയ നാട്ടുകാർ ആഹ്ളാദത്തോടെ കീരിക്കാടൻചത്തേ :- ‘ കീരിക്കാടനെ കൊന്നേ എന്ന് വിളിച്ചു പറഞ്ഞു. ”’ സേതുവിനെ പൊക്കിയെടുത്ത് ആഹ്ളാദ പ്രകടനം നടത്തി.

താൻ മർദ്ദിച്ച് അവശനാക്കിയത് ഭീതിയോടെ മാത്രം കേട്ടിരുന്ന ആ പേരിന്റെ ഉടമയെയാണെന്ന സത്യം അറിഞ്ഞ സേതുമാധവനും അച്യുതൻ നായരും ഞെട്ടിപ്പോയി. പ്രാണഭയം മൂലം സേതു അപ്പോൾ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടു.

പഞ്ചപാവമായ സേതുമാധവനെ നാട്ടുകാർ ഒരു ഗുണ്ടയുടെ ‘കിരീടം’ ചാർത്തിക്കൊടുത്തു. ഇനി ഒരിക്കലും ജോസിൻ്റെ ശല്യം ഉണ്ടാകില്ല എന്ന ധൈര്യത്തിൽ സേതു നാട്ടിലേക്ക് തിരിച്ചെത്തി. സേതുവിനെ കാണുന്ന പൊതു ജനം താണു വണങ്ങി ഭയബഹുമാനത്തോടെ നിൽക്കാൻ തുടങ്ങി. ഹൈദ്രോസിൻ്റെ ശിങ്കിടി സേതുവിൻ്റെ പേര് പറഞ്ഞ് കടകളിൽ നിന്നും പിരിവ് തുടങ്ങി. സേതുവിനെ കൂടുതൽ തെറ്റുകളിലേക്ക് നയിക്കാൻ സമൂഹം തന്നെ ശ്രമിക്കുന്നതാണ് പിന്നീട് കാണുന്നത്.നാട്ടുകാർ പൊടിപ്പും തൊങ്ങലും വച്ച വാർത്തകൾ പടച്ചു വിട്ടു.അമ്മാവൻ്റെ കാതുകളിലും ഈ വാർത്ത എത്തി. മകൾ ദേവിയുടെ മനസ്സ് മാറ്റിയെടുക്കാൻ ശ്രമിച്ചെങ്കിലും സേതുഏട്ടൻ പാവമാണെന്ന് പറഞ്ഞ് ദേവി ഉറച്ച്നിന്നു.

സേതുവിനെ ഓരോ അബദ്ധങ്ങളിൽ ചാടിച്ചിരുന്നത് അളിയൻ രമണനും ഹൈദ്രോസും കൂടിയായിരുന്നു’  തൻ്റെ മനസ്സ് ക്രമേണെ ഒരു ഗുണ്ടയിലേക്ക് വ്യതിചലിച്ചു കൊണ്ടിരിക്കുന്നത് സേതുവിന് മാത്രം മനസ്സിലായില്ല.

തൻ്റെ ജീവിത സഖിയാകുമെന്ന് കരുതിയിരുന്ന ദേവിയെ അമ്മാവൻ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്തു. ദിവസങ്ങൾ കഴിഞ്ഞു പോകവേ ആരും പ്രതീക്ഷിക്കാതിരുന്ന ജോസിൻ്റെ പുനർജന്മം സംഭവിച്ചു. ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചെത്തിയ ജോസ് അച്യുതൻ നായരുടെ വീട്ടിൽ കയറി എല്ലാവരേയും ആക്രമിച്ചു. നാട്ടിലില്ലാതിരുന്ന സേതുവിനെ കേശു ഈ വിവരം ധരിപ്പിച്ചു. ആശുപത്രിയിൽ എത്തി വീട്ടുകാരെ കണ്ട് അവസാന കൂടിക്കാഴ്ച പോലെ അമ്മയോടും സഹോദരങ്ങളോടും യാത്ര ചൊല്ലി സേതു ചന്തയ്ക്കകത്ത് നിലയുറപ്പിച്ചു.

തൻ്റെ ശത്രു നേരിട്ട് എത്തിയ സന്തോഷത്തിൽ കീരിക്കാടൻ അട്ടഹസിച്ചു കൊണ്ട് സേതുവിൻ്റെ അടുക്കലെത്തി .അലറി ചിരിക്കേണ്ട പൊരുതി ചാകാനാണ് വന്നത് എന്ന് സേതു പറഞ്ഞു.. അവർ ഏറെ നേരം ഏറ്റുമുട്ടി. മരണം ഉറപ്പായ സേതു മരിക്കും മുമ്പ് കീരിക്കാടനെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കാളവണ്ടിയുടെ മരമുട്ട് എടുത്ത് തല്ലി മൃതപ്രായനാക്കി. ക്രമേണെ സേതു ഉന്മാദ അവസ്ഥയിൽ ആയിമാറി. ഈ സമയം പോലീസ് വണ്ടിയിൽ അച്യുതൻ നായരും മറ്റു പോലീസുകാരും എത്തി – അതിനിടെ നിലത്ത് കിടന്നിരുന്ന കത്തിയെടുത്ത് സേതു ഒരു വിഭ്രാന്ത നിമിഷത്തിൽ കീരിക്കാടനെ പലതവണ ആഞ്ഞു കുത്തി .ആ കത്തി കൊണ്ട് തൻ്റെ മുന്നിലുള്ള പോലീസുകാരെയും ആക്രമിക്കാനുള്ള ത്വരയിൽ നിൽക്കുമ്പോൾ കയ്യിലുള്ള ചോര പുരണ്ട കത്തി കളയാനുള്ള അച്ഛൻ്റെ നെഞ്ചു പൊട്ടുന്ന അഭ്യർത്ഥന’യിൽ സേതു മനോനില വീണ്ടെടുത്ത് കത്തി വലിച്ചെറിഞ്ഞു. – ശപിക്കപ്പെട്ട ഒരു വിഭ്രാന്ത നിമിഷത്തിൽ താൻ ചെയ്ത കൊലപാതകത്തിൻ്റെ തെറ്റും ആഴവും ഗൗരവവും തിരിച്ചറിഞ്ഞ് തലയിൽ കൈവച്ചു കൊണ്ട് ചെയ്തു പോയ വലിയ തെറ്റിനെ കുറിച്ച് ഓർത്തോർത്ത് പൊട്ടിക്കരച്ചിലായി കണ്ണീർ പ്രവാഹമായി മാറി.

പോലീസ് ഇൻസ്പെക്ടറാകാൻ യോഗ്യത നേടിയ മകൻ കൊലയാളിയായി തന്റെ എല്ലാ സ്വപ്നങ്ങളും തകർന്നതിലുളള അച്‌ഛന്റെ ദുഃഖം , സേതുവിന്റെ അമ്മയുടെ ദുഃഖം .തന്റെ ഭാവി ഒരു നീർക്കുമിള പോലെ പൊട്ടിച്ചിതറിയതിലുള്ള സേതുവിൻ്റെ ദുഃഖം പ്രേക്ഷകൻ്റേയും വേദനയായി ഹൃദയ ഭാരമായി മാറിയ കിരീടം സിനിമാസ്വാദകർ ഏറ്റുവാങ്ങി 37 വർഷങ്ങളാണ് കടന്നുപോകുന്നത്.

ഇത്രയും ആഴത്തിലുള്ള പൂർണ്ണതയുള്ള തിരക്കഥ മലയാള സിനിമയിൽ ഇതിനു മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തിരക്കഥ രചിച്ച എ .കെ.ലോഹിത ദാസ് വിടവാങ്ങി പതിനേഴു വത്സരങ്ങൾ പിന്നിട്ടു . പ്രണാമം.

.ലോഹിയുടെ ശക്തമായ തിരക്കഥ ഒരു ഭംഗവും വരാതെ അഭ്രപാളിയിലേക്ക് ആവിഷ്ക്കരിച്ചത് പ്രശസ്ത സംവിധായകൻ സിബി മലയിൽ. സേതുമാധവനായി അഭിനയിച്ച മോഹൻലാലിന് ദേശീയ അവാർഡിന്റെ സാധ്യതയിൽ നിന്നും തലനാരിഴക്ക് മാറിപ്പോയ ചിത്രമാണ് . ജൂറിയുടെ പ്രത്യേക പരാമർശം കിരീടത്തിന് ഉണ്ടായിരുന്നു. ഈ സിനിമയ്ക്കും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഈ ചിത്രത്തിൻ്റെ ഭാഗമായ ഒട്ടേറെ പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ലോഹിതദാസിനെ കൂടാതെ അച്യുതൻ നായരായി ജീവിച്ച അഭിനയ പെരുന്തച്ചൻ തിലകനും വർഷങ്ങൾക്ക് മുമ്പ് വിടവാങ്ങി. കൂടാതെ വില്ലനായി പ്രേക്ഷകരെ മുൾമുനയിൽ നിറുത്തിയ കീരിക്കാടൻ ജോസ് മോഹൻരാജും കുറച്ചു നാൾ മുമ്പ് ഓർമ്മയായി. സേതുവിൻ്റെ അമ്മ വേഷത്തിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ , കരുത്തുറ്റ കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയ കിരീടത്തിലെ എസ് ഐ ആയി വേഷമിട്ട മുരളി, ഏതു കഥാപാത്രത്തേയും അനായാസം പ്രതിഫലിപ്പിച്ചിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ , ശങ്കരാടി, മാമുക്കോയ,തിക്കുറുശ്ശി ,ജോണി, ശ്രീനാഥ്, മുത്തശ്ശിയായി തിളങ്ങിയ ഫിലോമിനയ്ക്കും .ശ്രീനാഥിനും കൊച്ചിൻ ഹനീഫയ്ക്കും സംഗീത പ്രതിഭ ജോൺസൺ മാഷിനും . കിരീടത്തിലെ മൺമറഞ്ഞ മറ്റുള്ള എല്ലാ കലാകാരൻമാർക്കും പ്രണാമം

രാഗനാഥൻ വയക്കാട്ടിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com